എന്നിട്ടും ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നു

പാലക്കാട് വടക്കാഞ്ചേരിയിലുണ്ടായ ദുരന്തം കേരളത്തെ ആകെ സങ്കടക്കടലിലാഴ്ത്തുകയാണ്. അഞ്ച് വിദ്യാര്‍ഥികളടക്കം ഒമ്പത് മനുഷ്യജീവനുകളാണ് ഈ അപകടത്തില്‍ പൊലിഞ്ഞുപോയിരിക്കുന്നത്. 42 വിദ്യാര്‍ഥികളും അഞ്ച് അധ്യാപകരുമായി ഊട്ടിയിലേക്ക് വിനോദയാത്ര പുറപ്പെട്ട ടൂറിസ്റ്റ് ബസ് കെ.എസ്.ആര്‍.ടി.സി ബസിന്റെ പിറകിലിടിച്ച് മറിഞ്ഞാണ് ഇത്രയും മനുഷ്യജീവനുകള്‍ പൊലിഞ്ഞുപോയത്. ടൂറിസ്റ്റ് ബസിലുണ്ടായിരുന്ന ഒരു അധ്യാപകനും അഞ്ച് വിദ്യാര്‍ഥികളും കെ.എസ്.ആര്‍.ടി.സി ബസിലുണ്ടായിരുന്ന മൂന്ന് യാത്രക്കാരും മരണപ്പെടുകയായിരുന്നു. നിരവധി പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മക്കള്‍ നഷ്ടപ്പെട്ട മാതാപിതാക്കളുടെ വിലാപങ്ങള്‍ ഹൃദയഭേദകം തന്നെയാണ്. കുട്ടികളെ സന്തോഷത്തോടെയാണ് അവര്‍ വീടുകളില്‍ നിന്നും […]

പാലക്കാട് വടക്കാഞ്ചേരിയിലുണ്ടായ ദുരന്തം കേരളത്തെ ആകെ സങ്കടക്കടലിലാഴ്ത്തുകയാണ്. അഞ്ച് വിദ്യാര്‍ഥികളടക്കം ഒമ്പത് മനുഷ്യജീവനുകളാണ് ഈ അപകടത്തില്‍ പൊലിഞ്ഞുപോയിരിക്കുന്നത്. 42 വിദ്യാര്‍ഥികളും അഞ്ച് അധ്യാപകരുമായി ഊട്ടിയിലേക്ക് വിനോദയാത്ര പുറപ്പെട്ട ടൂറിസ്റ്റ് ബസ് കെ.എസ്.ആര്‍.ടി.സി ബസിന്റെ പിറകിലിടിച്ച് മറിഞ്ഞാണ് ഇത്രയും മനുഷ്യജീവനുകള്‍ പൊലിഞ്ഞുപോയത്. ടൂറിസ്റ്റ് ബസിലുണ്ടായിരുന്ന ഒരു അധ്യാപകനും അഞ്ച് വിദ്യാര്‍ഥികളും കെ.എസ്.ആര്‍.ടി.സി ബസിലുണ്ടായിരുന്ന മൂന്ന് യാത്രക്കാരും മരണപ്പെടുകയായിരുന്നു. നിരവധി പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മക്കള്‍ നഷ്ടപ്പെട്ട മാതാപിതാക്കളുടെ വിലാപങ്ങള്‍ ഹൃദയഭേദകം തന്നെയാണ്. കുട്ടികളെ സന്തോഷത്തോടെയാണ് അവര്‍ വീടുകളില്‍ നിന്നും യാത്രയാക്കിയത്. കളിച്ചും ചിരിച്ചും കൊച്ചുവര്‍ത്തമാനങ്ങള്‍ പറഞ്ഞും വിദ്യാര്‍ഥികള്‍ യാത്ര ചെയ്യുന്നതിനിടെയാണ് നിനച്ചിരിക്കാതെ ദുരന്തം സംഭവിച്ചത്.