തീവണ്ടിയിലെ ഭിക്ഷാടനം

തീവണ്ടികളില്‍ യാത്രക്കാരെ ശല്യപ്പെടുത്തികൊണ്ടുള്ള ഭിക്ഷാടനം വര്‍ധിച്ചുവരികയാണ്. കോവിഡ് കാലത്ത് റെയില്‍വെ അധികൃതര്‍ കര്‍ശന നടപടിയെടുത്തതിനെ തുടര്‍ന്ന് ഭിക്ഷാടകരെ കാണാനില്ലായിരുന്നു. എന്നാല്‍ ഏതാനും ദിവസമായി ഭിക്ഷക്കാരുടെ എണ്ണം കൂടി വരുന്നതായാണ് യാത്രക്കാര്‍ പരാതിപ്പെടുന്നത്. ഇവര്‍ക്ക് ജനറല്‍ കമ്പാര്‍ട്ട്‌മെന്റെന്നോ റിസര്‍വേഷനെന്നോ എ.സി. കോച്ചെന്നോ ഒന്നും വേര്‍തിരിവില്ല. കൈകുഞ്ഞുങ്ങളുമായി മാസ്‌ക് പോലും ധരിക്കാതെയാണ് ഇവര്‍ യാത്രക്കാരെ തോണ്ടി വിളിച്ച് ഭിക്ഷ യാചിക്കുന്നത്. തീവണ്ടിയില്‍ ടിക്കറ്റെടുക്കാതെയാണ് ഇവരുടെ യാത്ര. ജനറല്‍ കമ്പാര്‍ട്ട്‌മെന്റുകളില്‍ തിക്കിത്തിരക്കിയാത്ര ചെയ്യുമ്പോള്‍ അതിനിടയില്‍ നുഴഞ്ഞു കയറിയാണ് ഇവര്‍ ഭിക്ഷയാചിക്കുന്നത്. റിസര്‍വേഷന്‍ […]

