അത് നാമമാത്രമായ തുക

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് സഹായധനം നല്‍കാനാവില്ലെന്ന് നേരത്തെ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. തര്‍ക്കം സുപ്രിംകോടതിയില്‍ എത്തിയതോടെയാണ് കേന്ദ്രം നയം മാറ്റിയത്. ഇതുമായി ബന്ധപ്പെട്ട മാര്‍ഗരേഖ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്. ഇത് പ്രകാരം കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് 50,000 രൂപ നഷ്ടപരിഹാരം നല്‍കാമെന്നാണ് കോടതിയെ അറിയിച്ചിരിക്കുന്നത്. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയാണ് പുതിയ മാര്‍ഗരേഖയുമായി രംഗത്ത് വന്നിരിക്കുന്നത്. മരണകാരണം കോവിഡ് എന്ന് രേഖപ്പെടുത്തിയ മരണങ്ങള്‍ക്ക് മാത്രമേ സഹായം ലഭിക്കു. കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ […]

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് സഹായധനം നല്‍കാനാവില്ലെന്ന് നേരത്തെ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. തര്‍ക്കം സുപ്രിംകോടതിയില്‍ എത്തിയതോടെയാണ് കേന്ദ്രം നയം മാറ്റിയത്. ഇതുമായി ബന്ധപ്പെട്ട മാര്‍ഗരേഖ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്. ഇത് പ്രകാരം കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് 50,000 രൂപ നഷ്ടപരിഹാരം നല്‍കാമെന്നാണ് കോടതിയെ അറിയിച്ചിരിക്കുന്നത്. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയാണ് പുതിയ മാര്‍ഗരേഖയുമായി രംഗത്ത് വന്നിരിക്കുന്നത്. മരണകാരണം കോവിഡ് എന്ന് രേഖപ്പെടുത്തിയ മരണങ്ങള്‍ക്ക് മാത്രമേ സഹായം ലഭിക്കു. കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ വീതം നല്‍കണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യഹരജിയിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്. നാല് ലക്ഷം രൂപ വീതം നല്‍കാനാവില്ലെന്ന് കേന്ദ്രം നേരത്തെ നിലപാടറിയിച്ചിരുന്നു. പുതിയ മാര്‍ഗരേഖയില്‍ പറയുന്ന തുക തീരെ കുറഞ്ഞുപോയെന്ന നിലപാടിലാണ് പൊതുതാല്‍പര്യ ഹരജി നല്‍കിയവര്‍. ഇത് അംഗീകരിക്കാനാവില്ലെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാറിന്റെ ഔദ്യോഗിക കണക്ക് പ്രകാരം 4.45 ലക്ഷം പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇവരുടെ കുടുംബങ്ങള്‍ക്കും ഭാവിയിലുണ്ടാകുന്ന കോവിഡ് മരണങ്ങളില്‍ ഇരകളുടെ ആശ്രിതര്‍ക്കും സഹായധനം അനുവദിക്കാമെന്നാണ് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്. സഹായത്തിനുള്ള അപേക്ഷ നിര്‍ദ്ദിഷ്ട ഫോറത്തില്‍ കോവിഡ് മരണ സര്‍ട്ടിഫിക്കറ്റടക്കം ചേര്‍ത്ത് ജില്ലാ ഭരണകൂടത്തിന് നല്‍കണം. സൂക്ഷ്മ പരിശോധനക്ക് ശേഷം 30 ദിവസത്തിനുള്ളില്‍ സഹായധനം മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കൈമാറണം. അപേക്ഷകള്‍ ജില്ലാ ദുരന്തനിവാരണ അധികൃതര്‍ പരിശോധിച്ച് ഉറപ്പിക്കണം. പണം ആധാറുമായി ബന്ധപ്പെടുത്തിയ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറണം, പണം അതത് സംസ്ഥാന സര്‍ക്കാറുകളുടെ ദുരന്ത നിവാരണ നിധിയില്‍ നിന്ന് നല്‍കണമെന്നാണ് കേന്ദ്രം നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇത് കോവിഡ് മൂലം മരിച്ചവരുടെ കുടുംബങ്ങളെ കയ്യൊഴിയുന്ന ഏര്‍പ്പാടാണ്. കോവിഡ് മരണത്തിന് നഷ്ടപരിഹാരം നാട് പ്രതീക്ഷിക്കുന്നതാണ്. അതുമായി ബന്ധപ്പെട്ട ഒരു ബാധ്യതയും ഏറ്റെടുക്കാനാവില്ലെന്ന് പറയുന്നത് ബാലിശമാണ്. കേന്ദ്രസര്‍ക്കാറാണ് ഇതില്‍ പ്രധാന പങ്കുവഹിക്കേണ്ടത്. സംസ്ഥാനം ഇതില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിഞ്ഞു നില്‍ക്കില്ലെന്നും എന്നാല്‍ കേന്ദ്രത്തില്‍ നിന്ന് നല്ലൊരു വിഹിതം സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ലഭിക്കണമെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. കോവിഡ് ബാധിച്ച് ചില കുടുംബങ്ങളില്‍ അമ്മയും അച്ഛനുമടക്കം രണ്ടുപേരും മരണപ്പെട്ട സംഭവങ്ങളുണ്ട്. അത്തരക്കാര്‍ക്ക് കൂടുതല്‍ സാമ്പത്തിക സഹായം നല്‍കുമെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാറും ഇക്കാര്യത്തില്‍ നിലപാടറിയിച്ചിട്ടുണ്ട്. ഒരു കുടുംബത്തിന്റെ താങ്ങും തണലുമായ ഒരാള്‍ മരണപ്പെട്ടാല്‍ ആ കുടുംബത്തിന്റെ മുന്നോട്ടുള്ള പോക്ക് ഏറെ ദുഷ്‌കരമാണ്. അത്തരം സന്ദര്‍ഭത്തില്‍ ഈ കുടുംബങ്ങള്‍ക്ക് കേവലം 50,000 രൂപ മാത്രം കിട്ടിയത് കൊണ്ട് എന്താവാന്‍. അത് പോലെത്തന്നെ കോവിഡ് മരണങ്ങള്‍ സംബന്ധിച്ചും പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഔദ്യോഗിക മരണനിരക്കും യഥാര്‍ത്ഥ മരണനിരക്കും തമ്മില്‍ വലിയ അന്തരമുണ്ട്. ഇത് സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്കാണ് ആദ്യം പരിഹാരമുണ്ടാകേണ്ടത്.

Related Articles
Next Story
Share it