മണ്ണെണ്ണയും കിട്ടാക്കനിയാവുന്നു

പെട്രോളിനും ഡീസലിനും പാചകവാതകത്തിനും പുറമെ മണ്ണെണ്ണയുടെ വിലയും കുത്തനെ വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇക്കഴിഞ്ഞ ദിവസം മുതല്‍ മണ്ണെണ്ണക്ക് ലിറ്ററിന് എട്ട് രൂപയാണ് ഒറ്റയടിക്ക് വര്‍ധിപ്പിച്ചത്. ലിറ്ററിന് 55 രൂപയാണ് പുതിയ വില, എണ്ണക്കമ്പനികള്‍ മണ്ണെണ്ണയുടെ അടിസ്ഥാന നിരക്ക് ലിറ്ററിന് 38.83 രൂപയില്‍ നിന്ന് 45.79 രൂപയായി ഉയര്‍ത്തി. ഇതിന് ആനുപാതികമായി നികുതിയിലും വര്‍ധന വരുമ്പോഴാണ് 55 രൂപയാവുന്നത്. അടിസ്ഥാന നിരക്കിനൊപ്പം ഡീലര്‍ കമ്മീഷനും ഗതാഗതച്ചെലവും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ 2.50 ശതമാനം ജി.എസ്.ടി.യും ചേര്‍ത്താണ് മൊത്തവ്യാപാര നിരക്ക് നിശ്ചയിക്കുന്നത്. അത് […]

