ജില്ലക്ക് വേണം കൂടുതല്‍ വ്യായാമ കേന്ദ്രങ്ങള്‍

കാസര്‍കോട് ജില്ലയില്‍ കൂടുതല്‍ വ്യായമകേന്ദ്രങ്ങള്‍ വേണമെന്ന ആവശ്യത്തിന് പ്രസക്തിയേറുകയാണ്. ഭൂരിഭാഗം ആളുകളും വ്യായാമശീലം ഇല്ലാത്തവരാണ്. ഇതിന് പുറമെ പല തരത്തിലുള്ള രോഗങ്ങളും കീഴ്‌പ്പെടുത്തുന്നു. അനാരോഗ്യകരമായ ജീവിത ശൈലിയാണ് രോഗം വ്യാപകമാകുന്നതിന് ഒരു പ്രധാനകാരണം. ഇതിനെയൊക്കെ മറികടക്കാന്‍ വ്യായാമശീലം വര്‍ധിപ്പിക്കേണ്ടത് ആരോഗ്യസംരക്ഷണത്തിന് അനിവാര്യമായിരിക്കുന്നു. കാസര്‍കോട് ജില്ലയില്‍ വ്യായാമശാലകളും യോഗാകേന്ദ്രങ്ങളും ഒക്കെയുണ്ടെങ്കിലും എല്ലാവര്‍ക്കും ഇത് ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ജിംനേഷ്യങ്ങളിലും യോഗാകേന്ദ്രങ്ങളിലും നിശ്ചിത ഫീസ് നല്‍കണം. നഗരഭാഗങ്ങളിലാണ് ജിമ്മുകളും മറ്റും പ്രവര്‍ത്തിക്കുന്നത്. ഗ്രാമപ്രദേശങ്ങളില്‍ ജിമ്മുകള്‍ സജീവമല്ല. അതുകൊണ്ട് തന്നെ എല്ലാവര്‍ക്കും […]

കാസര്‍കോട് ജില്ലയില്‍ കൂടുതല്‍ വ്യായമകേന്ദ്രങ്ങള്‍ വേണമെന്ന ആവശ്യത്തിന് പ്രസക്തിയേറുകയാണ്. ഭൂരിഭാഗം ആളുകളും വ്യായാമശീലം ഇല്ലാത്തവരാണ്. ഇതിന് പുറമെ പല തരത്തിലുള്ള രോഗങ്ങളും കീഴ്‌പ്പെടുത്തുന്നു. അനാരോഗ്യകരമായ ജീവിത ശൈലിയാണ് രോഗം വ്യാപകമാകുന്നതിന് ഒരു പ്രധാനകാരണം. ഇതിനെയൊക്കെ മറികടക്കാന്‍ വ്യായാമശീലം വര്‍ധിപ്പിക്കേണ്ടത് ആരോഗ്യസംരക്ഷണത്തിന് അനിവാര്യമായിരിക്കുന്നു. കാസര്‍കോട് ജില്ലയില്‍ വ്യായാമശാലകളും യോഗാകേന്ദ്രങ്ങളും ഒക്കെയുണ്ടെങ്കിലും എല്ലാവര്‍ക്കും ഇത് ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ജിംനേഷ്യങ്ങളിലും യോഗാകേന്ദ്രങ്ങളിലും നിശ്ചിത ഫീസ് നല്‍കണം. നഗരഭാഗങ്ങളിലാണ് ജിമ്മുകളും മറ്റും പ്രവര്‍ത്തിക്കുന്നത്. ഗ്രാമപ്രദേശങ്ങളില്‍ ജിമ്മുകള്‍ സജീവമല്ല. അതുകൊണ്ട് തന്നെ എല്ലാവര്‍ക്കും സൗകര്യത്തിന് എത്തിപ്പെടാന്‍ കഴിയാത്ത അവസ്ഥയുണ്ടാകുന്നു. പ്രതിമാസം ഫീസ് നല്‍കി വ്യായാമകേന്ദ്രങ്ങളില്‍ പോകാനുള്ള സാമ്പത്തിക സ്ഥിതി എല്ലാവര്‍ക്കും ഉണ്ടായെന്നുവരില്ല. ഇത്തരമൊരു സാഹചര്യത്തില്‍ കാസര്‍കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജനറല്‍ ബോഡിയോഗം കൈക്കൊണ്ട ഒരു തീരുമാനം തികച്ചും സ്വാഗതാര്‍ഹമാണ്. ജില്ലയിലെ കായികമേഖലയില്‍ അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് സമയബന്ധിതമായി നടപടി സ്വീകരിക്കുമെന്നാണ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി എല്ലാ നഗരസഭകളിലും പഞ്ചായത്തുകളിലും ഓപ്പണ്‍ ജിംനേഷ്യങ്ങള്‍ ആരംഭിക്കുമെന്നും യോഗം വ്യക്തമാക്കിയിട്ടുണ്ട്. ആരോഗ്യമുള്ള തലമുറയെ വാര്‍ത്തെടുക്കുന്നതിന് വ്യായാമങ്ങളെ പ്രോല്‍സാഹിപ്പിക്കുകയെന്നത് വലിയൊരു സാമൂഹിക ഉത്തരവാദിത്വമാണ്.
സാമ്പത്തിക ബാധ്യതയും സൗകര്യക്കുറവും ഈ ലക്ഷ്യത്തിന് ഒരിക്കലും തടസമാകാന്‍ പാടില്ല. വിദ്യാര്‍ത്ഥികള്‍ക്കും യുവതീയുവാക്കള്‍ക്കും അവരവരുടെ സമയക്രമത്തിനനുസരിച്ച് വ്യായാമം ചെയ്യാനുള്ള ഇടങ്ങള്‍ നിലവില്‍ കുറവാണ്. ദിവസവും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലിസ്ഥലങ്ങളിലുമൊക്കെ ചെലവഴിക്കുന്നവര്‍ക്ക് അതിരാവിലെയും വൈകുന്നേരവും മാത്രമാണ് വ്യായാമം നടത്താനുള്ള സമയം ലഭിക്കുകയെങ്കിലും സമീപത്ത് വ്യായാമകേന്ദ്രം ഇല്ലെങ്കില്‍ ഇത് സാധ്യമാകുകയില്ല. പഞ്ചായത്തുകള്‍ തോറും ഓപ്പണ്‍ ജിംനേഷ്യങ്ങള്‍ വന്നാല്‍ ഈ പ്രശ്‌നത്തിന് ഏറെക്കുറെ പരിഹാരമാകും. വ്യായാമശീലം വളര്‍ത്തിയാല്‍ മനസിനും ശരീരത്തിനും ആരോഗ്യമുണ്ടാകും. ലഹരി ഉപയോഗത്തില്‍ നിന്ന് അകന്നുനില്‍ക്കാനും ഇത് പ്രേരണയാകും. ആരോഗ്യമുള്ള ജനത തന്നെയാണ് നാടിന്റെ സമ്പത്ത്. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ തീരുമാനം എത്രയും വേഗം യാഥാര്‍ഥ്യമാകട്ടെ.

Related Articles
Next Story
Share it