ഒമിക്രോണ്‍; ജാഗ്രത തുടരണം

രാജ്യത്ത് ഒമിക്രോണ്‍ കേസുകളുടെ എണ്ണം അമ്പതിനോടടുക്കുകയാണ്. കേരളത്തില്‍ കൊച്ചിയിലാണ് ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇയാളുമായി ബന്ധപ്പെട്ട 36 പേര്‍ ഐസോലേഷനിലാണ്. കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസമെത്തിയ നാലുപേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നെതര്‍ലാന്റില്‍ നിന്ന് കുവൈത്ത് വഴി എത്തിയ മൂന്ന് പേര്‍ക്കും ചെക്ക് റിപ്പബ്ലിക്കില്‍ നിന്ന് ദുബായ് വഴിയെത്തിയ ഒരാള്‍ക്കുമാണ് സ്ഥിരീകരിച്ചത്. എറണാകുളം സ്വദേശികളാണിവര്‍. ജനിതക ശ്രേണീകരണ പരിശോധനക്കായി സാമ്പിള്‍ ശേഖരിച്ച് തിരുവനന്തപുരം ലാബിലേക്ക് അയച്ചു കൊടുത്തിരിക്കയാണ്. ഒമിക്രോണ്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ക്ലസ്റ്ററുകള്‍ […]

