യാത്രക്കാര്‍ എത്രകാലം വെയിലത്തുനില്‍ക്കണം

ദേശീയപാതവികസനവുമായി ബന്ധപ്പെട്ട ജോലികള്‍ ഇപ്പോള്‍ ഇഴഞ്ഞുനീങ്ങുകയാണ്. ആറുവരിപ്പാതയുടെ നിര്‍മാണ ജോലികള്‍ തുടങ്ങുന്നതിന് മുമ്പ് അധികൃതര്‍ ആദ്യം ദേശീയപാതയുടെ ഇരുവശങ്ങളിലുമുള്ള ബസ് സ്റ്റോപ്പുകള്‍ പൊളിച്ചുനീക്കുകയാണ് ചെയ്തത്. ദേശീയപാതയോരത്തെ മരങ്ങള്‍ വെട്ടിമാറ്റുന്നതിന് മുമ്പുതന്നെ ബസ് കാത്തിരിപ്പുകേന്ദ്രങ്ങളെല്ലാം പൊളിച്ചുമാറ്റിയിരുന്നു. അന്നുമുതല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അടക്കമുള്ള യാത്രക്കാര്‍ ബസ് കാത്തുനില്‍ക്കാന്‍ ഇടമില്ലാതെ പൊരി വെയിലത്തുനില്‍ക്കുകയാണ്. പലയിടങ്ങളിലും സ്‌കൂളിലേക്ക് പോകാന്‍ സമയത്ത് ബസ് കിട്ടാത്ത സ്ഥിതിയുണ്ട്. ഏറെ നേരം വെയിലില്‍ നില്‍ക്കേണ്ടിവരുന്ന വിദ്യാര്‍ഥികളുടെ അവസ്ഥ വളരെ ദയനീയമാണ്. ദിവസവും ജോലിക്ക് പോകുന്ന മറ്റ് യാത്രക്കാരും […]

