ജില്ലക്ക് കായിക രംഗത്തും വികസനം വേണം

കാസര്‍കോട് ജില്ലയുടെ പിന്നോക്കാവസ്ഥ മാറ്റുന്നതിന് ഒട്ടേറെ പദ്ധതികള്‍ വിഭാവനം ചെയ്തിട്ടുണ്ടെങ്കിലും അതെല്ലാം പാതിവഴിയില്‍ മുടങ്ങിക്കിടക്കുകയോ തുടക്കം കുറിക്കാതിരിക്കുകയോ ചെയ്യുന്നവയാണ്. കാസര്‍കോട് വികസന പാക്കേജില്‍ തന്നെ കോടികളുടെ പദ്ധതി വെളിച്ചം കാണാതെ കിടക്കുന്നു. വൈദ്യുതി, കുടിവെള്ളം, വ്യവസായം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ ഇനിയും നമുക്ക് ഒട്ടേറെ ദൂരം മുന്നേറാനുണ്ട്. ഇതിനൊക്കെ പുറമെ പലമേഖലകളിലേക്കും വികസനത്തിന്റെ വെള്ളിവെളിച്ചമെത്തിക്കുമെന്ന് മന്ത്രിമാരും ജനപ്രതിനിധികളുമൊക്കെ പറഞ്ഞുകൊണ്ടിരിക്കുന്നുണ്ടെങ്കിലും ഒന്നും യാഥാര്‍ത്ഥ്യമാവുന്നില്ല. കായിക രംഗത്ത് മറ്റ് ജില്ലകള്‍ ഒട്ടേറെ ദൂരം പോയിട്ടുണ്ടെങ്കിലും ഇവിടെ അതിലും പ്രാരംഭഘട്ടത്തില്‍ […]

