തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനും വിലയിരുത്താനും സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് സിസ്റ്റം ജില്ലയിലും നടപ്പാക്കുകയാണ്. ആദ്യഘട്ടത്തില്‍ 12 ഗ്രാമപഞ്ചായത്തുകളിലും രണ്ട് നഗര സഭകളിലുമാണ് പദ്ധതി നടപ്പിലാക്കുന്നത്. കെല്‍ട്രോണ്‍ നിര്‍മ്മിച്ച സാങ്കേതിക വിദ്യയാണ് ഇതിന് ഉപയോഗിക്കുന്നത്. ഇപ്പോള്‍ എല്ലാ പഞ്ചായത്തുകളിലും ഹരിതകര്‍മ്മ സേന പ്രവര്‍ത്തിക്കുന്നുണ്ട്. ഓരോ വീടുകളിലും എത്തി അവര്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നുണ്ട്. ഇതിന് പ്രതിഫലമായി വീടുകളില്‍ നിന്ന് 50 രൂപയും കടകളില്‍ നിന്ന് 100 രൂപയുമാണ് നല്‍കുന്നത്. തുടക്കത്തില്‍ ഇത് വലിയ വിജയം കണ്ടില്ലെങ്കിലും ഇപ്പോള്‍ എല്ലാ വീട്ടുകാരും വ്യാപാരികളും ഇതുമായി സഹകരിക്കുന്നുണ്ട്. ഇത് മോണിറ്റര്‍ ചെയ്യാന്‍ ഉദ്യോഗസ്ഥരും ഉള്ളതിനാല്‍ ഇത് നല്ല നിലയില്‍ തന്നെ മുന്നോട്ട് പോകുന്നുണ്ട്. ഹരിത കര്‍മ്മസേന ശേഖരിക്കുന്ന അജൈവ,ജൈവ മാലിന്യത്തിന്റെ വിവരങ്ങള്‍ അതതിടത്ത് നിന്ന് ആപ്പ് വഴി ഗാര്‍ബേജ് മോണിറ്ററിംഗ് സംവിധാനത്തിലേക്ക് നല്കാന് സാധിക്കും. മാലിന്യ ശേഖരണവും തരംതിരിക്കലും പുനഃചംക്രമണവും എളുപ്പത്തിലാകും. പ്രദേശത്തെ മാലിന്യ പ്രശ്നങ്ങള്‍ അത് വഴി പൊതുജനങ്ങള്‍ക്ക് തദ്ദേശ സ്ഥാപനത്തെ അറിയിക്കാന്‍ സാധിക്കുന്നുവെന്നതാണ് സ്മാര്‍ട്ടാക്കുന്നതിന്റെ ഗുണം. പഞ്ചായത്തിലെ മാലിന്യ നിര്‍വ്വഹണം സംസ്ഥാന തലത്തില്‍ നിരീക്ഷിക്കാന്‍ സാധിക്കുമെന്നതും സംവിധാനത്തിന്റെ പ്രത്യേകതയാണ്. പദ്ധതിയുടെ നടത്തിപ്പ് രീതി സംബന്ധിച്ച് ഉദ്യോഗസ്ഥ, ജനപ്രതിനിധികള്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍ എന്നിവര്‍ക്ക് പരിശീലനവും നല്‍കുന്നുണ്ട്. ഇത് പൂര്‍ത്തിയാക്കി ജനുവരി പകുതിയോടെ എല്ലാ പഞ്ചായത്തുകളിലേക്കും നഗരസഭകളിലേക്കും വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. മാര്‍ച്ചോടെ രണ്ടാം ഘട്ടം ആരംഭിക്കും. പദ്ധതി നടപ്പാക്കുമ്പോള്‍ ഹരിത സേനാംഗങ്ങള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍, ഓഫീസിന് ലാപ്ടോപ്, വീടുകളില്‍ സ്ഥാപിക്കുന്ന ക്യൂ.ആര് കോഡ്, എസ്.എം.എസ് ചാര്‍ജ്, കെല്‍ട്രോണിന്റെ സാങ്കേതിക വിദ്യക്കുള്ള സേവനനിരക്ക് എന്നീ ചെലവുകള്‍ അതത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ കണ്ടെത്തണം. തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി സമയം അവസാനിച്ചതിനാല്‍ ഇതിന് അനുമതി നല്കാന് പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഇതു പ്രകാരം പദ്ധതി നടപ്പാക്കുന്ന പഞ്ചായത്തുകള്‍ ആറുമാസത്തേക്ക് രണ്ട് ലക്ഷം രൂപയും നഗരസഭകള്‍ ഏഴരലക്ഷം രൂപയും നീക്കിവെക്കണം. മാലിന്യ ശേഖരണം സ്മാര്‍ട്ടാകുന്നത് മാലിന്യ പരിപാലന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നിരീക്ഷിക്കുന്നതിന് സഹായകരമാവുന്നുവെന്നതില് സംശയമില്ല. മാലിന്യ പരിപാലന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും ഇതുമായി ബന്ധപ്പെട്ട പോരായ്മകള്‍ തിരിച്ചറിഞ്ഞ് ഇടപെടലുകള്‍ ശക്തമാക്കുന്നതിനും സാധിക്കും. ഹരിതകര്‍മ്മസേനാംഗങ്ങള്‍ സ്വരൂപിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഒരു പഞ്ചായത്തില്‍ ഒരിടത്ത് എത്തിച്ച് സംസ്കരിച്ച് പുതിയ പ്ലാസ്റ്റിക് ഉല്പന്നങ്ങളാക്കി മാറ്റുന്നുണ്ട്. ഇത് എല്ലാ പഞ്ചായത്തുകളിലും ഒരോ യൂണിറ്റെന്ന രീതിയില്‍ തുടങ്ങാനാവണം. പ്ലാസ്റ്റിക് നിരോധനം പറഞ്ഞു കേട്ടു തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു. കേന്ദ്രവും സംസ്ഥാനങ്ങളും ഇതിനായി വെവ്വേറെ നിര്‍ദ്ദേശങ്ങള്‍ നല്‍കിയെങ്കിലും നിരോധനം യാഥാര്ത്ഥ്യത്തിലെത്തുന്നില്ലെന്നതാണ് വസ്തുത. പ്ലാസ്റ്റിക് ഒഴിവായിക്കിട്ടിയാല് തന്നെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പണി പകുതിയിലേറെ കുറഞ്ഞു കിട്ടും. എന്തായാലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പുതിയ പദ്ധതി വിജയം കാണുമെന്ന് പ്രതീക്ഷിക്കാം.