നിപ: ജാഗ്രത വേണം

സംസ്ഥാനത്തെ ഞെട്ടിച്ചുകൊണ്ട് നിപ വൈറസ് വീണ്ടും കേരളത്തില്‍ തലപൊക്കിയിരിക്കുകയാണ്. കോഴിക്കോട്ട് 12 കാരന്‍ നിപ വൈറസ് ബാധിച്ച് മരിച്ച സംഭവം അതീവ ഗൗരവത്തോടെ വേണം കാണാന്‍. നാല് ദിവസം മുമ്പാണ് കുട്ടിയെ കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. അതിന് മുമ്പ് രണ്ട് ആസ്പത്രികളില്‍ ചികിത്സ തേടിയിരുന്നു. അതുകൊണ്ട് തന്നെ കുട്ടിയുമായി ആരോഗ്യ മേഖലയിലുള്ളവരടക്കം ഒട്ടേറെ പേര്‍ ബന്ധപ്പെട്ടിട്ടുണ്ടാവണം. കുട്ടിയുടെ രക്ഷിതാക്കള്‍, ബന്ധുക്കള്‍, അയല്‍വാസികള്‍, ചികിത്സ നല്‍കിയവര്‍ തുടങ്ങിയവരെയൊക്കെ നിരീക്ഷണത്തിന് വിധേയരാക്കേണ്ടിയിരിക്കുന്നു. രോഗത്തിന്റെ ഉറവിടം എവിടെ നിന്നെന്ന് കണ്ടെത്തിയിട്ടില്ല. […]

