വര്‍ധിച്ചുവരുന്ന പോക്‌സോ കേസുകള്‍

സംസ്ഥാനത്ത് പോക്‌സോ കേസുകളുടെ എണ്ണം വര്‍ധിച്ചുവരുന്നതായാണ് ഈയിടെ നടത്തിയ ഒരു പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. കോവിഡ് വന്നതുമുതല്‍ കൂടുതല്‍ അക്രമങ്ങളും വീടുകളില്‍ വെച്ചുതന്നെ നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. കാസര്‍കോട് ജില്ലയും ഇതില്‍ ഒട്ടും പിറകിലല്ല. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ജില്ലയില്‍ 542 പോക്‌സോ കേസുകളാണത്രെ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ പല കേസുകളും ഒത്തു തീര്‍പ്പാക്കുകയും ചെയ്യുന്നു. പല ഭാഗങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദം കാരണമാണ് മൊഴി മാറ്റിപ്പറയുകയും കേസ് ഒത്തു തീര്‍പ്പിലെത്തിക്കുകയും ചെയ്യുന്നത്. 2018ല്‍ 135 കേസുകളാണ് റിപ്പോര്‍ട്ട് […]

സംസ്ഥാനത്ത് പോക്‌സോ കേസുകളുടെ എണ്ണം വര്‍ധിച്ചുവരുന്നതായാണ് ഈയിടെ നടത്തിയ ഒരു പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. കോവിഡ് വന്നതുമുതല്‍ കൂടുതല്‍ അക്രമങ്ങളും വീടുകളില്‍ വെച്ചുതന്നെ നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. കാസര്‍കോട് ജില്ലയും ഇതില്‍ ഒട്ടും പിറകിലല്ല. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ജില്ലയില്‍ 542 പോക്‌സോ കേസുകളാണത്രെ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ പല കേസുകളും ഒത്തു തീര്‍പ്പാക്കുകയും ചെയ്യുന്നു. പല ഭാഗങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദം കാരണമാണ് മൊഴി മാറ്റിപ്പറയുകയും കേസ് ഒത്തു തീര്‍പ്പിലെത്തിക്കുകയും ചെയ്യുന്നത്. 2018ല്‍ 135 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 120 കേസുകളില്‍ പൊലീസ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു. 15 കേസുകള്‍ ഒഴിവാക്കപ്പെട്ടു. ആറ് കേസുകളില്‍ ശിക്ഷ വിധിച്ചു. 90 കേസുകള്‍ കോടതിയുടെ പരിഗണനയിലാണ്. 2019 ല്‍ 163 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ 140 ല്‍ കുറ്റപത്രം സമര്‍പ്പിച്ചു. പൊതു ഇടങ്ങളില്‍ കുട്ടികള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ കുറവാണെങ്കിലും കൂടുതല്‍ അക്രമങ്ങളും നേരിടുന്നത് സ്വന്തം വീടുകളിലും ബന്ധുവീടുകളിലുമാണ്. ഇതിന് പുറമെ മാതാപിതാക്കളുടെ ഒത്താശയോടെ നടക്കുന്ന സംഭവങ്ങളുമുണ്ട്.
തകര്‍ന്ന കുടുംബങ്ങളില്‍ നിന്നുള്ളവര്‍, പ്രണയക്കുരുക്കില്‍ അകപ്പെടുന്നവര്‍, അടുത്ത ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ അക്രമം നേരിട്ടവര്‍ എന്നിവരാണ് ഇരയാകുന്നതില്‍ പലരും. 95 ശതമാനവും കുട്ടിയുമായി ഇടപഴകുന്നവരായിരിക്കും. കുട്ടികള്‍ക്കെതിരെയുണ്ടാകുന്ന അക്രമങ്ങളില്‍ കുറവുണ്ടാകുന്നില്ല. എന്നാല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം കുറവാണ്. പല വിധ സമ്മര്‍ദ്ദങ്ങളിലുംപെട്ടാണ് പരാതി പുറത്തുപറയാന്‍ പലരും മടിക്കുന്നത്. ബന്ധുക്കള്‍ തന്നെ പ്രതിയാകുമ്പോള്‍ കുടുംബ ബന്ധം തകരാതെ നോക്കാനും പരാതി മൂടിവെക്കും. കോടതിയിലെത്തിയ കേസുകള്‍ പോലും ഒത്തുതീര്‍പ്പാവുന്നത് ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ. ഇരയായ പെണ്‍കുട്ടി മൊഴി മാറ്റിപ്പറഞ്ഞാല്‍ കോടതിക്ക് പിന്നെ ഒന്നും ചെയ്യാനാവില്ല. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കുട്ടിക്കെതിരെ നടപടിയെടുക്കാനുമാവില്ല.
കോവിഡിനെ തുടര്‍ന്ന് സ്‌കൂളുകള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ ഇത്തരം സംഭവങ്ങളില്‍ കുട്ടികള്‍ക്ക് കൗണ്‍സലിങ്ങോ അധ്യാപകരുടെ സഹായമോ ലഭിക്കുന്നില്ല. കുട്ടികള്‍ നേരിടുന്ന പല ചൂഷണങ്ങളും പുറത്തറിയുന്നത് സ്‌കൂളുകളില്‍ നിന്ന് ലഭിക്കുന്ന കൗണ്‍സിലിങ്ങിലൂടെയാണ്. ഇത് ലഭിക്കാത്തതിനാല്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യുന്ന പോക്‌സോ കേസുകളുടെ എണ്ണത്തിലും കുറവ് വന്നത്. പോക്‌സോ കേസുകള്‍ പരമാവധി നേരത്തെ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയിലേക്ക് വിടാന്‍ പൊലീസ് പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. എങ്കിലും കേസുകള്‍ പലതും നീണ്ടുപോകുന്നു. പോക്‌സോ കേസുകള്‍ തീര്‍ക്കാന്‍ കാലതാമസമെടുക്കുന്നതിനാല്‍ പ്രതികള്‍ ഇരകളെ സ്വാധീനിക്കാനും ഒത്തുതീര്‍പ്പാക്കാനുമുള്ള സാധ്യത കൂടുതലാണ്. അക്രമങ്ങള്‍ക്കും പീഡനത്തിനും ഇരയാവുന്ന കുട്ടികള്‍ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങളും ഒട്ടേറെയുണ്ട്. മാനസിക സംഘര്‍ഷം തന്നെയാണ് ആത്മഹത്യയിലേക്ക് നയിക്കുന്നത്. ആത്മഹത്യാ നിരക്ക് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം അഞ്ചാം സ്ഥാനത്താണുള്ളത്. ഇത്തരം ആത്മഹത്യകളില്‍ കുറേയൊക്കെ പീഡനത്തിനും അക്രമത്തിനും ഇരയായവരും ഉള്‍പ്പെടും. ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാന്‍ സമൂഹത്തിന്റെ എല്ലാ ഭാഗത്തു നിന്നും ശ്രമം ഉണ്ടാവണം. അതേ സമയം ബോധവല്‍ക്കരണവും അനിവാര്യമാണ്.

Related Articles
Next Story
Share it