എല്ലാവര്‍ക്കും ഭക്ഷണം യാഥാര്‍ത്ഥ്യമാക്കണം

ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 16ന് ലോക ഭക്ഷ്യ ദിനം ആചരിക്കുകയുണ്ടായി. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളില്‍ പ്രധാനമായ ഭക്ഷണ ലഭ്യത ഇനിയും ഉറപ്പുവരുത്താന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. 2019ല്‍ 690 മില്യണ്‍ ജനങ്ങള്‍ പട്ടിണിയിലായിരുന്നുവെന്ന് യൂണിസെഫ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലോക ഭക്ഷ്യ, കാര്‍ഷിക സംഘടനയുടെ നിര്‍വ്വചന പ്രകാരം മുഴുവന്‍ ആളുകള്‍ക്കും അവരുടെ ആരോഗ്യകരമായ ജീവിതത്തിനുതകും വിധം ഹാനികരമല്ലാത്തതും പോഷക സമ്പുഷ്ടവുമായ ഭക്ഷ്യ ലഭ്യത ഉറപ്പുവരുത്തുന്നതാണ് ഭക്ഷ്യ സുരക്ഷ. നാലു ഘടകങ്ങളെ ഭക്ഷ്യ സുരക്ഷയുടെ അടിസ്ഥാന ശിലകളായി വിലയിരുത്തുന്നു. ഇതില്‍ ഏറ്റവും പ്രധാനം […]

ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 16ന് ലോക ഭക്ഷ്യ ദിനം ആചരിക്കുകയുണ്ടായി. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളില്‍ പ്രധാനമായ ഭക്ഷണ ലഭ്യത ഇനിയും ഉറപ്പുവരുത്താന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. 2019ല്‍ 690 മില്യണ്‍ ജനങ്ങള്‍ പട്ടിണിയിലായിരുന്നുവെന്ന് യൂണിസെഫ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലോക ഭക്ഷ്യ, കാര്‍ഷിക സംഘടനയുടെ നിര്‍വ്വചന പ്രകാരം മുഴുവന്‍ ആളുകള്‍ക്കും അവരുടെ ആരോഗ്യകരമായ ജീവിതത്തിനുതകും വിധം ഹാനികരമല്ലാത്തതും പോഷക സമ്പുഷ്ടവുമായ ഭക്ഷ്യ ലഭ്യത ഉറപ്പുവരുത്തുന്നതാണ് ഭക്ഷ്യ സുരക്ഷ. നാലു ഘടകങ്ങളെ ഭക്ഷ്യ സുരക്ഷയുടെ അടിസ്ഥാന ശിലകളായി വിലയിരുത്തുന്നു. ഇതില്‍ ഏറ്റവും പ്രധാനം എല്ലാവര്‍ക്കും ഉപയോഗിക്കാനാവും വിധം അവരവരുടെ പ്രദേശത്ത് ഭക്ഷ്യ ലഭ്യത ഉറപ്പുവരുത്തുകയാണ്.
സമൂഹത്തിലെ എല്ലാ തരത്തിലുമുള്ള ആളുകള്‍ക്ക് ഭക്ഷ്യ വസ്തുക്കള്‍ എളുപ്പത്തില്‍ ലഭ്യമാക്കാനും കഴിയണം. ആളുകള്‍ക്ക് അവരവരുടെ ആരോഗ്യത്തിനും അഭിവൃദ്ധിക്കും ഉതകും വിധം ഭക്ഷ്യ വസ്തുക്കള്‍ ഉപയോഗിക്കാന്‍ സാധിക്കണം. ഇത് എല്ലാ കാലത്തും ലഭ്യമായിരിക്കുകയും വേണം.
1970കളിലാണ് ഭക്ഷ്യ സുരക്ഷ എന്ന ആശയം രൂപപ്പെട്ടുവരുന്നത്. ഭക്ഷ്യോല്‍പാദനം, വിതരണം, അടിസ്ഥാന ഭക്ഷ്യ വസ്തുക്കളുടെ ലഭ്യത എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കേന്ദ്രീകരിച്ചായിരുന്നു ഈ ഘട്ടത്തില്‍ ഭക്ഷ്യ സുരക്ഷ നിലകൊണ്ടിരുന്നത്. ഇതുമായി ബന്ധപ്പെട്ട നയ രൂപീകരണത്തിനും സംഘാടനത്തിനുമായി 1974ല്‍ ആദ്യത്തെ ആഗോളഭക്ഷ്യസമ്മേളനം റോമില്‍ നടന്നു. തന്താങ്ങളുടെ ശാരീരികവും മാനസികവുമായ കഴിവുകളെ വികസിപ്പിക്കുന്നതിലേക്കായി ഓരോ പുരുഷനും സ്ത്രീക്കും കുട്ടികള്‍ക്കും പട്ടിണിയില്‍ നിന്നും പോഷണ ശോഷണത്തില്‍ നിന്നും മോചിതരാവാനുള്ള പൂര്‍ണ്ണമായ അവകാശമുണ്ട് എന്നതായിരുന്നു ആഗോള ഭക്ഷ്യ സമ്മേളനത്തിന്റെ മുഖവാക്യം.
ഭക്ഷ്യവസ്തുക്കളുടെ ഇല്ലായ്മ മാത്രമല്ല സമീകൃതാഹാരം, സൂക്ഷ്മ പോഷണം എന്നിവയുടെ അഭാവവും ഈയിനത്തില്‍ ഉള്‍പ്പെടുന്നു. വിറ്റാമിനുകള്‍ ഉള്‍പ്പെടുന്ന സൂക്ഷ്മ പോഷണ അഭാവത്തെ പൊതുവായി ഹിഡന്‍ ഹംഗര്‍ എന്നു വിളിക്കുന്നു.
പോഷണ ശോഷണം, ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഇല്ലായ്മ, ഗുണമേന്മയില്ലായ്മ, വൈവിധ്യമില്ലായ്മ എന്നിവ ഭക്ഷ്യ അരക്ഷിതത്വത്തിന് കീഴില്‍ വരുന്നു. ജൈവ വൈവിധ്യം, ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ അടിസ്ഥാന ഘടകങ്ങളാണ്. ഈ ഘടകങ്ങള്‍ എത്രത്തോളം ശക്തമാവുന്നുവോ അത്രത്തോളം ഭക്ഷ്യ സുരക്ഷയുടെ സ്ഥിതിയും സ്ഥിരപ്പെട്ടു നില്‍ക്കുന്നു. കാലാവസ്ഥാ വ്യതിയാനം, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍, വര്‍ധിച്ചു വരുന്ന ജനസംഖ്യ, ജല ദൗര്‍ലഭ്യം, മഹാമാരികള്‍, രാജ്യങ്ങളുടെ രാഷ്ട്രീയവും സാമ്പത്തികവുമായ അസ്ഥിരത, ഭക്ഷ്യ വ്യാപാര ഉടമ്പടികളും വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളും എന്നിവ ഭക്ഷ്യ സുരക്ഷയ്ക്ക് വെല്ലുവിളിയാണ്. ഇതിനെയൊക്കെ മറികടന്നുവേണം ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താന്‍. കോവിഡ് മഹാമാരി എല്ലാ രാജ്യങ്ങളെയും തളര്‍ത്തിക്കഴിഞ്ഞിരിക്കയാണ്. അത് സൃഷ്ടിച്ച ആഘാതം തിരിച്ചറിയാന്‍ ഇനിയും ഒട്ടേറെ സമയമെടുക്കും. ചുരുങ്ങിയത് 83 മുതല്‍ 132 മില്യണ്‍ ജനങ്ങള്‍ ഇനിയും പട്ടിണിയിലേക്ക് നീങ്ങുമെന്ന് യൂണിസെഫ് കണക്കുകൂട്ടുന്നു.
കഴിഞ്ഞ ഒരുവര്‍ഷത്തോളം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കോവിഡില്‍ വലയുന്ന ജനങ്ങള്‍ക്ക് ഭക്ഷ്യധാന്യകിറ്റുകള്‍ സൗജന്യമായി വിതരണം ചെയ്യുകയുണ്ടായി. ലോക്ഡൗണ്‍ മൂലം എല്ലാം അടച്ചുപൂട്ടിയപ്പോള്‍ തൊഴിലും കൂലിയും എല്ലാം നിഷേധിക്കപ്പെട്ട വലിയൊരു ജന വിഭാഗം ഉണ്ടായിരുന്നു. അവര്‍ക്ക് വലിയ ആശ്വാസമായിരുന്നു ഭക്ഷ്യകിറ്റ്. ഓരോ മാസവും കോടിക്കണക്കിന് രൂപയാണ് കേന്ദ്രത്തിനും സംസ്ഥാന സര്‍ക്കാരിനും ഇതിനായി നീക്കിവെക്കേണ്ടിവന്നത്. ഇപ്പോഴും തൊഴില്‍ നഷ്ടപ്പെട്ട പതിനായിരങ്ങള്‍ രാജ്യത്തുണ്ട്. ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തി അവരുടെ വിശപ്പ് മാറ്റാനുള്ള നടപടികള്‍ വേണം.

Related Articles
Next Story
Share it