ഇത് ജയില്‍ സുരക്ഷയെ ബാധിക്കുന്ന ഗുരുതരപ്രശ്‌നം

കേരളത്തിലെ ജയിലുകളില്‍ നിന്ന് മയക്കുമരുന്നും കഞ്ചാവും പിടികൂടുന്ന സംഭവങ്ങള്‍ പതിവായി മാറുകയാണ്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് അടുത്തിടെ കഞ്ചാവുമായി തടവുകാരന്‍ പിടിയിലായിരുന്നു. ഇതിന് പിറകെ കാസര്‍കോട് സ്‌പെഷല്‍ സബ്ജയിലില്‍ നിന്ന് കഴിഞ്ഞ ദിവസം കഞ്ചാവ് അടക്കമുള്ള നിരോധിത ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് മൂന്ന് തടവുകാര്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുകയാണ്. വിവിധ കേസുകളിലായി റിമാണ്ടില്‍ കഴിയുന്ന പ്രതികളില്‍ നിന്നാണ് കഞ്ചാവും കഞ്ചാവ് ബീഡിയും അടക്കമുള്ള നിരോധിത ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. തടവുകാരുടെ കൈവശം നിരോധിത വസ്തുക്കള്‍ സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ […]

കേരളത്തിലെ ജയിലുകളില്‍ നിന്ന് മയക്കുമരുന്നും കഞ്ചാവും പിടികൂടുന്ന സംഭവങ്ങള്‍ പതിവായി മാറുകയാണ്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് അടുത്തിടെ കഞ്ചാവുമായി തടവുകാരന്‍ പിടിയിലായിരുന്നു. ഇതിന് പിറകെ കാസര്‍കോട് സ്‌പെഷല്‍ സബ്ജയിലില്‍ നിന്ന് കഴിഞ്ഞ ദിവസം കഞ്ചാവ് അടക്കമുള്ള നിരോധിത ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് മൂന്ന് തടവുകാര്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുകയാണ്. വിവിധ കേസുകളിലായി റിമാണ്ടില്‍ കഴിയുന്ന പ്രതികളില്‍ നിന്നാണ് കഞ്ചാവും കഞ്ചാവ് ബീഡിയും അടക്കമുള്ള നിരോധിത ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. തടവുകാരുടെ കൈവശം നിരോധിത വസ്തുക്കള്‍ സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ജയില്‍ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ലഹരി ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയത്. സ്‌പെഷല്‍ സബ്ജയിലില്‍ തടവിലുള്ളവരെ കാണാനെത്തുന്നവരാണ് കഞ്ചാവും മറ്റ് ലഹരിവസ്തുക്കളും ജയിലിലെത്തിക്കുന്നമതെന്നാണ് സംശയിക്കപ്പെടുന്നത്. ഇതിന് പുറമെ ജയിലിന്റെ പുറത്തുനിന്ന് കല്ല് കെട്ടിയ തുണിയില്‍ പൊതിഞ്ഞെറിഞ്ഞും കഞ്ചാവ് എത്തിക്കുന്നുണ്ടെന്ന സംശയവും നിലനില്‍ക്കുകയാണ്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ക്ക് കഞ്ചാവ് എത്തിച്ചുകൊടുത്തത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്. ഇതിന് ജയിലിലെ ചില ഉദ്യോഗസ്ഥര്‍ ഒത്താശ നല്‍കിയതായാണ് അന്വേഷണത്തില്‍ വ്യക്തമായത്. ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ് അറിയുന്നത്. കാസര്‍കോട് സ്‌പെഷല്‍ സബ്ജയിലില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തിലും അന്വേഷണം വേണം. ജയില്‍ സുരക്ഷയെ തന്നെ ബാധിക്കുന്ന ഗുരുതരമായ വിഷയം തന്നെയാണിത്. ജയിലില്‍ തടവുകാര്‍ക്ക് കഞ്ചാവും മയക്കും മരുന്നും ഉപയോഗിക്കാനുള്ള അവസരം ലഭിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതം തന്നെ സംഭവിക്കും. ജയിലിലെ മറ്റ് തടവുകാരുടെ ജീവന് മാത്രമല്ല ജയില്‍ അധികൃതരുടെയും ജീവനക്കാരുടെയും സുരക്ഷിതത്വത്തിന് പോലും ഭീഷണി ഉയര്‍ന്നേക്കാം. പൊതുവെ ക്രിമനല്‍ മനോഭാവം കൂടുതലുള്ള തടവുകാര്‍ക്ക് ലഹരി കിട്ടുന്ന സ്ഥിതിയുണ്ടായാല്‍ ജയിലില്‍ പല തരത്തിലുള്ള അനിഷ്ടസംഭവങ്ങളുമുണ്ടാകും. തടവുകാര്‍ പരസ്പരം അക്രമിക്കുകയും ജയില്‍ ജീവനക്കാര്‍ അക്രമത്തിനിരയാവുകയും ചെയ്യും. കൊലപാതകങ്ങള്‍ പോലും നടന്നേക്കാം. ജയിലുകളില്‍ ഒരു തരത്തിലും ലഹരിസാധനങ്ങള്‍ ലഭ്യമാകുന്ന സ്ഥിതിയുണ്ടാകരുത്. ജയിലില്‍ കാര്യമായ നിരീക്ഷണവും പരിശോധനയുമില്ലാത്തതിനാലാണ് ആര്‍ക്കും കഞ്ചാവും മയക്കുമരുന്നും കടത്തുന്നതിന് അനുകൂലസാഹചര്യമുണ്ടാകുന്നത്. കൊലപാതകം, വധശ്രമം, അക്രമം, ബലാത്സംഗം, കവര്‍ച്ച , കഞ്ചാവ്മയക്കുമരുന്ന് കടത്ത് തുടങ്ങി വിവിധ ഗുരുതരമായ കുറ്റകൃത്യങ്ങളിലേര്‍പ്പെട്ട് ജയിലിലാകുന്നവര്‍ അവിടത്തെ സുരക്ഷക്ക് തന്നെ വെല്ലുവിളിയുയര്‍ത്തുന്ന സ്വഭാവത്തിന് ഉടമകളായിരിക്കാം. ഇവര്‍ക്ക് ലഹരി ഉല്‍പ്പന്നങ്ങള്‍ കൂടി ലഭിച്ചാലുള്ള അവസ്ഥ വിവരണാതീതമായിരിക്കും. ജയിലില്‍ സുരക്ഷയും ജാഗ്രതയും ഏര്‍പ്പെടുത്തേണ്ടത് ബന്ധപ്പെട്ട വകുപ്പിന്റെ ഉത്തരവാദിത്വമാണ്. അതിലുണ്ടാകുന്ന ചെറിയ വീഴ്ച പോലും വലിയ വിപത്തുകള്‍ ക്ഷണിച്ചുവരുത്തും.

Related Articles
Next Story
Share it