കവുങ്ങ് കര്‍ഷകരുടെ ആശങ്കയകറ്റണം

കൊറോണയും തോരാമഴയും കര്‍ഷകരുടെ ജീവിതം ദുരിതപൂര്‍ണ്ണമാക്കുകയാണ്. അടക്കക്ക് ഇപ്പോള്‍ നല്ല വില കിട്ടുന്നുണ്ടെങ്കിലും വില്‍ക്കാന്‍ ഒന്നുമില്ലാത്ത സ്ഥിതിയാണവര്‍ക്ക്. കവുങ്ങിലെ അടക്ക മുഴുവന്‍ മഹാളി ബാധിച്ച് നശിച്ചുകൊണ്ടിരിക്കുകയാണ്. കവുങ്ങ് ഗവേഷണവും രോഗ നിയന്ത്രണ പദ്ധതികളുമൊക്കെ കോടികള്‍ ചെലവിട്ട് നടക്കുന്നുണ്ടെങ്കിലും മഹാളി രോഗത്തിന് പ്രതിവിധി കണ്ടെത്തുന്നതിനും കര്‍ഷകരെ രക്ഷിക്കാനും ഒരു നടപടിയും ഉണ്ടാവുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. കഴിഞ്ഞ മൂന്നു മാസമായി മഴ തുടരുകയാണ്. മഴക്കാലം നീണ്ടതോടെ കവുങ്ങിന്‍ തോട്ടങ്ങളൊക്കെ മഹാളിയുടെ പിടിയിലായിരിക്കയാണ്. ഓരോ കവുകിന്‍ ചുവട്ടിലും വീണു കിടക്കുന്ന മൂപ്പെത്താത്ത അടക്ക […]