രാജ്യത്ത് ഒമിക്രോണ്‍ കേസുകളുടെ എണ്ണം അമ്പതിനോടടുക്കുകയാണ്. കേരളത്തില്‍ കൊച്ചിയിലാണ് ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇയാളുമായി ബന്ധപ്പെട്ട 36 പേര്‍ ഐസോലേഷനിലാണ്. കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസമെത്തിയ നാലുപേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നെതര്‍ലാന്റില്‍ നിന്ന് കുവൈത്ത് വഴി എത്തിയ മൂന്ന് പേര്‍ക്കും ചെക്ക് റിപ്പബ്ലിക്കില്‍ നിന്ന് ദുബായ് വഴിയെത്തിയ ഒരാള്‍ക്കുമാണ് സ്ഥിരീകരിച്ചത്. എറണാകുളം സ്വദേശികളാണിവര്‍. ജനിതക ശ്രേണീകരണ പരിശോധനക്കായി സാമ്പിള്‍ ശേഖരിച്ച് തിരുവനന്തപുരം ലാബിലേക്ക് അയച്ചു കൊടുത്തിരിക്കയാണ്. ഒമിക്രോണ്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നത് കണ്ടെത്തണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചിരിക്കയാണ്. സംസ്ഥാനത്തും ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പരമാവധി ഉയര്‍ത്തുകയും വ്യാപനം തടയാന്‍ കുറ്റമറ്റ മുന്നൊരുക്കങ്ങള്‍ നടത്തുകയും വേണം. കോവിഡ് വ്യാപനത്തിലെ ഏറ്റവും സങ്കീര്‍ണ്ണമായ ഘട്ടങ്ങളിലേക്ക് നീങ്ങാതിരിക്കാന്‍ ഇപ്പോഴേ ശ്രദ്ധിച്ചേ പറ്റു. സംസ്ഥാനത്ത് കോവിഡ് കുറഞ്ഞിട്ടുണ്ടെങ്കിലും മറ്റ് സംസ്ഥാനങ്ങളെയപേക്ഷിച്ച് ഇപ്പോഴും കൂടുതലാണെന്ന വസ്തുത കൂടി കണക്കിലെടുക്കേണ്ടിയിരിക്കുന്നു. സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും ജനങ്ങളുടെ ഭാഗത്ത് നിന്നും പാളിച്ച ഉണ്ടാവാതെ നോക്കാനാവണം. ഒമിക്രോണ്‍ സ്ഥിരീകരിക്കുന്നവര്‍ക്കായി സംസ്ഥാനത്തെ ആസ്പത്രികളില്‍ പ്രത്യേക വാര്‍ഡുകള്‍ സജ്ജീകരിക്കാനും ഓക്‌സിജന്‍ ലഭ്യത ഉറപ്പു വരുത്താനും നടപടി വേണം. ഒമിക്രോണുമായി സംശയമുണ്ടാകുന്നവരുടെ സാമ്പിള്‍ ജനിതക ശ്രേണീകരണത്തിനും എല്ലായിടങ്ങളിലും സൗകര്യമൊരുക്കണം. ഇന്ത്യയില്‍ ഒമിക്രോണ്‍ വകഭേദം വഴി യുള്ള കോവിഡ് വ്യാപനം ഫെബ്രുവരിയോടെ പാരമ്യതയിലെത്തുമെന്നാണ് ഐ.ഐ.ടി ഗവേഷകരുടെ മുന്നറിയിപ്പ്. പ്രതിദിനം ഒരു ലക്ഷം മുതല്‍ ഒന്നരലക്ഷം വരെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ ഇടയുണ്ടെന്നും അവര്‍ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. ഒമിക്രോണ്‍ സ്ഥീരീകരിക്കുന്നവര്‍ക്ക് രോഗലക്ഷണങ്ങള്‍ ഇല്ലെങ്കിലും ആസ്പത്രിയിലെ പ്രത്യേക ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിക്കുന്നുണ്ട്. കേരളത്തിലെ 11 ജില്ലകളിലും മറ്റ് ഏഴ് സംസ്ഥാനങ്ങളിലും കോവിഡ് സ്ഥിരീകരണനിരക്ക് ഇപ്പോഴും കൂടി നില്‍ക്കുകയാണ്. ഏറ്റവും ഒടുവിലത്തെ കണക്ക് പ്രകാരം കേരളത്തിലെ ഒമ്പത് ജില്ലകളില്‍ ടി.പി.ആര്‍ നിരക്ക് 5 മുതല്‍ 10 ശതമാനം വരെയാണ്. ഈ ജില്ലകളില്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റുകള്‍ കുറവാണ്. വാക്‌സിന്‍ എത്രയും പെട്ടന്ന് പൂര്‍ത്തീകരിക്കുക എന്നതിന് തന്നെയാണ് പ്രാധാന്യം നല്‍കേണ്ടിയിരിക്കുന്നത്. സംസ്ഥാനത്ത് 97 ശതമാനം പേര്‍ ആദ്യ ഡോസും 70 ശതമാനം പേര്‍ രണ്ടാം ഡോസും സ്വീകരിച്ചിട്ടുണ്ട്. 70 ലക്ഷം പേര്‍ക്കാണ് രണ്ടാം ഡോസ് നല്‍കാനുള്ളത്. വാക്‌സിന്‍ പരമാവധി പേരിലേക്ക് എത്തിക്കാനുള്ള നടപടി എത്രയും പെട്ടന്ന് ഉണ്ടാവണം. ചിലര്‍ വാക്‌സിന്‍ എടുക്കുന്നതിനോട് വിമുഖത കാട്ടുന്നുണ്ട്. വാക്‌സിനെപ്പറ്റി അറിയാത്ത സാധാരണക്കാരില്‍ ചിലര്‍ വാക്‌സിനെടുക്കാത്തതിനെപ്പറ്റി മനസ്സിലാക്കാം. എന്നാല്‍ കോവിഡ് സെല്ലില്‍ പ്രവര്‍ത്തിക്കുന്ന ചില അധ്യാപകര്‍ തന്നെ വാക്‌സിന്‍ എടുക്കാന്‍ വിമുഖത കാട്ടുന്നുണ്ടെന്നത് അംഗീകരിക്കാന്‍ പറ്റാത്തതാണ്. ഇത്തരക്കാരെ കണ്ടെത്തി സമൂഹത്തിന് മുമ്പില്‍ കൊണ്ടു വരേണ്ടിയിരിക്കുന്നു. രാജ്യത്തെ കോവിഡ് ബാധിതരില്‍ പകുതിയിലേറെയും കേരളത്തിലാണെന്നത് അതീവ ഗൗരവത്തോടെ വേണം കാണാന്‍. ഒമിക്രോണിനെ നിസാരമായി കാണാതെ ജാഗ്രത കൈവിടാതിരിക്കാന്‍ ശ്രദ്ധിച്ചേ പറ്റു.

Related Articles
Next Story
Share it