മൊറട്ടോറിയം പാഴ്‌വാക്കാവരുത്

കോവിഡിന്റെ കെട്ട കാലത്ത് ബാങ്കുകളില്‍ നിന്ന് എടുത്ത വായ്പ തിരിച്ചടക്കാന്‍ പറ്റാത്തവരാണ് ഭൂരിഭാഗം പേരും. അവര്‍ക്ക് വായ്പാ തിരിച്ചടവിന് അല്‍പം സാവകാശം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചത്. എന്നാല്‍ അത് പ്രഖ്യാപനവത്തില്‍ മാത്രം ഒതുങ്ങുന്ന അവസ്ഥയാകുമോ എന്നാണ് വായ്പയെടുത്തവര്‍ ആശങ്കപ്പെടുന്നത്. ഡിസംബര്‍ 31 വരെ എല്ലാ വായ്പകളിലും ഒക്‌ടോബറിലാണ് സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചത്. അത് ഇതുവരെ നടപ്പിലായിട്ടില്ല. സര്‍ക്കാറിന്റെ പൂര്‍ണ നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളില്‍ പോലും ഇത് പൂര്‍ണമായും നടപ്പിലാക്കാനായിട്ടില്ല. ഡിസംബര്‍ 31 വരെ […]

കോവിഡിന്റെ കെട്ട കാലത്ത് ബാങ്കുകളില്‍ നിന്ന് എടുത്ത വായ്പ തിരിച്ചടക്കാന്‍ പറ്റാത്തവരാണ് ഭൂരിഭാഗം പേരും. അവര്‍ക്ക് വായ്പാ തിരിച്ചടവിന് അല്‍പം സാവകാശം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചത്. എന്നാല്‍ അത് പ്രഖ്യാപനവത്തില്‍ മാത്രം ഒതുങ്ങുന്ന അവസ്ഥയാകുമോ എന്നാണ് വായ്പയെടുത്തവര്‍ ആശങ്കപ്പെടുന്നത്. ഡിസംബര്‍ 31 വരെ എല്ലാ വായ്പകളിലും ഒക്‌ടോബറിലാണ് സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചത്. അത് ഇതുവരെ നടപ്പിലായിട്ടില്ല. സര്‍ക്കാറിന്റെ പൂര്‍ണ നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളില്‍ പോലും ഇത് പൂര്‍ണമായും നടപ്പിലാക്കാനായിട്ടില്ല. ഡിസംബര്‍ 31 വരെ വായ്പകള്‍ക്ക് മൊറട്ടോറിയം നല്‍കണമെന്ന മന്ത്രിസഭയോഗത്തിന്റെ തീരുമാനം സംസ്ഥാനതലബാങ്കേഴ്‌സ് സമിതിക്കും റിസര്‍വ് ബാങ്കിനും കൈമാറിയിരുന്നു. വാണിജ്യ ബാങ്കുകള്‍ക്കും ആര്‍.ബി.ഐ.യുടെ നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകള്‍ക്കും മൊറട്ടോറിയം ബാധകമാകണമെങ്കില്‍ റിസര്‍വ് ബാങ്കിന്റെ അനുമതി വേണം. ബാങ്കേഴ്‌സ് സമിതിയുടെ ശുപാര്‍ശ കൂടി പരിഗണിച്ചാണ് റിസര്‍വ് ബാങ്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. പ്രകൃതി ദുരന്തമുണ്ടാകുമ്പോള്‍ മൊറട്ടോറിയം അനുവദിക്കുന്നതിന് റിസര്‍വ് ബാങ്കിന് കൃത്യമായ മാര്‍ഗരേഖയുണ്ട്. പകുതിയിലധികം കൃഷിനാശമുണ്ടാകുമ്പോള്‍ മൊറട്ടോറിയം നല്‍കാന്‍ എസ്.എല്‍.ബി.സി.