ബബീഷിന്റെ കരളുറപ്പിന് മൂന്ന് ജീവന്റെ വില

കീഴൂര്‍ കടല്‍ത്തീരം കഴിഞ്ഞ ദിവസം സാക്ഷിയായത് ഒരു യുവാവിന്റെ കരളുറപ്പിന്റെയും സാഹസികതയുടെയും സാക്ഷാത്കാരത്തിനായിരുന്നു. മീനുമായി വരുന്നതിനിടയില്‍ ശക്തമായ തിരമാലയില്‍പ്പെട്ട് കീഴൂര്‍ പുലിമുട്ടിന് പുറത്ത് തോണി മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികള്‍ മരണത്തോട് മല്ലടിക്കുകയായിരുന്നു. ഈ സമയത്താണ് ദൈവ ദൂതനെപ്പോലെ കീഴൂര്‍ കടപ്പുറത്തെ മത്സ്യത്തൊഴിലാളി ബബീഷ് എത്തിയത്. ആഞ്ഞടിക്കുന്ന തിരമാലകള്‍ക്കിടയിലേക്ക് ചാടിയിറങ്ങാന്‍ ബബീഷിന് ഒരുവട്ടം ആലോചിക്കേണ്ടിവന്നില്ല. കനത്ത മഴയ്ക്കും കാറ്റിലും കലിതുള്ളുന്ന തിരമാലകള്‍ക്കും ബബീഷിന്റെ ധൈര്യത്തെ തോല്‍പ്പിക്കാനായില്ല. തീരത്ത് നിന്ന് ഒരു കിലോ മീറ്ററിനപ്പുറം കൂറ്റന്‍ തിരമാലകള്‍ക്കിടയില്‍ നിന്ന് സഹായത്തിനായി […]

