ജാഗ്രത വേണം; ലോകം വീണ്ടും ഭീഷണിയില്‍

കോവിഡ് 19ന് ഏതാണ്ട് ശമനം വന്നു തുടങ്ങിയപ്പോള്‍ മറ്റൊരു ഭീഷണിയായി കോവിഡിന്റെ വേറൊരു വകഭേദം 'ഒമിക്രോണ്‍' ലോകത്തെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ അതിതീവ്ര വ്യാപന ശേഷിയുള്ള 'ഒമിക്രോണ്‍' വകഭേദം ബോട്‌സ്വാന, ഹോങ്കോങ്, ഇസ്രായേല്‍, ബെല്‍ജിയം, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍ പടര്‍ന്നു പിടിക്കുകയാണ്. രോഗവ്യാപനം കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ലോകാരോഗ്യ സംഘടന പ്രത്യേക മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയില്‍ ഇതിനകം നൂറിലേറെപേര്‍ക്ക് രോഗം ബാധിച്ചു കഴിഞ്ഞു. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ രോഗം പടരുന്ന സാഹചര്യത്തില്‍ ഇവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് പല രാജ്യങ്ങളും […]

കോവിഡ് 19ന് ഏതാണ്ട് ശമനം വന്നു തുടങ്ങിയപ്പോള്‍ മറ്റൊരു ഭീഷണിയായി കോവിഡിന്റെ വേറൊരു വകഭേദം 'ഒമിക്രോണ്‍' ലോകത്തെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ അതിതീവ്ര വ്യാപന ശേഷിയുള്ള 'ഒമിക്രോണ്‍' വകഭേദം ബോട്‌സ്വാന, ഹോങ്കോങ്, ഇസ്രായേല്‍, ബെല്‍ജിയം, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍ പടര്‍ന്നു പിടിക്കുകയാണ്. രോഗവ്യാപനം കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ലോകാരോഗ്യ സംഘടന പ്രത്യേക മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയില്‍ ഇതിനകം നൂറിലേറെപേര്‍ക്ക് രോഗം ബാധിച്ചു കഴിഞ്ഞു. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ രോഗം പടരുന്ന സാഹചര്യത്തില്‍ ഇവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് പല രാജ്യങ്ങളും പ്രവേശ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കയാണ്. ഒമിക്രോണ്‍ ആശങ്ക പരത്തുന്നതിനിടെ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ഊര്‍ജ്ജിത നടപടി സ്വീകരിക്കാനും കര്‍ശന നിരീക്ഷണം നടത്താനുമാണ് നിര്‍ദ്ദേശം. അന്താരാഷ്ട്ര വികസന സര്‍വ്വീസുകള്‍ ഡിസംബര്‍ 15ന് പുനരാരംഭിക്കാന്‍ ഇന്ത്യ തീരുമാനിച്ചതായിരുന്നു. ഈ തീരുമാനം പുനപരിശോധിക്കേണ്ടി വരുമെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. രാജ്യാന്തര വിമാനങ്ങള്‍ പ്രത്യേകിച്ച് പ്രശ്‌നരാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ കൃത്യമായി പരിശോധിക്കാനും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് നിര്‍ബന്ധമായും ആര്‍.ടി.പി.സി.ആര്‍ പരിശോധനയും ഏഴ് ദിവസത്തെ ക്വാറന്റൈനും നിര്‍ബന്ധമാക്കിയിരിക്കയാണ്. പുതിയ വകഭേദം കേരളത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സമാധാനിക്കാം. വാക്‌സിനേഷന്‍ മറികടക്കാന്‍ കഴിവുള്ളതാണോ പുതിയ വകഭേദമെന്നത് സംബന്ധിച്ച് റിപ്പോര്‍ട്ടൊന്നും ഇതുവരെ വന്നിട്ടില്ല. ഇതുവരെ കണ്ടെത്തിയിട്ടുള്ള വകഭേദങ്ങളേക്കാള്‍ അതിവ്യാപന ശേഷിയുള്ളതാണ് ഒമിക്രോണ്‍. ഉത്കണ്ഠയുളവാക്കുന്ന ജനിതക വകഭേദങ്ങളുടെ കൂട്ടത്തിലാണ് ലോകാരോഗ്യസംഘടന ഒമിക്രോണിനെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അതിവ്യാപനശേഷിയും രോഗം ബാധിച്ചയാള്‍ക്ക് ഗുരുതരമാകാനുള്ള സാധ്യതയും ഉള്ളതിനാലാണ് ഈ ഗണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
വൈറസിന്റെ പകര്‍ച്ച ശേഷി മുമ്പുണ്ടായിരുന്ന വകഭേദങ്ങളേക്കാള്‍ കൂടുതലാണെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. എന്നാല്‍ വാക്‌സിന്‍ അതിജീവനശേഷി കൂടുതലുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ പറഞ്ഞിട്ടില്ല. പകര്‍ച്ചശേഷി കൂടുതലാണെങ്കിലും ഡെല്‍റ്റ വൈറസിനേക്കാള്‍ പ്രശ്‌നമുണ്ടാക്കാവുന്ന വൈറസാകാന്‍ സാധ്യതയില്ലെന്നാണ് ചില ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ജാഗ്രതയും വാക്‌സിനേഷനും കൊണ്ട് മഹാമാരിയെ അതിജീവിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ലോകം. ഇതിനകം 26 കോടി മനുഷ്യരെ ബാധിക്കുകയും 52 ലക്ഷം പേരുടെ ജീവനൊടുക്കുകയും ചെയ്ത കൊറോണയുടെ വ്യാപനം കുറഞ്ഞു വരുന്നതിനിടയിലാണ് വീണ്ടും ഉഗ്രരൂപം പൂണ്ട് പുതിയ വകഭേദം എത്തുന്നത്. വാക്‌സിനേഷന്‍ ഇന്ത്യയില്‍ ഇതുവരെ ലക്ഷ്യം പൂര്‍ത്തിയാക്കിയിട്ടില്ല. രണ്ട് ഡോസും എടുത്തവരുടെ എണ്ണം 43.5 കോടി മാത്രമാണ്.
രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കുന്നത് ത്വരിതപ്പെടുത്തേണ്ടിയിരിക്കുന്നു. വാക്‌സിനെടുത്തവര്‍ക്കും കോവിഡ് ബാധിക്കുന്നുണ്ടെങ്കിലും വാക്‌സിനെടുത്തവരില്‍ കോവിഡ് വ്യാപനവും രോഗതീവ്രതയും മരണ നിരക്കും കുറവാണെന്ന് തെളിഞ്ഞതാണ്. ഒന്നാം ഡോസ് വാക്‌സിനെടുത്തവരില്‍ മൂന്നിലൊന്നിലേറെപ്പേരും രണ്ടാം ഡോസ് വാക്‌സിനെടുക്കാന്‍ ബാക്കിയാണ്. ഇക്കാര്യത്തില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ രംഗത്ത് വരേണ്ടതുണ്ട്. 18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കിയിട്ടില്ല. എത്രയും പെട്ടന്ന് ഇതിന് അംഗീകാരം ലഭിക്കണം.

Related Articles
Next Story
Share it