മത്സ്യത്തൊഴിലാളികളുടെ ചോരയൂറ്റിക്കുടിക്കുന്നവര്‍

മത്സ്യത്തൊഴിലാളികള്‍ കടലിനോട് മല്ലിട്ട് പിടിച്ചുകൊണ്ടുവരുന്ന മത്സ്യത്തിന് തുച്ഛമായ വില മാത്രം നല്‍കി അവരുടെ രക്തമൂറ്റിക്കുടിക്കുന്നവരുടടെ എണ്ണം വര്‍ധിച്ചുവരികയാണ്. ചാകരയായാലും നല്ല സീസണായാലും മത്സ്യത്തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിന് കുറവില്ല. ഇക്കഴിഞ്ഞ അഞ്ചാറുമാസം കനത്ത മഴയും കടല്‍ക്ഷോഭവുമൊക്കെയായി അവര്‍ക്ക് മത്സ്യബന്ധനത്തിന് പോകാന്‍ പറ്റിയില്ല. മാനം തെളിഞ്ഞിട്ട് കടലിലിറങ്ങിയപ്പോഴാകട്ടെ അവര്‍ക്ക് കിട്ടുന്നതൊക്കെ പിടിച്ചു പറ്റാന്‍ ഇടനിലക്കാരും കുത്തക മുതലാളിമാരും രംഗത്തിറങ്ങിയിരിക്കയാണ്. അവര്‍ക്ക് ചൂഷണത്തില്‍ നിന്ന് രക്ഷനേടാനുള്ള വഴികള്‍ ഉണ്ടാക്കിക്കൊടുക്കേണ്ട സര്‍ക്കാര്‍ ആണെങ്കില്‍ പുറം തിരിഞ്ഞു നില്‍ക്കുകയുമാണ്. മഴ മാറിയതോടെ ചാകരക്കാലം ഒന്നരമാസത്തോളം […]

