പ്രകൃതിയുടെ സന്തുലിതാവസ്ഥ ഗൗരവത്തോടെ കാണണം

പ്രകൃതിയെ മനുഷ്യന്‍ ചൂഷണം ചെയ്യുന്നതിന് അറുതിയുണ്ടാവുന്നില്ല. ഓരോ ദിവസം പിന്നിടുമ്പോഴും ഭൂമുഖം പ്ലാസ്റ്റിക്കുകള്‍കൊണ്ട് മൂടപ്പെടുകയും അന്തരീക്ഷത്തിലേക്ക് വിഷ മാലിന്യങ്ങള്‍ തള്ളിക്കൊണ്ടിരിക്കുകയുമാണ്. പ്രകൃതിയുടെ സന്തുലിതാവസ്ഥ തന്നെ താളം തെറ്റിയിരിക്കയാണ്. മഴയും വേനലും ഉണ്ടാവുന്നതിന് മുമ്പൊക്കെ ഒരു സമയക്രവും താളവുമുണ്ടായിരുന്നു. അതൊക്കെ മാറിയിരിക്കയാണ്. ഓസോണ്‍ പാളിയിലെ വിള്ളല്‍ മൂലം സൂര്യതാപം എല്ലായിടത്തും വര്‍ധിച്ചുവരികയാണ്. മഴക്കാലത്ത് പ്രളയത്തില്‍ മുങ്ങിത്താഴുന്ന സ്ഥലങ്ങളുടെ എണ്ണം വര്‍ധിച്ചു വരികയാണ്. ഈയിടെ ഗ്രീന്‍ലാന്റില്‍ നിന്ന് വന്ന ഒരു റിപ്പോര്‍ട്ട് ലോകം ഗൗരവത്തോടെ വേണം കാണാന്‍. ഗ്രീന്‍ ലാന്റിലെ […]