സംസ്ഥാനത്തെ ഞെട്ടിച്ചുകൊണ്ട് നിപ വൈറസ് വീണ്ടും കേരളത്തില്‍ തലപൊക്കിയിരിക്കുകയാണ്. കോഴിക്കോട്ട് 12 കാരന്‍ നിപ വൈറസ് ബാധിച്ച് മരിച്ച സംഭവം അതീവ ഗൗരവത്തോടെ വേണം കാണാന്‍. നാല് ദിവസം മുമ്പാണ് കുട്ടിയെ കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. അതിന് മുമ്പ് രണ്ട് ആസ്പത്രികളില്‍ ചികിത്സ തേടിയിരുന്നു. അതുകൊണ്ട് തന്നെ കുട്ടിയുമായി ആരോഗ്യ മേഖലയിലുള്ളവരടക്കം ഒട്ടേറെ പേര്‍ ബന്ധപ്പെട്ടിട്ടുണ്ടാവണം. കുട്ടിയുടെ രക്ഷിതാക്കള്‍, ബന്ധുക്കള്‍, അയല്‍വാസികള്‍, ചികിത്സ നല്‍കിയവര്‍ തുടങ്ങിയവരെയൊക്കെ നിരീക്ഷണത്തിന് വിധേയരാക്കേണ്ടിയിരിക്കുന്നു. രോഗത്തിന്റെ ഉറവിടം എവിടെ നിന്നെന്ന് കണ്ടെത്തിയിട്ടില്ല. തുടക്കം സാധാരണ പനിയായിരുന്നു. പനി ബാധിച്ച കുട്ടിയെ ആദ്യം ഒമശ്ശേരിയിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചു. ഭേദമാകാതിരുന്നതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അവിടെ നിന്നാണ് കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയിലേക്ക് മാറ്റിയത്. പ്രാഥമിക സമ്പര്‍ക്കമുള്ള 18 പേരുടെതുള്‍പ്പെടെ 152 ആളുകളുടെ പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. മൂന്ന് ആസ്പത്രികളിലുള്ളവരുടെയും സമ്പര്‍ക്ക പട്ടിക തയ്യാറാക്കേണ്ടതുണ്ട്. രണ്ട് പേര്‍ക്ക് പുതുതായി രോഗ ലക്ഷണം കണ്ടെത്തിയിട്ടുണ്ടെന്നത് ഗൗരവത്തോടെ വേണം കാണാന്‍. കുട്ടിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ രണ്ട് പേരും ആരോഗ്യ പ്രവര്‍ത്തകരാണ്. 188 പേര്‍ സമ്പര്‍ക്ക പട്ടികയിലുള്ളതില്‍ 20 പേരാണ് ഹൈ റിസ്‌കിലുള്ളത്. ചാത്തമംഗലം പഞ്ചായത്തിലാണ് നിപ ബാധിച്ച് മരിച്ച കുട്ടിയുടെ വീട്. അതിന്റെ മൂന്ന് കിലോമീറ്റര്‍ പരിധിയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എന്‍സെഫലിറ്റീസ് രോഗം ഉണ്ടാക്കുന്ന വൈറസാണ് നിപാ വൈറസ്. സാധാരണ വവ്വാലുകളിലാണ് ഈ രോഗം കാണുക. വവ്വാലിന്റെ പ്രജനനസമയത്താണ് വൈറസ് കൂടുതലായും പുറത്തേക്ക് വരിക. ഈ സമയത്ത് വവ്വാലില്‍ നിന്ന് നേരിട്ടോ വവ്വാലുമായി ബന്ധമുള്ള മറ്റ് ജീവികളില്‍ നിന്നോ സാധനങ്ങളില്‍ നിന്നോ മറ്റ് മൃഗങ്ങളിലേക്കോ മനുഷ്യരിലേക്കോ വൈറസ് എത്താം. ഇത് രണ്ട് തരത്തില്‍ ബാധിക്കാം. ചിലരില്‍ തലച്ചോറിനെ ബാധിക്കുന്ന രോഗ ലക്ഷണമായിട്ട് വരാം. മറ്റ് ചിലരില്‍ ശ്വാസകോശത്തെ ബാധിക്കുന്ന രീതിയില്‍ വരാം. ശ്വാസകോശങ്ങളെ ബാധിക്കുന്ന ചുമ, പനി, ശ്വാസതടസ്സം തുടങ്ങിയ രോഗലക്ഷണമുള്ള രോഗികളില്‍ നിന്നാണ് കൂടുതല്‍ പേരിലേക്ക് രോഗം വരാന്‍ സാധ്യതയുള്ളത്. നിപ്പക്ക് ഇതുവരെ കൃത്യമായ ഒരു ചികിത്സ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. പല രീതിയിലുള്ള ആന്റിവൈറല്‍ മരുന്നുകളാണ് ഉപയോഗിക്കുന്നത്. 2018ലാണ് കേരളത്തില്‍ നിപ രോഗം പ്രത്യക്ഷപ്പെട്ടത്. അന്ന് 18 പേരാണ് മരണപ്പെട്ടത്. രണ്ടാഴ്ചക്കുള്ളില്‍ രോഗത്തെ പിടിച്ചുകെട്ടാനും സാധിച്ചിരുന്നു. കോവിഡ് പടര്‍ന്നുപിടിക്കുന്നതിനിടയിലാണ് നിപ വൈറസും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മരണ നിരക്ക് കോവിഡിനേക്കാള്‍ കുടുതലാണീ വൈറസിന്. കോവിഡിനെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങള്‍ സ്വീകരിച്ചിട്ടുള്ളതിനാല്‍ ആരോഗ്യ പ്രവര്‍ത്തകരിലേക്കോ പൊതുജനങ്ങളിലേക്കോ വലിയ രീതിയില്‍ രോഗം വ്യാപിക്കാനിടയില്ലെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നത്. കോവിഡില്‍ സ്വീകരിക്കുന്നതുപോലെ തന്നെ രോഗിയുമായി സമ്പര്‍ക്കം ഒഴിവാക്കുകയാണ് ആദ്യം വേണ്ടത്. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായി പരിശോധനയ്ക്ക് വിധേയമാവുകയും ക്വാറന്റൈന്‍ പാലിക്കുകയും വേണം. രോഗികളെ പരിചരിക്കുന്നവരാണ് കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടത്. മരണപ്പെട്ട കുട്ടിയുടെ രോഗ ഉറവിടം കൃത്യമായി കണ്ടെത്തേണ്ടതുണ്ട്. പ്രദേശത്ത് സമാനമായ രോഗലക്ഷണങ്ങള്‍ ഉള്ളവരോ മസ്തിഷ്‌ക ജ്വരം ഉള്ളവരുണ്ടോ എന്നതൊക്കെ പരിശോധിക്കണം. ഉണ്ടെങ്കില്‍ അവരെയും പരിശോധനയ്ക്ക് വിധേയമാക്കണം. കോവിഡിനെപ്പോലെ ലക്ഷണങ്ങളില്ലാത്ത രോഗികള്‍ നിപയില്‍ ഇല്ല. രോഗം ഉള്ളവര്‍ എല്ലാം ലക്ഷണങ്ങള്‍ കാണിക്കുകയും പെട്ടെന്ന് തന്നെ ഗുരുതരമായ അവസ്ഥയിലേക്ക് പോവുകയും ചെയ്യും. അതുകൊണ്ട് സമൂഹത്തില്‍ നമ്മള്‍ അറിയാത്ത രോഗ വ്യാപനം ഉണ്ടാവില്ല. 2018ല്‍ കോഴിക്കോട്ട് ചെങ്ങരോത്ത് ഗ്രാമത്തിലാണ് നിപ കണ്ടെത്തിയത്. പഴംതീനി വവ്വാലുകളില്‍ നിന്നാണ് രോഗം പടര്‍ന്നതെന്ന് അന്ന് കണ്ടെത്തിയിരുന്നു. 2018ല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നഴ്‌സിങ്ങ് സഹായിയായിരുന്ന ലിനിയുടെ മരണം ഏവരേയും ദുഃഖത്തിലാഴ്ത്തിയ സംഭവമായിരുന്നു. കഴിഞ്ഞ ദിവസം മുതല്‍ സര്‍ക്കാറിന്റെ എല്ലാ മെഷിനറികളും രംഗത്തുണ്ടെന്നത് ആശ്വാസം തരുന്നതാണ്. നാലുമന്ത്രിമാരും കേന്ദ്രസംഘവുമൊക്കെ രംഗത്തുണ്ട്. എന്തായാലും രോഗത്തെ എത്രയും പെട്ടെന്ന് പിടിച്ചുകെട്ടാനുള്ള നടപടികള്‍ വേണം.

Related Articles
Next Story
Share it