ജനങ്ങള്‍ പൊറുതിമുട്ടുന്നു

പെട്രോള്‍, ഡീസല്‍, പാചകവാതകം എന്നിവയുടെ വിലവര്‍ധനവിലൂടെ ജനങ്ങള്‍ പൊറുതിമുട്ടിക്കഴിയുകയാണ്. കഴിഞ്ഞ ഒരാഴ്ചയായി പെട്രോളിനും ഡീസലിനും എല്ലാ ദിവസവും വില വര്‍ധിക്കുകയാണ്. മുമ്പൊക്കെ 20 പൈസക്ക് താഴെയായിരുന്നു വര്‍ധനവെങ്കില്‍ ഇപ്പോള്‍ 45 പൈസക്ക് മുകളിലാണ്. വാണിജ്യ പാചകവാതകത്തിന് കഴിഞ്ഞ ദിവസം ഒറ്റയടിക്ക് വര്‍ധിപ്പിച്ചത് 268 രൂപയാണ്. തീവെട്ടിക്കൊള്ളയെന്നല്ലാതെ എന്ത് പറയാന്‍. വീടുകളില്‍ ഉപയോഗിക്കുന്ന പാചക വാതകത്തിന് കഴിഞ്ഞ ഒമ്പതു മാസത്തിനിടെ 205 രൂപയാണ് വര്‍ധിപ്പിച്ചത്. സിലിണ്ടര്‍ വീട്ടിലെത്തുമ്പോള്‍ 900 രൂപക്ക് മുകളില്‍ വരും വില. ഓട്ടോ പിടിച്ച് സിലിണ്ടര്‍ […]

