പാചകവാതക വില; ഈ പോക്ക് എങ്ങോട്ട്

കൊറോണ തകര്‍ത്ത ജീവിതത്തിനുമേല്‍ പാചകവാതക വില ഒറ്റയടിക്ക് ഉയര്‍ത്തിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളുടെ നടുവൊടിക്കുകയാണ്. ഈ ജനുവരി മുതല്‍ പാചകവാതകത്തിന് 180 രൂപയാണ് വര്‍ധിപ്പിച്ചത്. പെട്രോളിനും ഡീസലിനും വില കുത്തനെ കൂട്ടിക്കൊണ്ടിരിക്കുന്നതിന് തല്‍ക്കാലം അകലം നല്‍കിയപ്പോഴാണ് പാചകവാതകത്തെ വിടാതെ പിടികൂടിയിരിക്കുന്നത്. ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില കഴിഞ്ഞ ദിവസം 25 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ജില്ലയില്‍ പാചകവാതക വില 925 രൂപയില്‍ എത്തില്‍ക്കുകയാണ്. വാണിജ്യാവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിന് ഒറ്റയടിക്ക് 74.50 രൂപ വര്‍ധിച്ച് 1692.50 രൂപയായി. അഞ്ച് […]

കൊറോണ തകര്‍ത്ത ജീവിതത്തിനുമേല്‍ പാചകവാതക വില ഒറ്റയടിക്ക് ഉയര്‍ത്തിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളുടെ നടുവൊടിക്കുകയാണ്. ഈ ജനുവരി മുതല്‍ പാചകവാതകത്തിന് 180 രൂപയാണ് വര്‍ധിപ്പിച്ചത്. പെട്രോളിനും ഡീസലിനും വില കുത്തനെ കൂട്ടിക്കൊണ്ടിരിക്കുന്നതിന് തല്‍ക്കാലം അകലം നല്‍കിയപ്പോഴാണ് പാചകവാതകത്തെ വിടാതെ പിടികൂടിയിരിക്കുന്നത്.
ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില കഴിഞ്ഞ ദിവസം 25 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ജില്ലയില്‍ പാചകവാതക വില 925 രൂപയില്‍ എത്തില്‍ക്കുകയാണ്. വാണിജ്യാവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിന് ഒറ്റയടിക്ക് 74.50 രൂപ വര്‍ധിച്ച് 1692.50 രൂപയായി. അഞ്ച് കിലോഗ്രാം സിലിണ്ടിറിന് 19 രൂപ വര്‍ധിപ്പിച്ച് 491 രൂപയായി. ജുലായ്, ആഗസ്ത് മാസങ്ങളിലായി ഗാര്‍ഹിക എല്‍.പി.ജിക്ക് 50.50 രൂപ വര്‍ധിപ്പിച്ചിരുന്നു. ഇപ്പോഴത്തെ വര്‍ധനകൂടി കണക്കിലെടുത്താല്‍ 75 രൂപയാണ് വര്‍ധിച്ചത്. ഫെബ്രുവരിയില്‍ മാത്രം 100 രൂപ കൂട്ടിയിരുന്നു. 2020 നവംബര്‍ മുതല്‍ ഗാര്‍ഹിക എല്‍.പി.ജിക്ക് കൂട്ടിയത് 265 രൂപയാണ്. വാണിജ്യ എല്‍.പി.ജിക്ക് 400 രൂപയും വര്‍ധിപ്പിച്ചു. കഴിഞ്ഞ മെയ് മാസം വരെ സബ്‌സിഡി നല്‍കിയിരുന്നു. അത് നിര്‍ത്തലാക്കിയതും ജനങ്ങള്‍ക്ക് ഇരുട്ടടിയാണ്. ഒരു മുന്നറിയിപ്പുമില്ലാതെയാണ് സബ്‌സിഡി നിര്‍ത്തിയത്. 150 രൂപയോളം ഒരു സിലിണ്ടറിന് സബ്‌സിഡി ലഭിച്ചിരുന്നു. സബ്‌സിഡിയുള്ളതും ഇല്ലാത്തതുമായ സിലിണ്ടറുകള്‍ക്ക് ഇപ്പോള്‍ ഏകദേശം ഒരേ വിലയാണ്.
ഒരുവര്‍ഷം ഒരു ഉപഭോക്താവിന് 12 സിലിണ്ടറുകളാണ് നല്‍കിവരുന്നത്. സബ്‌സിഡി ലഭിച്ചുകൊണ്ടിരുന്നപ്പോഴാണ് ഈ നിയന്ത്രണം കൊണ്ടുവന്നത്. ഇനിയിപ്പോള്‍ സബ്‌സിഡി സിലിണ്ടറിനും അതില്ലാത്തതിനും ഒരേ വിലയായതോടെ എത്ര സിലിണ്ടര്‍ വേണമെങ്കിലും നല്‍കാം. കൂടുതല്‍ സിലിണ്ടറുകള്‍ വിറ്റാല്‍ അത്രയും ലാഭം കേന്ദ്രത്തിന്റെ ഖജനാവിലെത്തും.
