വാക്‌സിന്‍ എടുക്കാത്തവരെ കണ്ടെത്തണം

കോവിഡ് പ്രതിരോധ വാക്‌സിന്‍ എടുക്കാന്‍ വിസമ്മതിക്കുന്നവരില്‍ അധ്യാപകര്‍ പോലുമുണ്ടെന്നത് വലിയ ആശങ്കയുളവാക്കുന്നതാണ്. വിദ്യാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിച്ചതോടെ കുട്ടികളിലേക്ക് കോവിഡ് പകരാതിരിക്കാന്‍ എല്ലാ മാര്‍ഗങ്ങളും സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നുണ്ട്. അതിനിടയിലാണ് ഓരോ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ചില അധ്യാപകര്‍ വാക്‌സിന്‍ എടുക്കുന്നതില്‍ നിന്ന് മാറിനില്‍ക്കുന്നതെന്നത് അല്‍ഭുതമുളവാക്കുന്നു. കോവിഡ് പ്രതിരോധ നടപടികള്‍ക്ക്് നേതൃത്വം നല്‍കേണ്ട അധ്യാപകരാണ് ഈ രീതിയില്‍ മാറി നില്‍ക്കുന്നത്. കോവിഡ് പ്രതിരോധ നടപടികളുമായി സഹകരിക്കാത്തവര്‍ക്ക് ഇനി മുതല്‍ സൗജന്യ ചികിത്സ നല്‍കേണ്ടതില്ല എന്ന തീരുമാനം സര്‍ക്കാര്‍ എടുത്തിരിക്കയാണ്. രോഗങ്ങള്‍, […]

