എല്ലാവര്‍ക്കും ഭക്ഷണം; യാഥാര്‍ത്ഥ്യമാവണം

മറ്റെന്തൊക്കെ ഉണ്ടായാലും ശരി മനുഷ്യന്റെ ആവശ്യങ്ങളുടെയെല്ലാം അടിസ്ഥാനമായി ഭക്ഷണവും അതിന്റെ ലഭ്യതയും നിലനില്‍ക്കുന്നു. ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 15നാണ് ലോക ഭക്ഷ്യദിനം ആചരിച്ചത്. രാജ്യം പുരോഗമിച്ചുവെന്ന് പറയുമ്പോഴും ഇപ്പോഴും ലക്ഷക്കണക്കിന് ആളുകള്‍ പട്ടിണിയില്‍ നിന്ന് കരകയറിയിട്ടില്ലെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആഗോള വിശപ്പ് സൂചിക പ്രകാരം (ഗ്ലോബല്‍ ഹംഗര്‍ ഇന്‍ഡക്‌സ്) ഇന്ത്യ പാക്കിസ്താനും ബംഗ്ലാദേശിനും നേപ്പാളിനും പിന്നിലെന്നാണ് കണക്കുകള്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷത്തെ 94-ാം സ്ഥാനത്ത് നിന്ന് 101-ാം സ്ഥാനത്തേക്കാണ് ഇന്ത്യ പിന്തള്ളപ്പെട്ടത്. ഐറിഷ് സന്നദ്ധസംഘടനയായ കണ്‍സേണ്‍ വേള്‍ഡ് […]