സുരക്ഷിതരായി മടങ്ങിയെത്തുമെന്ന് കരുതിയിരുന്ന രക്ഷിതാക്കളുടെ മുന്നിലേക്ക് എത്തിയത് കുട്ടികളുടെ ചേതനയറ്റ ശരീരങ്ങളാണ്. കൂട്ടനിലവിളികളും ആര്‍ത്തനാദങ്ങളും നിറഞ്ഞ അന്തരീക്ഷത്തില്‍ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കുമെന്ന് ആര്‍ക്കുമറിയില്ല. ബുധനാഴ്ച വൈകിട്ട് എറണാകുളം മുളന്തുരുത്തിക്കടുത്ത് വെട്ടിക്കല്‍ മാര്‍ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്നാണ് ഊട്ടിയിലേക്ക് വിനോദയാത്ര പുറപ്പെട്ടത്. രാത്രി 11.30 മണിയോടെയാണ് അപകടം സംഭവിച്ചത്. ടൂറിസ്റ്റ് ബസിന്റെ അതിവേഗതയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമികറിപ്പോര്‍ട്ടുകള്‍. പുറപ്പെട്ട സമയം മുതല്‍ തന്നെ ടൂറിസ്റ്റ് ബസ് അമിതവേഗതയിലായിരുവന്നുവെന്ന് വിദ്യാര്‍ഥികള്‍ പറയുന്നുണ്ട്. 120 കിലോ മീറ്റര്‍ വരെ വേഗതയില്‍ ബസ് ഓടിയതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.ബസ് അമിതവേഗതയില്‍ പോകുന്നതിനിടെ ചാറ്റല്‍ മഴ കൂടി വന്നതും അപകടത്തിന് സാഹചര്യമുണ്ടാക്കി. ദുരന്തത്തിന് ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ അനാസ്ഥ മാത്രമാണ് കാരണമെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. മഴ കാരണം പ്രതികൂല കാലാവസ്ഥ നിലനില്‍ക്കുമ്പോള്‍ തന്നെ കുട്ടികളെയും കൊണ്ട് ടൂറിന് പോകാന്‍ പാടില്ലായിരുന്നു. വിനോദയാത്ര പുറപ്പെടാന്‍ രാത്രിസമയം തിരഞ്ഞെടുത്തതാണ് മറ്റൊരു കാരണം. അപകടത്തില്‍പെട്ട ടൂറിസ്റ്റ് ബസിന്റെ ഡ്രൈവര്‍ നേരത്തെ ഈ ബസുമായി വേളാങ്കണ്ണിക്ക് ഓട്ടം പോയിരുന്നു. അതുമൂലമുള്ള ഉറക്കക്കുറവും ശാരീരിക ക്ഷീണവും ഡ്രൈവര്‍ക്കുണ്ടായിരുന്നു. ദൂരയാത്രക്കായി ബസോടിക്കുന്ന ഡ്രൈവര്‍ ശാരീരികമായും മാനസികമായും ക്ഷമത ഉള്ള ആളായിരിക്കണം. ഇങ്ങനെയൊരു അവസ്ഥയിലേക്ക് തിരിച്ചുവരുന്നതിന് വിശ്രമമെടുക്കുന്നതിന് മുമ്പ് തന്നെ ഇയാളെക്കൊണ്ട് ബസ് ഓടിപ്പിച്ച് കുട്ടികള്‍ അടക്കമുള്ളവരെ എന്തിന് മരണത്തിലേക്ക് തള്ളിവിട്ടുവെന്ന ചോദ്യം ഉത്തരമില്ലാതെ അവശേഷിക്കുന്നു. ടൂറിസ്റ്റ് ബസുകള്‍ വാടകയ്ക്കെടുക്കുമ്പോള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കപ്പെട്ടതും വടക്കാഞ്ചേരിയില്‍ അപകടത്തിന് സാഹചര്യമൊരുക്കി. സ്‌കൂളുകളില്‍ വിനോദയാത്ര പോകുന്ന ബസുകളുടെ ഡ്രൈവര്‍മാരുടെ നമ്പറുകള്‍ ആര്‍.