അര്‍ബുദ ചികിത്സക്ക് ജില്ലയില്‍ സൗകര്യമൊരുക്കണം

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ഉള്‍പ്പെടെ ജില്ലയിലെ അര്‍ബുദരോഗികളുടെ കണക്ക് ആരെയും ഞെട്ടിക്കുന്നതാണ്. രോഗം നല്‍കുന്ന വേദനയും യാത്രയുടെ ബുദ്ധിമുട്ടുകളും സഹിച്ച് വടക്ക് നിന്ന് തെക്കോട്ടേക്ക് ചികിത്സക്ക് പോകേണ്ട സ്ഥിതിയാണുള്ളത്. തലശ്ശേരിയിലെ കാന്‍സര്‍ ചികിത്സാ സെന്ററിനേയോ തിരുവനന്തപുരത്തെ ആര്‍.സി.സി.യേയോയാണ് ആശ്രയിക്കേണ്ടി വരുന്നത്. ജില്ലയില്‍ അര്‍ബുദരോഗികളുടെ എണ്ണം വര്‍ധിച്ചു വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജില്ലാ പഞ്ചായത്ത് നടത്തിയ ഒരു സര്‍വ്വെയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒരു വര്‍ഷം മുമ്പ് ആസ്പത്രി രജിസ്റ്ററുകള്‍ പരിശോധിച്ചതിലൂടെ 6000 രോഗികള്‍ ചികിത്സ തേടിയതായാണ് കണക്ക്. രോഗികളുടെ എണ്ണത്തില്‍ […]

