മലയോര മേഖലയിലെ യാത്രാക്ലേശം

കൊറോണക്ക് ശമനം വന്നതിന് ശേഷം മറ്റിടങ്ങളിലൊക്കെ ബസ് സര്‍വ്വീസ് പുനരാരംഭിച്ചപ്പോള്‍ മലയോര മേഖലയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസുകളാണ് ഇപ്പോഴും തുടങ്ങാതെ നില്‍ക്കുന്നത്. കൊറോണ തുടങ്ങിയവപ്പോള്‍ ഉള്‍വലിഞ്ഞ ബസുകളാണിവ. ബസുകളുടെ തിരിച്ചുവരവും പ്രതീക്ഷിച്ചുള്ള നാട്ടുകാരുടെ കാത്തിരിപ്പ് നീളുകയാണ്. ലോക്ഡൗണ്‍ ഇളവുകള്‍ നടപ്പിലാക്കിയതോടെ സ്വകാര്യ ബസുകള്‍ ഏതാണ്ട് മുഴുവനായും സര്‍വ്വീസ് പുനരാരംഭിച്ചു കഴിഞ്ഞു. എന്നാല്‍ കാഞ്ഞങ്ങാട് ഡിപ്പോയുടെ കീഴിലുള്ള കെ.എസ്.ആര്‍.ടി.സി ബസുകള്‍ പകുതിയോളം മുടങ്ങിക്കിടക്കുകയാണ്. 59 ഷെഡ്യൂളുകള്‍ ഉണ്ടായിരുന്ന കാഞ്ഞങ്ങാട് ചെമ്മട്ടംവയല്‍ സബ് ഡിപ്പോയിലെ സര്‍വ്വീസുകള്‍ കോവിഡിന്റെ ഭാഗമായി 33 ഷെഡ്യൂളുകളാക്കി […]