മത്സ്യത്തൊഴിലാളികള്‍ കടലിനോട് മല്ലിട്ട് പിടിച്ചുകൊണ്ടുവരുന്ന മത്സ്യത്തിന് തുച്ഛമായ വില മാത്രം നല്‍കി അവരുടെ രക്തമൂറ്റിക്കുടിക്കുന്നവരുടടെ എണ്ണം വര്‍ധിച്ചുവരികയാണ്. ചാകരയായാലും നല്ല സീസണായാലും മത്സ്യത്തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിന് കുറവില്ല. ഇക്കഴിഞ്ഞ അഞ്ചാറുമാസം കനത്ത മഴയും കടല്‍ക്ഷോഭവുമൊക്കെയായി അവര്‍ക്ക് മത്സ്യബന്ധനത്തിന് പോകാന്‍ പറ്റിയില്ല. മാനം തെളിഞ്ഞിട്ട് കടലിലിറങ്ങിയപ്പോഴാകട്ടെ അവര്‍ക്ക് കിട്ടുന്നതൊക്കെ പിടിച്ചു പറ്റാന്‍ ഇടനിലക്കാരും കുത്തക മുതലാളിമാരും രംഗത്തിറങ്ങിയിരിക്കയാണ്. അവര്‍ക്ക് ചൂഷണത്തില്‍ നിന്ന് രക്ഷനേടാനുള്ള വഴികള്‍ ഉണ്ടാക്കിക്കൊടുക്കേണ്ട സര്‍ക്കാര്‍ ആണെങ്കില്‍ പുറം തിരിഞ്ഞു നില്‍ക്കുകയുമാണ്. മഴ മാറിയതോടെ ചാകരക്കാലം ഒന്നരമാസത്തോളം നീണ്ടു നിന്നിട്ടും കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ അടുപ്പില്‍ തീ പുകയുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. വഞ്ചി നിറയെ മീന്‍ കിട്ടുന്നെങ്കിലും അത് കെടുവിലയ്ക്ക് കൊടുക്കേണ്ടിവരുന്നു. മത്സ്യം സൂക്ഷിച്ചു വെക്കാന്‍ സംവിധാനമില്ല. അത് മുതലാക്കുന്നത് ഇടനിലക്കാരും കയറ്റുമതിക്കമ്പനികളുമാണ്. ഇന്ധനച്ചെലവും തൊഴിലാളികളുടെ കൂലിയും കഴിച്ചാല്‍ എത്ര വലിയ ചാകര വന്നാലും നിത്യ ചെലവിന് പോലും അവര്‍ക്ക് വക കണ്ടെത്താനാവുന്നില്ല. ട്രോളിംഗ് ബോട്ടുകളില്‍ ആഴക്കടലില്‍ പോകുന്നവര്‍ക്കാണ് കൂടുതല്‍ പ്രശ്‌നം. ആയിരം കിലോവില്‍ കൂടുതല്‍ മീനുമായിട്ടായിരിക്കും മടക്കം. ഇത്രയും സംഭരിച്ചുവെക്കാന്‍ പ്രാദേശിക കമ്പനികള്‍ക്ക് കഴിയില്ല. ഇത് മുതലെടുക്കുന്നത് വന്‍കിട കയറ്റുമതി കമ്പനികളാണ്. ലഭ്യത കൂടിയതിനാല്‍ തുച്ഛമായ വിലയ്ക്ക് നല്‍കേണ്ടിവരുന്നു. അയലയും ചെമ്മീനുമൊക്കെ തോണി നിറയെ കിട്ടിയാലും ചെലവിന് പോലും തികയാത്ത അവസ്ഥയാണ്. ചെമ്മീന് ഒരു കിലോയ്ക്ക് 200 രൂപയ്ക്ക് മുകളില്‍ വില കിട്ടേണ്ട സമയത്ത് ഇവര്‍ക്ക് കിട്ടുന്നത് കിലോയ്ക്ക് 20-30 രൂപയാണ്. ഹോട്ടലില്‍ ഒരു പ്ലേറ്റ് ചെമ്മീന്‍ കറിക്ക് 250 ഉം 300ഉം രൂപ നല്‍കുമ്പോഴാണിത്. പണം മുഴുവന്‍ നേടുന്നത് ഇടനിലക്കാരാണ്. മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രമല്ല, മത്സ്യം വാങ്ങിക്കുന്ന സാധാരണക്കാര്‍ക്കും ചാകരയുടെ ഗുണമൊന്നും ലഭിക്കുന്നില്ല. വില്‍പ്പനക്കായി ഹാര്‍ബറിലെത്തിക്കുന്ന മീന്‍ ഒന്നരമണിക്കൂറിലേറെ സൂക്ഷിച്ചുവെക്കാന്‍ കഴിയില്ല. ഇതാണ് കമ്പനികളും ഇടനിലക്കാരും മുതലെടുക്കുന്നത്. അവര്‍ പറഞ്ഞ വിലക്ക് മീന്‍ കൊടുക്കേണ്ടിവരുന്നു. ബോട്ടുകാര്‍ക്ക് ആഴ്ചയില്‍ 1000 മുതല്‍ 3000 ലിറ്റര്‍ വരെ ഡീസല്‍ വേണം. കിലോയ്ക്ക് 20ഉം 30 ഉം രൂപ മാത്രം ലഭിക്കുമ്പോള്‍ ഇവര്‍ക്ക് ഇന്ധന വില പോലും ലഭിക്കുന്നില്ല. പല സ്ഥലങ്ങളിലും ചാകരക്കാലത്തു പോലും ബോട്ട് ഇറക്കാന്‍ മത്സ്യത്തൊഴിലാളികള്‍ മടിക്കുന്നത് അതുകൊണ്ട് തന്നെയാണ്.
മത്സ്യഫെഡാണ് മത്സ്യത്തൊഴിലാളികളെ ഈ ചൂഷണത്തില്‍ നിന്ന് രക്ഷപ്പെടുത്തേണ്ട സര്‍ക്കാര്‍ സംവിധാനം. മത്സ്യം സൂക്ഷിച്ചു വെക്കാനുള്ള സംവിധാനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അവര്‍ ചെയ്താല്‍ ചൂഷണത്തിന് അറുതി വരും. മത്സ്യത്തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട വിലയും ലഭിക്കും. മത്സ്യ ഫെഡിന് മത്സ്യം സംഭരിച്ചുവെക്കാന്‍ കഴിഞ്ഞാല്‍ സൗകര്യം പോലെ വില്‍പ്പന നടത്താന്‍ കഴിയും. മത്സ്യഫെഡിനും ലാഭമുണ്ടാക്കാന്‍ പറ്റും. സംഭരണ സംവിധാനം സര്‍ക്കാര്‍ മേഖലയില്‍ ഇല്ലാത്തതാണ് വിലയിടിവിന് പ്രധാന കാരണം. സംഭരണ സംവിധാനമുണ്ടായാല്‍ കുത്തക കമ്പനികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടിവരില്ല. കാറ്റും കോളുകളുമുണ്ടാകുമ്പോള്‍ കടലില്‍ പോകരുതെന്ന് പറയാനേ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പറ്റുന്നുള്ളൂ. അടുപ്പില്‍ തീ പുകയാത്ത സാഹചര്യമുണ്ടാവുമ്പോള്‍ അവര്‍ക്ക് ജീവന്‍ പണയം വെച്ചും കടലില്‍ ഇറങ്ങേണ്ടിവരുന്നു. ചാകരക്കാലത്ത് എന്തെങ്കിലും മിച്ചം വെക്കാനായാല്‍ അവര്‍ക്ക് പഞ്ഞമാസക്കാലത്തേക്ക് എന്തെങ്കിലും ബാക്കിവെക്കാനാവും. മത്സ്യത്തൊഴിലാളികളെ ചൂഷണത്തില്‍ നിന്ന് രക്ഷപ്പെടുത്താന്‍ അടിയന്തിര സംവിധാനമുണ്ടാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.

Related Articles
Next Story
Share it