കര്‍ഷക സമരത്തിന്റെ ഐതിഹാസിക വിജയം

കര്‍ഷക സമരത്തിന് മുമ്പില്‍ കേന്ദ്രം കീഴടങ്ങിയതോടെ ഒരു വര്‍ഷത്തിലേറെയായി കര്‍ഷകര്‍ നടത്തിവന്ന സമരം ചരിത്രത്തില്‍ ഇടം നേടിയിരിക്കുകയാണ്. കര്‍ഷകരുടെ പോരാട്ട വീര്യത്തിന് മുമ്പില്‍ കേന്ദ്രത്തിന് കീഴടങ്ങുകയേ നിര്‍വാഹമുണ്ടായിരുന്നുള്ളു. കര്‍ഷകരുടെ സമരത്തിന് മുമ്പില്‍ പിടിച്ചുനില്‍ക്കാനാവാതെ വന്ന സര്‍ക്കാര്‍ മൂന്ന് വിവാദ കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുകയാണെന്ന് പ്രഖ്യാപിക്കുകയും രാജ്യത്തോട് ക്ഷമചോദിക്കുകയുമായിരുന്നു. കര്‍ഷക സമരം പിടിച്ചുലച്ച ഉത്തര്‍പ്രദേശിലും പഞ്ചാബിലും നിയമസഭാ തിരഞ്ഞെടുപ്പുകള്‍ വരാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. നിയമങ്ങള്‍ പിന്‍വലിച്ചതായി പ്രഖ്യാപനം വന്നുവെങ്കിലും അത് നിയമായി വന്നാല്‍ മാത്രമേ അതിന് അംഗീകാരമുള്ളൂ. ഈ […]