ക്ക് ശുപാര്‍ശ ചെയ്യാം. ഏതൊക്കെ മേഖലകളില്‍ എത്ര നഷ്ടമുണ്ടായി എന്നിങ്ങനെയുള്ള സര്‍ക്കാര്‍ കണക്ക് അടിസ്ഥാനമാക്കിയാണ് ബാങ്കേഴ്‌സ് സമിതി തീരുമാനമെടുക്കുക. എന്നാല്‍ അത്തരമൊരു കണക്ക് നല്‍കാത്തതിനാല്‍ ബാങ്കേഴ്‌സ് സമിതി ഇക്കാര്യം പരിഗണിക്കുക പോലും ചെയ്തിട്ടില്ല. കാര്‍ഷിക-ചെറുകിട വായ്പകള്‍ക്ക് സാധാരണക്കാര്‍ കൂടുതലും ആശ്രയിക്കുന്നത് സഹകരണ ബാങ്കുകളെയും സംഘങ്ങളെയുമാണ്. ഇവക്ക് മൊറട്ടോറിയം ബാധകമാകാന്‍ സഹകരണ സംഘം രജിസ്ട്രാര്‍ സര്‍ക്കുലര്‍ ഇറക്കണം. ഇതിന് റിസര്‍വ് ബാങ്കിന്റെ പ്രത്യേക അനുമതി ആവശ്യമില്ല. എന്നാല്‍ അത്തരമൊരു സര്‍ക്കുലറും ഇറങ്ങിയിട്ടില്ല. മന്ത്രിസഭാ യോഗത്തിന്റെ തീരുമാനത്തിന് പിന്നാലെ ഒക്‌ടോബര്‍ 22ന് മൊറട്ടോറിയം അനുവദിച്ചുകൊണ്ട് റവന്യുവകുപ്പ് ഉത്തരവിറക്കിയിരുന്നു. പക്ഷെ ധനകാര്യ സ്ഥാപനങ്ങള്‍ക്കൊന്നും ബാധകമാകാത്ത ആ ഉത്തരവുകൊണ്ട് ഒരു ഗുണവും ജനങ്ങള്‍ക്ക് ഇല്ലാതെയായി. മാത്രവുമല്ല, സര്‍ക്കാര്‍ പ്രഖ്യാപനം വിശ്വസിച്ച് വായ്പ തിരിച്ചടക്കാത്തവര്‍ക്ക് ഇനി പിഴപ്പലിശയും നല്‍കേണ്ടി വരും.
കൊറോണ മഹാമാരി താണ്ഡവമാടിത്തുടങ്ങിയിട്ട് ഒന്നര വര്‍ഷം കഴിഞ്ഞു. അത് ഇപ്പോല്‍ തീവ്രതയിലല്ലെന്ന് മാത്രമേ ഉള്ളു. കെട്ടടങ്ങിയിട്ടില്ല. കഴിഞ്ഞ ഒന്നരവര്‍ഷത്തോളം പൂര്‍ണ്ണമായ സ്തംഭനത്തിലായിരുന്നു എല്ലായിടവും. കാര്‍ഷിക മേഖലയിലടക്കം വലിയ പ്രതിസന്ധിയായിരുന്നു. കര്‍ഷകര്‍ ഉല്‍പാദിപ്പിച്ച സാധനങ്ങള്‍ ആര്‍ക്കും നല്‍കാനാവാതെ കെടുവിലക്ക് പലര്‍ക്കും വിറ്റഴിക്കേണ്ടി വന്നു. കപ്പ, ചേമ്പ്, വെള്ളരിക്ക, കുമ്പളങ്ങ തുടങ്ങിയവയൊക്കെ എങ്ങോട്ടും കൊണ്ടുപോകാനാവാതെ ചുരുങ്ങിയ വിലക്ക് നല്‍കേണ്ടി വന്നു. ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് വാഴകൃഷിക്ക് ഇറങ്ങിയവരും അവതാളത്തിലായി. നേന്ത്രക്കുലക്ക് 20 രൂപയില്‍ താഴെയാണ് വില ഉണ്ടായിരുന്നത്. ഉല്‍പാദനച്ചിലവ് പോലും കിട്ടാത്ത സ്ഥിതിയായിരുന്നു. അവര്‍ക്ക് വായ്പ തിരിച്ചടക്കാന്‍ പറ്റാത്ത സ്ഥിതി വന്നു. മൊറട്ടോറിയം പ്രഖ്യാപിച്ചപ്പോള്‍ അവരൊക്കെ ആശ്വാസം കൊണ്ടിരുന്നു. എന്നാല്‍ മൊറട്ടോറിയം പ്രഖ്യാപനത്തില്‍ മാത്രമായി ഒതുങ്ങുകയായിരുന്നു. വ്യാപാരികളുടെ അവസ്ഥയും അതു തന്നെയായിരുന്നു. ലോക്ഡൗണിനെത്തുടര്‍ന്ന് മാസങ്ങളോളമാണ് കടകള്‍ അടഞ്ഞുകിടന്നത്. ബാങ്കുകളില്‍ നിന്നെടുത്ത പണമുപയോഗിച്ചാണ് സാധനങ്ങള്‍ വാങ്ങി സ്റ്റോക്ക് ചെയ്തത്. അതൊക്കെ നശിച്ചു പോവുകയായിരുന്നു. സാധനങ്ങള്‍ വില്‍ക്കാനായില്ലെന്ന് മാത്രമല്ല, ഇതിന്റെയൊക്കെ പണം ബാങ്കുകള്‍ക്ക് തിരിച്ചു നല്‍കാനും പറ്റിയില്ല. ഈയൊരു സാഹചര്യത്തില്‍ പണം തിരിച്ചടക്കാന്‍ അല്‍പം സാവകാശം അവരും പ്രതീക്ഷിച്ചതായിരുന്നു. സര്‍ക്കാറിന്റെ പ്രഖ്യാപനം പാഴ്‌വാക്കാവരുത്.

Related Articles
Next Story
Share it