മറ്റെന്തൊക്കെ ഉണ്ടായാലും ശരി മനുഷ്യന്റെ ആവശ്യങ്ങളുടെയെല്ലാം അടിസ്ഥാനമായി ഭക്ഷണവും അതിന്റെ ലഭ്യതയും നിലനില്‍ക്കുന്നു. ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 15നാണ് ലോക ഭക്ഷ്യദിനം ആചരിച്ചത്. രാജ്യം പുരോഗമിച്ചുവെന്ന് പറയുമ്പോഴും ഇപ്പോഴും ലക്ഷക്കണക്കിന് ആളുകള്‍ പട്ടിണിയില്‍ നിന്ന് കരകയറിയിട്ടില്ലെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആഗോള വിശപ്പ് സൂചിക പ്രകാരം (ഗ്ലോബല്‍ ഹംഗര്‍ ഇന്‍ഡക്‌സ്) ഇന്ത്യ പാക്കിസ്താനും ബംഗ്ലാദേശിനും നേപ്പാളിനും പിന്നിലെന്നാണ് കണക്കുകള്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷത്തെ 94-ാം സ്ഥാനത്ത് നിന്ന് 101-ാം സ്ഥാനത്തേക്കാണ് ഇന്ത്യ പിന്തള്ളപ്പെട്ടത്. ഐറിഷ് സന്നദ്ധസംഘടനയായ കണ്‍സേണ്‍ വേള്‍ഡ് വൈഡ്, ജര്‍മ്മന്‍ സംഘടനയായ വെല്‍റ്റ് ഹംഗര്‍ ഹില്‍ഫെ എന്നിവര്‍ സംയുക്തമായാണ് സൂചിക തയ്യാറാക്കിയത്. ഇന്ത്യയുടെ അവസ്ഥ ആശങ്കാജനകമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പോഷകാഹാരക്കുറവ് മൂലം കുട്ടികളിലുണ്ടാവുന്ന ഭാരക്കുറവിന്റെയും ഉയരക്കുറവിന്റെയും തോത് ഇന്ത്യയില്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 1998-2002ല്‍ 17.1 ശതമാനമായിരുന്നത് 2016-2020ല്‍ 17.3ശതമാനമായി വര്‍ധിച്ചു. ലോകത്ത് ഏറ്റവും കൂടുതല്‍ കുട്ടികളില്‍ ഉയരക്കുറവും ഭാരക്കുറവും ഉണ്ടാകുന്നത് ഇന്ത്യയിലാണത്രെ, കോവിഡ് രോഗവും നിയന്ത്രണങ്ങളും ഇന്ത്യയെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അതേ സമയം കേന്ദ്രസര്‍ക്കാര്‍ ഇത് നിഷേധിക്കുന്നുണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമമന്ത്രാലയമാണ് ഇത് നിഷേധിച്ചത്. ഇത്തരത്തില്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് ഏജന്‍സികളായ കണ്‍സേണ്‍ വേള്‍ഡ്‌വൈഡ്, വെല്‍റ്റ് ഹംഗര്‍ ഹില്‍ഫെ എന്നിവര്‍ ആവശ്യമായ ജാഗ്രത കാട്ടിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കുറ്റപ്പെടുത്തുന്നു. ആഗോള വിശപ്പ് സൂചികയില്‍ ചൈന, ബ്രസീല്‍, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളാണ് മുന്‍നിരയില്‍. അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികളുടെ തൂക്കക്കുറവ്, മരണനിരക്ക് എന്നിവയെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. പതിനായിരക്കണക്കിന് വര്‍ഷങ്ങളുടെ ബൗദ്ധിക-സാമൂഹിക-സാങ്കേതിക വിദ്യാവികാസത്തിന് ശേഷവും മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളില്‍ പ്രധാനമായ ഭക്ഷണലഭ്യത ഇനിയും ഉറപ്പുവരുത്താന്‍ കഴിഞ്ഞിട്ടില്ല. ലോകത്ത് 2019ല്‍ 690 മില്യണ്‍ ജനങ്ങള്‍ പട്ടിണിയിലായിരുന്നുവെന്ന് യൂണിസെഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. കോവിഡ് 19 മഹാമാരി ആഗോള ഭക്ഷ്യവിതരണ സംവിധാനങ്ങളെ ഗുരുതരമായി ബാധിച്ചതായും അത് സൃഷ്ടിച്ച ആഘാതം തിരിച്ചറിയാന്‍ ഇനിയും സമയമെടുക്കുമെന്ന് വേണം കരുതാന്‍. ചുരുങ്ങിയത് 83 മുതല്‍ 132 മില്യണ്‍ ജനങ്ങള്‍ ഇനിയും പട്ടിണിയിലേക്ക് നീങ്ങുമെന്നാണ് യൂണിസെഫ് കണക്കുകൂട്ടുന്നത്. ജനങ്ങള്‍ക്ക് മതിയായ അളവിലുള്ള ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ ലഭ്യമാക്കുന്നതിനും ഭക്ഷ്യ-പോഷണസുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി ഇന്ത്യന്‍ പാര്‍ലിമെന്റ് 2013 ജുലായ് അഞ്ചിന പാസാക്കിയ നിയമമാണ് ഭക്ഷ്യസുരക്ഷാ നിയമം. ജൈവവൈവിധ്യം, കാര്‍ഷിക ജൈവവൈവിധ്യം എന്നിവ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ അടിസ്ഥാനഘടകങ്ങളാണ്. ഈ ഘടകങ്ങള്‍ എത്രത്തോളം ശക്തിയാകുന്നുവോ അത്രത്തോളം ഭക്ഷ്യസുരക്ഷയുടെ സ്ഥിതിയും സ്ഥിരപ്പെട്ടുനില്‍ക്കുന്നു. ഭക്ഷ്യസുരക്ഷക്ക് വെല്ലുവിളിയായി അനേകം ഘടകങ്ങളുണ്ട്. കാലാവസ്ഥാവ്യതിയാനം, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍, വര്‍ധിച്ചുവരുന്ന ജനസംഖ്യ, ജലദൗര്‍ലഭ്യം, മഹാമാരികള്‍, രാജ്യങ്ങളുടെ രാഷ്ട്രീയവും സാമ്പത്തികവുമായ അസ്ഥിരത,ഭക്ഷ്യവ്യാപാര ഉടമ്പടികളും വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളും എന്നിവ അവയില്‍ പ്രധാനമാണ്.
ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കേന്ദ്രീകരിച്ചായിരുന്നു ഈ ഘട്ടത്തില്‍ ഭക്ഷ്യസുരക്ഷ നിലകൊണ്ടിരുന്നത്. താന്താങ്ങളുടെ ശാരീരികവും മാനസികവുമായ കഴിവുകളെ വികസിപ്പിക്കുന്നതിലേക്കായി ഓരോ പുരുഷനും സ്ത്രീക്കും കുട്ടികള്‍ക്കും പട്ടിണിയില്‍ നിന്നും പോഷണശോഷണത്തില്‍ നിന്നും മോചിതരാവാനുള്ള പൂര്‍ണ്ണമായ അവകാശമുണ്ട് എന്നതായിരുന്നു ആഗോളഭക്ഷ്യ സമ്മേളനത്തിന്റെ മുഖവാക്യം. കൊറോണ എല്ലാ രാജ്യങ്ങളെയും തളര്‍ത്തിയിരിക്കയാണ്. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന് കുറേ കൂടി നടപടികള്‍ ഉണ്ടായാലേ പട്ടിണിയില്‍ നിന്ന് ജനങ്ങള്‍ക്ക് മോചനമുണ്ടാവു.

Related Articles
Next Story
Share it