ഹ്രസ്വദൂര തീവണ്ടികള്‍ പുനഃസ്ഥാപിക്കണം

കോവിഡിന് മുമ്പ് നിര്‍ത്തലാക്കിയ തീവണ്ടികള്‍ പലതും സര്‍വ്വീസ് തുടങ്ങിയെങ്കിലും ഹ്രസ്വദൂര തീവണ്ടികളുടെ കാര്യത്തില്‍ റെയില്‍വെ ഇപ്പോഴും മൗനം പാലിക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ആസ്പത്രികളിലേക്ക് പോകുന്ന രോഗികള്‍ക്കുമൊക്കെ ഉപകരിക്കുന്ന ചെറുവത്തൂര്‍- മംഗളൂരു പാസഞ്ചര്‍ വണ്ടി പുനഃസ്ഥാപിക്കണമെന്ന മുറവിളി ഉയര്‍ന്നിട്ടും റെയില്‍വെ അത് ചെവികൊള്ളുന്നില്ല. കണ്ണൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജീവനക്കാര്‍ ഓഫീസുകളില്‍ എത്താന്‍ ഉപകരിക്കുന്ന തീവണ്ടിയാണ് ചെറുവത്തൂര്‍-മംഗളൂരു പാസഞ്ചര്‍. മംഗളൂരുവില്‍ നൂറു കണക്കിന് വിദ്യാര്‍ത്ഥികള്‍ കോളേജുകളില്‍ പഠിക്കുന്നുണ്ട്. അവരും ഈ തീവണ്ടിയെയാണ് ആശ്രയിക്കുന്നത്. മറ്റ് തീവണ്ടികള്‍ ഓടിത്തുടങ്ങിയെങ്കിലും ഇതില്‍ […]

