കോടിയേരിക്ക് പ്രണാമം

സി.പി.എമ്മിന്റെ സമുന്നതനായ നേതാവും മുന്‍ ആഭ്യന്തര മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്റെ ദേഹവിയോഗം കേരളത്തില്‍ വലിയ വേദന പടര്‍ത്തിയിരിക്കുകയാണ്. സംസ്ഥാനം കണ്ണീരോടെയാണ് അദ്ദേഹത്തിന് യാത്രാമൊഴി നല്‍കിക്കൊണ്ടിരിക്കുന്നത്. കോടിയേരിയുടെ ഭൗതികശരീരം കാണാന്‍ തിങ്ങിക്കൂടിയ ജനസഞ്ചയം ഈ ജനനായകനെ എത്രമാത്രം നെഞ്ചോട് ചേര്‍ത്തിരുന്നുവെന്നതിന്റെ പ്രതിഫലനം കൂടിയാണ്. സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്‍ ഒരു കമ്മ്യൂണിസ്റ്റുകാരന്റെ അനിതര സാധാരണമായ ആര്‍ജ്ജവത്തോടെയും ഇഛാശക്തിയോടെയുമാണ് മുന്നേറിയത്. മാരകമായ തന്റെ രോഗാവസ്ഥയെയും അദ്ദേഹത്തിന് അതേ ആര്‍ജ്ജവത്തോടെ നേരിടാന്‍ കഴിഞ്ഞു. അര്‍ബുദ […]

