പാസഞ്ചര്‍ വണ്ടികള്‍ പുനഃസ്ഥാപിക്കണം

കൊറോണയെ തുടര്‍ന്ന് നിര്‍ത്തലാക്കിയ പാസഞ്ചര്‍ വണ്ടികള്‍ പുനരാരംഭിക്കാനുള്ള ഒരു നടപടിയും റെയില്‍വെയുടെ ഭാഗത്ത് നിന്നുണ്ടാവുന്നില്ല. കണ്ണൂരില്‍ നിന്ന് മംഗളൂരുവിലേക്കും തിരിച്ചങ്ങോട്ടുമുള്ള പാസഞ്ചര്‍ ട്രെയിനുകള്‍ നിര്‍ത്തിയിട്ട് ഒന്നര വര്‍ഷത്തോളമായി. അതേ പോലെ എക്‌സ്പ്രസ് വണ്ടികളിലെ ജനറല്‍ കോച്ചുകളും നിര്‍ത്തലാക്കിയിരിക്കയാണ്. അതും പുനഃസ്ഥാപിച്ചിട്ടില്ല. സീസണ്‍ ടിക്കറ്റകളുമായി യാത്ര ചെയ്യുന്ന നൂറുകണക്കിന് യാത്രക്കാരുണ്ട്. അവരൊക്കെ അതിന്റെ മൂന്നും നാലും ഇരട്ടി തുക മുടക്കി എക്‌സ്പ്രസ് വണ്ടികളിലാണ് യാത്ര ചെയ്യുന്നത്. തീവണ്ടികളെ ആശ്രയിച്ച് കോളേജുകളില്‍ പോകുന്ന നിരവധി വിദ്യാര്‍ത്ഥികളുണ്ട്. അവരും ഫുള്‍ ടിക്കറ്റെടുത്താണ് […]