കീഴൂര്‍ കടല്‍ത്തീരം കഴിഞ്ഞ ദിവസം സാക്ഷിയായത് ഒരു യുവാവിന്റെ കരളുറപ്പിന്റെയും സാഹസികതയുടെയും സാക്ഷാത്കാരത്തിനായിരുന്നു. മീനുമായി വരുന്നതിനിടയില്‍ ശക്തമായ തിരമാലയില്‍പ്പെട്ട് കീഴൂര്‍ പുലിമുട്ടിന് പുറത്ത് തോണി മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികള്‍ മരണത്തോട് മല്ലടിക്കുകയായിരുന്നു. ഈ സമയത്താണ് ദൈവ ദൂതനെപ്പോലെ കീഴൂര്‍ കടപ്പുറത്തെ മത്സ്യത്തൊഴിലാളി ബബീഷ് എത്തിയത്. ആഞ്ഞടിക്കുന്ന തിരമാലകള്‍ക്കിടയിലേക്ക് ചാടിയിറങ്ങാന്‍ ബബീഷിന് ഒരുവട്ടം ആലോചിക്കേണ്ടിവന്നില്ല. കനത്ത മഴയ്ക്കും കാറ്റിലും കലിതുള്ളുന്ന തിരമാലകള്‍ക്കും ബബീഷിന്റെ ധൈര്യത്തെ തോല്‍പ്പിക്കാനായില്ല. തീരത്ത് നിന്ന് ഒരു കിലോ മീറ്ററിനപ്പുറം കൂറ്റന്‍ തിരമാലകള്‍ക്കിടയില്‍ നിന്ന് സഹായത്തിനായി ഉയര്‍ന്ന മൂന്ന് പേരുടെ കൈകള്‍ക്കടുത്ത് എത്തിപ്പെടാന്‍ ബബീഷിന് കുറച്ചു സമയം മാത്രമേ വേണ്ടിവന്നിരുന്നുള്ളൂ. കൈയില്‍ കരുതിയ കയറുമായി തിരമാലകള്‍ മുറിച്ച് ലക്ഷ്യത്തിലേക്ക് ബബീഷ് നീന്തുമ്പോള്‍ കരയില്‍ നിരവധി പേര്‍ ശ്വാസമടക്കി കഴിയുകയായിരുന്നു. നിലയെത്താത്ത കടലില്‍ മരണത്തോട് മല്ലടിച്ച് തളര്‍ന്ന മൂന്ന് ജീവിതങ്ങള്‍ക്കരികില്‍ ബബീഷിന്റെ കൈകള്‍ എത്തിയില്ലായിരുന്നുവെങ്കില്‍ കീഴൂര്‍ തീരം മൂന്നുപേരുടെ ദുരന്തത്തിന് സാക്ഷിയാവുമായിരുന്നു. ഒരു മാസം മുമ്പ് ഇതേ സ്ഥലത്ത് തോണിയപകടത്തില്‍ മൂന്ന് യുവാക്കളാണ് മുങ്ങിമരിച്ചത്. ബബീഷ് നീന്തി മുങ്ങിത്താഴുന്നവര്‍ക്കരികില്‍ എത്തുമ്പോഴേക്കും ഒരാള്‍ ബോധരഹിതനായിരുന്നു. കയ്യില്‍ കരുതിയ കയര്‍കൊണ്ട് ഒരാളെ കന്നാസിനൊപ്പം കെട്ടിയിട്ടു തളര്‍ന്ന മറ്റുരണ്ടുപേരെയും കൊണ്ട് കരയിലേക്ക് തുഴയുകയായിരുന്നു. ഇവരെ കരക്കെത്തിച്ച ശേഷം വീണ്ടും തിരമുറിച്ച് നീന്തി മറ്റെയാളെയും ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരികയായിരുന്നു. ബേക്കല്‍ കുറിച്ചിക്കുന്ന് നിരോഷ നിലയത്തില്‍ മത്സ്യത്തൊഴിലാളിയായ എ. ബാലകൃഷ്ണന്റെയും എം. വിമലയുടെയും മകനാണ് നാടിന്റെ മാതൃകയായ ബബീഷ്. അഞ്ചാം ക്ലാസില്‍ പഠനം നിര്‍ത്തി അച്ഛനോടൊപ്പം കടലിലിറങ്ങിയ ഈ യുവാവിന് കടലിലെ തിരയും ചുഴികളുമൊക്കെ അതിജീവിക്കുക പ്രയാസകരമായിരുന്നില്ല. കീഴൂരില്‍ നിര്‍ത്തിയിട്ടിരുന്ന തോണി നോക്കാന്‍ പോയപ്പോഴാണ് മൂന്ന് പേര്‍ കടലില്‍ അകപ്പെട്ട വിവരം ബബീഷ് അറിയുന്നത്. ഒരു മാസം മുമ്പ് കീഴൂര്‍ അഴിമുഖത്ത് ഫൈബര്‍ തോണി മറിഞ്ഞ് ഏഴ് പേര്‍ കടലില്‍ വീണപ്പോഴും തിരച്ചിലിനും രക്ഷാപ്രവര്‍ത്തനത്തിനും ബബീഷ് മുന്നിലുണ്ടായിരുന്നു. അന്ന് മൂന്ന് പേര്‍ മരിച്ചെങ്കിലും നാലു പേരെ രക്ഷപ്പെടുത്താനായി. ധീരരായ ഇത്തരം യുവാക്കള്‍ക്കാണ് പ്രോത്സാഹനം നല്‍കേണ്ടത്. നീന്തലിലും മുങ്ങലിലും കൂടുതല്‍ പരിശീലനം ലഭിച്ചാല്‍ ബബീഷിനെപ്പോലുള്ളവര്‍ക്ക് നാടിനുവേണ്ടി എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്നതില്‍ സംശയമില്ല.
കടലിനോട് മല്ലടിച്ച് ജീവിതം കരുപ്പിടിച്ചിരുന്നവര്‍ അപകടങ്ങളില്‍ പെടുമ്പോള്‍ അവരുടെ രക്ഷക്കെത്താനാണ് തീരദേശ പൊലീസും മറ്റ് സന്നാഹങ്ങളും. എന്നാല്‍ ഇത്തരം സാഹചര്യങ്ങളില്‍ അതൊക്കെ നോക്കുകുത്തികളാവുകയാണ്. അപകടത്തില്‍പ്പെടുന്നവരെ രക്ഷപ്പെടുത്താന്‍ തീരദേശ പൊലീസിന് രക്ഷാബോട്ടുണ്ട്. 24 മണിക്കൂറും ഏത് സാഹചര്യത്തെയും നേരിടാന്‍ സജ്ജരായി ഇരിക്കേണ്ട ബോട്ടില്‍ എണ്ണയടിക്കാന്‍ പോലും നിര്‍വ്വാഹമില്ലെങ്കില്‍ പിന്നെ എന്തിനീ സംവിധാനങ്ങളൊക്കെ. ബബീഷിന്റെ ചങ്കുറപ്പിനും ധീരതയ്ക്കും മുമ്പില്‍ ഞങ്ങളുടെ അഭിനന്ദനവും ഇവിടെ കുറിക്കട്ടെ.

Related Articles
Next Story
Share it