മെഡിക്കല്‍ കോളേജ്; ഇതും പാഴ്‌വാക്കാവരുത്

ഏതാനും ദിവസം മുമ്പ് ഉക്കിനടുക്കയിലെ മെഡിക്കല്‍ കോളേജ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിക്കുകയുണ്ടായി. ആറുമാസത്തിനകം ഇവിടെ കിടത്തി ചികിത്സ തുടങ്ങുമെന്നാണ് മന്ത്രി പ്രസ്താവിച്ചത്. മെഡിക്കല്‍ കോളേജ് ആസ്പത്രി കെട്ടിടത്തിന്റെ താഴത്തെ നില പൂര്‍ത്തിയാക്കിയിട്ടാവും കിടത്തി ചികിത്സ തുടങ്ങുക. ഡിസംബര്‍ ആദ്യം തന്നെ ഒ.പി വിഭാഗം തുടങ്ങുമെന്നും മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. മെഡിക്കല്‍ കോളേജ് പ്രശ്‌നത്തില്‍ മന്ത്രിമാരുടെയും മുഖ്യമന്ത്രിമാരുടെയുമൊക്കെ ഉറപ്പ് മുമ്പ് പല തവണ കേട്ടവരാണ് കാസര്‍കോട്ടുകാര്‍. മന്ത്രി വീണാ ജോര്‍ജിന്റെ ഉറപ്പും ആ രീതിയിലാവാതിരിക്കട്ടെ എന്ന് നമുക്ക് […]