ദേശീയപാതവികസനവുമായി ബന്ധപ്പെട്ട ജോലികള്‍ ഇപ്പോള്‍ ഇഴഞ്ഞുനീങ്ങുകയാണ്. ആറുവരിപ്പാതയുടെ നിര്‍മാണ ജോലികള്‍ തുടങ്ങുന്നതിന് മുമ്പ് അധികൃതര്‍ ആദ്യം ദേശീയപാതയുടെ ഇരുവശങ്ങളിലുമുള്ള ബസ് സ്റ്റോപ്പുകള്‍ പൊളിച്ചുനീക്കുകയാണ് ചെയ്തത്. ദേശീയപാതയോരത്തെ മരങ്ങള്‍ വെട്ടിമാറ്റുന്നതിന് മുമ്പുതന്നെ ബസ് കാത്തിരിപ്പുകേന്ദ്രങ്ങളെല്ലാം പൊളിച്ചുമാറ്റിയിരുന്നു. അന്നുമുതല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അടക്കമുള്ള യാത്രക്കാര്‍ ബസ് കാത്തുനില്‍ക്കാന്‍ ഇടമില്ലാതെ പൊരി വെയിലത്തുനില്‍ക്കുകയാണ്. പലയിടങ്ങളിലും സ്‌കൂളിലേക്ക് പോകാന്‍ സമയത്ത് ബസ് കിട്ടാത്ത സ്ഥിതിയുണ്ട്. ഏറെ നേരം വെയിലില്‍ നില്‍ക്കേണ്ടിവരുന്ന വിദ്യാര്‍ഥികളുടെ അവസ്ഥ വളരെ ദയനീയമാണ്. ദിവസവും ജോലിക്ക് പോകുന്ന മറ്റ് യാത്രക്കാരും ഏറെ ബുദ്ധിമുട്ടുന്നു. നട്ടുച്ച നേരത്ത് ബസ് കാത്തുനില്‍ക്കേണ്ടിവരുന്നവരുടെ അവസ്ഥയാണ് ഏറ്റവും സങ്കടകരം. ടൗണ്‍ ടു ടൗണ്‍ ബസുകള്‍ മാത്രം കൂടുതല്‍ സര്‍വീസ് നടത്തുന്ന ദേശീയപാതയോരത്ത് ഇത്തരം ബസുകള്‍ നിര്‍ത്താത്ത സ്റ്റോപ്പുകളിലെ യാത്രക്കാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. ഒരു തണല്‍ പോലുമില്ലാതെ കൊടുംചൂടില്‍ വിയര്‍ത്തുകുളിച്ച് ഏറെ നേരം നില്‍ക്കുമ്പോള്‍ തന്നെ ക്ഷീണം കൊണ്ട് തളര്‍ന്നുപോകുന്നവരുണ്ട്. മുമ്പുണ്ടായിരുന്ന തണല്‍മരങ്ങളൊക്കെ ദേശീയപാതയോരത്ത് നിന്ന് മുറിച്ചുനീക്കിയതിനാല്‍ എവിടെയും മാറിനില്‍ക്കാന്‍ സാധിക്കാത്ത നിസഹായവസ്ഥയിലാണ് യാത്രക്കാര്‍. ദേശീയപാതവികസനവുമായി ബന്ധപ്പെട്ട് ജില്ലയിലെ ചില ഭാഗങ്ങളില്‍ മാത്രമാണ് പ്രവൃത്തി നടക്കുന്നത്. മറ്റിടങ്ങളില്‍ ഒച്ചിന്റെ വേഗതയില്‍ പണി ഇഴഞ്ഞുനീങ്ങുന്നു. പണി താല്‍ക്കാലികമായി നിര്‍ത്തിവെച്ച സ്ഥലങ്ങളുമുണ്ട്. ദേശീയപാത വികസനപ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാതെ ഇനി ബസ് സ്‌റ്റോപ്പുകള്‍ നിര്‍മിക്കില്ല. ഇനി എന്ന് പണി തീരുമെന്ന കാര്യത്തിലും യാതൊരു നിശ്ചയവുമില്ല. അത്രയും കാലം യാത്രക്കാര്‍ വെയിലത്ത് നില്‍ക്കേണ്ടിവരുമെന്ന കാര്യത്തില്‍ സംശയമില്ല. ജില്ലയിലെ പല ഭാഗങ്ങളിലും ദേശീയപാതയോരത്ത് അപകടകരമായ സാഹചര്യങ്ങളിലാണ് കുട്ടികള്‍ അടക്കമുള്ളവര്‍ക്ക് ബസ് കാത്തുനില്‍ക്കേണ്ടിവരുന്നത്. നിയന്ത്രണം വിട്ട് ഏതെങ്കിലും വാഹനം പാഞ്ഞുവന്നാല്‍ ഒഴിഞ്ഞുമാറാന്‍ പോലും കഴിയാത്ത ഇടങ്ങള്‍ പാതയോരത്ത് ഇപ്പോള്‍ രൂപപ്പെട്ടിട്ടുണ്ട്. ദേശീയപാതയോരത്ത് ഇരട്ടിപ്പിക്കലിന്റെ ഭാഗമായി മണ്ണിട്ട് ഉയര്‍ത്തിയ സ്ഥലങ്ങളില്‍ അതിന് കീഴെ കൂട്ടംകൂട്ടമായി ബസ് കാത്തുനില്‍ക്കുന്ന വിദ്യാര്‍ഥികളെ കാണാനാകും. ഇവര്‍ക്ക് ഒഴിഞ്ഞുമാറാന്‍ സ്ഥലമില്ല. ദേശീയപാതക്കരികില്‍ പല ഭാഗങ്ങളിലും തരംതിരിച്ച് വെച്ച് പണിയെടുക്കുന്നതിനാല്‍ നടന്നുള്ള യാത്രയും ദുഷ്‌കരമാണ്. ദേശീയപാതയോരത്ത് ജോലിക്ക് തടസമാകാത്ത വിധം താല്‍ക്കാലികമായി ബസ് വെയിറ്റിംഗ് ഷെഡുകള്‍ നിര്‍മിക്കുന്നതിനെക്കുറിച്ച് അധികൃതര്‍ക്ക് ആലോചിക്കാവുന്നതാണ്. ഇക്കാര്യത്തില്‍ അധികാരികളുടെ സത്വര ശ്രദ്ധ പതിയണം.

Related Articles
Next Story
Share it