മരുന്നുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തണം

രാജ്യത്ത് വില്‍പ്പന നടത്തുന്ന പല മരുന്നുകള്‍ക്കും ഗുണനിലവാരമില്ലെന്ന പരാതി വളരെ മുമ്പേ തന്നെ ഉയര്‍ന്നു വരുന്നുണ്ട്. അതിനുദാഹരണമാണ് ഇടക്കിടെ ചില മരുന്നുകള്‍ നിരോധിച്ചതായി നാം പത്രങ്ങളില്‍ കാണുന്നത്. കുറെ കാലം ഈ മരുന്നുകള്‍ ഉപയോഗിച്ചതിനു ശേഷമായിരിക്കും ഗുണനിലവാരമില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ കണ്ടെത്തുന്നത്. രോഗം മാറുന്നില്ലെന്ന് മാത്രമല്ല, മറ്റ് പാര്‍ശ്വ ഫലങ്ങള്‍ രോഗി അനുഭവിക്കേണ്ടിവരികയും ചെയ്യും. വിപണിയിലുള്ള മരുന്നുകള്‍ ഡ്രഗ് ഇന്‍സ്‌പെക്ടര്‍മാര്‍ പരിശോധിച്ചതിനുശേഷമേ വില്‍പ്പനക്ക് നല്‍കാവൂ. എന്നാല്‍ ഇത് കൃത്യമായി നടക്കുന്നില്ല. രണ്ട് ലക്ഷം ബാച്ച് മരുന്നുകള്‍ വിപണിയിലുള്ള […]

