വിദ്യാലയങ്ങള്‍ തുറക്കുമ്പോള്‍

കൊറോണയ്ക്ക് ശേഷം വിദ്യാലയങ്ങള്‍ തുറക്കാന്‍ ഇനി മൂന്ന് ദിവസം മാത്രമാണ് അവശേഷിക്കുന്നത്. എല്ലാ വിദ്യാലയങ്ങളും കുട്ടികളെ സ്വീകരിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. ഒന്നരവര്‍ഷത്തെ ഇടവേളക്ക് ശേഷം വിദ്യാലയങ്ങള്‍ തുറക്കുമ്പോള്‍ കുട്ടികള്‍ ഏറെ ഉത്സാഹത്തോടെയാണ് സ്‌കൂളുകളിലേക്ക് പോകാന്‍ തയ്യാറെടുക്കുന്നത്. അതുപോലെതന്നെ കുട്ടികളെ സ്വീകരിക്കാന്‍ വിദ്യാലയങ്ങളും അധ്യാപകരും ഒരുങ്ങിക്കഴിഞ്ഞു. വീടുകളില്‍ അടച്ചുപൂട്ടിയിരുന്ന അന്തരീക്ഷത്തില്‍ നിന്ന് തുറന്ന ലോകത്തിലേക്ക് വിദ്യാര്‍ത്ഥികള്‍ എത്തുമ്പോള്‍ കോവിഡ് ചടങ്ങള്‍ പാലിച്ചുകൊണ്ട് വേണം അധ്യയനം ആരംഭിക്കാന്‍. രാജ്യത്ത് കോവിഡ് നന്നേ കുറഞ്ഞിട്ടുണ്ടെങ്കിലും നമ്മുടെ സംസ്ഥാനത്ത് ഇപ്പോഴും പ്രതിദിന കോവിഡ് രോഗികളുടെ […]