തീവണ്ടികളില്‍ യാത്രക്കാരെ ശല്യപ്പെടുത്തികൊണ്ടുള്ള ഭിക്ഷാടനം വര്‍ധിച്ചുവരികയാണ്. കോവിഡ് കാലത്ത് റെയില്‍വെ അധികൃതര്‍ കര്‍ശന നടപടിയെടുത്തതിനെ തുടര്‍ന്ന് ഭിക്ഷാടകരെ കാണാനില്ലായിരുന്നു. എന്നാല്‍ ഏതാനും ദിവസമായി ഭിക്ഷക്കാരുടെ എണ്ണം കൂടി വരുന്നതായാണ് യാത്രക്കാര്‍ പരാതിപ്പെടുന്നത്. ഇവര്‍ക്ക് ജനറല്‍ കമ്പാര്‍ട്ട്‌മെന്റെന്നോ റിസര്‍വേഷനെന്നോ എ.സി. കോച്ചെന്നോ ഒന്നും വേര്‍തിരിവില്ല. കൈകുഞ്ഞുങ്ങളുമായി മാസ്‌ക് പോലും ധരിക്കാതെയാണ് ഇവര്‍ യാത്രക്കാരെ തോണ്ടി വിളിച്ച് ഭിക്ഷ യാചിക്കുന്നത്. തീവണ്ടിയില്‍ ടിക്കറ്റെടുക്കാതെയാണ് ഇവരുടെ യാത്ര. ജനറല്‍ കമ്പാര്‍ട്ട്‌മെന്റുകളില്‍ തിക്കിത്തിരക്കിയാത്ര ചെയ്യുമ്പോള്‍ അതിനിടയില്‍ നുഴഞ്ഞു കയറിയാണ് ഇവര്‍ ഭിക്ഷയാചിക്കുന്നത്. റിസര്‍വേഷന്‍ കമ്പാര്‍ട്ട്‌മെന്റുകളില്‍ ഇത്തരം ശല്യക്കാര്‍ ഒഴിവായിക്കിട്ടുമല്ലോ എന്ന് കരുതിയാണ് അധിക ചാര്‍ജ് നല്‍കി യാത്ര ചെയ്യുന്നത്. എന്നാല്‍ ഇവിടെയും രക്ഷയില്ലാത്ത അവസ്ഥയാണ്. സാമൂഹിക അകലം പാലിക്കുന്നില്ലെന്നതോ പോകട്ടെ മാക്‌സ് പോലും ധരിക്കാതെയാണ് ഇവര്‍ തീവണ്ടികളില്‍ കറങ്ങി നടക്കുന്നത്. കുട്ടികളെയും കൊണ്ട് ഭിക്ഷാടനം നടത്തിയ ഏതാനും സ്ത്രീകളെ ഈയിടെ റെയില്‍വെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മഹാരാഷ്ട്രയില്‍ നിന്നും മറ്റും കുട്ടികളെ വാടകയ്‌ക്കെടുത്താണത്രെ ഇവര്‍ ഭിക്ഷാടനത്തിനെത്തുന്നത്. കുട്ടികളെ തട്ടിക്കൊണ്ടുപോയി ഭിക്ഷാടനം നടത്തുന്നവരും ഉണ്ട്. ഓരോ സംഘത്തിനും പ്രത്യേക പ്രദേശം വീതിച്ചു നല്‍കിയാണ് ഭിക്ഷാടനം നടത്തുന്നതെന്ന് റെയില്‍വെ സുരക്ഷാ സേനയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഭിന്നശേഷിയുള്ള കുട്ടികളെയാണ് കൂടുതലായി ഭിക്ഷാടനത്തിന് ഉപയോഗിക്കുന്നത്. കഴിഞ്ഞവര്‍ഷം കുട്ടികളെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് 199 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തീവണ്ടികളില്‍ മാത്രമല്ല നഗരങ്ങളിലും മറ്റെല്ലായിടങ്ങളിലും ഭിക്ഷാടന മാഫിയ തഴച്ചു വളരുകയാണ്. നിയമങ്ങള്‍ സംരക്ഷിക്കേണ്ടവര്‍ തന്നെ ഇതിന് നേരെ കണ്ണടക്കുകയും ചെയ്യുന്നു. പല സ്ഥലങ്ങളും യാചക നിരോധന മേഖലകളായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതൊന്നും ഭിക്ഷാടകര്‍ക്ക് പ്രശ്‌നമേ ആവുന്നില്ല. വീടുകള്‍ കച്ചവടസ്ഥാപനങ്ങള്‍, ബസ്സ്റ്റാന്റുകള്‍, തീവണ്ടികള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളിലാണ് ഭിക്ഷാടനം കൂടുതലായി കണ്ടു വരുന്നത്. തമിഴ്‌നാട്, ഒഡിഷ, കര്‍ണാടക, ആന്ധ്ര പ്രദേശ്, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഭിക്ഷാടകര്‍ എത്തുന്നത്. ചില ഏജന്റുമാര്‍ ഭിക്ഷാടകരെ എത്തിച്ച് ഓരോ മേഖലകളിലേക്ക് അയച്ച് ലക്ഷങ്ങള്‍ സമ്പാദിക്കുന്നതും പുതിയ കാര്യമല്ല. പ്രളയക്കെടുതി, രോഗങ്ങള്‍, അംഗഭംഗം, വിവാഹം തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ ഉന്നയിച്ചാവും ഇത്തരം ഭിക്ഷാടകര്‍ വീടുകളില്‍ എത്തുന്നത്. ബാലവേല നിരോധിച്ചിട്ടുണ്ടെങ്കിലും ഇതര സംസ്ഥാനക്കാര്‍ കുട്ടികളുമായാണ് എത്തുന്നത്. തെരുവില്‍ നിന്നും കുട്ടികളെ രക്ഷിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാറുണ്ടെങ്കിലും സംഘങ്ങള്‍ തന്നെ രക്ഷിതാക്കള്‍ ചമഞ്ഞെത്തി മോചിപ്പിക്കുന്നതായാണ് ശിശുക്ഷേമ വകുപ്പ് അധികൃതര്‍ പറയുന്നത്. ഇത്തരം കുട്ടികളെ ഡി.എന്‍.എ. പരിശോധന നടത്തിയതിനുശേഷമേ കൈമാറാന്‍ പാടുള്ളൂ. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 160 അന്യസംസ്ഥാനക്കാരായ കുട്ടികളടക്കം 180 പേരെയാണ് തെരുവില്‍ നിന്ന് കണ്ടെത്തിയത്. തീവണ്ടികളിലെ ഭിക്ഷാടകരില്‍ മോഷ്ടാക്കളും ഉണ്ടെന്ന് പൊലീസ് തന്നെ സാക്ഷ്യപ്പെടുത്തുന്നു. പകല്‍ നേരത്ത് പെട്ടികളും മറ്റ് നോക്കി വെച്ച് രാത്രികളില്‍ മോഷണത്തിനെത്തുന്നവരാണത്രെ ചിലര്‍. എന്തായാലും റെയില്‍വെ ഇത്തരക്കാരെ ഒഴിവാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണം.

Related Articles
Next Story
Share it