പെട്രോള്‍, ഡീസല്‍, പാചകവാതകം എന്നിവയുടെ വിലവര്‍ധനവിലൂടെ ജനങ്ങള്‍ പൊറുതിമുട്ടിക്കഴിയുകയാണ്. കഴിഞ്ഞ ഒരാഴ്ചയായി പെട്രോളിനും ഡീസലിനും എല്ലാ ദിവസവും വില വര്‍ധിക്കുകയാണ്. മുമ്പൊക്കെ 20 പൈസക്ക് താഴെയായിരുന്നു വര്‍ധനവെങ്കില്‍ ഇപ്പോള്‍ 45 പൈസക്ക് മുകളിലാണ്. വാണിജ്യ പാചകവാതകത്തിന് കഴിഞ്ഞ ദിവസം ഒറ്റയടിക്ക് വര്‍ധിപ്പിച്ചത് 268 രൂപയാണ്. തീവെട്ടിക്കൊള്ളയെന്നല്ലാതെ എന്ത് പറയാന്‍. വീടുകളില്‍ ഉപയോഗിക്കുന്ന പാചക വാതകത്തിന് കഴിഞ്ഞ ഒമ്പതു മാസത്തിനിടെ 205 രൂപയാണ് വര്‍ധിപ്പിച്ചത്. സിലിണ്ടര്‍ വീട്ടിലെത്തുമ്പോള്‍ 900 രൂപക്ക് മുകളില്‍ വരും വില. ഓട്ടോ പിടിച്ച് സിലിണ്ടര്‍ കൊണ്ടു വരുന്നവര്‍ക്ക് 1000ത്തിന് മുകളില്‍ തുക കണ്ടെത്തേണ്ടി വരും. പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും സര്‍ക്കാര്‍ പാചകവാതക കണക്ഷന്‍ സൗജന്യമായി നല്‍കുന്നുണ്ട്. പാവപ്പെട്ട ഇത്തരക്കാര്‍ പാചകവാതകത്തിലേക്ക് മാറിയത് വലിയ കുരിശായി മാറിയിരിക്കയാണ്. വിറകോ മണ്ണെണ്ണയോ കത്തിച്ച് ഭക്ഷണം പാകം ചെയ്തിരുന്നവര്‍ക്ക് ഗ്യാസിലേക്ക് മാറിയത് വലിയ ഇരുട്ടടിയായി. വിട്ടാവശ്യത്തിനുള്ള പാചകവാതകത്തിന് നേരത്തെ സബ്‌സിഡി അനുവദിച്ചിരുന്നു. ഒരു മുന്നറിയിപ്പുമില്ലാതെയാണ് സബ്‌സിഡി നിര്‍ത്തലാക്കിയത്. യു.പി.എ സര്‍ക്കാറിന്റെ കാലത്താണ് ഇന്ധനത്തിന്റെ വില നിര്‍ണ്ണായകാവകാശം സര്‍ക്കാറില്‍ നിന്ന് മാറ്റി എണ്ണക്കമ്പനികള്‍ക്ക് നല്‍കിയത്. തുടര്‍ന്നുവന്ന മോദി സര്‍ക്കാറും ഇതേ പാത പിന്തുടര്‍ന്നു. ഇതോടെയാണ് എണ്ണക്കമ്പനികള്‍ അവര്‍ക്ക് തോന്നിയതു പോലെ വില വര്‍ധന അടിച്ചേല്‍പ്പിച്ചുകൊണ്ടിരിക്കുന്നത്.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില താഴുമ്പോഴും ഇവിടെ ഇന്ധനവില കുത്തനെ ഉയരുന്ന പ്രതിഭാസമാണുള്ളത്. വാണിജ്യ സിലിണ്ടറുകള്‍ക്ക് വില വര്‍ധിപ്പിക്കുമ്പോള്‍ ജനകീയ ഹോട്ടലുകള്‍, സ്‌കൂള്‍ ഉച്ചഭക്ഷണം എന്നിവയ്ക്ക് ചെലവ് വര്‍ധിക്കുകയാണ്. വാണിജ്യ സിലിണ്ടറുകളാണ് ഇവിടെയൊക്കെയും ഉപയോഗിക്കുന്നത്. ഇന്ധനവില വര്‍ധിച്ചതിനെത്തുടര്‍ന്ന് സകല നിത്യോപയോഗ സാധനങ്ങള്‍ക്കും പച്ചക്കറികള്‍ക്കും വില കുതിച്ചുയരുകയാണ്. കേരളമാണ് ഇതിന് വലിയ വില നല്‍കേണ്ടി വന്നിരിക്കുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ആവശ്യവസ്തുക്കള്‍ ഇവിടെയെത്തിക്കാന്‍ ഇരട്ടി വിലയാണ് നല്‍കേണ്ടി വന്നിരിക്കുന്നത്. അതിനനുസരിച്ച് ഓരോ സാധനങ്ങള്‍ക്കും വില വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ഭക്ഷ്യവസ്തുക്കള്‍, വ്യാവസായിക ഉല്‍പ്പന്നങ്ങള്‍ എന്നിവക്കെല്ലാം വില വര്‍ധിച്ചുകൊണ്ടേയിരിക്കുന്നു. വിലക്കയറ്റവും സമ്പദ്‌വ്യവസ്ഥയുടെ തളര്‍ച്ചയും അടുക്കളയിലാണ് ആദ്യം പ്രതിഫലിക്കുക. സാധനങ്ങളുടെ വില വര്‍ധനവ് വീട്ടിലേക്കുള്ള എല്ലാ സാധനങ്ങളുടെയും വിലയില്‍ പ്രതിഫലനമുണ്ടാക്കുന്നുണ്ട്. കോവിഡ് മഹാമാരിയെ തുടര്‍ന്ന് വീടിനകത്ത് ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന ജനങ്ങള്‍ ഏതാണ്ട് പുറത്തേക്ക് ഇറങ്ങിക്കഴിയുമ്പോഴാണ് വിലക്കയറ്റവും ഇന്ധനവില വര്‍ധനവുമൊക്കെ അവരെ വലക്കുന്നത്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്നവര്‍ക്ക് ഇരുട്ടടിയാണിത്. തൊഴില്‍ നഷ്ടപ്പെട്ട് വിദേശ രാജ്യങ്ങളില്‍ നിന്നടക്കം മടങ്ങി വന്നവര്‍ ജീവിതത്തിന് മുമ്പില്‍ പകച്ചു നില്‍ക്കുമ്പോള്‍ ജനങ്ങളുടെ മേല്‍ ഭാരം കയറ്റി വെക്കുന്ന ഈ നിലപാടിനെതിരെ ശക്തമായ പ്രതിഷേധം ഉയരണം.

Related Articles
Next Story
Share it