ഭാരവാഹനങ്ങള്‍; ഉചിതമായ തീരുമാനം

ഭാരവാഹനങ്ങള്‍ക്ക് ചന്ദ്രഗിരിപ്പാതയിലൂടെ പോകുന്നത് നിരോധിച്ചത് നല്ല തീരുമാനം. ജില്ലാ വികസന സമിതി സബ് കമ്മിറ്റിയാണ് കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന് ഇത്തരമൊരു തീരുമാനമെടുത്തത്. കാസര്‍കോട് മുതല്‍ കാഞ്ഞങ്ങാട് സൗത്ത് വരെയുള്ള ചന്ദ്രഗിരി കെഎസ്.ടി.പി പാതയിലാണ് ഭാരവണ്ടികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ചന്ദ്രഗിരി കെ.എസ്.ടി.പി റോഡ് വന്നതോടെ എല്ലാ വാഹനങ്ങളും ഹൈവെ ഉപേക്ഷിച്ച് ഇതുവഴിയാണ് ഓടുന്നത്. ഇത് ഗതാഗതക്കുരുക്കിനും അപകടങ്ങള്‍ക്കും കാരണമാവുന്നു. ഉദുമ, ബേക്കല്‍ ഭാഗങ്ങളില്‍ അപകടങ്ങള്‍ പതിവാണ്. നല്ല റോഡായതിനാല്‍ മിക്ക വാഹനങ്ങളും അമിത വേഗതയിലാണ് ഓടുന്നത്. ടാങ്കര്‍ ലോറികളും […]