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ഉള്‍പ്പെടെ ജില്ലയിലെ അര്‍ബുദരോഗികളുടെ കണക്ക് ആരെയും ഞെട്ടിക്കുന്നതാണ്. രോഗം നല്‍കുന്ന വേദനയും യാത്രയുടെ ബുദ്ധിമുട്ടുകളും സഹിച്ച് വടക്ക് നിന്ന് തെക്കോട്ടേക്ക് ചികിത്സക്ക് പോകേണ്ട സ്ഥിതിയാണുള്ളത്. തലശ്ശേരിയിലെ കാന്‍സര്‍ ചികിത്സാ സെന്ററിനേയോ തിരുവനന്തപുരത്തെ ആര്‍.സി.സി.യേയോയാണ് ആശ്രയിക്കേണ്ടി വരുന്നത്. ജില്ലയില്‍ അര്‍ബുദരോഗികളുടെ എണ്ണം വര്‍ധിച്ചു വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജില്ലാ പഞ്ചായത്ത് നടത്തിയ ഒരു സര്‍വ്വെയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒരു വര്‍ഷം മുമ്പ് ആസ്പത്രി രജിസ്റ്ററുകള്‍ പരിശോധിച്ചതിലൂടെ 6000 രോഗികള്‍ ചികിത്സ തേടിയതായാണ് കണക്ക്. രോഗികളുടെ എണ്ണത്തില്‍ ഓരോ വര്‍ഷവും വര്‍ധനവുണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. 2010ല്‍ തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സ തേടിയത് ജില്ലയിലെ 169 പേരായിരുന്നു. 2016 ലെത്തുമ്പോള്‍ ഇത് 603 ആയി. അര്‍ബുദ നിയന്ത്രണത്തിനായി ജില്ലാ പഞ്ചായത്ത് 2019ല്‍ തുടങ്ങാനിരുന്ന കാന്‍കാമ്പ്-ബിപോസറ്റീവ് പദ്ധതി രോഗികളുടെ രജിസ്റ്റര്‍ തയ്യാറാക്കലില്‍ മാത്രമായി ഒതുങ്ങി. നിലവില്‍ ജില്ലയില്‍ ചികിത്സക്ക് സൗകര്യമില്ലെന്നതാണ് രോഗികള്‍ നേരിടുന്ന പ്രധാന വെല്ലുവിളി. രോഗനിര്‍ണ്ണയത്തിനും ചികിത്സക്കും വടക്കേ അറ്റത്തു നിന്നും തെക്കേ അറ്റത്തേക്ക് യാത്ര ചെയ്യേണ്ട സ്ഥിതിയാണുള്ളത്. കോവിഡ് കാലത്ത് ഇതുണ്ടാക്കുന്നത് വലിയ പ്രയാസമാണ്. ദീര്‍ഘദൂര യാത്ര ശാരീരികവും മാനസികവുമായി അവരെ തളര്‍ത്തുന്നു. ചികിത്സാ ചെലവിനൊപ്പം യാത്രക്കും ഭാരിച്ച തുക ചെലവിടേണ്ടി വരുന്നു. പോക്കുവരവിനുള്ള പ്രയാസം കാരണം തിരുവനന്തപുരത്തും തലശ്ശേരിയിലും വീട് വാടകക്കെടുത്ത് താമസിക്കുന്നവരുണ്ട്. മംഗളൂരുവിലെ ആസ്പത്രികളില്‍ നേരത്തെ ചികിത്സ തേടിയവരാണ് നന്നേ കഷ്ടപ്പെടുന്നത്. കോവിഡ് കാരണം അതിര്‍ത്തി കടന്നുള്ള ചികിത്സ നിഷേധിക്കപ്പെട്ടു. റോഡിന് മുകളില്‍ മണ്ണിട്ടാണ് അവര്‍ മംഗളൂരുവിലേക്കുള്ള യാത്ര തടസ്സപ്പെടുത്തിയത്. ഊടുവഴികള്‍ പോലും അടച്ചുകൊണ്ടാണ് മംഗളൂരുവിലേക്കുള്ള യാത്ര അവര്‍ നിരോധിച്ചത്.
നിലവിലുള്ള രോഗികളില്‍ 49.7 ശതമാനം പുരുഷന്മാരും 5.3 ശതമാനം സ്ത്രീകളുമാണ്. സ്ത്രീകളില്‍ സ്തനാര്‍ബുദവും ഗര്‍ഭാശയഗള കാന്‍സറുമാണെങ്കില്‍ പുരുഷന്മാരില്‍ ശ്വാസകോശത്തിലും വായ്ക്കകത്തും വയറിലുമാണ് കൂടുതലായി രോഗം കണ്ടുവരുന്നത്. മാമോഗ്രാം, എക്‌സറേ, സ്‌കാനിംഗ്, കീമോതെറാപ്പി ഉപകരണങ്ങള്‍ ലഭ്യമാക്കി ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ആസ്പത്രികളെ ആര്‍.സി.സി.യുടേയോ എം.സി.സി.യുടെയോ എക്സ്റ്റന്‍ഷന്‍ സെന്റുകളാക്കാന്‍ കഴിഞ്ഞാല്‍ രോഗികള്‍ക്ക് അത് വലിയ ഉപകാരമായിരിക്കും. പാലിയേറ്റീവ് കീമോതെറാപ്പിയും അവശ്യ മരുന്നുകളും ലഭിക്കാനും സംവിധാനമുണ്ടാക്കണം. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് അര്‍ബുദ രോഗ നിയന്ത്രണം ലഭ്യമാക്കി അതിജീവനം പദ്ധതി നടപ്പിലാക്കിയത് ജില്ലയുടെ തെക്കന്‍ പ്രദേശത്ത് അല്‍പം ആശ്വാസമായിരുന്നു. ചെറുവത്തൂര്‍ ആരോഗ്യ കേന്ദ്രത്തിലും തൃക്കരിപ്പൂര്‍ താലൂക്ക് ആസ്പത്രിയിലും സ്തനാര്‍ബുദം, ഗര്‍ഭാശയഗള അര്‍ബുദം, വായക്കകത്തെ അര്‍ബുദം എന്നിവ നേരത്തെ പരിശോധിച്ച് കണ്ടെത്താനും മരുന്നുകള്‍ നല്‍കാനും സെന്ററുകള്‍ തുറന്നിരുന്നതാണ്. പക്ഷെ രണ്ട് വര്‍ഷമായി അതിന്റെ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. മറ്റെല്ലാ രോഗങ്ങള്‍ക്കുമെന്ന പോലെ കൃത്യമായ ചികിത്സയും പരിചരണവും ലഭിച്ചാല്‍ അര്‍ബുദ രോഗത്തിനെതിരെ പൊരുതാനാവും.

Related Articles
Next Story
Share it