കൊറോണയും തോരാമഴയും കര്‍ഷകരുടെ ജീവിതം ദുരിതപൂര്‍ണ്ണമാക്കുകയാണ്. അടക്കക്ക് ഇപ്പോള്‍ നല്ല വില കിട്ടുന്നുണ്ടെങ്കിലും വില്‍ക്കാന്‍ ഒന്നുമില്ലാത്ത സ്ഥിതിയാണവര്‍ക്ക്. കവുങ്ങിലെ അടക്ക മുഴുവന്‍ മഹാളി ബാധിച്ച് നശിച്ചുകൊണ്ടിരിക്കുകയാണ്. കവുങ്ങ് ഗവേഷണവും രോഗ നിയന്ത്രണ പദ്ധതികളുമൊക്കെ കോടികള്‍ ചെലവിട്ട് നടക്കുന്നുണ്ടെങ്കിലും മഹാളി രോഗത്തിന് പ്രതിവിധി കണ്ടെത്തുന്നതിനും കര്‍ഷകരെ രക്ഷിക്കാനും ഒരു നടപടിയും ഉണ്ടാവുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. കഴിഞ്ഞ മൂന്നു മാസമായി മഴ തുടരുകയാണ്. മഴക്കാലം നീണ്ടതോടെ കവുങ്ങിന്‍ തോട്ടങ്ങളൊക്കെ മഹാളിയുടെ പിടിയിലായിരിക്കയാണ്. ഓരോ കവുകിന്‍ ചുവട്ടിലും വീണു കിടക്കുന്ന മൂപ്പെത്താത്ത അടക്ക എന്തു ചെയ്യണമെന്നറിയാതെ സങ്കടക്കടലിലാണ് കര്‍ഷകര്‍. മുന്‍ കാലങ്ങളെ അപേക്ഷിച്ച് അടക്കക്ക് നല്ല വിലയുണ്ട്. കിലോക്ക് 500 രൂപയോളം. മഹാളി രോഗത്തെ തുടര്‍ന്ന് ഈ വര്‍ഷം വില്‍ക്കാന്‍ അടക്ക അവശേഷിക്കുമോ എന്നാണ് കര്‍ഷകരുടെ സംശയം. അടക്ക വില കൂടിയപ്പോള്‍ കോവിഡ് സമ്മാനിച്ച പ്രതിസന്ധി മറി കടക്കാമെന്നായിരുന്നു കര്‍ഷകരുടെ പ്രതീക്ഷ. എന്നാല്‍ മഹാളി രോഗത്താല്‍ അടക്കകള്‍ പൊഴിയാന്‍ തുടങ്ങിയതോടെ ആ പ്രതീക്ഷയും നഷ്ടമായിരിക്കുകയാണ്. പൊഴിഞ്ഞ് വീഴുന്ന മൂപ്പെത്താത്ത അടക്കകള്‍ ശേഖരിച്ച് ഉണക്കിയെടുത്ത് ചെറിയ വിലക്ക് വില്‍ക്കാമെന്ന് വെച്ചാലും മഴ തുടരുന്നതിനാല്‍ അത് ഉണക്കിയെടുക്കാനാവുന്നില്ല. ഇവ തോട്ടത്തില്‍ നിന്ന് ശേഖരിച്ച് മാറ്റിയില്ലെങ്കില്‍ ബാക്കി കവുകുകള്‍ക്കും രോഗം ബാധിക്കും. രോഗം ബാധിച്ച അടക്കകള്‍ തൊഴിലാളികളെ ഉപയോഗിച്ച് ശേഖരിക്കേണ്ട സ്ഥിതിയിലാണ് കര്‍ഷകര്‍. മുന്‍കാലങ്ങളില്‍ ഒന്നോ രണ്ടോ വട്ടം ബോര്‍ഡോ മിശ്രിതം കവുകിന്‍ കുലകളില്‍ തളിച്ചാല്‍ കീട ബാധ കുറയാറാണ് പതിവ്. എന്നാല്‍ ഈ വര്‍ഷം ഇതും വേണ്ടത്ര ഫലം കാണുന്നില്ല. സംസ്ഥാനത്ത് തന്നെ ഗുണമേന്മയുള്ള അടക്ക ഉല്‍പാദിപ്പിക്കുന്ന ജില്ലകളിലൊന്നാണ് കാസര്‍കോട്. ജില്ലയിലെ ഭൂരിഭാഗം മലയോര ഗ്രാമങ്ങളിലെയും പ്രധാന കൃഷി കൂടിയാണ് അടക്ക. സാധാരണയായി ഓഗസ്റ്റ് അവസാനത്തോടെ മഴയുടെ ശക്തി കുറയാറുണ്ട്. എന്നാല്‍ ഈ വര്‍ഷം സെപ്തംബര്‍ ആദ്യ ആഴ്ച പിന്നിട്ടിട്ടും മഴ പെയ്യുന്നതിനാല്‍ തോട്ടങ്ങലിലെ നീര്‍വാര്‍ച്ച കുറഞ്ഞതാണ് കീടബാധ കൂടാന്‍ കാരണം. തുരിശും ചുണ്ണാമ്പും കലര്‍ത്തിയ മിശ്രിതമാണ് രോഗബാധക്കെതിരെ ഉപയോഗിച്ചുവന്നിരുന്നത്. ഇതൊക്കെ തളിച്ചിട്ടും രക്ഷയില്ലാത്ത അവസ്ഥയാണ്. നിര്‍ത്താതെ പെയ്യുന്ന മഴ കാരണം കവുങ്ങിന് തളിച്ച മരുന്ന് ഏശാത്തതാണ് കാരണം. ബോര്‍ഡോമിശ്രിതം തളിച്ച് ഒന്നോ രണ്ടോ മണിക്കൂറെങ്കിലും മഴ മാറി നിന്നാല്‍ മാത്രമേ അതുകൊണ്ടുള്ള പ്രയോജനം ലഭിക്കു. മുന്‍വര്‍ഷങ്ങളിലൊക്കെ കൃഷി വകുപ്പ് മുഖേന കമുങ്ങ് കര്‍ഷകര്‍ക്ക് സബ്‌സിഡി നിരക്കില്‍ തുരിശും ചുണ്ണാമ്പുമൊക്കെ ലഭിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷമായി ഇതും ലഭിക്കുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി.
നെല്‍കര്‍ഷകരുടെ സ്ഥിതിയും പരിതാപകരമാണ്. ഒന്നാം വിള കൊയ്യാന്‍ കാത്തിരുന്ന കര്‍ഷകരെ അപ്രതീക്ഷിതമായി പെയ്ത മഴ പ്രതിസന്ധിയിലാക്കിയിരിക്കയാണ്. വെള്ളം കയറിയതിനെ തുടര്‍ന്ന് വിളഞ്ഞ നെല്ല് മുഴുവന്‍ വെള്ളത്തില്‍ വീണ് കിടക്കുകയാണ്. മഴ ഇനിയും തുടര്‍ന്നാല്‍ നെല്ല് ചീഞ്ഞ് നശിച്ചേക്കും. വൈകി വിളയിറക്കിയ കര്‍ഷകര്‍ക്കാണ് വലിയ നഷ്ടം നേരിടുന്നത്. നെല്ല് ചീയാനും നിലത്ത് മുളക്കാനും സാധ്യത ഏറെയാണ്. തെങ്ങ്, കവുങ്ങ് തൈകള്‍ പുതുതായി നട്ടവര്‍ക്കും മഴ വലിയ ഭീഷണിയാണ്. കുഴികളില്‍ വെള്ളം നിറഞ്ഞ് തൈകള്‍ ചീഞ്ഞു പോകും. കുഴികളെടുത്താണ് ഇവ നടുന്നതെന്നതിനാല്‍ വെള്ളം ഒഴുക്കിക്കളയാന്‍ മാര്‍ഗമൊന്നുമില്ല. മാവ്, കശുമാവ് എന്നിവ തളിരിടുന്ന സമയമായതിനാല്‍ ഇവക്കും തോരാതെ പെയ്യുന്ന മഴ വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്.
നാളികേര കര്‍ഷകരുടെ പ്രതിസന്ധിയും അവസാനിക്കുന്നില്ല. തേങ്ങക്ക് മെച്ചപ്പെട്ട വില ലഭിക്കുന്നില്ല എന്നത് തന്നെയാണ് വലിയ പ്രശ്‌നം. കിലക്ക് 45 രൂപയോളം വിലയുണ്ടായിരുന്ന തേങ്ങക്ക് ഇപ്പോള്‍ 30 രൂപക്ക് താഴയേ വിലയുള്ളു. തേങ്ങ പറിച്ചെടുക്കുന്നത് മുതല്‍ പൊതിച്ചെടുത്ത് വിപണിയിലെത്തിക്കുന്നത് വരെയുള്ളതിന് വലിയ വില നല്‍കേണ്ടി വരുന്നുണ്ട്. ഈ വിലക്ക് തേങ്ങ വിറ്റാല്‍ കൂലിയെല്ലാം കഴിച്ച് ഒന്നും ശേഷിക്കുന്നില്ലെന്ന് മാത്രമല്ല നഷ്ടക്കച്ചവടവുമായിരിക്കും. താങ്ങ് വിലയും സബ്‌സിഡിയുമൊക്കെ ഉണ്ടെങ്കിലും അതെല്ലാം നാമമാത്രമാണ്. കര്‍ഷകര്‍ക്ക് ഗുണം ലഭിക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. കവുങ്ങ്, തെങ്ങ് കര്‍ഷകരെ സഹായിക്കാന്‍ അടിയന്തിര നടപടി സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാവണം.

Related Articles
Next Story
Share it