റോഡിലെ കുഴി; ജീവനെടുക്കുന്നു

കാലവര്‍ഷം തീരാറായതോടെ ജില്ലയിലെ റോഡുകളുടെ സ്ഥിതി അതീവ ഗുരുതരമായിരിക്കയാണ്. കെ.എസ്.ടി.പി. റോഡും നാഷണല്‍ ഹൈവെ റോഡും എല്ലാം പലേടത്തും കുളമായിരിക്കയാണ്. പൊതു മരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് അധികാരമേറ്റെടുത്തതോടെ തെക്കന്‍ ജില്ലകളിലെ റോഡുകള്‍ നന്നായി നിലനിര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്. അതേ സമയം വടക്കന്‍ ജില്ലകളിലെ റോഡിന്റെ സ്ഥിതി അതീവ ഗുരുതരമാണ്. നാഷണല്‍ ഹൈവേയില്‍ കാസര്‍കോടിനും തലപ്പാടിക്കുമിടയിലും കാഞ്ഞങ്ങാടിനും പയ്യന്നൂരിനുമിടയിലും റോഡില്‍ നിറയെ കുഴികള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മലയോര റോഡുകളുടെ സ്ഥിതിയും ദയനീയമാണ്. പുതുതായി കോടികള്‍ മുടക്കി നിര്‍മ്മിച്ച റോഡുകള്‍ […]