പ്രകൃതിയെ മനുഷ്യന്‍ ചൂഷണം ചെയ്യുന്നതിന് അറുതിയുണ്ടാവുന്നില്ല. ഓരോ ദിവസം പിന്നിടുമ്പോഴും ഭൂമുഖം പ്ലാസ്റ്റിക്കുകള്‍കൊണ്ട് മൂടപ്പെടുകയും അന്തരീക്ഷത്തിലേക്ക് വിഷ മാലിന്യങ്ങള്‍ തള്ളിക്കൊണ്ടിരിക്കുകയുമാണ്. പ്രകൃതിയുടെ സന്തുലിതാവസ്ഥ തന്നെ താളം തെറ്റിയിരിക്കയാണ്. മഴയും വേനലും ഉണ്ടാവുന്നതിന് മുമ്പൊക്കെ ഒരു സമയക്രവും താളവുമുണ്ടായിരുന്നു. അതൊക്കെ മാറിയിരിക്കയാണ്. ഓസോണ്‍ പാളിയിലെ വിള്ളല്‍ മൂലം സൂര്യതാപം എല്ലായിടത്തും വര്‍ധിച്ചുവരികയാണ്. മഴക്കാലത്ത് പ്രളയത്തില്‍ മുങ്ങിത്താഴുന്ന സ്ഥലങ്ങളുടെ എണ്ണം വര്‍ധിച്ചു വരികയാണ്. ഈയിടെ ഗ്രീന്‍ലാന്റില്‍ നിന്ന് വന്ന ഒരു റിപ്പോര്‍ട്ട് ലോകം ഗൗരവത്തോടെ വേണം കാണാന്‍. ഗ്രീന്‍ ലാന്റിലെ ഹിമപാളിയുടെ നെറുകയില്‍ ചരിത്രത്തിലാദ്യമായി മഴ പെയ്തുവെന്നാണ് അവിടെ നിന്നുള്ള റിപ്പോര്‍ട്ട്. 10,551 അടി ഉയരമുള്ള മഞ്ഞുപാളിയില്‍ ഇക്കഴിഞ്ഞ ആഗസ്ത് 14 ന് പെയ്ത മഴ മണിക്കൂറുകളോളം നീണ്ടു നിന്നതായി യു.എസ്. സ്‌നോ ആന്റ് ഐസ് ഡാറ്റാ സെന്ററാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2030 ഓടെ മുംബെ അടക്കമുള്ള ലോകത്തെ പ്രധാന കടലോര നഗരങ്ങളില്‍ മഹാ പ്രളയമടക്കമുള്ള കാലാവസ്ഥ ദുരന്തങ്ങള്‍ക്ക് ഇത് ഇടയാക്കുമെന്ന് ശാസ്ത്രലോകം ഭയപ്പെടുന്നു. ഇവിടെ മഴ പെയ്തത് മഞ്ഞുരുകുന്നതിന്റെ തോത് ഉയര്‍ത്തും. വടക്കന്‍ ഭാഗത്തുള്ള ഉയരമുള്ള മഞ്ഞുപാളിയില്‍ മഴ പെയ്തതായി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലത്രെ. ജനുവരിയില്‍ പ്രസിദ്ധീകരിച്ച യൂറോപ്യന്‍ പഠന പ്രകാരം ഗ്രീന്‍ ലാന്റിനെ മഞ്ഞുരുകല്‍ 2100 ആകുമ്പോഴേക്കും സമുദ്ര നിരപ്പ് 10 മുതല്‍ 18 സെന്റീമീറ്റര്‍ ഉയരുന്നതിന് കാരണമാകും. 2030 ആകുമ്പോഴേക്കും കൊച്ചിയും മുംബൈയുമടക്കമുള്ള ഇന്ത്യയിലെ 12 കടലോര നഗരങ്ങളില്‍ വെള്ളപ്പൊക്കത്തിനും ഇത് കാരണമാകുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. താപ നില പൂജ്യം ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതലോ അല്‍പ്പം മാത്രം കുറവോ ആയ സാഹചര്യത്തിലാണ് ഗ്രീന്‍ലാന്റില്‍ മറ്റിടങ്ങളില്‍ മഴ പെയ്യുക. കഴിഞ്ഞ 2000 വര്‍ഷങ്ങള്‍ക്കിടെ ഒമ്പതു തവണയാണത്രെ ഇവിടെ താപനില പൂജ്യം ഡിഗ്രിയില്‍ നിന്ന് ഉയര്‍ന്നത്. 2012ലും 2019ലും ഇങ്ങനെ ഉണ്ടായെങ്കിലും മഴ പെയ്തിരുന്നില്ല. മഴ പെയ്യുമ്പോള്‍ സാധാരണയേക്കാളും ഏഴിരട്ടി മഞ്ഞാണ് ഉരുകുന്നത്. ഇതൊക്കെ നിസ്സാരമായി എഴുതിതള്ളാവുന്ന റിപ്പോര്‍ട്ടുകളല്ല. ഏറെ ഗൗരവത്തോടെ വേണം കാണാന്‍. തന്റെ അടിസ്ഥാന ആവശ്യങ്ങള്‍ക്കുപരി ആര്‍ഭാടങ്ങളിലേക്ക് മനുഷ്യന്‍ ശ്രദ്ധ തിരിക്കുമ്പോഴുണ്ടാകുന്ന ഉപഭോക്താസക്തിയെ തൃപ്തിപ്പെടുത്താന്‍ മനുഷ്യന്‍ പ്രകൃതിയെ ചൂഷണം ചെയ്യാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. വന്‍ തോതിലുള്ള ഉല്‍പ്പാദനത്തിന് വന്‍തോതിലുള്ള പ്രകൃതി ചൂഷണം അനിവാര്യമായിരുന്നു. ഇതിന്റെ ഫലമായാണ് വലിയ പ്രതിസന്ധിയിലേക്ക് നാം നീങ്ങിക്കൊണ്ടിരിക്കുന്നത്. ലോകം നേരിടുന്ന പ്രധാന വെല്ലുകളില്‍ ഒന്നാണ് പരിസ്ഥിതി പ്രശ്‌നങ്ങള്‍. എല്ലാ രാജ്യങ്ങളിലും വളരെ ഗൗരവ പൂര്‍ണ്ണമായി പരിസ്ഥിതി പ്രശ്‌നങ്ങള്‍ പഠിക്കുകയും അതിന്റെ വിപത്തുകള്‍ കുറക്കാനുള്ള വഴികള്‍ കണ്ടെത്താനും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിലും പരിസ്ഥിതി മലിനമാക്കപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്യുകയാണ്. കാടും പുഴയും നാശോന്‍മുഖമായിക്കൊണ്ടിരിക്കയാണ്. സാക്ഷരതയുടെയും ആരോഗ്യത്തിന്റെയും വൃത്തിയുടേയുമൊക്കെ കാര്യത്തില്‍ നാം മറ്റു സംസ്ഥാനങ്ങളേക്കാള്‍ മുന്‍പന്തിയിലാണ്. നിര്‍ഭാഗ്യവശാല്‍ പരിസ്ഥിതി സംരക്ഷത്തില്‍ മാത്രം നാം പിറകിലാണ്. സ്വന്തം വൃത്തിയും വീടിന്റെ വൃത്തിയും മാത്രം സംരക്ഷിച്ച് സ്വാര്‍ത്ഥതയുടെ പര്യായമായി മാറിക്കൊണ്ടിക്കുന്ന നമ്മുടെ പോക്ക് എങ്ങോട്ടെന്നറിയുന്നില്ല. നാം ജീവിക്കുന്ന ചുറ്റുപാടിന്റെ സംരക്ഷണവും പരിപാലനവും വളരെ ശ്രദ്ധയോടെ ചെയ്യേണ്ട കാര്യമാണ്. വെള്ളത്തിനും ഭക്ഷണത്തിനും തൊഴിലിനും പ്രകൃതിയെ ആശ്രയിക്കുന്നവര്‍ക്കാണ് വലിയ വിപത്ത് ഉണ്ടാകാന്‍ പോകുന്നത്. പാടം നികത്തിയാലും കുന്നിടിച്ചാലും പുഴ നശിച്ചാലും ഒരു പ്രശ്‌നവുമില്ലെന്ന് കരുതുന്നവരുടെ കാഴ്ചപ്പാടുകള്‍ മാറ്റിയേ പറ്റൂ. പരിസ്ഥിതിക്ക് വിനാശം വരുത്തുന്ന പ്രവര്‍ത്തനങ്ങള്‍ ജീവിത രീതി എന്നിവയില്‍ മാറ്റം വരുത്താത്തിടത്തോളം കാലം ഇത്തരം പ്രശ്‌നങ്ങളില്‍ നിന്ന് നമുക്ക് രക്ഷനേടാനാവില്ല.

Related Articles
Next Story
Share it