ഭാരവാഹനങ്ങള്‍ക്ക് ചന്ദ്രഗിരിപ്പാതയിലൂടെ പോകുന്നത് നിരോധിച്ചത് നല്ല തീരുമാനം. ജില്ലാ വികസന സമിതി സബ് കമ്മിറ്റിയാണ് കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന് ഇത്തരമൊരു തീരുമാനമെടുത്തത്. കാസര്‍കോട് മുതല്‍ കാഞ്ഞങ്ങാട് സൗത്ത് വരെയുള്ള ചന്ദ്രഗിരി കെഎസ്.ടി.പി പാതയിലാണ് ഭാരവണ്ടികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ചന്ദ്രഗിരി കെ.എസ്.ടി.പി റോഡ് വന്നതോടെ എല്ലാ വാഹനങ്ങളും ഹൈവെ ഉപേക്ഷിച്ച് ഇതുവഴിയാണ് ഓടുന്നത്. ഇത് ഗതാഗതക്കുരുക്കിനും അപകടങ്ങള്‍ക്കും കാരണമാവുന്നു. ഉദുമ, ബേക്കല്‍ ഭാഗങ്ങളില്‍ അപകടങ്ങള്‍ പതിവാണ്. നല്ല റോഡായതിനാല്‍ മിക്ക വാഹനങ്ങളും അമിത വേഗതയിലാണ് ഓടുന്നത്. ടാങ്കര്‍ ലോറികളും ട്രക്കുകളും ഗ്യാസ് കയറ്റിയ ലോറികളുമൊക്കെ ഇതുവഴിയാണ് പോകുന്നത്. ഇത്തരം വാഹനങ്ങള്‍ കാഞ്ഞങ്ങാട്, പാലക്കുന്ന്, ഉദുമ, മേല്‍പ്പറമ്പ്, കാസര്‍കോട് നഗരങ്ങളിലുണ്ടാക്കുന്ന ഗതാഗതക്കുരുക്കും അപകടഭീഷണിയും വളരെ വലുതാണ്. ഇത് എപ്പോഴും ജനങ്ങളില്‍ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. വിദ്യാലയങ്ങള്‍ തുറന്നതോടെ ചന്ദ്രഗിരിപ്പാതയിലെ തിരക്ക് വീണ്ടും കൂടിയിട്ടുണ്ട്. തിരക്കേറിയ പാതയില്‍ ചീറിപ്പായുന്ന വാഹനങ്ങള്‍ വലിയ ഭീതിയാണ് നാട്ടുകാരിലുണ്ടാക്കുന്നത്. വലിയ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഒരു പരിധി വരെ ചന്ദ്രഗിരിപ്പാതയിലെ തിരക്ക് കുറക്കുമെന്നതില്‍ സംശയമില്ല. കെ.എസ്.ടി.പി റോഡില്‍ കാസര്‍കോട് ചന്ദ്രഗിരി ജംഗ്ഷനിലും കോട്ടച്ചേരി ജംഗ്ഷനിലുമാണ് വലിയ ഗതാഗതക്കുരുക്ക് ഉണ്ടാകുന്നത്. ചരക്ക് ലോറികള്‍ക്കും ഗ്യാസ് ടാങ്കറുകള്‍ക്കും പകല്‍ യാത്രക്ക് നേരത്തെ നിയന്ത്രണം കൊണ്ടുവന്നിരുന്നു. പകല്‍ തലപ്പാടി അതിര്‍ത്തിയില്‍ നിര്‍ത്തിയിട്ട ശേഷം രാത്രിമാത്രം യാത്ര തുടരുന്ന രീതിയായിരുന്നു അത്. ഇത് ഏറെ ഫലപ്രദമായിരുന്നു. കുറേ നാള്‍ ഇത് തുടര്‍ന്നെങ്കിലും പിന്നീട് പഴയ പടി തന്നെയായി. കെ.എസ്.ടി,.പി റോഡിലെ വാഹനങ്ങളുടെ അമിത വേഗതയാണ് തടയേണ്ട മറ്റൊന്ന്. മേല്‍പ്പറമ്പ് മുതല്‍ കാഞ്ഞങ്ങാട് വരെയാണ് ഈ മത്സരയോട്ടം. നിരവധി അപകടങ്ങളാണ് ഓരോ ദിവസവും ഈ ഭാഗങ്ങളില്‍ ഉണ്ടാവുന്നത്. കെ.എസ്.ടി.പി റോഡ് വന്നതോടെ കാസര്‍കോട് നിന്ന് കാഞ്ഞങ്ങാട്ടേക്കുള്ള യാത്രാസമയത്തില്‍ വലിയ മാറ്റമാണ് ഉണ്ടായത്. അത് മനസ്സിലാക്കിയാണ് ടാങ്കര്‍ ലോറികളും ചരക്ക് വണ്ടികളുമൊക്കെ നാഷണല്‍ ഹൈവെ യാത്ര ഉപേക്ഷിച്ച് ചന്ദ്രഗിരി വഴി യാത്ര തുടരുന്നത്. നാഷണല്‍ ഹൈവേയില്‍ തെക്കില്‍ വളവ് ഒഴിവാക്കിയുള്ള യാത്രയാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ദേശീയപാത ആറുവരിയാക്കുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ ധ്രുതഗതിയില്‍ നടന്നുവരുന്നുണ്ട്. ഇത് പൂര്‍ത്തിയാവുന്ന മുറക്ക് ചരക്കുവണ്ടികള്‍ക്കും ഇന്ധന വണ്ടികള്‍ക്കും കുറേ കൂടി സൗകര്യം ലഭിക്കും. ടാങ്കര്‍ ലോറികളാണ് ചന്ദ്രഗിരിപ്പാതയില്‍ കൂടുതല്‍ ഗതാഗത സ്തംഭനമുണ്ടാക്കുന്നത്. ടാങ്കര്‍ലോറികള്‍ റോഡ് വഴിയുള്ള ഗതാഗതം അവസാനിപ്പിച്ച് റെയില്‍വഴി കൊണ്ടു പോകാനുള്ള ആലോചന നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അത് യാഥാര്‍ത്ഥ്യമായാല്‍ ഇത്തരം പ്രശ്‌നങ്ങളൊക്കെ അവസാനിപ്പിക്കാന്‍ പറ്റും. കണ്ണൂര്‍ ചാലയില്‍ ടാങ്കര്‍ ലോറി മറിഞ്ഞുണ്ടായ അപകടം ആര്‍ക്കും മറക്കാനാവില്ല. 15ഓളം പേരാണ് മരണപ്പെട്ടത്. അത് കൊണ്ട് തന്നെ ചരക്ക് വണ്ടികളുടെയും ഇന്ധനവണ്ടികളുടെയും യാത്രക്ക് നിയന്ത്രണം ഉണ്ടാവേണ്ടിയിരിക്കുന്നു. ചന്ദ്രഗിരിപ്പാതയിലൂടെ ഇത്തരം വണ്ടികള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇപ്പോഴും യാത്ര തുടരുന്നുണ്ട്. നിയമം കര്‍ശനമാക്കാന്‍ സംവിധാനമുണ്ടാവണം.

Related Articles
Next Story
Share it