ഇനി വേണ്ടത് കുട്ടികള്‍ക്കുള്ള വാക്‌സിന്‍

മഹാമാരിക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യ ചരിത്ര നേട്ടം കൈവരിച്ചിരിക്കുകയാണ്. രാജ്യത്ത് കുത്തിവെപ്പ് എടുത്തവരുടെ എണ്ണം 100 കോടി പിന്നിട്ടിരിക്കുകയാണ്. ജനുവരി 16 ന് തുടങ്ങി ഒമ്പത് മാസം പിന്നിടുമ്പോഴാണ് സുപ്രധാനമായ നേട്ടം കൈവരിച്ചിരിക്കുന്നത്. ഇന്ത്യയുടെ നേട്ടത്തെ ലോകാരോഗ്യ സംഘടനയും ലോക നേതാക്കളും അഭിനന്ദിച്ചിട്ടുണ്ട്. രാജ്യത്തെ പ്രായപൂര്‍ത്തിയായ 75 ശതമാനത്തോളം പേര്‍ക്ക് ഇതുവരെ ഒരു ഡോസ് വാക്‌സിനെങ്കിലും നല്‍കിക്കഴിഞ്ഞു. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ വാക്‌സിന്‍ നല്‍കിയത്. നൂറ് വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ […]

