അനധികൃത കയ്യേറ്റങ്ങള്‍ അനുവദിക്കരുത്

റോഡരികിലെ അനധികൃത കയ്യേറ്റങ്ങള്‍ക്ക് കയ്യും കണക്കുമില്ല. റോഡ് കയ്യേറി കൊടിമരങ്ങളും കമാനങ്ങളും സ്തൂപങ്ങളുമൊക്കെ ഉണ്ടാക്കുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മത്സരിക്കുകയാണ്. മതസംഘടനകളും അവര്‍ക്കാവുന്ന രീതിയില്‍ കയ്യേറ്റം നടത്തുന്നുണ്ട്. റോഡരികിലെ അനധികൃത കൊടിമരങ്ങളെല്ലാം നീക്കം ചെയ്യണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ശക്തമായ ഭാഷയിലാണ് പറഞ്ഞത്. സംസ്ഥാനത്താകെ റോഡരികില്‍ 42,337 കൊടിമരങ്ങലാണത്രെ ഉള്ളത്. ഈ കൊടിമരങ്ങളെല്ലാം നീക്കം ചെയ്താല്‍ ഒരു ഫാക്ടറി തുടങ്ങാമെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. ഒരു കൊടിമരത്തിന് 1000 രൂപ കണക്കാക്കിയാലും നാല് കോടിയോളം രൂപയുടെ ഇരുമ്പ് കിട്ടുമെന്നാണ് കോടതി […]