കര്‍ഷക സമരത്തിന് മുമ്പില്‍ കേന്ദ്രം കീഴടങ്ങിയതോടെ ഒരു വര്‍ഷത്തിലേറെയായി കര്‍ഷകര്‍ നടത്തിവന്ന സമരം ചരിത്രത്തില്‍ ഇടം നേടിയിരിക്കുകയാണ്. കര്‍ഷകരുടെ പോരാട്ട വീര്യത്തിന് മുമ്പില്‍ കേന്ദ്രത്തിന് കീഴടങ്ങുകയേ നിര്‍വാഹമുണ്ടായിരുന്നുള്ളു. കര്‍ഷകരുടെ സമരത്തിന് മുമ്പില്‍ പിടിച്ചുനില്‍ക്കാനാവാതെ വന്ന സര്‍ക്കാര്‍ മൂന്ന് വിവാദ കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുകയാണെന്ന് പ്രഖ്യാപിക്കുകയും രാജ്യത്തോട് ക്ഷമചോദിക്കുകയുമായിരുന്നു. കര്‍ഷക സമരം പിടിച്ചുലച്ച ഉത്തര്‍പ്രദേശിലും പഞ്ചാബിലും നിയമസഭാ തിരഞ്ഞെടുപ്പുകള്‍ വരാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. നിയമങ്ങള്‍ പിന്‍വലിച്ചതായി പ്രഖ്യാപനം വന്നുവെങ്കിലും അത് നിയമായി വന്നാല്‍ മാത്രമേ അതിന് അംഗീകാരമുള്ളൂ. ഈ മാസാവസാനം തുടങ്ങുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ മൂന്ന് നിയമങ്ങളും പിന്‍വലിക്കാനുള്ള നടപടി ക്രമം പൂര്‍ത്തിയാക്കണം. വീടുകളിലേക്കും വയലുകളിലേക്കും മടങ്ങാന്‍ കര്‍ഷകരോട് അഭ്യര്‍ത്ഥിച്ചുവെങ്കിലും അതിനവര്‍ കൂട്ടാക്കിയിട്ടില്ല. നിയമം പിന്‍വലിച്ചുകൊണ്ടുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചതിന് ശേഷമേ ഡല്‍ഹി വിടൂ എന്നാണവരുടെ തീരുമാനം. ഒരു വര്‍ഷവും രണ്ട് മാസവും നീണ്ട ഐതിഹാസിക സമരം പുതിയൊരു ചരിത്രമെഴുതിയിരിക്കുകയാണ്. കൊടും തണുപ്പിലും മഞ്ഞിലും കൊറോണയുടെ മൂര്‍ധന്യത്തിലുമൊക്കെ കര്‍ഷകര്‍ സഹിച്ച സഹനം അവരുടെ മനോധൈര്യത്തെ അടയാളപ്പെടുത്തുന്നു. പത്തുതവണയിലേറെ കര്‍ഷകരുമായി ചര്‍ച്ച നടത്തിയിട്ടും വിവാദ നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടെടുത്ത ശേഷമായിരുന്നു കേന്ദ്രത്തിന്റെ നാടകീയ പിന്മാറ്റം. കര്‍ഷകര്‍ക്കൊപ്പം പ്രതിപക്ഷ കക്ഷികളും ഒരു വര്‍ഷക്കാലവും സമരത്തിനൊപ്പം നിലകൊണ്ടത് അവര്‍ക്കും വലിയ വിജയമായി. കരാര്‍ കൃഷിക്ക് വന്‍കിട കമ്പനികള്‍ക്കും കയറ്റുമതിക്കാര്‍ക്കും മുന്‍കൂട്ടി നിശ്ചയിച്ച വിലക്ക് കര്‍ഷകരുമായി നേരിട്ട് ഉടമ്പടിയിലെത്താന്‍ അവസരമൊരുക്കുന്നതായിരുന്നു പിന്‍വലിച്ചതിലെ ഒരു പ്രധാന നിയമം.
മണ്ഡികളില്‍ ഇടനിലക്കാര്‍ മുഖേന കാര്‍ഷികോപന്നങ്ങള്‍ വില്‍ക്കുന്ന നിലവിലുള്ള രീതി മാറ്റി ഇതര സംസ്ഥാനങ്ങളില്‍ കൊണ്ടുപോയും വ്യാപാരം നടത്താന്‍ അനുമതി നല്‍കുന്നതാണ് മറ്റൊരു നിയമം. തര്‍ക്കമുണ്ടായാല്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിനെ സമീപിക്കണം.
അവശ്യവസ്തുക്കള്‍ ശേഖരിക്കാനുള്ള സര്‍ക്കാറിന്റെ അവകാശം പരിമിതപ്പെടുത്തുന്ന അവശ്യവസ്തു ഭേദഗതി നിയമമാണ് മറ്റൊന്ന്. ഈ മൂന്ന് നിയമങ്ങളും നിരുപാധികം പിന്‍വലിക്കുകയായിരുന്നു.
ആക്ഷേപിച്ചും അടിച്ചമര്‍ത്തിയും തുറുങ്കിലടച്ചും എത്രയൊക്കെ തകര്‍ക്കാന്‍ ശ്രമിച്ചിട്ടും കര്‍ഷക വീര്യത്തെ തകര്‍ക്കാന്‍ കഴിഞ്ഞില്ല. യു.പിയിലെ ലംഖിംപൂര്‍ഖേരിയില്‍ സമരം ചെയ്ത കര്‍ഷകരെ വാഹനം കയറ്റികൊലപ്പെടുത്തിയ സംഭവങ്ങള്‍ നാടിനെ നടുക്കിയതാണ്. ഇതിനൊക്കെ കണക്ക് പറഞ്ഞേ സമരത്തില്‍ നിന്ന് പിന്മാറു എന്നാണ് കര്‍ഷക പക്ഷം. കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകനാണ് സംഭവത്തിന് പിന്നിലെന്ന് പകല്‍പോലെ വ്യക്തമായിട്ടും ഒരു നടപടിയും സ്വീകരിക്കാന്‍ തയ്യാറായില്ല.
700 കര്‍ഷകരാണ് ഈ സമരത്തിനിടയില്‍ മരണപ്പെട്ടത്. സമര വേദിയില്‍ മരണപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് അര്‍ഹമായ ആശ്വാസം ലഭിക്കണം. നിശ്ചയദാര്‍ഢ്യത്തോടെ, ഐക്യബോധത്തോടെ പൊരുതിയാല്‍ ഒരുജനവിരുദ്ധ നിയമവും നടപ്പാക്കാനാവില്ലെന്നാണ് കര്‍ഷക സമരത്തിന്റെ ഐതിഹാസികമായ വിജയം വിളിച്ചുപറയുന്നത്. കര്‍ഷകര്‍ രാജ്യത്തിന്റെ നട്ടെല്ലാണെന്ന് നൂറുവട്ടം പറയുകയും അവരെ കോര്‍പറേറ്റുകള്‍ക്ക് തീറെഴുതിക്കൊടുക്കുകയും ചെയ്യുന്ന കരിനിയമങ്ങള്‍ മാറ്റിയെഴുതാന്‍ ഇനിയും വൈകികൂടാ.

Related Articles
Next Story
Share it