മഹാമാരിക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യ ചരിത്ര നേട്ടം കൈവരിച്ചിരിക്കുകയാണ്. രാജ്യത്ത് കുത്തിവെപ്പ് എടുത്തവരുടെ എണ്ണം 100 കോടി പിന്നിട്ടിരിക്കുകയാണ്. ജനുവരി 16 ന് തുടങ്ങി ഒമ്പത് മാസം പിന്നിടുമ്പോഴാണ് സുപ്രധാനമായ നേട്ടം കൈവരിച്ചിരിക്കുന്നത്. ഇന്ത്യയുടെ നേട്ടത്തെ ലോകാരോഗ്യ സംഘടനയും ലോക നേതാക്കളും അഭിനന്ദിച്ചിട്ടുണ്ട്. രാജ്യത്തെ പ്രായപൂര്‍ത്തിയായ 75 ശതമാനത്തോളം പേര്‍ക്ക് ഇതുവരെ ഒരു ഡോസ് വാക്‌സിനെങ്കിലും നല്‍കിക്കഴിഞ്ഞു. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ വാക്‌സിന്‍ നല്‍കിയത്. നൂറ് വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ മഹാമാരിക്കെതിരെയുള്ള പ്രതിരോധമാണ് രാജ്യം തീര്‍ത്തിരിക്കുന്നത്. രാജ്യത്തെ ആരോഗ്യ മേഖല കൈവരിച്ച ഈ ചരിത്രനേട്ടം ഭാവിയിലേക്കുള്ള ചൂണ്ടുപലക കൂടിയാണെന്നതില്‍ സംശയമില്ല. വാക്‌സിന്‍ നല്‍കുന്ന കാര്യത്തില്‍ കേരളവും ഒട്ടും പിന്നിലായിരുന്നില്ല. 95 ശതമാനത്തിന് മുകളില്‍ ആദ്യ ഡോസ് നല്‍കാന്‍ കേരളത്തിന് കഴിഞ്ഞു. മൊത്തം ജനസംഖ്യയുടെ 72 ശതമാനത്തിനു മുകളിലാണിത്. ഇന്ത്യയില്‍ ഇതുവരെ ഉപയോഗിച്ച വാക്‌സിനുകളില്‍ 98 ശതമാനത്തിലധികവും ഇവിടെ നിര്‍മ്മിക്കപ്പെട്ടവയാണ്. ഇതില്‍ 14 ശതമാനം തദ്ദേശിയമായി നിര്‍മ്മിച്ച കോവാക്‌സിനാണ്. ഇന്ത്യയില്‍ 100 കോടി ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കിയതിനൊപ്പം 6.6 കോടി കോവാക്‌സിന്‍ 95 രാജ്യങ്ങളിലേക്കായി കയറ്റുമതിചെയ്യുകയും ചെയ്തു. ഇതില്‍ ഒരു കോടിയിലധികവും മൂന്നാം ലോക രാഷ്ട്രങ്ങള്‍ക്ക് സൗജന്യമായി നല്‍കിയതാണ്. ഇന്ത്യയെപ്പോലുള്ള അതിബൃഹത്തായ നാട്ടില്‍ 130 കോടി ജനങ്ങള്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്യുക എന്നത് വലിയ കടമ്പ തന്നെയായിരുന്നു. ഇതില്‍ 100 കോടി പിന്നിട്ടതോടെ ആ കടമ്പ എത്രയും പെട്ടെന്ന് കടക്കാനാവുമെന്നതില്‍ സംശയം വേണ്ട. വാക്‌സിന്‍ സൗജന്യമായി ജനങ്ങള്‍ക്ക് നല്‍കാനാവുമോ എന്ന ആശങ്ക കേന്ദ്ര സര്‍ക്കാരിന്റെ മുമ്പിലുണ്ടായിരുന്നു. എന്നാല്‍ ഘട്ടം ഘട്ടമായി അത് പരിഹരിക്കുകയും സൗജന്യമായി എല്ലാവര്‍ക്കും വാക്‌സിന്‍ വിതരണം ചെയ്യാനുമായി. ഇനിയും നമുക്ക് ഏറെ മുമ്പോട്ട് പോകാനുണ്ട്. രാജ്യത്തെ 30 ശതമാനം ആളുകള്‍ക്കേ രണ്ട് ഡോസ് വാക്‌സിന്‍ നല്‍കാനായിട്ടുള്ളൂ. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഒന്നും രണ്ടും ഡോസുകള്‍ തമ്മിലുള്ള ഇടവേള വളരെ കൂടുതലാണ്. 84 ദിവസത്തെ ഇടവേളക്ക് ശേഷമാണിപ്പോള്‍ രണ്ടാം ഡോസ് നല്‍കുന്നത്. സമൂഹത്തിലെ ഒട്ടേറെ വിഭാഗങ്ങള്‍ പങ്കുചേര്‍ന്ന ഭഗീരഥ പ്രയത്‌നത്തിലൂടെയാണീ നേട്ടം എത്തിപ്പിടിക്കാനായത്. ഇന്ത്യ പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചപ്പോള്‍ പല വന്‍കിട രാഷ്ട്രങ്ങളും പരിഹാസത്തോടെയാണ് നമ്മളെ നോക്കിയത്. മൂന്നോ നാലോ വര്‍ഷം എടുക്കാതെ കുത്തിവെപ്പ് പൂര്‍ത്തിയാക്കാനാവില്ലെന്ന് പലരും പറഞ്ഞു. വാക്‌സിനേഷന്‍ എടുക്കാന്‍ ആളുകള്‍ മുന്നോട്ട് വരില്ലെന്നായിരുന്നു ചില രാജ്യങ്ങളുടെ കണ്ടെത്തല്‍. എന്നാല്‍ അതിനെയെല്ലാം അതിജീവിച്ചുകൊണ്ട് 100 കോടി പിന്നിട്ടിരിക്കയാണ് നാം. ഈ അവസരത്തില്‍ ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിച്ചേ പറ്റൂ. കുന്നുകളും നദികളുമൊക്കെ കടന്ന് ചെന്ന് ജനങ്ങള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കി. വിരലിലെണ്ണാവുന്ന രാജ്യങ്ങള്‍ മാത്രമാണ് സ്വന്തമായി വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്. ഇന്ത്യ സ്വന്തമായി വാക്‌സിന്‍ വികസിപ്പിച്ചെടുത്തിരുന്നില്ലെങ്കില്‍ നമുക്ക് ഈ കടമ്പ കടക്കാനാവുമായിരുന്നില്ല. അവസരത്തിനൊത്ത് ഇന്ത്യയിലെ ശാസ്ത്രജ്ഞരും സംരംഭകരും ഉണര്‍ന്നു പ്രവര്‍ത്തിച്ചു. ഇനി വേണ്ടത് ചെറിയ കുട്ടികളുടെയും 18 വയസിന് താഴെയുള്ളവരുടെയും വാക്‌സിന്‍ വിതരണമാണ്. 12 വയസ് മുതല്‍ 18 വയസുവരെയുള്ളവര്‍ക്കാണ് ആദ്യം വാക്‌സിന്‍ നല്‍കേണ്ടത്. അതിനു ശേഷം വേണം ചെറിയ കുട്ടികള്‍ക്കുള്ള വാക്‌സിന്‍ നല്‍കാന്‍. കുട്ടികള്‍ക്ക് ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ നല്‍കാനുള്ള ശുപാര്‍ശ ഡ്രഗ് കണ്‍ട്രോള്‍ ബ്യൂറോയുടെ വിവിധ പരിശോധനയിലാണ്. കൂടുതല്‍ പരിശോധന നടത്താതെ വാക്‌സിന്‍ നല്‍കാനാവില്ല. വാക്‌സിന്റെ ലഭ്യതയും ഉറപ്പുവരുത്തേണ്ടതുണ്ട്. 18 വയസിന് താഴെയുള്ളവര്‍ക്ക് കൂടി വാക്‌സിന്‍ നല്‍കേണ്ടിവരുമ്പോള്‍ കൂടുതല്‍ വാക്‌സിന്‍ കണ്ടെത്തേണ്ടിവരും. വിദ്യാലയങ്ങള്‍ തുറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതിന് മുമ്പ് വാക്‌സിന്‍ നല്‍കുക എന്നത് പ്രായോഗികമല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ തന്നെ ക്യാമ്പ് സംഘടിപ്പിച്ച് വാക്‌സിന്‍ നല്‍കാന്‍ കഴിയണം.

Related Articles
Next Story
Share it