രാജ്യത്ത് വില്‍പ്പന നടത്തുന്ന പല മരുന്നുകള്‍ക്കും ഗുണനിലവാരമില്ലെന്ന പരാതി വളരെ മുമ്പേ തന്നെ ഉയര്‍ന്നു വരുന്നുണ്ട്. അതിനുദാഹരണമാണ് ഇടക്കിടെ ചില മരുന്നുകള്‍ നിരോധിച്ചതായി നാം പത്രങ്ങളില്‍ കാണുന്നത്. കുറെ കാലം ഈ മരുന്നുകള്‍ ഉപയോഗിച്ചതിനു ശേഷമായിരിക്കും ഗുണനിലവാരമില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ കണ്ടെത്തുന്നത്. രോഗം മാറുന്നില്ലെന്ന് മാത്രമല്ല, മറ്റ് പാര്‍ശ്വ ഫലങ്ങള്‍ രോഗി അനുഭവിക്കേണ്ടിവരികയും ചെയ്യും. വിപണിയിലുള്ള മരുന്നുകള്‍ ഡ്രഗ് ഇന്‍സ്‌പെക്ടര്‍മാര്‍ പരിശോധിച്ചതിനുശേഷമേ വില്‍പ്പനക്ക് നല്‍കാവൂ. എന്നാല്‍ ഇത് കൃത്യമായി നടക്കുന്നില്ല. രണ്ട് ലക്ഷം ബാച്ച് മരുന്നുകള്‍ വിപണിയിലുള്ള സംസ്ഥാനത്ത് മാസത്തിലൊരിക്കല്‍ ഗുണനിലവാര പരിശോധന നടത്തണം. എന്നാല്‍ രണ്ടരലക്ഷം ബാച്ച് മരുന്നുകളില്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നത് 800ല്‍ താഴെ മരുന്നുകള്‍ മാത്രമാണത്രെ. പരിശോധന കൂട്ടിയില്ലെങ്കില്‍ നിലവാരമില്ലാത്ത മരുന്നുകള്‍ വന്‍ തോതില്‍ വിറ്റഴിക്കാന്‍ ഇടയുണ്ട്. ജി.എസ്.ടി. ഏര്‍പ്പെടുത്തിയതോടെ ഇതര സംസ്ഥാനങ്ങളിലെ വിതരണക്കാരില്‍ നിന്ന് മെഡിക്കല്‍ സ്റ്റോറുകളിലേക്ക് മരുന്നെത്തുന്നുണ്ട്. ഇവ പരിശോധിക്കാന്‍ നിലവിലെ സംവിധാനം അപര്യാപ്തമാണ്. ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍മാരുടെ പരിമിതി കാരണം ഗുണനിലവാര പരിശോധന ഉയര്‍ത്താന്‍ കഴിയുന്നില്ലെന്നും നിലവാരമില്ലാത്ത മരുന്നുകള്‍ വിപണിയിലെത്താന്‍ സാധ്യതയുണ്ടെന്നുമാണ് സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍ സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. മാസം 1000 കോടി രൂപയുടെ മരുന്നുകള്‍ വിറ്റഴിയുന്ന സംസ്ഥാനത്ത് ഇവയുടെ ഗുണനിലവാരം ഉറപ്പു വരുത്താനും വില്‍പ്പന നിയന്ത്രിക്കാനും 47 ഇന്‍സ്‌പെക്ടര്‍മാര്‍ മാത്രമാണുള്ളത്. 30,000 ഔഷധ വിപണന സ്ഥാപനങ്ങളുടെ മേല്‍നോട്ടവും സൗന്ദര്യ വര്‍ധക വസ്തുക്കളുടെ ഗുണനിലവാര പരിശോധനയും ഇവരുടെ ചുമതലയാണ്. നിയമപരമായ നടപടികള്‍ പൂര്‍ത്തീകരിച്ച് 13 ഇനം മരുന്നുകളാണ് ഒരു മാസം പരിശോധനയ്ക്ക് എടുക്കാന്‍ കഴിയുക. ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിപ്പിക്കുകയോ മരുന്നെടുക്കുന്നതിനുവേണ്ടി പ്രത്യേക വിഭാഗം രൂപ വല്‍ക്കരിക്കുകയോ ചെയ്യാതെ വ്യാജമരുന്നുകളുടെ വിതരണം തടയാന്‍ കഴിയില്ല. ആറ് സ്ഥലങ്ങളില്‍ മാത്രമാണ് ജില്ലാ മേധാവിമാരുള്ളത്. ഭൂരിഭാഗം ഓഫീസുകള്‍ക്കും വാഹനങ്ങളില്ല. പരാതികളില്‍ പെട്ടെന്ന് അന്വേഷണം നടത്താന്‍ പ്രത്യേക എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകളുമില്ല. 2013ല്‍ 15 ഇന്‍സ്‌പെക്ടര്‍മാരുടെയും മൂന്ന് ജില്ലാ ഓഫീസര്‍മാരുടെയും തസ്തികയും സൃഷ്ടിക്കാന്‍ ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് ശുപാര്‍ശ നല്‍കിയിരുന്നു. എന്നാല്‍ നടപ്പായില്ല. തിരുവനന്തപുരത്തിന് പുറമെ എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളില്‍ ലാബുകള്‍ സജ്ജീകരിച്ചെങ്കിലും സാംപിള്‍ എടുക്കേണ്ട ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍മാരുടെ എണ്ണത്തില്‍ 20 വര്‍ഷത്തിനിടെ വര്‍ധനവുണ്ടായില്ല. വ്യാജമരുന്നുകളുടെ വിപണനം തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച മഷേല്‍ക്കര്‍ കമ്മിറ്റിയും അടിയന്തിരമായി ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് വിപുലീകരിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. നിലവില്‍ ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍മാരുടെ തസ്തികകളിലേക്ക് പി.എസ്.സി. തയ്യാറാക്കിയ പട്ടിക നിലവിലുണ്ടെങ്കിലും നിയമനമൊന്നും നടക്കുന്നില്ല. മുഴുവന്‍ മരുന്നുകളും പരിശോധിച്ചതിനുശേഷമേ വിപണിയിലെത്തൂ എന്ന് ഉറപ്പാക്കണം.

Related Articles
Next Story
Share it