കോവിഡിന് മുമ്പ് നിര്‍ത്തലാക്കിയ തീവണ്ടികള്‍ പലതും സര്‍വ്വീസ് തുടങ്ങിയെങ്കിലും ഹ്രസ്വദൂര തീവണ്ടികളുടെ കാര്യത്തില്‍ റെയില്‍വെ ഇപ്പോഴും മൗനം പാലിക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ആസ്പത്രികളിലേക്ക് പോകുന്ന രോഗികള്‍ക്കുമൊക്കെ ഉപകരിക്കുന്ന ചെറുവത്തൂര്‍- മംഗളൂരു പാസഞ്ചര്‍ വണ്ടി പുനഃസ്ഥാപിക്കണമെന്ന മുറവിളി ഉയര്‍ന്നിട്ടും റെയില്‍വെ അത് ചെവികൊള്ളുന്നില്ല. കണ്ണൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജീവനക്കാര്‍ ഓഫീസുകളില്‍ എത്താന്‍ ഉപകരിക്കുന്ന തീവണ്ടിയാണ് ചെറുവത്തൂര്‍-മംഗളൂരു പാസഞ്ചര്‍. മംഗളൂരുവില്‍ നൂറു കണക്കിന് വിദ്യാര്‍ത്ഥികള്‍ കോളേജുകളില്‍ പഠിക്കുന്നുണ്ട്. അവരും ഈ തീവണ്ടിയെയാണ് ആശ്രയിക്കുന്നത്. മറ്റ് തീവണ്ടികള്‍ ഓടിത്തുടങ്ങിയെങ്കിലും ഇതില്‍ ജനറല്‍ കോച്ചുകള്‍ പുനസ്ഥാപിച്ചിട്ടില്ല. ചുരുങ്ങിയ തുകക്ക് സീസണ്‍ ടിക്കറ്റെടുത്ത് യാത്ര ചെയ്തിരുന്നവര്‍ക്ക് ഇത് പുനസ്ഥാപിക്കാത്തതിനാല്‍ വലിയ തുക മുടക്കി യാത്ര ചെയ്യേണ്ടി വരുന്നു. സര്‍വ്വീസ് തുടങ്ങിയ തീവണ്ടികളില്‍ എല്ലാ സ്റ്റേഷനുകളില്‍ നിന്നും യാത്ര ചെയ്യാന്‍ പറ്റാത്ത സാഹചര്യവും നിലവിലുണ്ട്. മുമ്പ് സ്റ്റോപ്പുണ്ടായിരുന്ന ചില വണ്ടികളടെ സ്റ്റോപ്പ് എടുത്ത് കളഞ്ഞിരിക്കുകയാണ്. ജില്ലയോട് റെയില്‍വെ അധികാരികള്‍ കാണിക്കുന്ന നിഷേധാത്മക നിലപാടിന്റെ പ്രത്യക്ഷ ഉദാഹരണമായി വേണം ഇതിനെ കാണാന്‍. അതു പോലെത്തന്നെ കാസര്‍കോട് വഴി ഓടുന്ന തീവണ്ടികളില്‍ അണ്‍റിസര്‍വ്ഡ് കോച്ചുകള്‍ ആരംഭിക്കാത്തതും യാത്രക്കാര്‍ക്ക് വലിയ ദുരിതമാണ് സമ്മാനിക്കുന്നത്. അണ്‍റിസര്‍വ്ഡ് കോച്ചുള്ള ഏക തീവണ്ടിയായ കണ്ണൂര്‍-മംഗളൂരു പ്രത്യേക എക്‌സ്പ്രസിന്റെ സമയക്രമം ജീവനക്കാരുടെ ആവശ്യത്തിന് ചേരുന്നതല്ല. തീവണ്ടികളില്‍ തിരക്ക് വര്‍ധിച്ചതോടെ ജനറല്‍ കോച്ചുകളിലെ ടിക്കറ്റ് ലഭ്യതയും കുറഞ്ഞിരിക്കയാണ്. തീവണ്ടി യാത്രാ ദുരിതമായതോടെ സ്വകാര്യ വാഹനങ്ങളെയും ബസുകളെയുമാണ് ആളുകള്‍ ആശ്രയിക്കുന്നത്. ഇത് യാത്രക്കാര്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കി വെക്കുന്നത്. കാസര്‍കോട് വഴി കടന്നു പോകുന്ന മംഗളൂരു-കോയമ്പത്തൂര്‍ തീവണ്ടിക്ക് മാത്രമാണ് അണ്‍ റിസര്‍വ്ഡ് കോച്ചുകള്‍ അനുവദിച്ചത്. മംഗളൂരു കോയമ്പത്തൂര്‍ വണ്ടിയുടെ യാത്ര ഓഫീസ് സമയത്തല്ല എന്നതിനാല്‍ ഓഫീസ് യാത്രക്കാര്‍ക്ക് ഉപകരിക്കുന്ന രീതിയിലേക്ക് മാറണം. രാവിലെ 9.38 ആണ് പ്രത്യേക എക്‌സ്പ്രസ് വണ്ടിയുടെ കാസര്‍കോട്ടെ സമയം. ഇത് 9 മണിക്ക് കാസര്‍കോട്ടെത്തുന്ന രീതിയില്‍ ക്രമീകരിച്ചാല്‍ കാസര്‍കോട്ടിറങ്ങി ഉള്‍ഭാഗങ്ങളിലേക്ക് പോകുന്ന ജീവനക്കാര്‍ക്കും കുമ്പള, മഞ്ചേശ്വരം ഭാഗങ്ങളിലേക്കുള്ള യാത്രക്കാര്‍ക്കും സൗകര്യപ്രദമാകും. രാവിലെ ഉപയോഗപ്പെടുത്താവുന്ന മറ്റൊരു വണ്ടിയാണ് മലബാര്‍ എക്‌സ്പ്രസ്. രാവിലെ 8.33നാണ് കാസര്‍കോട്ടെത്തുന്നത്. ഈ വണ്ടിയില്‍ സീസണ്‍ ടിക്കറ്റ് അനുവദിക്കാത്തതിനാല്‍ ജീവനക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഉപകരിക്കുന്നില്ല. കൂടുതല്‍ തുക മുടക്കി യാത്ര ചെയ്യേണ്ടി വരുന്നു. വൈകിട്ട് ആറ് മണിയാണ് പ്രത്യേക എക്‌സ്പ്രസ് കാസര്‍കോട്ടെത്തുന്ന സമയം. പിന്നാലെയെത്തുന്ന മാവേലി എക്‌സ്പ്രസിനായി പിടിച്ചിടുന്നതോടെ ജില്ലയുടെ തെക്കേ അറ്റത്തുള്ളവര്‍ ലക്ഷ്യസ്ഥാനത്തെത്തുമ്പോള്‍ സമയം വൈകുന്നു. ഇത് മറ്റ് വണ്ടികള്‍ക്ക് പിടിക്കാത്ത രീതിയില്‍ ഓഫീസ് സമയത്തിന് അനുസൃതമായി ക്രമീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. കണ്ണൂരില്‍ പകല്‍ മുഴുവന്‍ നിര്‍ത്തിയിടുന്ന ഒട്ടേറെ വണ്ടികള്‍ ഉണ്ട്. അതില്‍ ഏതെങ്കിലും ഒന്നോ രണ്ടോ വണ്ടിയെങ്കിലും മംഗളൂരു വരെ നീട്ടിയാലും സാധാരണ യാത്രക്കാരുടെ യാത്രാ പ്രശ്‌നത്തിന് പരിഹാരമാകും.

Related Articles
Next Story
Share it