കാലവര്‍ഷം തീരാറായതോടെ ജില്ലയിലെ റോഡുകളുടെ സ്ഥിതി അതീവ ഗുരുതരമായിരിക്കയാണ്. കെ.എസ്.ടി.പി. റോഡും നാഷണല്‍ ഹൈവെ റോഡും എല്ലാം പലേടത്തും കുളമായിരിക്കയാണ്. പൊതു മരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് അധികാരമേറ്റെടുത്തതോടെ തെക്കന്‍ ജില്ലകളിലെ റോഡുകള്‍ നന്നായി നിലനിര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്. അതേ സമയം വടക്കന്‍ ജില്ലകളിലെ റോഡിന്റെ സ്ഥിതി അതീവ ഗുരുതരമാണ്. നാഷണല്‍ ഹൈവേയില്‍ കാസര്‍കോടിനും തലപ്പാടിക്കുമിടയിലും കാഞ്ഞങ്ങാടിനും പയ്യന്നൂരിനുമിടയിലും റോഡില്‍ നിറയെ കുഴികള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മലയോര റോഡുകളുടെ സ്ഥിതിയും ദയനീയമാണ്. പുതുതായി കോടികള്‍ മുടക്കി നിര്‍മ്മിച്ച റോഡുകള്‍ പോലും കുണ്ടും കുഴിയുമായി സഞ്ചാര യോഗ്യമല്ലാതായിരിക്കയാണ്. മലയോര മേഖലയില്‍ പ്രധാന നഗരങ്ങളെയൊക്കെ ബന്ധിപ്പിച്ച് പല ഭാഗങ്ങളില്‍ നിന്നും കേന്ദ്ര-സംസ്ഥാന ഫണ്ടുകള്‍ ഉപയോഗിച്ച് മെക്കാഡം റോഡുകള്‍ വരെ ഉണ്ടായിട്ടുണ്ട്. കാലവര്‍ഷത്തെ അതി ജീവിക്കാന്‍ പറ്റാത്തതാണ് ഇതില്‍ ഏറെയും. ടാര്‍ ചെയ്ത് മാസങ്ങള്‍ക്കുള്ളില്‍ തന്നെ പല റോഡുകളിലും ചതിക്കുഴികള്‍ രൂപം കൊണ്ടിട്ടുണ്ട്. റോഡ് നിര്‍മ്മിക്കുമ്പോള്‍ വേണ്ട രീതിയില്‍ അസംസ്‌കൃത വസ്തുക്കള്‍ ചേര്‍ക്കാത്തതുതന്നെയാണിതിന് കാരണമെന്നതില്‍ തര്‍ക്കമില്ല. ജനങ്ങളില്‍ നിന്ന് വലിയ പ്രതിഷേധമുയരുമ്പോള്‍ കണ്ണില്‍ പൊടിയിടാനായി കുഴികളില്‍ പൊടി വിതറി കുഴിയടക്കുന്ന രീതിയാണ് കണ്ടുവരുന്നത്. ഒന്നോ രണ്ടോ മഴപെയ്ത് ഏതാനും വാഹനങ്ങള്‍ ഇതിലൂടെ കയറിയിറങ്ങിക്കഴിയുമ്പോഴേക്കും റോഡ് പഴയനിലയില്‍ തന്നെയാവും. വേണ്ടത്ര ടാറും മെറ്റലും ഉപയോഗിക്കാതെയാണ് പല റോഡുകളും നിര്‍മ്മിച്ചിരിക്കുന്നത്. ഒരു റോഡ് നിര്‍മ്മിച്ചാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം അഞ്ചുവര്‍ഷത്തേക്കെങ്കിലും അതിന്റെ ജോലി ഏറ്റെടുത്ത കോണ്‍ട്രാക്ടര്‍ക്ക് തന്നെ ആയിരിക്കണം. മെക്കാഡം റോഡിനൊക്കെ കോടിക്കണക്കിന് രൂപയാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്. ടാര്‍ ചെയ്ത് ഒന്നോ രണ്ടോ മാസങ്ങള്‍ക്കുള്ളില്‍ തന്നെ റോഡ് പൊട്ടിപ്പൊളിഞ്ഞാല്‍ ഇത്രും കോടികള്‍ ചെലവഴിച്ചതുകൊണ്ട് ആര്‍ക്കാണ് ഗുണം. റോഡിന് അനുവദിച്ച ഫണ്ടില്‍ നിന്ന് ഇതിന്റെ മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥരുടെ കൈകളിലേക്ക് കൈക്കൂലിയിനത്തില്‍ വലിയൊരു തുക എത്തുന്നുണ്ടെന്നത് രഹസ്യമല്ല. കോണ്‍ട്രാക്ടര്‍ ഇത് നല്‍കിയില്ലെങ്കില്‍ ബില്ല് പാസാവാതെ വരും. അത് കണക്കിലെടുത്ത് അവര്‍ ചോദിക്കുന്ന പണം നല്‍കാന്‍ കോണ്‍ട്രാക്ടര്‍മാര്‍ തയ്യാറാവുന്നു. അപ്പോള്‍ റോഡിന്റെ ഗുണനിലവാരം കാക്കുകമാത്രമാണ് അവരുടെ മുമ്പിലുള്ള പോം വഴി. ഇത്തരം ഉദ്യോഗസ്ഥരെ കയ്യോടെ പിടികൂടാനുള്ള നടപടി ഉണ്ടായാല്‍ മാത്രമേ നമ്മുടെ റോഡുകള്‍ രക്ഷപ്പെടൂ.
മഴക്കാലത്ത് റോഡുകള്‍ കുഴികളായി മാറുമ്പോള്‍ ജനങ്ങളുടെ ജീവനും അപകടത്തിലാവുന്നു. നിരവധി പേരാണ് റോഡിലെ കുഴികളില്‍ വീണ് മരണപ്പെടുന്നത്. കുഴികളില്‍ വെള്ളം നിറഞ്ഞാല്‍ കുഴിയേതെന്ന് തിരിച്ചറിയാനാവില്ല. ഇരുചക്രവാഹന യാത്രക്കാരാണ് ഇത്തരം കുഴികളില്‍ വീണ് അപകടത്തില്‍പ്പെടുന്നത്. കെ.എസ്.ടി.പി. റോഡിലും നിറയെ കുഴികളാണ്. മെക്കാഡം ടാര്‍ ചെയ്ത റോഡ് പലസ്ഥലങ്ങളിലും പൊട്ടിപ്പൊളിഞ്ഞു കിടക്കുകാണ്. ഏതാനും ആഴ്ച മുമ്പ് ബേക്കല്‍ പാലത്തിന് സമീപം രൂപം കൊണ്ട വലിയ കുഴികളില്‍ ഒരു സ്‌കൂട്ടര്‍ യാത്രക്കാരന്‍ വീണ് മരണപ്പെട്ടിരുന്നു. കുഴി തെറ്റിക്കാന്‍ ശ്രമിച്ചപ്പോള്‍ എതിരെ വന്ന വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇത് നടന്നിട്ട് ആഴ്ചകള്‍ കഴിഞ്ഞിട്ടും കുഴി നികത്താന്‍ കെ.എസ്.ടി.പി. അധികൃതര്‍ തയ്യാറായിട്ടില്ല. മാണിക്കോത്തിനടുത്ത് മഴ വന്നാല്‍ റോഡിന്റെ ഒരു ഭാഗം പൂര്‍ണ്ണമായും വെള്ളം നിറയുകയാണ്. കാസര്‍കോട്-കാഞ്ഞങ്ങാട് സംസ്ഥാന പാതയില്‍ കഴിഞ്ഞ ദിവസം കുഴിയടക്കല്‍ പ്രക്രിയ തുടങ്ങിയിട്ടുണ്ട്. പ്രതിഷേധം ഉയരുമ്പോള്‍ കുഴികളില്‍ ജില്ലിപ്പൊടി ഇട്ട് മൂടിയതുകൊണ്ട് മാത്രമായില്ല. അത്രയും ഭാഗം ടാര്‍ ചെയ്ത് നന്നാക്കുക തന്നെ വേണം. ചന്ദ്രഗിരി വഴിയുള്ള കെ.എസ്.ടി.പി. റോഡ് നിര്‍മ്മിക്കുമ്പോള്‍ ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു. കുണ്ടും കുഴികളും നിറഞ്ഞ ഹൈവെ പോലെയാവില്ലെന്ന്. എന്നാല്‍ അതിനേക്കാള്‍ കഷ്ടമാണ് ഈ റോഡിന്റെ സ്ഥിയും. ജനങ്ങളുടെ ജീവന്‍ അപകടപ്പെടുത്താതെ എത്രയും പെട്ടെന്ന് റോഡുകളുടെ അറ്റക്കുറ്റപ്പണി നടത്തി സഞ്ചാര യോഗ്യമാക്കാന്‍ നടപടി വേണം.

Related Articles
Next Story
Share it