ഒമിക്രോണ്‍; ജാഗ്രത വേണം

കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ നമ്മുടെ രാജ്യത്തും സ്ഥിരീകരിച്ചുകഴിഞ്ഞു. ആദ്യ ഒമിക്രോണ്‍ കേസ് കര്‍ണ്ണാടകയിലാണ് സ്ഥിരീകരിച്ചത്. 66ഉം 46ഉം വയസ്സുള്ള രണ്ട് പേരിലാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. ഡെല്‍റ്റയേക്കാള്‍ വ്യാപന ശേഷി കൂടുതലുള്ള ഈ വകഭേദം ആദ്യമായി കണ്ടെത്തിയത് ദക്ഷിണാഫ്രിക്കയിലാണ്. ഇതിനകം 30 രാജ്യങ്ങളിലേക്ക് ഇത് പകര്‍ന്നു കഴിഞ്ഞതായാണ് അറിയുന്നത്. ഇന്ത്യയിലെ രണ്ട് കേസുകളും ബംഗളൂരുവിലാണ് കണ്ടെത്തിയത്. ഇതില്‍ ഒരാള്‍ ദക്ഷിണാഫ്രിക്കക്കാരനാണ്. ഇയാള്‍ രാജ്യത്ത് നിന്ന് പോയിട്ടുണ്ട്. മറ്റൊരാള്‍ പ്രദേശവാസിയാണ്. ഇയാള്‍ക്ക് യാത്ര ചെയ്ത ചരിത്രമില്ല. പ്രദേശവാസിയുമായി ബന്ധം […]

കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ നമ്മുടെ രാജ്യത്തും സ്ഥിരീകരിച്ചുകഴിഞ്ഞു. ആദ്യ ഒമിക്രോണ്‍ കേസ് കര്‍ണ്ണാടകയിലാണ് സ്ഥിരീകരിച്ചത്. 66ഉം 46ഉം വയസ്സുള്ള രണ്ട് പേരിലാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. ഡെല്‍റ്റയേക്കാള്‍ വ്യാപന ശേഷി കൂടുതലുള്ള ഈ വകഭേദം ആദ്യമായി കണ്ടെത്തിയത് ദക്ഷിണാഫ്രിക്കയിലാണ്. ഇതിനകം 30 രാജ്യങ്ങളിലേക്ക് ഇത് പകര്‍ന്നു കഴിഞ്ഞതായാണ് അറിയുന്നത്. ഇന്ത്യയിലെ രണ്ട് കേസുകളും ബംഗളൂരുവിലാണ് കണ്ടെത്തിയത്. ഇതില്‍ ഒരാള്‍ ദക്ഷിണാഫ്രിക്കക്കാരനാണ്. ഇയാള്‍ രാജ്യത്ത് നിന്ന് പോയിട്ടുണ്ട്. മറ്റൊരാള്‍ പ്രദേശവാസിയാണ്. ഇയാള്‍ക്ക് യാത്ര ചെയ്ത ചരിത്രമില്ല. പ്രദേശവാസിയുമായി ബന്ധം പുലര്‍ത്തിയ അഞ്ച് പേര്‍ കൂടി കോവിഡ് പോസറ്റീവ് ആയിട്ടുണ്ട്. അവരുടെ സാമ്പിളുകള്‍ കൂടുതല്‍ പരിശോധനക്ക് അയച്ചിരിക്കുകയാണ്. ഒമിക്രോണ്‍ ബാധിച്ച രണ്ട് പേരും രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവരാണ്. യാത്രാ ചരിത്രമില്ലാത്ത പ്രദേശവാസിക്ക് രോഗബാധയുണ്ടായ സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ക്ക് ഒമിക്രോണ്‍ ബാധിച്ചിട്ടുണ്ടെന്നാണ് നിഗമനം. വൈറസ് ബാധിച്ച ദക്ഷിണാഫ്രിക്കക്കാരന്‍ നവംബര്‍ 20നാണ് ബംഗളൂരുവിലെത്തിയത്. വിമാനത്താവളത്തില്‍ തന്നെ സാമ്പിള്‍ ശേഖരിച്ചു പരിശോധനയില്‍ പോസിറ്റീവായി. ഇതേ തുടര്‍ന്ന് വിദഗ്ധ പരിശോധന നടത്തുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഐസോലേഷനില്‍ കഴിയുകയായിരുന്ന ഇയാള്‍ നെഗറ്റീവ് ആയതിനെത്തുടര്‍ന്ന് നവംബര്‍ 27ന് ദുബായിലേക്ക് പോയി. ഇയാളുമായി ബന്ധപ്പെട്ടവരെ പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട്. കര്‍ണ്ണാടകയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടത് കേരളമാണ്. കര്‍ണ്ണാടകയുമായി അടുത്ത് കിടക്കുന്ന പ്രദേശം എന്നതിലുപരി നൂറു കണക്കിനാളുകള്‍ ദിവസവും കര്‍ണ്ണാടകയുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നതാണ്. ആസ്പത്രികളില്‍ ചികിത്സക്ക് പോകുന്നവരും വിദ്യാര്‍ത്ഥികളുമൊക്കെ നിരന്തരം കര്‍ണ്ണാടകയുമായി ബന്ധപ്പെടുന്നവരാണ്. കര്‍ണ്ണാടകയില്‍ നിന്ന് ഇങ്ങോട്ട് വരുന്നവര്‍ക്ക് കര്‍ശന നിയന്ത്രണം കൊണ്ടുവരേണ്ടതാണ്. ബാംഗ്ലൂരിന് പുറമെ കൊച്ചിയിലും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി പേര്‍ എത്തിക്കൊണ്ടിരിക്കുന്നുണ്ട്. ഇവരുടെയൊക്കെ ആര്‍.ടി.പി.സി ആര്‍ ടെസ്റ്റ് കൃത്യമായി നടത്താന്‍ സംവിധാനമുണ്ടാവണം. ഏതാനും പേരെ ഒരു ടെസ്റ്റും നടത്താതെ വിട്ടയച്ചത് വലിയ വിവാദമായിട്ടുണ്ട്. ഇവര്‍ക്ക് ഹോംക്വാറന്റൈന്‍ പോലും നിര്‍ദ്ദേശിച്ചിട്ടില്ലത്രെ. ഒമിക്രോണ്‍ സാന്നിധ്യം കണ്ടതോടെ എല്ലാവര്‍ക്കും വാക്‌സിനേഷന്‍ എത്രയും പെട്ടന്ന് പൂര്‍ത്തിയാക്കാനുള്ള നടപടിയുണ്ടാവണം. രണ്ടാം ഡോസ് വാക്‌സിനേഷന്‍ എടുക്കാത്തവര്‍ നിരവധിയുണ്ട്. കോവിഡ് വാക്‌സിന്‍ ഇപ്പോള്‍ ക്ഷാമമില്ല. അതുകൊണ്ട് തന്നെ വാക്‌സിന്‍ എടുക്കാത്ത എല്ലാവരെയും ക്യാമ്പുകളില്‍ എത്തിക്കാനുള്ള സംവിധാനമുണ്ടാവണം. ഒരിക്കല്‍ കോവിഡ് വന്നവരില്‍ രോഗം വീണ്ടും വരാനുള്ള സാധ്യത കൂടുതലാണത്രെ. ഡെല്‍റ്റ, ബീറ്റ വകഭേദത്തേക്കാള്‍ മൂന്നിരട്ടി വേഗത്തില്‍ ഇവരില്‍ രോഗമെത്താമെന്നാണ് പഠനം. മറ്റ് വകഭേദങ്ങളെയപേക്ഷിച്ച് മനുഷ്യന്റെ പ്രതിരോധ ശേഷി മറി കടക്കാനുള്ള ഒമിക്രോണിന്റെ കഴിവിനെക്കുറിച്ചും പഠനത്തില്‍ പരാമര്‍ശമുണ്ട്. കോവിഡ് ഭീതി കുറഞ്ഞുവെന്ന് കരുതി ലോകം പഴയ അവസ്ഥയിലേക്ക് തിരികെ എത്താനുള്ള ഓട്ടത്തിനിടയിലാണ് ഒമിക്രോണിന്റെ വരവ്. ലോകാരോഗ്യ സംഘടനയുടെ നിഗമനം അനുസരിച്ച് ആശങ്കപ്പെടേണ്ട വകഭേദങ്ങള്‍ എന്ന വിഭാഗത്തിലാണ് ഒമിക്രോണ്‍ വകഭേദത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇതിനെ ജാഗ്രതയോടെതന്നെ വേണം കാണാന്‍, കര്‍ശനമായ പരിശോധനയും മുന്‍കരുതലും ഉണ്ടായാലേ ഒമിക്രോണിനെ മറികടക്കാനാവു.

Related Articles
Next Story
Share it