കര്‍ഷക സമരം തീര്‍ക്കണം

രാജ്യത്തെ കര്‍ഷകര്‍ സമരം ആരംഭിച്ചിട്ട് ഒരു വര്‍ഷഷത്തോളമായിട്ടും പരിഹാരമുണ്ടായിട്ടില്ലെന്ന് മാത്രമല്ല സമരം കൂടുതല്‍ സങ്കീര്‍ണ്ണതയിലേക്ക് നീളുകയാണ്. കഴിഞ്ഞ ദിവസം സമരക്കാര്‍ക്കിടയിലേക്ക് വാഹനം ഇടിച്ചു കയറിയതിനെത്തുടര്‍ന്ന് നാല് കര്‍ഷകര്‍ മരണപ്പെടുകയും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ വേറെ നാലു പേര്‍ കൂടി കൊല്ലപ്പെടുകയുമുണ്ടായി. കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ്മിശ്രയുടെ മകന്‍ ആശിഷ് മിശ്രയും സംഘവുമാണ് വാഹനത്തിലുണ്ടായിരുന്നതെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്. കേന്ദ്രമന്ത്രിയുടെയും ഉപമുഖ്യമന്ത്രി കേശവപ്രസാദ് മൗര്യയുടെയും സന്ദര്‍ശനത്തോടനുബന്ധിച്ച് കര്‍ഷകര്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. കര്‍ഷകര്‍ക്കിടയിലേക്ക് വാഹനമിടിച്ചു കയറ്റിയതിനെത്തുടര്‍ന്ന് രോഷാകുലരായ കര്‍ഷകര്‍ രണ്ട് വാഹനങ്ങള്‍ക്ക് തീയിട്ടു. എന്നാല്‍ […]