കൊറോണയ്ക്ക് ശേഷം വിദ്യാലയങ്ങള്‍ തുറക്കാന്‍ ഇനി മൂന്ന് ദിവസം മാത്രമാണ് അവശേഷിക്കുന്നത്. എല്ലാ വിദ്യാലയങ്ങളും കുട്ടികളെ സ്വീകരിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. ഒന്നരവര്‍ഷത്തെ ഇടവേളക്ക് ശേഷം വിദ്യാലയങ്ങള്‍ തുറക്കുമ്പോള്‍ കുട്ടികള്‍ ഏറെ ഉത്സാഹത്തോടെയാണ് സ്‌കൂളുകളിലേക്ക് പോകാന്‍ തയ്യാറെടുക്കുന്നത്. അതുപോലെതന്നെ കുട്ടികളെ സ്വീകരിക്കാന്‍ വിദ്യാലയങ്ങളും അധ്യാപകരും ഒരുങ്ങിക്കഴിഞ്ഞു. വീടുകളില്‍ അടച്ചുപൂട്ടിയിരുന്ന അന്തരീക്ഷത്തില്‍ നിന്ന് തുറന്ന ലോകത്തിലേക്ക് വിദ്യാര്‍ത്ഥികള്‍ എത്തുമ്പോള്‍ കോവിഡ് ചടങ്ങള്‍ പാലിച്ചുകൊണ്ട് വേണം അധ്യയനം ആരംഭിക്കാന്‍. രാജ്യത്ത് കോവിഡ് നന്നേ കുറഞ്ഞിട്ടുണ്ടെങ്കിലും നമ്മുടെ സംസ്ഥാനത്ത് ഇപ്പോഴും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 7000 ത്തിന് താഴേക്ക് എത്തിയിട്ടില്ല. നൂറോളം കോവിഡ് മരങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ സാമൂഹ്യ അകലം പാലിക്കാനും മാസ്‌ക് ധരിക്കാനും സാനിറ്റൈസര്‍ ഉപയോഗിക്കാനും കുട്ടികളെ സജ്ജരാക്കണം. അധ്യാപകരാണ് അതിന് കുട്ടികള്‍ക്ക് നിര്‍ദ്ദേശം നല്‍കേണ്ടത്. 18 വയസിന് താഴെയുള്ളവര്‍ക്ക് ഇതുവരെ വാക്‌സിന്‍ നല്‍കിത്തുടങ്ങിയിട്ടില്ല. വാക്‌സിന് അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും വിവിധ ഘട്ട പരീക്ഷണങ്ങളിലാണുള്ളത്. കുട്ടികള്‍ക്ക് വിദ്യാലയങ്ങളില്‍ നിന്ന് തന്നെ വാക്‌സിന്‍ നല്‍കാനുള്ള സംവിധാനം ഉണ്ടാവണം. ഒന്നരവര്‍ഷത്തോളം എല്ലാം മുടങ്ങിക്കിടന്ന സാഹചര്യത്തില്‍ എല്ലാം ഒന്നില്‍ നിന്ന് തുടങ്ങേണ്ടിയിരിക്കുന്നു. കുട്ടികളുടെ യാത്രാ സൗകര്യം ഉറപ്പുവരുത്താനാണ് ആദ്യം നടപടി വേണ്ടത്. സ്‌കൂള്‍ ബസുകളിലും കോണ്‍ട്രാക്ട് കാര്യേജുകളിലും ഓട്ടോകളിലും പരമാവധി കയറ്റാവുന്ന കുട്ടികളുടെ എണ്ണത്തില്‍ വരുത്തിയ നിയന്ത്രണമാണ് വലിയ പ്രശ്‌നമാവുന്നത്. ബസുകളില്‍ ഒരു സീറ്റില്‍ ഒരു കുട്ടി എന്ന നിബന്ധന വരുമ്പോള്‍ ഒരേ റൂട്ടില്‍ തന്നെ പല തവണ സര്‍വ്വീസ് നടത്തേണ്ടിവരും. നേരത്തെ തന്നെ സ്‌കൂള്‍ ബസുകളുടെ നടത്തിപ്പിന് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്നുണ്ടെന്ന പരാതിയുണ്ട്. ഇതുകൂടിയാവുമ്പോള്‍ കാര്യങ്ങള്‍ വലിയ പ്രതിസന്ധിയിലേക്ക് പോകും. ഡ്രൈവറുടെയും സഹായിയുടെയും വേതനത്തിന് പുറമെ അടിക്കടിയുള്ള ഡീസല്‍ വിലവര്‍ധന കൂടി പരിഗണിക്കുമ്പോള്‍ ബസ് സര്‍വ്വീസ് നടത്തിക്കൊണ്ടുപോകാനാവില്ലെന്നാണ് സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ പറയുന്നത്. ഒന്നര വര്‍ഷത്തോളമായി ബസുകളത്രയും സ്‌കൂള്‍ കോമ്പൗണ്ടുകളില്‍ കട്ടപ്പുറത്താണ്. ഇവ നന്നാക്കി ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചാലേ ഇവ കട്ടപ്പുറത്ത് നിന്ന് താഴെ ഇറക്കാനാവൂ. ഇക്കാര്യത്തില്‍ അധികൃതര്‍ തന്നെയാണ് സുതാര്യമായ തീരുമാനം എടുക്കേണ്ടത്. ബസുകള്‍ ഇല്ലാത്ത വിദ്യാലയങ്ങളില്‍ കുട്ടികള്‍ ഓട്ടോകളിലാണ് യാത്ര ചെയ്യുന്നത്. രണ്ടു കുട്ടികളെ മാത്രമേ ഒരേസമയം കയറ്റാവൂ എന്നാണ് നിബന്ധന. ഇത് ഡ്രൈവര്‍മാര്‍ക്ക് വലിയ നഷ്ടമുണ്ടാക്കും. അഞ്ചുകുട്ടികള്‍ക്കാണ് കൊറോണക്ക് മുമ്പ് അനുമതി ഉണ്ടായിരുന്നത്. അന്ന്് ഏഴും എട്ടും വരെ കുട്ടികളെ കൊണ്ടുപോകുന്ന സ്ഥിതിയാണുണ്ടായിരുന്നത്. രണ്ട് കുട്ടികളെ മാത്രം കയറ്റിക്കൊണ്ടുപോകുമ്പോള്‍ ഏഴ് കുട്ടികളെ കൊണ്ടുപോകുന്നതിനുള്ള ചാര്‍ജ് രണ്ട് കുട്ടികള്‍ക്ക് മാത്രം നല്‍കേണ്ടിവരും. ഇത് സാധാരണക്കാരായ രക്ഷിതാക്കള്‍ക്ക് വലിയ ബാധ്യതയുണ്ടാക്കും. കെ.എസ്.ആര്‍.ടി.സി. ബസുകള്‍ വിദ്യാലയങ്ങള്‍ക്ക് വിട്ടുനല്‍കാന്‍ സര്‍ക്കാര്‍ ആലോചിച്ചിരുന്നു. എന്നാല്‍ വലിയ വാടക വരുമെന്നതിനാല്‍ പല വിദ്യാലയങ്ങളും അതില്‍ നിന്ന് പിന്മാറി. സ്‌കൂളുകള്‍ ഇനിയും അടച്ചിടാനാവില്ലെന്നത് യാഥാര്‍ത്ഥ്യമാണ്. മറ്റ് സംസ്ഥാനങ്ങളിലൊക്കെ വിദ്യാലയങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. ഇവിടെ കോവിഡ് രോഗികളുടെ എണ്ണം കൂടുതലാണെങ്കിലും കുട്ടികളിലെ കോവിഡ് പ്രതിരോധ ശേഷി ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണെന്നത് അനുകൂലഘടകമാണ്. എന്തായാലും ലോകം കോവിഡിനൊപ്പം ജീവിച്ചുതുടങ്ങിയ സാഹചര്യത്തില്‍ കുട്ടികളും അതിന്റെ ഭാഗമാകട്ടെ.

Related Articles
Next Story
Share it