ഏതാനും ദിവസം മുമ്പ് ഉക്കിനടുക്കയിലെ മെഡിക്കല്‍ കോളേജ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിക്കുകയുണ്ടായി. ആറുമാസത്തിനകം ഇവിടെ കിടത്തി ചികിത്സ തുടങ്ങുമെന്നാണ് മന്ത്രി പ്രസ്താവിച്ചത്. മെഡിക്കല്‍ കോളേജ് ആസ്പത്രി കെട്ടിടത്തിന്റെ താഴത്തെ നില പൂര്‍ത്തിയാക്കിയിട്ടാവും കിടത്തി ചികിത്സ തുടങ്ങുക. ഡിസംബര്‍ ആദ്യം തന്നെ ഒ.പി വിഭാഗം തുടങ്ങുമെന്നും മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. മെഡിക്കല്‍ കോളേജ് പ്രശ്‌നത്തില്‍ മന്ത്രിമാരുടെയും മുഖ്യമന്ത്രിമാരുടെയുമൊക്കെ ഉറപ്പ് മുമ്പ് പല തവണ കേട്ടവരാണ് കാസര്‍കോട്ടുകാര്‍. മന്ത്രി വീണാ ജോര്‍ജിന്റെ ഉറപ്പും ആ രീതിയിലാവാതിരിക്കട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം. ആസ്പത്രി ബ്ലോക്കിന്റെ നിര്‍മ്മാണത്തിന് 95 കോടി രൂപയാണ് നീക്കി വെച്ചിട്ടുള്ളത്. അതിന്റെ വൈദ്യുതീകരണം, ഹോസ്റ്റല്‍, ക്വാര്‍ട്ടേഴ്‌സ് തുടങ്ങിയ അനുബന്ധ ജോലികള്‍ക്കായി കിഫ്ബിയില്‍ നിന്ന് 160 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 2023-24 അധ്യയന വര്‍ഷത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസം ആരംഭിക്കണമെന്ന തരത്തില്‍ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകാനാണത്രെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. നേരത്തെ കോവിഡ് ചികിത്സ നടത്തിയ കെട്ടിടത്തിലാണ് ഒ.പി ആരംഭിക്കുന്നത്. ഡോക്ടര്‍മാരും ജീവനക്കാരുമുള്ളതിനാല്‍ ജനറല്‍ ഒ.പി എത്രയും വേഗം തുടങ്ങാന്‍ കഴിയുമെന്നാണ് മന്ത്രി പ്രത്യാശിക്കുന്നത്. ഇതിനൊപ്പം മെഡിക്കല്‍ കോളേജിന്റേതായ സൗകര്യങ്ങള്‍ ക്രമീകരിച്ച് മറ്റ് സംവിധാനങ്ങള്‍ ഒരുക്കുകയും വേണം. 2013 നവംബര്‍ 30ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തറക്കല്ലിട്ട മെഡിക്കല്‍ കോളേജ് 10 വര്‍ഷമാകാറായിട്ടും യാഥാര്‍ത്ഥ്യത്തിലേക്ക് എത്തിയിട്ടില്ല. ഇതേ സമയത്ത് തറക്കല്ലിട്ട മഞ്ചേരിയിലേതടക്കമുള്ള മെഡിക്കല്‍ കോളേജുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിട്ട് തന്നെ വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു. കാസര്‍കോട് ജില്ലയില്‍ നിന്നുള്ള രോഗികളെ ഇപ്പോള്‍ പരിയാരം മെഡിക്കല്‍ കോളേജിലേക്കോ മംഗളൂരു ആസ്പത്രികളിലേക്കോ ആണ് കൊണ്ടു പോകുന്നത്. കോവിഡ് കാലത്ത് കര്‍ണ്ണാടക അതിര്‍ത്തിയടച്ചപ്പോള്‍ കാസര്‍കോട് ജില്ലയിലുള്ളവര്‍ക്ക് മംഗളൂരുവില്‍ ചികിത്സ നിഷേധിക്കുകയായിരുന്നു. ഈ അവസ്ഥ ഇനിയെങ്കിലും മാറണം. ജില്ലയില്‍ ഒറ്റ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആസ്പത്രിയും ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം. ജില്ലാ ആസ്പത്രിയിലോ ജനറല്‍ ആസ്പത്രിയിലോ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യമില്ല. ജില്ലാ ആസ്പത്രിയിലും കാസര്‍കോട്ടെ ജനറല്‍ ആസ്പത്രിയിലും കുറേ കെട്ടിടങ്ങല്‍ ഉണ്ടെങ്കിലും അതൊന്നും രോഗികളുടെ ചികിത്സക്ക് ഉതകുന്നില്ല. ഡോക്ടര്‍മാരുടെയും നേഴ്‌സുമാരുടെയും ഒഴിവുകള്‍ നികത്തുന്നില്ല. മെഡിക്കല്‍ കോളേജ് നീണ്ടു പോകുന്നതിനിടെ തന്നെ ജില്ലയില്‍ നിന്ന് എയിംസിനു വേണ്ടിയുള്ള മുറവിളിയും ഉയരുന്നുണ്ട്. അതൊന്നും അധികൃതര്‍ അറിയുന്നില്ലെന്ന് മാത്രമല്ല, അതിനെതിരെ മുഖം തിരിക്കുകയുമാണ്. കേരളത്തിന് എയിംസ് ലഭിച്ചാല്‍ തന്നെ അത് കാസര്‍കോട്ടുണ്ടാവാനിടയില്ലെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി തന്നെ പ്രസ്താവിച്ചത്. ജില്ലാ ആസ്പത്രിയിലും ജനറല്‍ ആസ്പത്രിയിലും സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്ന മുറവിളി ആരും കേള്‍ക്കുന്നേ ഇല്ല. വൃക്ക രോഗ ചികിത്സാ യൂണിറ്റ്, ന്യൂറോളജി വിഭാഗം, കണ്ണ് മാറ്റിവെക്കല്‍ ശസ്ത്രക്രിയാ യൂണിറ്റ് തുടങ്ങിയവയൊക്കെ അകലെയാണ്. ജില്ലയിലെ താലൂക്ക് ആസ്പത്രികളില്‍ അനസ്‌തേഷ്യാവിഭാഗമില്ല. സംസ്ഥാനത്തെ മറ്റൊരു ജില്ലയിലും ഇതുപോലൊരു ദുരവസ്ഥ ഉണ്ടാകില്ല. അനസ്‌തേഷ്യാ വിഭാഗമില്ലാത്തതിനാല്‍ ശസ്ത്രക്രിയകളൊന്നും നടക്കുന്നില്ല. ബേഡകത്തെയും പൂടുങ്കല്ലിലെയും താലൂക്ക് ആസ്പത്രികളില്‍ ഡയാലിസിസ് യൂണിറ്റ് അനുവദിച്ചിട്ട് ഒരു വര്‍ഷത്തിലേറെയായി. ഇതുവരെ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. കാസര്‍കോടിന്റെയും കാഞ്ഞങ്ങാടിന്റെയും മലയോരമേഖലകളിലുള്ളവരുടെ ആശ്രയ കേന്ദ്രമാണ് ബേഡകത്തെയും പൂടുംങ്കല്ലിലെയും താലൂക്ക് ആസ്പത്രികള്‍. ജില്ലയില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആസ്പത്രികള്‍ തുടങ്ങുമെന്ന് പലരും പറഞ്ഞിട്ടുണ്ടെങ്കിലും ഒന്നും യാഥാര്‍ത്ഥ്യത്തിലേക്ക് വരുന്നില്ല. എന്തായാലും മെഡിക്കല്‍ കോളേജിന്റെ പേരില്‍ ഇനിയും ജനങ്ങളെ കുരങ്ങ് കളിപ്പിക്കരുത്.

Related Articles
Next Story
Share it