ടി ഓഫീസില്‍ അറിയക്കണമെന്ന് വ്യവസ്ഥയുണ്ട്. ഡ്രൈവര്‍മാരുടെ പശ്ചാത്തലും പരിശോധിക്കണം. ഇവിടെ അതൊന്നും പാലിക്കപ്പെട്ടില്ല. വടക്കാഞ്ചേരിയില്‍ അപകടത്തില്‍പെട്ട ടൂറിസ്റ്റ് ബസ് മോട്ടോര്‍ വാഹനവകുപ്പിന്റെ കരിമ്പട്ടികയില്‍പെട്ടതാണെന്ന വിവരവും പുറത്തുവന്നിരിക്കുകയാണ്. ഇതിന് മുമ്പും ഈ ബസ് നിരവധി തവണ അപകടത്തില്‍ പെട്ടിട്ടുണ്ട്. എന്നിട്ടും ആ ബസില്‍ കുട്ടികളെ കയറ്റി മരണത്തിലേക്ക് നയിച്ചുവെന്നറിയുമ്പോള്‍ മനസാക്ഷിയുള്ളവര്‍ക്കെല്ലാം ഹൃദയം നുറുങ്ങുന്ന വേദനയുണ്ടാകുന്നു. കുട്ടികളെ കുരുതികൊടുക്കുന്ന ബസ് ദുരന്തങ്ങള്‍ ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്. 1994ല്‍ ചേര്‍ത്തലക്കടുത്ത ചമ്മനാട്ടില്‍ കുട്ടികളടക്കം 103 യാത്രക്കാരകുമായി പോയ കെ.എസ്.ആര്‍.ടി.സി ബസും ചകിരി കയറ്റി വന്ന ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 32 പേരാണ് മരിച്ചത്. ഇതില്‍ ഭൂരിഭാഗവും തിരുവനന്തപുരം ബാലമന്ദിരത്തിലെ കുട്ടികളായിരുന്നു. 2007 ഫെബ്രുവരി 20ന് തട്ടേക്കാട് തടാകത്തില്‍ ബോട്ട് മുങ്ങി 15 വിദ്യാര്‍ഥികളും മൂന്ന് അധ്യാപകരുമാണ് മരിച്ചത്. 2008ല്‍ കണ്ണൂരിലെ പെരുമണ്ണില്‍ വാഹനമിടിച്ച് 10 സ്‌കൂള്‍ കുട്ടികള്‍ മരിച്ച സംഭവവും നീറുന്ന ഓര്‍മയാണ്. ഇത്രയൊക്കെ അനുഭവങ്ങള്‍ ഉണ്ടായിട്ടും കുട്ടികളുടെ യാത്ര സുരക്ഷിതമാക്കുന്ന കാര്യത്തില്‍ പലരും ജാഗ്രത കാണിക്കുന്നില്ല. രാത്രികാലങ്ങളിലും പുലര്‍ കാലങ്ങളിലുമുള്ള യാത്ര അപകടങ്ങള്‍ നിറഞ്ഞതാണെന്ന് മനസിലായിട്ടും വിനോദയാത്ര പകല്‍നേരത്താക്കാന്‍ ശ്രദ്ധ പുലര്‍ത്തുന്നില്ല. വടക്കാഞ്ചേരി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ രാത്രികാലങ്ങളിലെ വിനോദയാത്രക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇനി വിനോദയാത്ര പോകുമ്പോള്‍ കുട്ടികള്‍ അടക്കമുള്ളവരുടെ സുരക്ഷിതത്വം പൂര്‍ണതോതില്‍ ഉറപ്പാക്കണം. ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്ന സാഹചര്യം വരും കാലങ്ങളിലെങ്കിലും ഉണ്ടാകാന്‍ പാടില്ല.

Related Articles
Next Story
Share it