ദുരന്തങ്ങളില്‍ നിന്ന് പാഠം പഠിക്കണം

കഴിഞ്ഞ ഏതാനും വര്‍ഷമായി കേരളം വലിയ മഴക്കെടുതികള്‍ക്ക് ഇരയായിക്കൊണ്ടിരിക്കയാണ്. ഓരോ വര്‍ഷവും വീടുകളും കൃഷിയിടങ്ങളും അപ്പാടെ തുടച്ചുമാറ്റിക്കൊണ്ടാണ് നാശം വിതക്കുന്നത്. കുട്ടികള്‍ ഉള്‍പ്പെടെ ഒട്ടേറെ പേരെ മഴക്കെടുതിയില്‍ നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയുമാണ്. വര്‍ഷങ്ങളായി ഇത് തുടര്‍ന്നു വന്നിട്ടും നാം എന്ത് പാഠം പഠിച്ചു എന്നത് ആലോചിക്കേണ്ടതാണ്. ദുരന്തമുന്നറിയിപ്പ് പല തവണ ഉണ്ടായിട്ടും അത് അവഗണിക്കുന്നതാണ് കേരളത്തിലെ ആവര്‍ത്തിച്ചുള്ള അപകടങ്ങള്‍ക്ക് കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. മലയോര മേഖലകളില്‍ മണ്ണ് തുരന്നെടുക്കുകയും ഒരു നിയന്ത്രണവുമില്ലാതെ ക്വാറികള്‍ പുതുതായി വന്നുകൊണ്ടിരിക്കുകയുമാണ്. മണിമലയാറിന് 500 […]