റോഡരികിലെ അനധികൃത കയ്യേറ്റങ്ങള്‍ക്ക് കയ്യും കണക്കുമില്ല. റോഡ് കയ്യേറി കൊടിമരങ്ങളും കമാനങ്ങളും സ്തൂപങ്ങളുമൊക്കെ ഉണ്ടാക്കുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മത്സരിക്കുകയാണ്. മതസംഘടനകളും അവര്‍ക്കാവുന്ന രീതിയില്‍ കയ്യേറ്റം നടത്തുന്നുണ്ട്. റോഡരികിലെ അനധികൃത കൊടിമരങ്ങളെല്ലാം നീക്കം ചെയ്യണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ശക്തമായ ഭാഷയിലാണ് പറഞ്ഞത്. സംസ്ഥാനത്താകെ റോഡരികില്‍ 42,337 കൊടിമരങ്ങലാണത്രെ ഉള്ളത്. ഈ കൊടിമരങ്ങളെല്ലാം നീക്കം ചെയ്താല്‍ ഒരു ഫാക്ടറി തുടങ്ങാമെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. ഒരു കൊടിമരത്തിന് 1000 രൂപ കണക്കാക്കിയാലും നാല് കോടിയോളം രൂപയുടെ ഇരുമ്പ് കിട്ടുമെന്നാണ് കോടതി വ്യക്തമാക്കിയത്. പന്തളം മന്നം ആയുര്‍വേദ കോ-ഓപ്പറേറ്റീവ് മെഡിക്കല്‍ കോളേജിന്റെ പ്രവേശന കവാടത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടിമരങ്ങള്‍ നീക്കം ചെയ്യാന്‍ പൊലീസ് സംരക്ഷണം തേടി മന്നം ഷുഗര്‍മില്‍സ് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം. റോഡരികിലും നടപ്പാതയിലുമായി നില്‍ക്കുന്ന കൊടി മരങ്ങള്‍ നിയമപരമായി സ്ഥാപിച്ചതാണോ അല്ലയോ എന്ന് അറിയില്ലെന്നാണ് കോടതിയില്‍ സര്‍ക്കാര്‍ വിശദീകരിച്ചത്. ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇതില്‍ ഭൂരിഭാഗവും അനധികൃതമായി സ്ഥാപിച്ചവയാണെന്ന് സര്‍ക്കാറിന് അറിയാം. ഭരണകക്ഷിയുടെയും പ്രതിപക്ഷ കക്ഷിയുടെയും മറ്റ് ചെറുകിടപാര്‍ട്ടികളുടെയുമൊക്കെ കൊടിമരങ്ങള്‍ ഇതില്‍ പെടും. അതു കൊണ്ട് തന്നെ സര്‍ക്കാറിന് ഇവര്‍ക്കെതിരെ കടുത്ത നടപടി എടുക്കാനാവുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അനധികൃതമായി കൊടിമരങ്ങള്‍ സ്ഥാപിച്ചവര്‍ തന്നെ അത് മാറ്റാന്‍ തയ്യാറാവണമെന്നാണ് കോടതി അഭിപ്രായപ്പെട്ടത്. ഇക്കാര്യം സര്‍ക്കാറാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും അറിയിക്കണ്ടതെന്നും കോടതി പറഞ്ഞു. നോട്ടീസ് കൊടുത്ത് ഇവ പൊളിക്കാന്‍ പറയണം. അത് അനുവദിക്കുന്നില്ലെങ്കില്‍ അധികൃതര്‍ തന്നെ നീക്കം ചെയ്യുകയും നിയമലംഘനം നടത്തിയവര്‍ക്കെതിരെ ഭൂസംരക്ഷണ നിയമം അടക്കമുള്ളവയുടെ അടിസ്ഥാനത്തില്‍ പിഴ ചുമത്തണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അനധികൃതമായി റോഡില്‍ കൊടിമരങ്ങള്‍ സ്ഥാപിക്കുന്നില്ലെന്ന് ഉറപ്പാക്കണം. റോഡ് കുഴിച്ച് സ്ഥാപിച്ചിരിക്കുന്ന കൊടിമരങ്ങളെ തൊടാന്‍ പൊലീസിനും റവന്യു അധികൃതര്‍ക്കുമടക്കം പേടിയാണ്. കൊടിമരങ്ങളെ തൊട്ടാല്‍ അടി കിട്ടുന്ന അവസ്ഥയാണ് നിലവിലുള്ളത്. രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയുള്ളതിനാലാണിത്. കൊടിമരങ്ങള്‍ക്ക് പുറമെ കമാനങ്ങളും സ്തൂപങ്ങളും പലേടത്തും സ്ഥാപിച്ചിട്ടുണ്ട്. റോഡിന് കുറുകെയാണ് കമാനങ്ങള്‍. ഇത് പലപ്പോഴും അപകടങ്ങള്‍ക്ക് കൂടി കാരണമാവുന്നു. ഇടുങ്ങിയ റോഡില്‍ കമാനം പണിത് കുറേ സ്ഥലം കൂടി കയ്യേറുന്നതോടെ രണ്ട് വാഹനങ്ങള്‍ക്ക് അങ്ങോട്ടുമിങ്ങോട്ടും പോകാന്‍ പോലും സ്ഥലം ഉണ്ടാവില്ല.
മറ്റൊന്ന് സ്തൂപങ്ങളാണ്. ഏതാനും മാസം മുമ്പ് പരപ്പക്കടുത്ത് റോഡരികില്‍ സ്ഥാപിച്ച സ്തൂപത്തിലിടിച്ച് ഒരു കോളേജ് വിദ്യാര്‍ത്ഥി മരണപ്പെടുകയും മറ്റൊരു വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. റോഡിനോട് ചേര്‍ന്ന് സ്തൂപം സ്ഥാപിച്ചതിനാല്‍ രാത്രിയില്‍ ഇത് ശ്രദ്ധയില്‍ പെടാതെ പോവുകയും സ്തൂപത്തിലിടിച്ച് വാഹനം മറിയുകയായിരുന്നു ഇത്തരം സ്തൂപങ്ങളും കമാനങ്ങളുമൊക്കെ യാതൊരു അനുമതിയുമില്ലാതെയാണ് നിര്‍മ്മിക്കുന്നത്. ഇത് പലപ്പോഴും സംഘര്‍ഷങ്ങള്‍ക്കും വഴിവെക്കാറുണ്ട്.
ഒരു പാര്‍ട്ടി സ്ഥാപിച്ച കൊടിമരമോ സ്തൂപമോ കമാനമോ മറ്റോ പാര്‍ട്ടിക്കാര്‍ തകര്‍ക്കുന്നതോടെ സംഘര്‍ഷ മേഖലയായി ഈ പ്രദേശം മാറുന്നു. സുഗമമായ ഗതാഗതത്തിന് തടസ്സം നേരിടുന്നതിന് പുറമെയാണ് ഇത്തരം പ്രശ്‌നങ്ങളും ഉണ്ടാവുന്നത്. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളാണ് ഇത്തരം കയ്യേറ്റങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കേണ്ടത്. കോടതി പറഞ്ഞത് പോലെ അത് സ്ഥാപിച്ചവരെക്കൊണ്ട് തന്നെ അത് നീക്കം ചെയ്യിപ്പിക്കാനും സര്‍ക്കാറിന് കഴിയണം.

Related Articles
Next Story
Share it