കൊറോണയെ തുടര്‍ന്ന് നിര്‍ത്തലാക്കിയ പാസഞ്ചര്‍ വണ്ടികള്‍ പുനരാരംഭിക്കാനുള്ള ഒരു നടപടിയും റെയില്‍വെയുടെ ഭാഗത്ത് നിന്നുണ്ടാവുന്നില്ല. കണ്ണൂരില്‍ നിന്ന് മംഗളൂരുവിലേക്കും തിരിച്ചങ്ങോട്ടുമുള്ള പാസഞ്ചര്‍ ട്രെയിനുകള്‍ നിര്‍ത്തിയിട്ട് ഒന്നര വര്‍ഷത്തോളമായി. അതേ പോലെ എക്‌സ്പ്രസ് വണ്ടികളിലെ ജനറല്‍ കോച്ചുകളും നിര്‍ത്തലാക്കിയിരിക്കയാണ്. അതും പുനഃസ്ഥാപിച്ചിട്ടില്ല. സീസണ്‍ ടിക്കറ്റകളുമായി യാത്ര ചെയ്യുന്ന നൂറുകണക്കിന് യാത്രക്കാരുണ്ട്. അവരൊക്കെ അതിന്റെ മൂന്നും നാലും ഇരട്ടി തുക മുടക്കി എക്‌സ്പ്രസ് വണ്ടികളിലാണ് യാത്ര ചെയ്യുന്നത്. തീവണ്ടികളെ ആശ്രയിച്ച് കോളേജുകളില്‍ പോകുന്ന നിരവധി വിദ്യാര്‍ത്ഥികളുണ്ട്. അവരും ഫുള്‍ ടിക്കറ്റെടുത്താണ് യാത്ര ചെയ്യേണ്ടി വരുന്നത്. പാസഞ്ചര്‍ എക്‌സ്പ്രസും എക്‌സ്പ്രസ് തീവണ്ടികളിലെ കോച്ചും പുനസ്ഥാപിച്ചാല്‍ മാത്രമേ അവര്‍ക്കും യാത്ര ചെയ്യാനാവു. കണ്ണൂര്‍-മംഗളൂരു റൂട്ടില്‍ ഈയിടെ ഒരു അണ്‍ റിസര്‍വ്ഡ് എക്‌സ്പ്രസ് ഓടുന്നുണ്ടെന്നാണ് അല്‍പമെങ്കിലും ആശ്വാസം. ഇവയാകട്ടെ ഹാള്‍ട്ട് സ്റ്റേഷനുകളില്‍ നിര്‍ത്താറുമില്ല. കണ്ണൂര്‍-ഷൊര്‍ണൂര്‍ സെക്ഷനില്‍ ഒരു മെമു ഓടുന്നുണ്ട്. മംഗളൂരു-കണ്ണൂര്‍ റൂട്ടില്‍ മെമു ഏര്‍പ്പെടുത്തുമെന്ന് പറഞ്ഞിരുന്നുവെങ്കിലും അതിന് ഇതുവരെ പച്ചക്കൊടി കാട്ടിയിട്ടില്ല. കണ്ണൂര്‍-ഷൊര്‍ണൂര്‍ സെക്ഷനില്‍ 22 പാസഞ്ചര്‍ വണ്ടികള്‍ സര്‍വ്വീസ് നടത്തിയിരുന്നിടത്ത് മംഗളൂരു-കണ്ണൂര്‍ റൂട്ടില്‍ രണ്ട് പാസഞ്ചര്‍ വണ്ടികള്‍ മാത്രമാണുള്ളത്. ഇവയെല്ലാം കൊറോണയോടെ നിര്‍ത്തലാക്കിയിരിക്കയാണ്. പാസഞ്ചറുകള്‍ പുനഃസ്ഥാപിച്ചിട്ടില്ലെങ്കിലും പ്രശ്‌നമില്ല. പകരം രണ്ടോ മൂന്നോ മെമു വണ്ടികള്‍ ഏര്‍പ്പെടുത്തിയാല്‍ പരിഹരിക്കാവുന്ന പ്രശ്‌നമേ ഉള്ളു. മുമ്പ് ഓടിയിരുന്ന എക്‌സ്പ്രസ് വണ്ടികളും പൂര്‍ണ്ണമായും പുനഃസ്ഥാപിച്ചിട്ടില്ല. മംഗളൂരു-ചെന്നൈ, മംഗളൂരു-എഗ്‌മോര്‍ തുടങ്ങിയ വണ്ടികളൊന്നും ഒന്നരവര്‍ഷമായി ഓടുന്നില്ല. ജനറല്‍ കോച്ചുകളിലെ തിരക്ക് കുറക്കാന്‍ ഡി-റിസര്‍വ്ഡ് കോച്ചുകള്‍ പുനഃസ്ഥാപിക്കണമെന്ന ആവശ്യവും യാത്രക്കാര്‍ മുന്നോട്ട് വെക്കുന്നുണ്ട്. നിര്‍ത്തലാക്കിയ തീവണ്ടികള്‍ പുനഃസ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാറിന്റെ അനുമതി വേണമെന്നാണ് റെയില്‍വെ പറയുന്നത്. കൊറോണ കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ തീവണ്ടികള്‍ ഓടിക്കുന്നതിന് മാത്രം വിമുഖത കാട്ടുന്നത് എന്തിനെന്ന് മനസ്സിലാവുന്നില്ല. പൊതുഗതാഗതം പൂര്‍ണ്ണമായും സാധാരണ നിലയിലായിക്കഴിഞ്ഞു. സാമൂഹിക അകലം പാലിച്ചുകൊണ്ട് എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. സിനിമാ തീയേറ്ററുകള്‍ വരെ തുറക്കാന്‍ ആലോചിച്ചു വരികയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ തീവണ്ടികള്‍ ഓടിക്കുന്നതിനോട് അകലം പാലിക്കേണ്ടതില്ല. മറ്റ് സംസ്ഥാനങ്ങളിലൊക്കെ ഭൂരിഭാഗം വണ്ടികളും പുനസ്ഥാപിച്ചു കഴിഞ്ഞു. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെയും റെയില്‍വെയുടെയും ഭാഗത്തു നിന്ന് തികഞ്ഞ അനാസ്ഥയാണ് ഉണ്ടായിട്ടുള്ളത്. ഇക്കഴിഞ്ഞ മാര്‍ച്ച് 16 മുതലാണ് ഷൊര്‍ണ്ണൂരില്‍ നിന്ന് കണ്ണൂരിലേക്ക് ഒരു മെമു വണ്ടി ഓടിത്തുടങ്ങിയത്. കാസര്‍കോടിനെ അവഗണിച്ചുകൊണ്ടാണ് അത് സര്‍വ്വീസ് തുടങ്ങിയത്. കണ്ണൂരില്‍ ഓട്ടം അവസാനിപ്പിക്കുന്നതിന് പകരം മംഗളൂരുവരെയോ കാസര്‍കോട് വരെയോ വണ്ടിയോടിക്കുന്നതിന് തടസ്സമൊന്നുമില്ല. എന്നിട്ടും ഈ മേഖലയെ റെയില്‍വെ തഴയുകയായിരുന്നു. കോവിഡിന് ശേഷം ഓഫീസുകളും വ്യാപാര കേന്ദ്രങ്ങളുമൊക്കെ സജീവമായതോടെ എല്ലായിടത്തും യാത്രക്കാരുടെ തിരക്കനുഭവപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ കൂടുതല്‍ യാത്രാ സൗകര്യം അനിവാര്യമാണ്. ജില്ലാ ആസ്ഥാനമായ കാസര്‍കോട്ട് എത്തണമെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും യാത്രാ സൗകര്യം ഉറപ്പുവരുത്തണം. കര്‍ണ്ണാടകയില്‍ വിദ്യാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്. കണ്ണൂര്‍ മുതല്‍ ഇങ്ങോട്ടുള്ള നിരവധി വിദ്യാര്‍ത്ഥികള്‍ മംഗളൂരുവില്‍ പഠിക്കുന്നുണ്ട്. അവര്‍ക്കും മംഗളൂരുവിലെത്തണമെങ്കില്‍ തീവണ്ടികളെത്തന്നെ ആശ്രയിക്കണം. പാസഞ്ചര്‍ വണ്ടികള്‍ അടിയന്തിരമായി പുനസ്ഥാപിക്കാന്‍ നടപടി വേണം.

Related Articles
Next Story
Share it