കോവിഡ് പ്രതിരോധ വാക്‌സിന്‍ എടുക്കാന്‍ വിസമ്മതിക്കുന്നവരില്‍ അധ്യാപകര്‍ പോലുമുണ്ടെന്നത് വലിയ ആശങ്കയുളവാക്കുന്നതാണ്. വിദ്യാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിച്ചതോടെ കുട്ടികളിലേക്ക് കോവിഡ് പകരാതിരിക്കാന്‍ എല്ലാ മാര്‍ഗങ്ങളും സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നുണ്ട്. അതിനിടയിലാണ് ഓരോ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ചില അധ്യാപകര്‍ വാക്‌സിന്‍ എടുക്കുന്നതില്‍ നിന്ന് മാറിനില്‍ക്കുന്നതെന്നത് അല്‍ഭുതമുളവാക്കുന്നു. കോവിഡ് പ്രതിരോധ നടപടികള്‍ക്ക്് നേതൃത്വം നല്‍കേണ്ട അധ്യാപകരാണ് ഈ രീതിയില്‍ മാറി നില്‍ക്കുന്നത്. കോവിഡ് പ്രതിരോധ നടപടികളുമായി സഹകരിക്കാത്തവര്‍ക്ക് ഇനി മുതല്‍ സൗജന്യ ചികിത്സ നല്‍കേണ്ടതില്ല എന്ന തീരുമാനം സര്‍ക്കാര്‍ എടുത്തിരിക്കയാണ്. രോഗങ്ങള്‍, അലര്‍ജി മുതലായവ കൊണ്ട് വാക്‌സിന്‍ എടുക്കാന്‍ സാധിക്കാത്തവര്‍ സര്‍ക്കാര്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അല്ലാത്തവര്‍ വാക്‌സിന്‍ സ്വീകരിച്ച് ഹാജരാവുകയോ ആഴ്ചതോറും സ്വന്തം ചെലവില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തി ഫലം സമര്‍പ്പിക്കുകയോ ചെയ്യണം. വിദ്യാര്‍ത്ഥികളുടെ സുരക്ഷിതത്വം കണക്കിലെടുത്താണിത്. ഓഫീസുകളിലും പൊതുജനസമ്പര്‍ക്കമുള്ള ഇടങ്ങളിലും ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കും ഇത് ബാധകമാണ്. ഒമിക്രോണ്‍ വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ ജാഗ്രത ശക്തിപ്പെടുത്തേണ്ടിയിരിക്കുന്നു. രണ്ടാം ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കാന്‍ ബാക്കിയുള്ളവരെ കണ്ടെത്താന്‍ തദ്ദേശ സ്ഥാപന പ്രതിനിധികള്‍ ഗൗരവമായി ഇടപെടണം. ഇവര്‍ക്കായി പ്രത്യേക വാക്‌സിനേഷന്‍ ക്യാമ്പ് സജ്ജമാക്കണം. തെക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ അതിവേഗം പടരുന്ന കോവിഡിന്റെ വകഭേദം സ്ഥിരീകരിച്ച സാഹചര്യ ത്തില്‍ കര്‍ശന നടപടി കൈക്കൊള്ളാന്‍ എല്ലാ രാജ്യങ്ങളും നിര്‍ബന്ധിതമാവുകയാണ്. രാജ്യത്ത് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അതിനുള്ള സാധ്യത കാണാതിരുന്നുകൂട. എല്ലാ സംസ്ഥാനങ്ങളിലും കര്‍ശനമായ പരിശോധനയും നിരീക്ഷണവും നടക്കേണ്ടിയിരിക്കുന്നു. ഇതുവരെ 23 രാജ്യങ്ങളില്‍ ഒമിക്രോണ്‍ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. വാക്‌സി എല്ലാവരിലേക്കും എത്തിക്കുക എന്നതാണ് പുതിയ വകഭേദം തടയുന്നതിന് ആദ്യം ചെയ്യേണ്ടിയിരിക്കുന്നത്. കാസര്‍കോട് ജില്ലയില്‍ മാത്രം വാക്‌സിനെടുക്കേണ്ട സമയം കഴിഞ്ഞിട്ടും 55,500 ഓളം പേര്‍ വാക്‌സിന്‍ എടുക്കാനുണ്ടെന്നാണ് കണക്ക്. ആദ്യ ഡോസ് 98.07 ശതമാനം പേര്‍ എടുത്തിട്ടുണ്ടെങ്കിലും രണ്ടാം ഡോസ് എടുക്കുന്നതിലാണ് പലരും വിമുഖത കാണിക്കുന്നത്. ഏതാനും മാസം മുമ്പുണ്ടായിരുന്നതു പോലെ വാക്‌സിന് ക്ഷാമമില്ല. ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാതെ തന്നെ പ്രാഥമിക ആസ്പത്രികളില്‍ നേരിട്ടെത്തി വാക്‌സിന്‍ സ്വീകരിക്കാനാവും. വൈറസിനെതിരെ ശരീരത്തില്‍ ആന്റി ബോഡി സൃഷ്ടിച്ച് പ്രതിരോധം ഉറപ്പുവരുത്തലാണ് വാക്‌സിനേഷന്റെ ധര്‍മ്മം. കൃത്യമായി വാക്‌സിന്‍ സ്വീകരിച്ചാല്‍ മാത്രമേ ശരീരത്തിലെ ആന്റിബോഡി നല്ല രീതിയില്‍ ഉയരുകയും അത് ദീര്‍ഘകാലം നിലനില്‍ക്കുകയും ചെയ്യുള്ളു. ഇക്കാര്യം അറിഞ്ഞിട്ടും ഒന്നാം ഡോസ് എടുത്തവരില്‍ ഇത്രയും പേര്‍ രണ്ടാം ഡോസ് എടുക്കാതെ മാറി നില്‍ക്കുന്നത് കോവിഡ് പ്രതിരോധത്തില്‍ വിള്ളല്‍ വീഴ്ത്തുമെന്നതില്‍ സംശയമില്ല. എന്തായാലും കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കാന്‍ തയ്യാറാവണം. വാക്‌സിനെടുക്കാത്തവരെ കണ്ടെത്തി അവരെ അതിന് പ്രേരിപ്പിക്കണം.

Related Articles
Next Story
Share it