സി.പി.എമ്മിന്റെ സമുന്നതനായ നേതാവും മുന്‍ ആഭ്യന്തര മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്റെ ദേഹവിയോഗം കേരളത്തില്‍ വലിയ വേദന പടര്‍ത്തിയിരിക്കുകയാണ്. സംസ്ഥാനം കണ്ണീരോടെയാണ് അദ്ദേഹത്തിന് യാത്രാമൊഴി നല്‍കിക്കൊണ്ടിരിക്കുന്നത്. കോടിയേരിയുടെ ഭൗതികശരീരം കാണാന്‍ തിങ്ങിക്കൂടിയ ജനസഞ്ചയം ഈ ജനനായകനെ എത്രമാത്രം നെഞ്ചോട് ചേര്‍ത്തിരുന്നുവെന്നതിന്റെ പ്രതിഫലനം കൂടിയാണ്. സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്‍ ഒരു കമ്മ്യൂണിസ്റ്റുകാരന്റെ അനിതര സാധാരണമായ ആര്‍ജ്ജവത്തോടെയും ഇഛാശക്തിയോടെയുമാണ് മുന്നേറിയത്. മാരകമായ തന്റെ രോഗാവസ്ഥയെയും അദ്ദേഹത്തിന് അതേ ആര്‍ജ്ജവത്തോടെ നേരിടാന്‍ കഴിഞ്ഞു. അര്‍ബുദ ബാധിതനായിട്ടും ഒട്ടും പതറാതെയും തളരാതെയുമാണ് ഇത്തരമൊരു അവസ്ഥയെ അതിജീവിച്ചുകൊണ്ടിരുന്നത്. പാര്‍ട്ടി പ്രവര്‍ത്തനത്തിനും പൊതുപ്രവര്‍ത്തനത്തിനും ഇടയില്‍ ചികിത്സക്കായി മാസങ്ങളോളം അവധിയെടുക്കുകയും അല്‍പം ഭേദമാകുമ്പോള്‍ വീണ്ടും പ്രവര്‍ത്തനത്തില്‍ സജീവമാകുകയും ചെയ്ത കോടിയേരി രോഗം മൂര്‍ധന്യാവസ്ഥയില്‍ എത്തിയപ്പോള്‍ പോലും പാര്‍ട്ടി പരിപാടികളിലും പത്രസമ്മേളത്തിലും സംബന്ധിച്ചിരുന്നു. ആഗസ്ത് മാസത്തെ അവസാനത്തെ പത്രസമ്മേളനത്തിന് ശേഷം വീണ്ടും ചികിത്സയില്‍ പ്രവേശിച്ച കോടിയേരി രോഗം ഭേദമായി കൂടുതല്‍ കരുത്തോടെ തിരിച്ചുവരുമെന്ന പ്രതീക്ഷ നിലനില്‍ക്കുമ്പോഴായിരുന്നുഎല്ലാവരെയും ദു:ഖത്തിലാഴ്ത്തിക്കൊണ്ടുള്ള മരണവിവരം പുറത്തുവന്നത്. ജനാധിപത്യത്തിലും മതേതരത്വത്തിലും അധിഷ്ഠിതമായ നിലപാടുകളില്‍ ഊന്നിയുള്ള പ്രവര്‍ത്തനശൈലിയായിരുന്നു കോടിയേരിയുടേത്. സൗമ്യതയും പുഞ്ചിരിയും നിലനിര്‍ത്തിയാണ് പൊതുരംഗത്ത് അദ്ദേഹം ഇടപെട്ടിരുന്നതെങ്കിലും നിലപാടുകളില്‍ കാര്‍ക്കശ്യം പുലര്‍ത്തിയിരുന്നു. ഉത്തമനായ കമ്യൂണിസ്റ്റ്, മികച്ച ഭരണാധികാരി എന്നീ നിലകളില്‍ കോടിയേരി പൊതുസമൂഹത്തിന് വളരെയേറെ സ്വീകാര്യനായിരുന്നു. അമ്പത്തഞ്ചാമത്തെ വയസിലാണ് കോടിയേരി സി.പി.എമ്മിന്റെ പൊളിറ്റ് ബ്യൂറോ അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്. 19 വര്‍ഷം തുടര്‍ച്ചയായി നിയമസഭയില്‍ തലശേരിയുടെ പ്രതിനിധിയായി. അദ്ദേഹത്തിന് എത്രമാത്രം ജനപിന്തുണ ഉണ്ടായിരുന്നുവെന്നതിന്റെ തെളിവാണത്. ആഭ്യന്തരമന്ത്രി എന്ന നിലയിലും ടൂറിസം മന്ത്രിയെന്ന നിലയിലും ഭരണനൈപുണ്യം കാഴ്ചവെച്ചു. സി.എച്ച് കണാരന്‍, ഇ.കെ നായനാര്‍, ചടയന്‍ ഗോവിന്ദന്‍, പിണറായി വിജയന്‍ എന്നിവരുടെ പിന്‍ഗാമിയായാണ് കോടിയേരി പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. ഏത് പ്രതിസന്ധി ഘട്ടത്തിലും പാര്‍ട്ടിയെ ഒരു പോറലുമേല്‍ക്കാതെ നയിക്കാനുള്ള കരുത്ത് കോടിയേരിയുടെ സവിശേഷതയായിരുന്നു. മാധ്യമപ്രവര്‍ത്തകരോട് കോടിയേരിയുടെ സഹിഷ്ണുതയോടെയുള്ള സമീപനവും ശ്രദ്ധേയമായിരുന്നു. എത്ര പ്രകോപനപരമായ ചോദ്യമുണ്ടായാലും ദേഷ്യപ്പെടാതെ സമചിത്തതയോടെ മറുപടി പറയുന്ന കോടിയേരി ശൈലി മാധ്യമപ്രവര്‍ത്തകരില്‍ അദ്ദേഹത്തോടുള്ള ഇഷ്ടം വര്‍ധിക്കാന്‍ കാരണമായിരുന്നു. രാഷ്ട്രീയ എതിരാളികളോടും പൊതുജനങ്ങളോടും ഒക്കെ സൗമ്യമായാണ് കോടിയേരി പെരുമാറിയിരുന്നത്. വി.എസ് അച്യുതാനന്ദന്‍ കേരളമുഖ്യമന്ത്രിയായിരുന്നപ്പോള്‍ ആ മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ കാസര്‍കോട് ജില്ലക്ക് നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാകാത്തതാണ്. കോടിയേരിയുടെ കാലത്താണ് കാസര്‍കോട് ജില്ലയില്‍ മൂന്ന് തീരദേശ പൊലീസ് സ്‌റ്റേഷനുകള്‍ അനുവദിച്ചത്. തളങ്കര, നീലേശ്വരം, കുമ്പള എന്നിവിടങ്ങളില്‍ തീരദേശ പൊലീസ് സ്‌റ്റേഷനുകളും ഉപ്പളയില്‍ ഫയര്‍ സ്‌റ്റേഷനും സ്ഥാപിക്കാന്‍ കോടിയേരി നടപടികള്‍ സ്വീകരിച്ചു. മേല്‍പ്പറമ്പ് പൊലീസ് സ്‌റ്റേഷന് അനുമതി ലഭിച്ചതും കോടിയേരി ആഭ്യന്തരമന്ത്രിയായിരുന്ന കാലത്താണ്. ജനമൈത്രി പൊലീസ്, സ്റ്റുഡന്റ് കാഡറ്റ് പൊലീസ് തുടങ്ങിയവ ആരംഭിച്ച് പൊലീസ് സംവിധാനത്തെ കൂടുതല്‍ പരിഷ്‌കരിച്ചു. കാസര്‍കോട്ട് പൊലീസ് സേനയുടെ പ്രവര്‍ത്തനം കൂടുതല്‍ ഫലപ്രദവും കാര്യക്ഷമവുമാക്കാന്‍ കോടിയേരിയുടെ പരിഷ്‌ക്കരണ നടപടികള്‍ക്ക് സാധിച്ചു. കാസര്‍കോട് ജില്ലയില്‍ പെരിയ എയര്‍സ്ട്രിപ്പ് ആരംഭിക്കാനുള്ള തീരുമാനം കൈക്കൊണ്ടതും കോടിയേരിയാണ്. ആഭ്യന്തരമന്ത്രിപദത്തിന് പുറമെ ടൂറിസം മന്ത്രിയുടെ ചുമതല കൂടി വഹിച്ചിരുന്നപ്പോഴാണ് കോടിയേരി ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. എയര്‍സ്ട്രിപ്പ് നിര്‍മാണം സംബന്ധിച്ചുള്ള പഠനം നടന്നുകൊണ്ടിരിക്കുകയാണ്. എയര്‍ സ്ട്രിപ്പ് യാഥാര്‍ഥ്യമാകുമ്പോള്‍ ജില്ലയുടെ ടൂറിസം രംഗത്ത് അത് വലിയ മാറ്റം തന്നെ വരുത്തുമെന്ന കാര്യത്തില്‍ സംശയമില്ല. കോടിയേരിയുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

Related Articles
Next Story
Share it