പച്ചക്കറികള്‍ക്ക് തീവില; സര്‍ക്കാര്‍ ഇടപെടണം

പച്ചക്കറികള്‍ക്കും അവശ്യ ഉല്‍പ്പന്നങ്ങള്‍ക്കും വിലക്കയറ്റം തുടര്‍ന്നുകൊണ്ടിരിക്കുന്നു. അടുക്കളയില്‍ നിന്ന് പച്ചക്കറി വിഭവങ്ങള്‍ ഒഴിവായിക്കൊണ്ടിരിക്കയാണ്. സാമ്പാറിനും അവിയലിനുമൊക്കെ കൂടുതല്‍ പച്ചക്കറികള്‍ വേണ്ടതിനാല്‍ ഇത്തരം കറികളാണ് ഒഴിവായിക്കൊണ്ടിരിക്കുന്നത്. പാചക വാതകത്തിന് പിന്നാലെ പച്ചക്കറികളുടെ വിലയും കുത്തനെ ഉയര്‍ന്നതോടെയാണ് സാധാരണക്കാരായ ജനങ്ങള്‍ ഏറെ കഷ്ടത്തിലായത്. അവശ്യവസ്തുക്കള്‍ക്കും വില കൂടിയിട്ടുണ്ട്. സിവില്‍ സപ്ലൈസ് വഴി വില്‍ക്കുന്ന ഭക്ഷ്യോല്‍പന്നങ്ങളുടെ വിലയിലും വര്‍ധനവുണ്ടായിട്ടുണ്ട്. സബ്‌സിഡിയേതര ഭക്ഷ്യോല്‍പന്നങ്ങള്‍ക്കാണ് ഈയിടെ സപ്ലൈകോ വില കുത്തനെ കൂട്ടിയത്. എന്നാല്‍ സര്‍ക്കാര്‍ ഇടപെട്ട് ചിലയിനങ്ങളുടെ വില കുറച്ചത് അല്‍പം ആശ്വാസം പകരുന്നു. […]