പെട്രോളിനും ഡീസലിനും പാചകവാതകത്തിനും പുറമെ മണ്ണെണ്ണയുടെ വിലയും കുത്തനെ വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇക്കഴിഞ്ഞ ദിവസം മുതല്‍ മണ്ണെണ്ണക്ക് ലിറ്ററിന് എട്ട് രൂപയാണ് ഒറ്റയടിക്ക് വര്‍ധിപ്പിച്ചത്. ലിറ്ററിന് 55 രൂപയാണ് പുതിയ വില, എണ്ണക്കമ്പനികള്‍ മണ്ണെണ്ണയുടെ അടിസ്ഥാന നിരക്ക് ലിറ്ററിന് 38.83 രൂപയില്‍ നിന്ന് 45.79 രൂപയായി ഉയര്‍ത്തി. ഇതിന് ആനുപാതികമായി നികുതിയിലും വര്‍ധന വരുമ്പോഴാണ് 55 രൂപയാവുന്നത്. അടിസ്ഥാന നിരക്കിനൊപ്പം ഡീലര്‍ കമ്മീഷനും ഗതാഗതച്ചെലവും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ 2.50 ശതമാനം ജി.എസ്.ടി.യും ചേര്‍ത്താണ് മൊത്തവ്യാപാര നിരക്ക് നിശ്ചയിക്കുന്നത്. അത് 51 രൂപയാണ്. ഇത് ജനങ്ങളിലേക്ക് എത്തുമ്പോള്‍ 55 രൂപയാകും. മണ്ണെണ്ണയുടെ വില വര്‍ധനവും സാധാരണക്കാരായ ജനങ്ങളെത്തന്നെയാണ് ബാധിക്കുന്നത്. പാചകവാതകത്തിന് വില കുത്തനെ ഉയര്‍ന്നപ്പോള്‍ മണ്ണെണ്ണ സ്റ്റൗ പൊടിതട്ടിയെടുത്ത് പാചകത്തിന് ഒരുങ്ങിയവരാണ് വെട്ടിലായത്. ഒരു ലിറ്റര്‍ മണ്ണെണ്ണക്ക് 55 രൂപ തോതില്‍ നല്‍കി മണ്ണെണ്ണ വാങ്ങാനാവില്ല. മത്സ്യത്തൊഴിലാളികളാണ് മണ്ണെണ്ണ വില വര്‍ധന മൂലം വലിയ ചതിയില്‍ അകപ്പെട്ടത്. ന്യൂനമര്‍ദ്ദവും മോശം കാലാവസ്ഥയും മൂലം കടലിലിറങ്ങാന്‍ സാധിക്കാത്ത അവസ്ഥയായിരുന്നു ഇത് വരെ. മണ്ണെണ്ണക്ക് വില വര്‍ധിച്ചതോടെ ബോട്ടുകള്‍ കടലിലിറക്കാനാത്ത സ്ഥിതിയാണ് വന്നിരിക്കുന്നത്. പൊതുവിപണിയില്‍ ലിറ്ററിന് 55 രൂപ നല്‍കുമ്പോള്‍ ഓപ്പണ്‍ മാര്‍ക്കറ്റില്‍ ഒരു ലിറ്റര്‍ മണ്ണെണ്ണ ലഭിക്കണമെങ്കില്‍ 94.50 രൂപ നല്‍കണം. ഔട്ട്‌ബോര്‍ഡ് എഞ്ചിന്‍ ഘടിപ്പിച്ച വള്ളങ്ങള്‍ക്കാണ് മണ്ണെണ്ണ ആവശ്യമായി വരുന്നത്. മത്സ്യഫെഡും സിവില്‍ സപ്ലൈസ് വകുപ്പുമാണ് മത്സ്യത്തൊഴിലാളികള്‍ക്ക് മണ്ണെണ്ണ നല്‍കുന്നത്. മത്സ്യഫെഡിന്റെ ബങ്കുകളില്‍ നിന്ന് 94.50 രൂപക്ക് മണ്ണെണ്ണ വാങ്ങിക്കുമ്പോള്‍ ലിറ്ററിന് 25 രൂപ സബ്‌സിഡിയായി അക്കൗണ്ടിലെത്തും. പണം ആദ്യം നല്‍കണമെന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ പൊതുവിതരണ വകുപ്പിന്റെ മണ്ണെണ്ണയെയാണ് കൂടുതലായും ആശ്രയിക്കുന്നത്. സബ്‌സിഡിയാകട്ടെ കൃത്യമായി ലഭിക്കുന്നുമില്ല. ഓഗസ്റ്റ് വരെയുള്ള സബ്‌സിഡി മാത്രമേ ഇതുവരെ ലഭിച്ചിട്ടുള്ളു. കിട്ടുന്ന മീനിന്റെ അളവും കുറഞ്ഞുവരികയാണ്. മത്സ്യസമ്പത്ത് ഓരോ വര്‍ഷം കഴിയുമ്പോഴും കുറഞ്ഞുവരുന്നതായാണ് ശാസ്ത്രീയ പഠനങ്ങളും വെളിപ്പെടുത്തുന്നത്. 15 കുതിരശക്തിക്ക് താഴെ 129 ലിറ്റര്‍ മണ്ണെണ്ണയാണ് പൊതുവിതരണ വകുപ്പ് നല്‍കുന്നത്. മറ്റുള്ളവയ്ക്ക് 179 ലിറ്ററും. ഈ എണ്ണ ഒരു ദിവസത്തെ മത്സ്യബന്ധനത്തിന് തന്നെ വേണമെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. ചെറിയ വള്ളങ്ങളാണെങ്കിലും 50-60 ലിറ്റര്‍ മണ്ണെണ്ണ ദിവസേന വേണം. ഇതോടെ മറ്റു ദിവസത്തേക്ക് പുറം വിപണിയില്‍ നിന്ന് മണ്ണെണ്ണ അധിക വില നല്‍കി വാങ്ങുകയാണ് ചെയ്യുന്നത്. ഇതിന് ലിറ്ററിന് 90 രൂപ വരെ നല്‍കണം. കടലില്‍ മറുനാടന്‍ ട്രോളറുകള്‍ തീരത്തോട് ചേര്‍ത്ത് മീന്‍ പിടിക്കുമ്പോള്‍ മത്സ്യസമ്പത്ത് പരമ്പരാഗത മത്സ്യത്തൊഴിലാളികളും സ്ഥിരം ദൂരം വിട്ട് വല എറിയേണ്ട അവസ്ഥയിലാണ്. ദൂരം കൂടുമ്പോള്‍ അതിനനുസരിച്ച് ചെലവും കൂടും. ഒരു തവണ പുറം കടലില്‍ പോയി മത്സ്യബന്ധനം നടത്തുന്നതിന് 20,000 രൂപയോളം ചെലവ് വരും. ഇതിനനുസരിച്ചുള്ള ലാഭം കിട്ടാത്തതിനാല്‍ പലരും തെളിഞ്ഞ കാലാവസ്ഥയില്‍ പോലും ബോട്ട് കടലിലിറക്കാന്‍ തയ്യാറാവുന്നില്ല. ഇതിനിടയിലാണ് ഇടനിലക്കാരുടെ ചൂഷണം. കഠിനാധ്വാനം ചെയ്ത് പിടിച്ചുകൊണ്ടുവരുന്ന മീന്‍ ഇടനിലക്കാരാണ് വാങ്ങിക്കുന്നത്. ചാകര ലഭിച്ചാല്‍ പോലും മത്സ്യത്തൊഴിലാളിക്ക് അതിന്റെ ലാഭം കിട്ടുന്നില്ല. ചാകര ലഭിക്കുമ്പോള്‍ കിട്ടുന്ന മീന്‍ അത്രയും സൂക്ഷിച്ചു വെക്കാനോ സംസ്‌കരിക്കാനോ മത്സ്യത്തൊഴിലാളികള്‍ക്ക് സാധിക്കുന്നില്ല. വന്‍കിട കമ്പനികള്‍ എത്തി അവര്‍ പറയുന്ന വിലക്ക് കൊടുക്കാനേ സാധിക്കുന്നുള്ളു. ഇതിന് പരിഹാരമുണ്ടാക്കേണ്ടത് സര്‍ക്കാറാണ്. മത്സ്യഫെഡിന് ഇവരില്‍ നിന്ന് മത്സ്യം വാങ്ങിച്ച് സൂക്ഷിച്ചു വെക്കാനോ സംസ്‌കരിക്കാനോ കഴിയണം. മത്സ്യത്തൊഴിലാളികളുടെ ക്ഷേമം മുന്‍നിര്‍ത്തിയാണ് ഇത്തരം സംഘടനകള്‍ രൂപം കൊണ്ടത്. അതിന് അവര്‍ മുന്നോട്ട് വരണം.

Related Articles
Next Story
Share it