കഴിഞ്ഞ ഏതാനും വര്‍ഷമായി കേരളം വലിയ മഴക്കെടുതികള്‍ക്ക് ഇരയായിക്കൊണ്ടിരിക്കയാണ്. ഓരോ വര്‍ഷവും വീടുകളും കൃഷിയിടങ്ങളും അപ്പാടെ തുടച്ചുമാറ്റിക്കൊണ്ടാണ് നാശം വിതക്കുന്നത്. കുട്ടികള്‍ ഉള്‍പ്പെടെ ഒട്ടേറെ പേരെ മഴക്കെടുതിയില്‍ നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയുമാണ്. വര്‍ഷങ്ങളായി ഇത് തുടര്‍ന്നു വന്നിട്ടും നാം എന്ത് പാഠം പഠിച്ചു എന്നത് ആലോചിക്കേണ്ടതാണ്. ദുരന്തമുന്നറിയിപ്പ് പല തവണ ഉണ്ടായിട്ടും അത് അവഗണിക്കുന്നതാണ് കേരളത്തിലെ ആവര്‍ത്തിച്ചുള്ള അപകടങ്ങള്‍ക്ക് കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. മലയോര മേഖലകളില്‍ മണ്ണ് തുരന്നെടുക്കുകയും ഒരു നിയന്ത്രണവുമില്ലാതെ ക്വാറികള്‍ പുതുതായി വന്നുകൊണ്ടിരിക്കുകയുമാണ്. മണിമലയാറിന് 500 മീറ്റര്‍ ചുറ്റളവില്‍ 217 ഇടത്ത് ഖനനം നടക്കുന്നുണ്ടത്രെ. കോട്ടയത്ത് ഇത്തവണ വലിയ നാശം വിതച്ച പ്രദേശങ്ങളില്‍ 14 ലേറെ ക്വാറികളും പ്രവര്‍ത്തിക്കുന്നു. ഏത് ഘട്ടത്തിലും പൊട്ടിത്തകരാറിലാവുന്ന വിധത്തില്‍ ദുര്‍ബലമാണ് കേരളത്തിലെ പശ്ചിമഘട്ട നിരകള്‍. ഉരുള്‍പൊട്ടലില്‍ മനുഷ്യര്‍ ഒലിച്ചുപോയ ഇടങ്ങളെല്ലാം ഇതില്‍പ്പെട്ടതാണ്. മണിമലയാറിന് അടുത്തുള്ള ക്വാറികളിലേറെയും പ്രവര്‍ത്തനാനുമതി ഇല്ലാത്തതാണത്രെ. പുഴകളുടെയും കൈവഴികളുടെയും തീരത്തിന് 100 മീറ്റര്‍ അടുത്തുപോലും ക്വാറികളുണ്ടത്രെ. ഇത്തരത്തില്‍ 297 എണ്ണം കോട്ടയത്തും 209 എണ്ണം ഇടുക്കിയിലുമുണ്ട്. ജനസാന്ദ്രത കൂടിയതും അതിവേഗം നടക്കുന്ന നഗരവല്‍ക്കരണവുമാണ് പരിസ്ഥിതി ചൂഷണത്തിന്റെ തോത് ഉയരാന്‍ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 2011 ലെ സെന്‍സസ് പ്രകാരം ദേശീയ ജനസാന്ദ്രത ശരാശരി ഒരു ചതുരശ്ര കിലോമീറ്ററിന് 382 പേരാണെങ്കില്‍ കേരളത്തില്‍ ഇത് 860 ആണ്. പരിസ്ഥിതിയുടെയും പ്രകൃതി വിഭവങ്ങളുടെയും മേലുള്ള കയ്യേറ്റം ഓരോ വര്‍ഷവും ഏറിവരികയാണ്. ഈ സമ്മര്‍ദ്ദങ്ങളുടെ പരിണിത ഫലം തന്നെയാണ് നാം അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഒരു ദിവസം മഴ നിര്‍ത്താതെ പെയ്താല്‍ സ്തംഭിക്കുന്ന പ്രദേശമായി മാറിയിരിക്കുകയാണ് കേരളത്തിലെ മിക്കയിടങ്ങളും. പതിവില്ലാത്ത വിധം അറബിക്കടലില്‍ വായു മര്‍ദ്ദങ്ങള്‍ ഉണ്ടാവുകയും കടലേറ്റവും മലയിടിച്ചിലും പതിവ് സംഭവങ്ങളായിമാറിക്കൊണ്ടിരിക്കുകയുമാണ്. പശ്ചിമഘട്ട വികസന സമിതി അധ്യക്ഷനും പ്രമുഖ പരിസ്ഥിതി വിദഗ്ധനുമായ മാധവ് ഗാഡ്ഗില്‍ പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പശ്ചിമ ഘട്ട വിദഗ്ധസമിതി വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ബന്ധപ്പെട്ടവര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. അതിലെ നിര്‍ദ്ദേശങ്ങള്‍ ഒന്ന് മറിച്ചു നോക്കാന്‍ പോലും ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായിരുന്ന ഇടുക്കി, വയനാട്, കോട്ടയം പോലുള്ള പ്രദേശങ്ങള്‍ സമിതിയുടെ റിപ്പോര്‍ട്ടില്‍ അത് പരിസ്ഥിതി ലോല പ്രദേശങ്ങളായി ശേഖരപ്പെടുത്തിയിട്ടുള്ളതാണ്. ക്വാറികള്‍ക്ക് ആദ്യം നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ക്വാറികളില്‍ സ്‌ഫോടനം നടക്കുമ്പോള്‍ ചുറ്റുപാടുമുള്ള ക്വാറികളിലെ പാറകളുടെ ഘടനയെ അത് ബാധിക്കുന്നു. പാറകളുടെ വിഘടനത്തിന് കാരണമാകുന്നതോടെ പ്രദേശം തന്നെ ദുര്‍ബലമായിപ്പോകുന്നു. ഇതൊക്കെ ലംഘിക്കപ്പെടുമ്പോള്‍ പ്രകൃതി ദുരന്തങ്ങളുടെ ഇടവേളകള്‍ കുറഞ്ഞുവരികയാണ്. കാലാവസ്ഥാ പ്രതിസന്ധി, സമുദ്ര നിരപ്പ് ഉയരല്‍, ചുഴലിക്കാറ്റുകള്‍ ഉണ്ടാവുന്നത് ഇതെല്ലാം അടിക്കടി നമ്മേ വേട്ടയാടപ്പെടുകയാണ്. മഹാരാഷ്ട്ര തീരങ്ങളും ഗുജറാത്ത് തീരങ്ങളും കണ്ട ചുഴലിക്കാറ്റുകളാണ് ഇപ്പോള്‍ കേരളതീരത്തേക്കും ആഞ്ഞുവീശാന്‍ തുടങ്ങിയത്. പരിസ്ഥിതിയെ നശിപ്പിച്ചുകൊണ്ടുള്ള ഈ പോക്ക് വിനാശകരമെന്നതില്‍ തര്‍ക്കമില്ല. ഇനിയും പാഠം പഠിച്ചില്ലെങ്കില്‍ നമുക്ക് വലിയ വില നല്‍കേണ്ടിവരും.

Related Articles
Next Story
Share it