പച്ചക്കറികള്‍ക്കും അവശ്യ ഉല്‍പ്പന്നങ്ങള്‍ക്കും വിലക്കയറ്റം തുടര്‍ന്നുകൊണ്ടിരിക്കുന്നു. അടുക്കളയില്‍ നിന്ന് പച്ചക്കറി വിഭവങ്ങള്‍ ഒഴിവായിക്കൊണ്ടിരിക്കയാണ്. സാമ്പാറിനും അവിയലിനുമൊക്കെ കൂടുതല്‍ പച്ചക്കറികള്‍ വേണ്ടതിനാല്‍ ഇത്തരം കറികളാണ് ഒഴിവായിക്കൊണ്ടിരിക്കുന്നത്. പാചക വാതകത്തിന് പിന്നാലെ പച്ചക്കറികളുടെ വിലയും കുത്തനെ ഉയര്‍ന്നതോടെയാണ് സാധാരണക്കാരായ ജനങ്ങള്‍ ഏറെ കഷ്ടത്തിലായത്. അവശ്യവസ്തുക്കള്‍ക്കും വില കൂടിയിട്ടുണ്ട്. സിവില്‍ സപ്ലൈസ് വഴി വില്‍ക്കുന്ന ഭക്ഷ്യോല്‍പന്നങ്ങളുടെ വിലയിലും വര്‍ധനവുണ്ടായിട്ടുണ്ട്. സബ്‌സിഡിയേതര ഭക്ഷ്യോല്‍പന്നങ്ങള്‍ക്കാണ് ഈയിടെ സപ്ലൈകോ വില കുത്തനെ കൂട്ടിയത്. എന്നാല്‍ സര്‍ക്കാര്‍ ഇടപെട്ട് ചിലയിനങ്ങളുടെ വില കുറച്ചത് അല്‍പം ആശ്വാസം പകരുന്നു. നിത്യോപയോഗ സാധനങ്ങള്‍ക്ക് പൊതുവിപണിയില്‍ വിലക്കയറ്റം രൂക്ഷമായിക്കൊണ്ടിരിക്കെ സപ്ലൈകോയും വില വര്‍ധിപ്പിച്ചത് ഏറെ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. വന്‍പയര്‍, മുളക്, പഞ്ചസാര തുടങ്ങിയവക്കാണ് വില വര്‍ധിപ്പിച്ചിരുന്നത്. പൊതു വിപണിയിലെ വിലയേക്കാള്‍ ചില ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനത്തോളം വില കുറച്ച് നല്‍കാന്‍ സപ്ലൈക്കോക്ക് കഴിഞ്ഞിരുന്നു. 35 ഓളം ഇനങ്ങള്‍ക്ക് പൊതുവിപണിയേക്കാള്‍ വില കുറച്ച് നല്‍കാന്‍ സപ്ലൈകോയ്ക്ക് കഴിയുന്നുണ്ട്. സബ്‌സിഡി ഇല്ലാതെ വില്‍പ്പന നടക്കുന്ന ഉല്‍പ്പന്നങ്ങളുടെ വില വാങ്ങിയ വിലയുടെ അടിസ്ഥാനത്തില്‍ എല്ലാ മാസവും പുതുക്കി നിശ്ചയിക്കാറുണ്ട്. ഈ രീതിയിലാണത്രെ നവംബര്‍ ആദ്യം വില വര്‍ധിപ്പിച്ചത്. ജനങ്ങള്‍ക്ക് സാധനങ്ങള്‍ വില കുറച്ച് നല്‍കാനുദ്ദേശിച്ചാണ് സപ്ലൈകോ തുടങ്ങിയത് തന്നെ. വിപണി വിലക്ക് തന്നെ ഇവിടെയും സാധനങ്ങള്‍ വില്‍ക്കുകയാണെങ്കില്‍ ഇത്തരം സ്ഥാപനങ്ങളുടെ ആവശ്യമില്ല. എന്തായാലും അല്‍പം വൈകിയാണെങ്കിലും ചില ഉല്‍പ്പന്നങ്ങള്‍ക്ക് വില കുറച്ചത് വലിയ ആശ്വാസം തന്നെ. ഇതേ രീതിയില്‍ സര്‍ക്കാര്‍ ഇടപെട്ട് പച്ചക്കറി ഉല്‍പ്പന്നങ്ങള്‍ക്കും വില കുറക്കാന്‍ തയ്യാറാവണം. പച്ചക്കറികള്‍ക്ക് വില കൂടുന്നുണ്ടെങ്കിലും കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന പച്ചക്കറികള്‍ക്കൊന്നും ഇതിന്റെ ഗുണം ലഭിക്കുന്നില്ല. ഇടനിലക്കാരും ചില വ്യാപാരികളുമാണ് ഇവരെ ചൂഷണം ചെയ്യുന്നത്. മഴ കാരണം തമിഴ്‌നാട്ടില്‍ നിന്നുള്‍പ്പെടെ തക്കാളിയുടെ വരവ് കുറഞ്ഞതിനാല്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് ഉല്‍പ്പന്നങ്ങള്‍ക്ക് 10 ശതമാനം വില കൂടുതല്‍ കിട്ടുന്നുണ്ട്. എന്നാല്‍ വിപണി വിലയുമായി തട്ടിച്ചുനോക്കുമ്പോള്‍ പകുതി പോലുമില്ല. വര്‍ധിച്ച ഉല്‍പാദനചെലവിനെയും പ്രതികൂല കാലാവസ്ഥയേയും മറികടന്നാണ് കര്‍ഷകര്‍ കൃഷി ചെയ്യുന്നത്. വളം, വിത്ത്, മാര്‍ക്കറ്റിലെത്തിക്കാനുള്ള ചെലവ് എന്നിവയുടെയെല്ലാം വില കഴിച്ചാല്‍ കണക്കേ പറയുവാനുള്ളു. ഹോര്‍ട്ടി കോര്‍പ്പാണ് കര്‍ഷകരില്‍ നിന്ന് പച്ചക്കറികള്‍ വാങ്ങുന്ന സര്‍ക്കാാര്‍ സ്ഥാപനം. എന്നാല്‍ ഉല്‍പ്പന്നം നല്‍കി ആഴ്ചകളോളം കാത്തുനിന്നാലേ പണം ലഭിക്കു. അത് കാരണം മിക്ക കര്‍ഷകരും ഓപ്പണ്‍ മാര്‍ക്കറ്റിലാണ് പച്ചക്കറികള്‍ നല്‍കുന്നത്. ഇത് ഇടനിലക്കാര്‍ വഴിയാണ്. അവര്‍ക്കും കിലോക്ക് നിശ്ചിത തുക വെച്ച് കമ്മീഷന്‍ നല്‍കണം.
പച്ചക്കറി ഉല്‍പ്പന്നങ്ങളില്‍ മുരിങ്ങായക്കും തക്കാളിക്കുമാണ് വമ്പന്‍ വിലവര്‍ധനവുണ്ടായത്. ഒരു മാസം മുമ്പ് കിലോക്ക് 150 രൂപയുണ്ടായിരുന്ന മുരിങ്ങാക്കായക്ക് പാലക്കാട് വലിയങ്ങാടിയില്‍ 270 രൂപയാണ് വില. സീസണല്ലാത്തതിനാല്‍ ലഭ്യത കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. മഴയിലും മഞ്ഞിലും പൂകൊഴിയുന്നത് ഉല്‍പാദനത്തെ ബാധിക്കുന്നു. തമിഴ്‌നാട്ടിലെ ഓട്ടന്‍ചക്രം, കമ്പം, തേനി തുടങ്ങിയ ഭാഗങ്ങളില്‍ നിന്നാണ് മുരിങ്ങാക്കായ എത്തുന്നത്. കിലോഗ്രാമിന് 100 രൂപയിലധികമെത്തിയ തക്കാളിയാണ് വിലക്കയറ്റത്തില്‍ രണ്ടാമന്‍. മഴമൂലം തമിഴ്‌നാട്ടിലും കേരളത്തിലെ ചിലേടങ്ങളിലും കൃഷിനാശമുണ്ടായതാണ് വിലക്കയറ്റത്തിന് കാരണം. മഴയില്‍ പന്തല്‍ കൃഷിക്ക് നാശമുണ്ടായതിനാല്‍ പയര്‍, അമരക്ക തുടങ്ങിയ പച്ചക്കറികള്‍ക്കും വില വര്‍ധിച്ചിട്ടുണ്ട്. വിലക്കയറ്റത്തില്‍ നിന്ന് ജനങ്ങള്‍ക്ക് രക്ഷകിട്ടാന്‍ സര്‍ക്കാര്‍ ഇടപെട്ട് പച്ചക്കറികള്‍ സബ്‌സിഡി നിരക്കില്‍ കൊടുക്കാനുള്ള സംവിധാനമുണ്ടാക്കണം.

Related Articles
Next Story
Share it