കാസര്‍കോട് ജില്ലയുടെ പിന്നോക്കാവസ്ഥ മാറ്റുന്നതിന് ഒട്ടേറെ പദ്ധതികള്‍ വിഭാവനം ചെയ്തിട്ടുണ്ടെങ്കിലും അതെല്ലാം പാതിവഴിയില്‍ മുടങ്ങിക്കിടക്കുകയോ തുടക്കം കുറിക്കാതിരിക്കുകയോ ചെയ്യുന്നവയാണ്. കാസര്‍കോട് വികസന പാക്കേജില്‍ തന്നെ കോടികളുടെ പദ്ധതി വെളിച്ചം കാണാതെ കിടക്കുന്നു.
വൈദ്യുതി, കുടിവെള്ളം, വ്യവസായം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ ഇനിയും നമുക്ക് ഒട്ടേറെ ദൂരം മുന്നേറാനുണ്ട്. ഇതിനൊക്കെ പുറമെ പലമേഖലകളിലേക്കും വികസനത്തിന്റെ വെള്ളിവെളിച്ചമെത്തിക്കുമെന്ന് മന്ത്രിമാരും ജനപ്രതിനിധികളുമൊക്കെ പറഞ്ഞുകൊണ്ടിരിക്കുന്നുണ്ടെങ്കിലും ഒന്നും യാഥാര്‍ത്ഥ്യമാവുന്നില്ല. കായിക രംഗത്ത് മറ്റ് ജില്ലകള്‍ ഒട്ടേറെ ദൂരം പോയിട്ടുണ്ടെങ്കിലും ഇവിടെ അതിലും പ്രാരംഭഘട്ടത്തില്‍ തന്നെ. ജില്ലാ ആസ്ഥാനമായ കാസര്‍കോട്ട് വിദ്യാനഗറില്‍ പേരിനൊരു സ്റ്റേഡിയമുണ്ട്. റിപ്പബ്ലിക്ക് ദിനത്തിലും സ്വാതന്ത്ര്യദിനത്തിലും പരേഡ് നടത്താനുള്ള ഒരിടം മാത്രമായാണിത് ഉപയോഗിക്കുന്നത്. ആധുനിക രീതിയിലുള്ള ഒരു സൗകര്യവും സ്റ്റേഡിയത്തിനകത്തില്ല. സിന്തറ്റിക് ട്രാക്ക് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ സ്റ്റേഡിയത്തിനകത്ത് ഒരു ക്കണമെന്ന കായിക താരങ്ങളുടെയും സംഘടനകളുടെയും ദീര്‍ഘ നാളത്തെ ആവശ്യം ഇതുവരെ നിറവേറ്റപ്പെട്ടിട്ടില്ല. സ്റ്റേഡിയം നിര്‍മ്മിച്ച് എത്രയോ വര്‍ഷങ്ങള്‍ വേണ്ടിവന്നു പവലിയന്‍ പോലും നിര്‍മ്മിക്കാന്‍. വല്ലപ്പോഴും മാത്രം ജില്ലാ ലീഗ് ക്രിക്കറ്റ് മത്സരങ്ങള്‍ക്കോ പ്രാദേശിക ടൂര്‍ണ്ണമെന്റുകള്‍ക്കോ മാത്രം തുറക്കുന്ന സ്റ്റേഡിയത്തിനകത്ത് അടിസ്ഥാന സൗകര്യങ്ങള്‍ പോലും സംഘാടകര്‍ ഒരുക്കേണ്ടിവരുന്നു. വളര്‍ന്നു വരുന്ന കായിക താരങ്ങളെ കൈപിടിച്ചുയര്‍ത്താനുള്ള പദ്ധതികള്‍ നടപ്പാക്കുന്നതിനും അവര്‍ക്കുവേണ്ട അടിസ്ഥാന സൗകര്യം ഒരുക്കുന്നതിലും ഏറെ പിന്നോക്കമാണ് ജില്ല. നീലേശ്വരം ഇ.എം.എസ്. സ്റ്റേഡിയം വരുന്നുവെന്നത് മാത്രമാണ് ഒരേയൊരു ആശ്വാസം. ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്റെ അംഗീകാരം നേടിയ ജില്ലയിലെ ആദ്യത്തെ സ്റ്റേഡിയമാണിത്.
നീലേശ്വരം പുത്തരിയടുക്കത്തെ ഏഴേക്കറിലുള്ള സ്റ്റേഡിയത്തിന്റെ ഒന്നാം ഘട്ട ഉദ്ഘാടനം കഴിഞ്ഞു. ട്രാക്കിന്റെയും കോര്‍ട്ടുകളുടെയും പണി പൂര്‍ത്തിയായി വരികയാണ്. ഡയറക്ടര്‍ ഓഫ് സ്‌പോര്‍ട്‌സ് ആന്റ് യൂത്ത് അഫയേര്‍സിന്റെ (ഡി.എസ്.വൈ.എ.) മേല്‍നോട്ടത്തിലാണ് പണി നടക്കുന്നത്. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 17.04 കോടി ചെലവിട്ട പദ്ധതിയുടെ ഗുണം കായിക താരങ്ങളിലേക്ക് എത്തിയിട്ടില്ല. സ്വാഭാവിക പ്രതലത്തോട് കൂടിയ ഫുട്‌ബോള്‍ മൈതാനം, ആറ് ലൈനുകളിലായി 400 മീറ്റര്‍ സിന്തറ്റിക് ട്രാക്ക്, വോളിബോള്‍, ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ട്, മൂന്ന് നിലകളിലുള്ള പവലിയന്‍ കെട്ടിടം, നീന്തല്‍കുളം തുടങ്ങിയ ആധുനിക സൗകര്യങ്ങള്‍ ഇവിടെ ഒരുങ്ങുന്നുണ്ടെങ്കിലും താരങ്ങള്‍ക്ക് മത്സരം നടത്തുന്നതിനോ പരിശീലനത്തിനോ തുറന്നു നല്‍കിയിട്ടില്ല. കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ആലാമിപ്പള്ളി നഗരസഭാ ബസ്സ്റ്റാന്റിന് പിറകില്‍ നിര്‍മ്മിക്കുന്ന ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ പണി വര്‍ഷങ്ങള്‍ക്ക് മുമ്പേ തുടങ്ങിയിട്ടും ഇഴഞ്ഞുനീങ്ങുകയാണ്.
നിരവധി ജില്ലാ, സംസ്ഥാന കായിക മേളകള്‍ക്കും ഇതര പരിപാടികള്‍ക്കും വേദിയായ മൈതാനമാണിത്. ദേശീയ പാതയോട് ചേര്‍ന്നുള്ള മൈതാനമായതിനാല്‍ എല്ലാവര്‍ക്കും എത്തിപ്പെടാനും എളുപ്പമാണ്. പദ്ധതിക്ക് രണ്ട് കോടി രൂപ കാസര്‍കോട് വികസന പാക്കേജില്‍ നിന്ന് അനുവദിച്ചുകിട്ടിയെങ്കിലും പണി പൂര്‍ത്തിയായിട്ടില്ല. കായിക രംഗത്ത് നിലയുറപ്പിച്ചിട്ടുള്ള നിരവധി പേര്‍ ജില്ലയിലുണ്ട്. അവരെയൊക്കെ കൈപിടിച്ചുയര്‍ത്തണമെങ്കില്‍ കായിക രംഗത്ത് നമുക്ക് കുറേ കൂടി മുമ്പോട്ട് പോകാനുണ്ട്. തുടങ്ങിവെച്ച പദ്ധതികള്‍ പൂര്‍ത്തീകരിക്കാനും അനുമതി ലഭിച്ച പദ്ധതികള്‍ എത്രയും പെട്ടെന്ന് തുടങ്ങാനും നടപടിയുണ്ടാവണം.

Related Articles
Next Story
Share it