പ്ലാസ്റ്റിക് നിരോധനം: പേരിലൊതുങ്ങരുത്

രാജ്യത്ത് ഇന്നലെ മുതല്‍ വീണ്ടും പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കൊറോണ വരുന്നതിന് മുമ്പ് ഇത്തരമൊരു പ്രഖ്യാപനം അന്നുമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് കൊറോണയില്‍ കുടുങ്ങി നിയമങ്ങളെല്ലാം തകിടം മറിയുകയായിരുന്നു. കൊറോണയുടെ മറവില്‍ സകലമാന പ്ലാസ്റ്റിക്കുകളും തിരികെയെത്തി. പ്ലാസ്റ്റിക്കുകള്‍ക്ക് വിട പറഞ്ഞ് പേപ്പര്‍ ബാഗുകളിലേക്ക് പലരും മാറിയിരുന്നു. അപ്പോഴാണ് കൊറോണ വരുന്നതും നിയമങ്ങള്‍ കാറ്റില്‍ പറന്നതും. കടകളിലും ഉല്‍പ്പാദന കേന്ദ്രങ്ങളിലും നടത്തിവന്നിരുന്ന പരിശോധനകള്‍ നിലയ്ക്കുകയും പേപ്പര്‍ ബാഗുകള്‍ വാങ്ങിയവര്‍ അവ മാറ്റിവെച്ച് വില കുറഞ്ഞ പ്ലാസ്റ്റിക്കുകള്‍ തന്നെ നല്‍കിത്തുടങ്ങി. ഒറ്റത്തവണ […]