രാജ്യത്തെ കര്‍ഷകര്‍ സമരം ആരംഭിച്ചിട്ട് ഒരു വര്‍ഷഷത്തോളമായിട്ടും പരിഹാരമുണ്ടായിട്ടില്ലെന്ന് മാത്രമല്ല സമരം കൂടുതല്‍ സങ്കീര്‍ണ്ണതയിലേക്ക് നീളുകയാണ്. കഴിഞ്ഞ ദിവസം സമരക്കാര്‍ക്കിടയിലേക്ക് വാഹനം ഇടിച്ചു കയറിയതിനെത്തുടര്‍ന്ന് നാല് കര്‍ഷകര്‍ മരണപ്പെടുകയും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ വേറെ നാലു പേര്‍ കൂടി കൊല്ലപ്പെടുകയുമുണ്ടായി. കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ്മിശ്രയുടെ മകന്‍ ആശിഷ് മിശ്രയും സംഘവുമാണ് വാഹനത്തിലുണ്ടായിരുന്നതെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്. കേന്ദ്രമന്ത്രിയുടെയും ഉപമുഖ്യമന്ത്രി കേശവപ്രസാദ് മൗര്യയുടെയും സന്ദര്‍ശനത്തോടനുബന്ധിച്ച് കര്‍ഷകര്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. കര്‍ഷകര്‍ക്കിടയിലേക്ക് വാഹനമിടിച്ചു കയറ്റിയതിനെത്തുടര്‍ന്ന് രോഷാകുലരായ കര്‍ഷകര്‍ രണ്ട് വാഹനങ്ങള്‍ക്ക് തീയിട്ടു. എന്നാല്‍ സംഭവം നടക്കുമ്പോള്‍ താനോ മകന്‍ ആശിഷോ അവിടെ ഉണ്ടായിരുന്നില്ലെന്നാണ് മന്ത്രി അജയ് മിശ്രയുടെ പ്രതികരണം. കിസാന്‍ മോര്‍ച്ച നേതാവ് തജീന്ദര്‍ സിങ് വിര്‍ക്കിനെ വാഹനം കയറ്റിക്കൊല്ലാന്‍ ശ്രമിച്ചതായും കര്‍ഷകനേതാക്കള്‍ ആരോപിക്കുന്നു. അദ്ദേഹം ഗുരുതരമായ പരിക്കുകളോടെ ആസ്പത്രിയിലാണ്. കേന്ദ്രമന്ത്രിയും ഉപമുഖ്യമന്ത്രി കേശവ പ്രസാദ് മൗര്യയും പങ്കെടുത്ത പരിപാടിക്കിടെ കര്‍ഷകര്‍ കല്ലേറ് നടത്തിയത് സംഘര്‍ഷത്തിന് വഴി വെക്കുകയായിരുന്നു. യു.പി.യില്‍ എല്ലാ ജില്ലകളിലും പൊലീസ് ജാഗ്രത തുടരുന്നുണ്ടെങ്കിലും ചില സ്ഥലങ്ങളിലേക്ക് സംഘര്‍ഷം നീങ്ങുന്നുണ്ട്. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ പാസാക്കിയ മൂന്ന് കര്‍ഷക നിയമങ്ങളെ ചൊല്ലിയാണ് സമരം. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുക എന്ന ലക്ഷ്യമാണ് സര്‍ക്കാറിനുള്ളതെന്ന് പറയുമ്പോള്‍ കാര്‍ഷിക മേഖലയുടെ നട്ടെല്ലൊടിക്കുന്നതാണ് നിയമമെന്ന് കര്‍ഷകര്‍ പറയുന്നു. കാര്‍ഷികോല്‍പാദന വ്യാപാര, വാണിജ്യ (പ്രോത്സാഹന) നിയമം 2020, കാര്‍ഷിക സേവന വില സ്ഥിരത സംബന്ധിച്ച് കര്‍ഷകരുടെ കരാര്‍ നിയമം അവശ്യവസ്തു നിയമം 2020 എന്നിവയാണ് വിവാദമായ മൂന്ന് നിയമങ്ങള്‍. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം പാസാക്കിയ മൂന്ന് നിയമങ്ങളും പൂര്‍ണ്ണമായി പിന്‍വലിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. പിന്‍വലിക്കാനാവില്ലെന്നും വേണമെങ്കില്‍ ഭേദഗതി കൊണ്ടുവരാമെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്. നാല്‍പതോളം കര്‍ഷക സംഘടനകളാണ് സമരരംഗത്തുള്ളത്. നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുമ്പോള്‍ സംസ്ഥാനങ്ങളിലെ എ.പി.എം.സി നിയമം ഇല്ലാതായി. ഇതോടെ കോര്‍പറേറ്റ് കമ്പനികള്‍ക്ക് ഏകദേശം ഒന്നര മടങ്ങ് വില മാത്രം നല്‍കി ഉല്‍പന്നങ്ങള്‍ വില്‍ക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാവുന്നു. ഭാവിയില്‍ ഇത് വീണ്ടും കുറഞ്ഞേക്കാം. ഗ്രാമചന്തകള്‍ ഇല്ലാതാവുന്നതോടെ താങ്ങുവില നല്‍കി ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്ന വ്യവസ്ഥയും ഇല്ലാതാവും. ഫലത്തില്‍ താങ്ങുവിലയും ഇല്ലാതായതായാണ് കര്‍ഷകര്‍ പറയുന്നത്. രാജ്യത്തെ ഏത് സംസ്ഥാനത്തും ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാമെന്ന വ്യവസ്ഥ കര്‍ഷകര്‍ക്ക് പ്രത്യേകിച്ച് ഒരു ഗുണവും ചെയ്യുന്നില്ല. കര്‍ഷകര്‍ ഒരിക്കലും ഉല്‍പന്നങ്ങളുമായി ഇതര സംസ്ഥാനങ്ങളിലെ വിപണി തേടിപ്പോവാറില്ല. കോര്‍പറേറ്റുകള്‍ക്കും വന്‍കിട കച്ചവടക്കാര്‍ക്കുമാണ് ഇതിന്റെ ഗുണം. ലൈസന്‍സും രജിസ്‌ട്രേഷനുമില്ലാത്ത വ്യക്തികള്‍ വ്യാപാര രംഗത്തേക്ക് വരുമ്പോള്‍ കര്‍ഷകര്‍ ചതിക്കപ്പെടാനുള്ള സാധ്യതയുമേറുന്നു. കോര്‍പ്പറേറ്റ് വ്യാപാരിയും കര്‍ഷകനുമായി തര്‍ക്കം വരുമ്പോള്‍ പാവപ്പെട്ട കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കില്ല. സമരത്തിന്റെ വിവിധ ഘട്ടങ്ങള്‍ ഇതിനകം കഴിഞ്ഞിരിക്കയാണ്. ഭാരത് ബന്ദ് ഉള്‍പ്പെടെയുള്ള പ്രക്ഷോഭ പരിപാടികള്‍ നടത്തിയിട്ടും കേന്ദ്രത്തിന് കുലുക്കമില്ല. യു.പി.യിലെ പുതിയ സംഭവത്തോടെ സമരം അക്രമത്തിലേക്ക് നീങ്ങിയേക്കുമെന്ന് സംശയിക്കുന്നുണ്ട്. ഇരു ഭാഗത്തു നിന്നും വിട്ടു വീഴ്ച വരുത്തി സമരം തീര്‍ക്കണം.

Related Articles
Next Story
Share it