ഏഴുവര്‍ഷത്തിനുള്ളില്‍ പെട്രോള്‍-ഡീസല്‍-പാചകവാതക വില വര്‍ധനവിലൂടെ കേന്ദ്ര സര്‍ക്കാര്‍ 23 ലക്ഷം കോടി രൂപ നേടിയതായാണ് കഴിഞ്ഞദിവസം പ്രതിപക്ഷം ലോക്‌സഭയില്‍ പറഞ്ഞത്. യു.പി.എ. സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ പാചകവാതകത്തിന്റെ വില സിലിണ്ടറിന് 410 രൂപയായിരുന്നു. അത് 116 ശതമാനം വര്‍ധിച്ചാണ് ഇപ്പോള്‍ 925 രൂപയില്‍ എത്തിനില്‍ക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ വിലക്കനുസരിച്ചാണ് വില നിശ്ചയിക്കുന്നതെന്നാണ് വാദം. എന്നാല്‍ അന്താരാഷ്ട്ര വിപണിയില്‍ 2014 മുതല്‍ വില കുറയുന്നു. 2014ല്‍ അസംസ്‌കൃത എണ്ണ വീപ്പക്ക് 105 ഡോളറാണെങ്കില്‍ ഇപ്പോള്‍ 32 ശതമാനം കുറഞ്ഞു. പാചകവാതകം ടണ്ണിന് 26 ശതമാനവും കുറവ് വന്നു. എന്നിട്ടും വില കൂട്ടുകയല്ലാതെ കുറയുന്നില്ല.
കോവിഡ് മഹാമാരിയും വിലക്കയറ്റവും കൊണ്ട് പൊറുതിമുട്ടുന്ന ജനങ്ങള്‍ക്കുമേല്‍ നിത്യേനയെന്നോണം പുതിയ ദുരിതങ്ങള്‍ കെട്ടിവെക്കുകയാണ്. അന്താരാഷ്ട്ര വിപണിയില്‍ വില കൂടുമ്പോള്‍ വില വര്‍ധിപ്പിക്കുകയും വില കുറയുമ്പോള്‍ കുറയ്ക്കാതിരിക്കുകയുമാണ് കേന്ദ്രവും എണ്ണക്കമ്പനികളും ചെയ്യുന്നത്. കോവിഡ് കാലത്ത് അന്താരാഷ്ട്ര വില കുറഞ്ഞപ്പോള്‍ നികുതി വര്‍ധിപ്പിച്ച് ലാഭം ഉയര്‍ത്തുകയാണ് കേന്ദ്രം ചെയ്തത്. വീണ്ടും വില കൂടിയപ്പോള്‍ നികുതി കുറക്കാതെ ആ ഭാരം കൂടി ജനങ്ങളുടെ തലയില്‍ വെച്ചുകെട്ടി. അസംസ്‌കൃത എണ്ണ സംസ്‌കരിച്ച് വില്‍ക്കുന്നതിന്റെ ലാഭത്തില്‍ തൃപ്തരാകാതെ വന്‍തോതില്‍ സെസും നികുതിയും ചുമത്തുകയായിരുന്നു കേന്ദ്രം. വില നിശ്ചയിക്കുവാനുള്ള അധികാരം യു.പി.എ. സര്‍ക്കാറിന്റെ കാലത്ത് എണ്ണക്കമ്പനികളെ ഏല്‍പിച്ചതോടെയാണ് തോന്നിയപോലെ വില വര്‍ധിപ്പിക്കുന്ന സ്ഥിതിയുണ്ടായത്.
മുമ്പൊക്കെ ഇന്ധനത്തിന്റെയും പാചകവാതകത്തിന്റെയും വില വര്‍ധിപ്പിക്കുക വിശദമായ ചര്‍ച്ചക്കും ആലോചനക്കും ശേഷമായിരുന്നു. അടുത്തിടെയായി എണ്ണക്കമ്പനികള്‍ നിത്യേനയെന്നോണം വില വര്‍ധിപ്പിക്കുകയാണ്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഒരു തരിമ്പും പരിഗണിക്കാതെ എണ്ണക്കമ്പനികളുടെ കൊള്ളക്ക് എല്ലാ സഹായവും പിന്തുണയും നല്‍കുകയാണ്. പാചകവാതക വില വര്‍ധിപ്പിച്ചതോടെ അടുക്കളകളിലെ ചെലവ് സാധാരണക്കാര്‍ക്ക് താങ്ങാന്‍ പറ്റാത്തതായി മാറിയിരിക്കുകയാണ്.
സബ്‌സിഡി പുനഃസ്ഥാപിക്കുകയും പാചകവാതക വില വര്‍ധന പിന്‍വലിച്ച് ജനങ്ങളുടെ ഭാരം കുറക്കുകയും വേണം.

Related Articles
Next Story
Share it