രാജ്യത്ത് ഇന്നലെ മുതല്‍ വീണ്ടും പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കൊറോണ വരുന്നതിന് മുമ്പ് ഇത്തരമൊരു പ്രഖ്യാപനം അന്നുമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് കൊറോണയില്‍ കുടുങ്ങി നിയമങ്ങളെല്ലാം തകിടം മറിയുകയായിരുന്നു. കൊറോണയുടെ മറവില്‍ സകലമാന പ്ലാസ്റ്റിക്കുകളും തിരികെയെത്തി. പ്ലാസ്റ്റിക്കുകള്‍ക്ക് വിട പറഞ്ഞ് പേപ്പര്‍ ബാഗുകളിലേക്ക് പലരും മാറിയിരുന്നു. അപ്പോഴാണ് കൊറോണ വരുന്നതും നിയമങ്ങള്‍ കാറ്റില്‍ പറന്നതും. കടകളിലും ഉല്‍പ്പാദന കേന്ദ്രങ്ങളിലും നടത്തിവന്നിരുന്ന പരിശോധനകള്‍ നിലയ്ക്കുകയും പേപ്പര്‍ ബാഗുകള്‍ വാങ്ങിയവര്‍ അവ മാറ്റിവെച്ച് വില കുറഞ്ഞ പ്ലാസ്റ്റിക്കുകള്‍ തന്നെ നല്‍കിത്തുടങ്ങി. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങളാണ് ഭൂമുഖത്ത് നിറഞ്ഞുകൊണ്ടിരിക്കുന്നത്. 2020 ജനുവരി ഒന്ന് മുതലായിരുന്നു കഴിഞ്ഞ തവണ പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. ആദ്യ നാളുകളില്‍ പരിശോധന കര്‍ശനമാക്കിയിരുന്നു. പതിയെപ്പതിയെ ഇവ തിരികെ വന്നു. കാരിബാഗുകള്‍ ഉള്‍പ്പെടെ 120 മൈക്രോണില്‍ താഴെയുള്ളവ പൂര്‍ണ്ണമായും നിരോധിച്ചിരുന്നു. 75 മൈക്രോണില്‍ കുറഞ്ഞ പ്ലാസ്റ്റിക് കാരിബാഗുകള്‍ 60 ഗ്രാം പെര്‍സ്‌ക്വയര്‍ മീറ്ററില്‍ കുറഞ്ഞ നോണ്‍-വൂവണ്‍ ബാഗുകള്‍ എന്നിവയാണ് കൂടുതല്‍ ഉപദ്രവകാരികള്‍. 2022 ജുലായ് ഒന്ന് മുതല്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ രാജ്യത്ത് നിരോധിക്കുന്നതിന് മുന്നോടിയായുള്ള ആദ്യ രണ്ട് ഘട്ടങ്ങളില്‍ ഒന്നാമത്തേതാണ് ഇന്നലെ മുതല്‍ നടപ്പിലാക്കാന്‍ ഉത്തരവിറക്കിയിരിക്കുന്നത്. ഡിസംബര്‍ 31 മുതല്‍ രണ്ടാം ഘട്ടമായി 120 മൈക്രോണില്‍ താഴെയുള്ള കാരിബാഗ് അനുവദിക്കില്ല. പ്ലാസ്റ്റിക്കിന് പകരമെത്തിച്ച നോണ്‍ വൂവണ്‍ കാരിബാഗുകള്‍ കാഴ്ചയില്‍ തുണിയെന്ന് തോന്നുമെങ്കിലും വന്‍ അപകടകാരിയാണ്. ന്യൂഡല്‍ഹി ശ്രീറാം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഡസ്ട്രീസില്‍ നടത്തിയ പരിശോധനയില്‍ പ്ലാസ്റ്റിക്കിനേക്കാള്‍ അപകടകാരിയാണിതെന്ന് കണ്ടെത്തിയിരുന്നു. ഇതില്‍ 98.3 ശതമാനം പ്ലാസ്റ്റിക് പദാര്‍ത്ഥമായ പോളി പ്രോപ്പിലിനും കാല്‍സ്യം കാര്‍ബണേറ്റുമാണ്. ഇവ മണ്ണില്‍ അലിയില്ല. കത്തിച്ചാല്‍ ഉരുകും. പ്ലാസ്റ്റിക് കാരി ബാഗുകള്‍, തെര്‍മോകോള്‍, സ്റ്റെറോഫോം എന്നിവ ഉപയോഗിച്ചുണ്ടാക്കുന്ന പ്ലേറ്റുകള്‍, കപ്പുകള്‍, അലങ്കാര വസ്തുക്കള്‍, പ്ലാസ്റ്റിക്ക് കോട്ടിംഗ് ഉള്ള കടലാസ് കപ്പുകള്‍, ബൗള്‍ തുടങ്ങിയവയൊക്കെ നിരോധിച്ചവയില്‍പ്പെടും. ബ്രാന്റ് അല്ലാത്ത ജ്യൂസ് ബോട്ടിലുകള്‍, പ്ലാസ്റ്റിക് കൊടികള്‍, മേശയില്‍ വിരിച്ചിരിക്കുന്ന പ്ലാസ്റ്റിക് ഷീറ്റ്, പ്ലാസ്റ്റിക് കുടിവെള്ള പൗച്ചുകള്‍, പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റുകള്‍, 500 മില്ലിലിറ്ററിന് താഴെയുള്ള കുടിവെള്ള പെറ്റ് ബോട്ടിലുകള്‍ തുടങ്ങിയവയും നിരോധിച്ചവയില്‍പ്പെടും. പി.വി.സി. ഫ്‌ളെക്‌സ് മെറ്റീരിയന്‍സ്, പ്ലാസ്റ്റിക് പാക്കറ്റ്, പ്ലാസ്റ്റിക് ഗാര്‍ബേജ് ബാഗ് തുടങ്ങിയവയ്ക്കും നിരോധനമുണ്ട്. തുണി, കടലാസ്, ബാഗുകള്‍, കടലാസ് വിരി, മുള, കടലാസ് സ്‌ട്രോകള്‍, ഗ്ലാസ്, സെറാമിക്, സ്റ്റീല്‍ പാത്രങ്ങള്‍ തുടങ്ങിയവ ബദലായി ഉപയോഗിക്കാം. തുണി, കടലാസ് തോരണങ്ങള്‍, കടലാസ് കപ്പുകള്‍, മണ്‍പാത്രം, കംപോസ്റ്റബില്‍ ബാഗുകള്‍ എന്നിവയും പ്ലാസ്റ്റിക്കിന് പകരമായി ഉപയോഗിക്കാം. ജൈവ വസ്തുക്കളില്‍ നിന്ന് ബയോഡീഗ്രേഡബിള്‍ പ്ലാസ്റ്റിക് ആണ് മറ്റൊരു ബദല്‍. ആവശ്യത്തിന് അനുസരിച്ച് ഇവ നിര്‍മ്മിക്കാനുള്ള യൂണിറ്റുകള്‍ ഉണ്ടാവണം. പ്ലാസ്റ്റിക്കുകള്‍ കൊണ്ട് ഭൂമുഖം മാത്രമല്ല കടലും മൂടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇവ വില്‍പ്പന നടത്തുന്ന ചെറുകിട വ്യാപാരികള്‍ക്കെതിരെ മാത്രം നടപടിയെടുത്തുകൊണ്ട് കാര്യമില്ല. ഉല്‍പ്പാദന കേന്ദ്രങ്ങളില്‍ വെച്ച് തന്നെയാണ് ഇവ തടയാന്‍ നടപടി വേണ്ടത്. ആദ്യ തവണ നിയമലംഘനം നടത്തുന്നവര്‍ക്ക് 10,000 രൂപയാണ് പിഴ.
ഇത് ആവര്‍ത്തിച്ചാല്‍ പിഴ 25,000 രൂപയാവും. തുടര്‍ന്നുള്ള ലംഘനത്തിന് 50,000രൂപയാവും പിഴ. തുടര്‍ച്ചയായി നിയമലംഘനം നടത്തിയാല്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനാനുമതി തന്നെ റദ്ദാകും. നിയമങ്ങളൊക്കെ കര്‍ശനമാണെങ്കിലും ഇതൊക്കെ നടപ്പാക്കുന്നതിലാണ് വീഴ്ചവരുന്നത്. അടിക്കടിയുള്ള പരിശോധനയും പ്ലാസ്റ്റിക്കിന് പകരം ഉപയോഗിക്കാവുന്ന സാധനങ്ങള്‍ കൂടുതലായി ലഭ്യമാക്കുകയും വേണം.

Related Articles
Next Story
Share it