കൊറോണക്ക് ശമനം വന്നതിന് ശേഷം മറ്റിടങ്ങളിലൊക്കെ ബസ് സര്‍വ്വീസ് പുനരാരംഭിച്ചപ്പോള്‍ മലയോര മേഖലയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസുകളാണ് ഇപ്പോഴും തുടങ്ങാതെ നില്‍ക്കുന്നത്. കൊറോണ തുടങ്ങിയവപ്പോള്‍ ഉള്‍വലിഞ്ഞ ബസുകളാണിവ. ബസുകളുടെ തിരിച്ചുവരവും പ്രതീക്ഷിച്ചുള്ള നാട്ടുകാരുടെ കാത്തിരിപ്പ് നീളുകയാണ്. ലോക്ഡൗണ്‍ ഇളവുകള്‍ നടപ്പിലാക്കിയതോടെ സ്വകാര്യ ബസുകള്‍ ഏതാണ്ട് മുഴുവനായും സര്‍വ്വീസ് പുനരാരംഭിച്ചു കഴിഞ്ഞു. എന്നാല്‍ കാഞ്ഞങ്ങാട് ഡിപ്പോയുടെ കീഴിലുള്ള കെ.എസ്.ആര്‍.ടി.സി ബസുകള്‍ പകുതിയോളം മുടങ്ങിക്കിടക്കുകയാണ്. 59 ഷെഡ്യൂളുകള്‍ ഉണ്ടായിരുന്ന കാഞ്ഞങ്ങാട് ചെമ്മട്ടംവയല്‍ സബ് ഡിപ്പോയിലെ സര്‍വ്വീസുകള്‍ കോവിഡിന്റെ ഭാഗമായി 33 ഷെഡ്യൂളുകളാക്കി വെട്ടിച്ചുരുക്കിയിരുന്നു. ഇതില്‍ മിക്ക സര്‍വ്വീസുകളും മികച്ച വരുമാനം ലഭിച്ചവയാണ്. മലയോര മേഖലയിലേക്ക് പെതുവേ യാത്രാ സൗകര്യം കുറവാണ്. മുമ്പ് ജനവാസം കുറഞ്ഞ പ്രദേശമായിരുന്നു മലയോരമേഖലയെങ്കില്‍ ഇന്ന് ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലമാണ്. തെക്കന്‍ ജില്ലകളില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെയെത്തിയവര്‍ കൃഷിയിടങ്ങള്‍ പാകപ്പെടുത്തി പുതിയ ജീവിതം തുടങ്ങുകയും കുടുംബാംഗങ്ങളെയെല്ലാം ഇവിടേക്ക് പറിച്ചു നടുകയും ചെയ്തു. ആളുകള്‍ കൂടിവന്നതോടെ മലയോരമേഖലയില്‍ വ്യാപാരസ്ഥാപനങ്ങളും ഒട്ടേറെ വന്നു. എന്നിട്ടും വേണ്ടത്ര യാത്രാസൗകര്യങ്ങള്‍ ഉണ്ടായിട്ടില്ല. മലയോരത്തെ പ്രധാനമായ വ്യാപാരകേന്ദ്രങ്ങളായ കൊന്നക്കാട്, പാണത്തൂര്‍ ഭാഗങ്ങളിലേക്കുള്ള ബസ് ഷെഡ്യൂള്‍ പേരിന് മാത്രമാണ് നടത്തുന്നത്. സന്ധ്യ കഴിഞ്ഞാല്‍ ദേശീയ പാത വഴി പോലും ആവശ്യത്തിനുള്ള സര്‍വ്വീസ് നടത്തുന്നില്ല. തുടങ്ങിയ പല സര്‍വ്വീസുകളും ഭാഗീകമായി മാത്രം നടത്തുന്നു. മലയോരത്തെ പ്രധാന റോഡുകളെല്ലാം മെക്കാഡം നടത്തി നവീകരിച്ചെങ്കിലും ആവശ്യമായ ബസ് സര്‍വ്വീസ് ഇല്ലാത്തതിനാല്‍ റോഡിന്റെ പ്രയോജനം കിട്ടാത്ത അവസ്ഥയാണ്. മലയോര ഹൈവെ 90 ശതമാനം പൂര്‍ത്തീകരിച്ചിട്ടും പുതുതായ ഒരു സര്‍വ്വീസ് പോലും നടത്താന്‍ കെ.എസ്.ആര്‍.ടി.സി തയ്യാറായിട്ടില്ല. നൂറോളം കണ്ടക്ടര്‍മാരും അത്ര തന്നെ ഡ്രൈവര്‍മാരുമാണ് കാഞ്ഞങ്ങാട് ബസ് ഡിപ്പോക്ക് കീഴില്‍ ജോലി ചെയ്യുന്നത്. മലയോരത്തിന്റെ അവികസിത മേഖലകളിലേക്ക് മുമ്പ് ജീപ്പ് സര്‍വ്വീസുകള്‍ ഉണ്ടായിരുന്നു. സര്‍വ്വീസ് നടത്തുന്ന ജീപ്പുകള്‍ പിന്‍വലിച്ചതും യാത്രാ പ്രതിസന്ധി രൂക്ഷമാക്കി. നിര്‍ത്തിവെച്ച ബസ് സര്‍വ്വീസുകള്‍ പുനരാരംഭിക്കാനും പുതിയ സര്‍വ്വീസ് തുടങ്ങാനും കൂടുതല്‍ ബസുകളും അനുമതിയും വേണം. മലയോര ഹൈവെയുടെ ജോലി ഇപ്പോഴും നടന്നുവരികയാണ്. കാസര്‍കോട് നങ്ങാരപ്പദവ് മുതല്‍ പാറശ്ശാല വരെ 1251 കിലോ മീറ്ററില്‍ ആണ് ഹൈവെ. ആലപ്പുഴ ഒഴികെ 13 ജില്ലകളില്‍ 25 റീച്ചുകളിലെ പണി തുടങ്ങിക്കഴിഞ്ഞു. രണ്ട് വര്‍ഷം കൊണ്ട് പദ്ധതി കമ്മീഷന്‍ ചെയ്യാനാവും ഈ റോഡ് യാഥാര്‍ത്ഥ്യമാവുമ്പോള്‍ ജനങ്ങള്‍ക്ക് വലിയ പട്ടണങ്ങളുമായി ബന്ധപ്പെടാന്‍ ഇത് വഴി സാധിക്കും. അത് സാധ്യമാവുന്നത് വരെ കാഞ്ഞങ്ങാട്-കാസര്‍കോട് ഭാഗത്ത് നിന്ന് കൂടുതല്‍ ബസുകള്‍ ഏര്‍പ്പെടുത്താന്‍ കഴിയണം. കാഞ്ഞങ്ങാട് കെ.എസ്.ആര്‍.ടി.സി ഡിപ്പോ രൂപം കൊണ്ടത് തന്നെ മലയോര മേഖലയിലേക്കുള്ള ബസുകളുടെ ക്രമീകരണത്തിനാണ്. സ്വകാര്യ ബസുകളുടെ കുത്തകയായിരുന്നു മലയോര റൂട്ട്. ജില്ലാ ആസ്ഥാനമായ കാസര്‍കോട് നിന്നും പയ്യന്നൂരില്‍ നിന്നുമൊക്കെ കൂടുതല്‍ ബസുകള്‍ ഏര്‍പ്പെടുത്തിയാല്‍ ഈ ഭാഗത്തുള്ള യാത്രക്കാര്‍ക്ക് നഗരപ്രദേശങ്ങളില്‍ എത്തിച്ചേരാം. പരപ്പ ബ്ലോക്കിന്റെ ആസ്ഥാനം വെള്ളരിക്കുണ്ടാണ്. സര്‍ക്കാര്‍ ആവശ്യങ്ങളുമായി ഒട്ടേറെ പേര്‍ക്ക് വെള്ളരിക്കുണ്ടില്‍ എത്തേണ്ടിവരും. ഇവരൊക്കെ ജീപ്പ് സര്‍വ്വീസുകളെയും സ്വന്തം വാഹനങ്ങളേയും ആശ്രയിച്ചാണ് വെള്ളരിക്കുണ്ടില്‍ എത്തുന്നത്. കൊന്നക്കാട് വെള്ളരിക്കുണ്ട് റൂട്ടില്‍ കൂടുതല്‍ ബസുകള്‍ ഏര്‍പ്പെടുത്തിയാല്‍ ഇതിന് പരിഹാരമാകും. ജോലി കഴിഞ്ഞ് തിരികെ മലയോര പ്രദേശങ്ങളിലേക്ക് എത്തിപ്പെടേണ്ടവരും ബുദ്ധിമുട്ടുന്നുണ്ട്, കണ്ണൂര്‍, കാസര്‍കോട് ഭാഗത്ത് നിന്ന് ജോലി കഴിഞ്ഞെത്തുന്നവര്‍ക്ക് രാത്രി കാലത്ത് ഒരു ബസ് ഉണ്ടായാല്‍ നന്നായിരിക്കും.

Related Articles
Next Story
Share it