കേര ദിനാചരണത്തില്‍ മാത്രമൊതുങ്ങരുത്

കഴിഞ്ഞ ദിവസം സംസ്ഥാനത്ത് കേര ദിനാചരണം ആചരിക്കുകയുണ്ടായി. വര്‍ഷം തോറും സെപ്തംബര്‍ രണ്ടാം തീയതി കേരദിനം ആചരിക്കുമ്പോള്‍ നാളികേര കര്‍ഷകരുടെ ദയനീയ സ്ഥിതിയും ചര്‍ച്ചചെയ്യപ്പെടണം. ഈ രംഗത്ത് പിടിച്ചു നില്‍ക്കാന്‍ കഴിയാതെ പലരും മറ്റ് കാര്‍ഷിക വിളകളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. കിലോയ്ക്ക് 40 രൂപയിലേറെ വിളയുണ്ടായിരുന്ന തേങ്ങയ്ക്ക് ഇപ്പോള്‍ 30 രൂപയില്‍ താഴെയാണ് വില. തേങ്ങ പറിക്കാനും പെറുക്കാനും പൊതിക്കാനുമൊക്കെ കൂലി നല്‍കി കഴിഞ്ഞാല്‍ പിന്നെ കര്‍ഷകനും നഷ്ടത്തിന്റെ കണക്ക് മാത്രമേ പറയാനുണ്ടാവൂ. കൊപ്രയ്ക്കും ഇതേ അവസ്ഥ തന്നെ. […]

കഴിഞ്ഞ ദിവസം സംസ്ഥാനത്ത് കേര ദിനാചരണം ആചരിക്കുകയുണ്ടായി. വര്‍ഷം തോറും സെപ്തംബര്‍ രണ്ടാം തീയതി കേരദിനം ആചരിക്കുമ്പോള്‍ നാളികേര കര്‍ഷകരുടെ ദയനീയ സ്ഥിതിയും ചര്‍ച്ചചെയ്യപ്പെടണം. ഈ രംഗത്ത് പിടിച്ചു നില്‍ക്കാന്‍ കഴിയാതെ പലരും മറ്റ് കാര്‍ഷിക വിളകളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്.
കിലോയ്ക്ക് 40 രൂപയിലേറെ വിളയുണ്ടായിരുന്ന തേങ്ങയ്ക്ക് ഇപ്പോള്‍ 30 രൂപയില്‍ താഴെയാണ് വില. തേങ്ങ പറിക്കാനും പെറുക്കാനും പൊതിക്കാനുമൊക്കെ കൂലി നല്‍കി കഴിഞ്ഞാല്‍ പിന്നെ കര്‍ഷകനും നഷ്ടത്തിന്റെ കണക്ക് മാത്രമേ പറയാനുണ്ടാവൂ. കൊപ്രയ്ക്കും ഇതേ അവസ്ഥ തന്നെ. അതേസമയം ഒരു ലിറ്റര്‍ വെളിച്ചെണ്ണ വാങ്ങണമെങ്കില്‍ 220 രൂപയ്ക്കുമേല്‍ കൊടുക്കണം. ഇതിന്റെ ഗുട്ടന്‍സാണ് പിടികിട്ടാത്തത്. വന്‍കിട വ്യാപാരികള്‍ ചുരുങ്ങിയ വിലയ്ക്ക് കര്‍ഷകരില്‍ നിന്ന് തേങ്ങവാങ്ങി വെളിച്ചെണ്ണയാക്കി അവര്‍ക്ക് തന്നെ വലിയ വിലയ്ക്ക് നല്‍കുന്നു. തെങ്ങിനെ പരിപാലിച്ച് വിളവെടുപ്പ് ഉല്‍പ്പന്നം വിപണിയിലെത്തിക്കുമ്പോള്‍ ലാഭമെല്ലാം എത്തിച്ചേരുന്നത് വന്‍കിട വ്യാപാരികളിലാണ്. സര്‍ക്കാരാകട്ടെ നാമ മാത്രമായ വിലയ്ക്ക് സംഭരണം നടത്തുന്നുവെന്നാണ് വെപ്പ്. എന്നാല്‍ ഇതും ഓരോ കാരണങ്ങള്‍ പറഞ്ഞ് കര്‍ഷകന് നിഷേധിക്കപ്പെടുകയാണ്. കേരളത്തില്‍ ഒരു വര്‍ഷം ഉല്‍പ്പാദിപ്പിക്കുന്ന ത് 600 കോടി തേങ്ങയാണത്രെ. എന്നിട്ടും ഇതില്‍ നിന്ന് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍
ഉണ്ടാക്കാനോ കര്‍ഷകരെ സഹായിക്കാനോ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. തേങ്ങയുടെ വൈവിധ്യ ഉല്‍പ്പന്നങ്ങളിലേക്ക് നാം നടന്നു ചെല്ലുന്നില്ല. മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ തുറക്കുന്ന സാധ്യതകള്‍ പ്രയോജനപ്പെടുത്താനുള്ള കാഴ്ചപ്പാടോ സമഗ്രപദ്ധതികളോ നമുക്കില്ല. പിടിച്ചു നില്‍ക്കാനാവാത്ത പ്രതിസന്ധിയിലും ഭരണകൂടങ്ങള്‍ക്ക് കര്‍ഷകന്റെ ഒപ്പം നില്‍ക്കാനാവുന്നില്ല. ആഗോള വിപണിയിലെത്തുന്ന തേങ്ങപ്പാലില്‍ 53 ശതമാനവും ശ്രീലങ്കയില്‍ നിന്നുള്ളതാണ്. നാളികേര ഉല്‍പ്പാദനത്തിന്‍ മുന്നില്‍ നില്‍ക്കുന്ന ഇന്ത്യയുടെ വിഹിതം വെറും 0.30 ശതമാനം മാത്രം. ചിരകി ഉണക്കി സംഭരിച്ച തേങ്ങയുടെ അവസ്ഥയും ഇതുതന്നെ. ഫിലിപ്പൈനും ഇന്തോനേഷ്യയും 27 ശതമാനം നല്‍കുമ്പോള്‍ ഇന്ത്യയുടേത് നാല് മാത്രമാണ്. നാളികേരാധിഷ്ഠിത വ്യവസായങ്ങള്‍ക്ക് ഊന്നല്‍ നല്‍കുമെന്ന് പറയുമ്പോഴും മൂല്യവര്‍ധിത ഉല്‍പ്പാദന രംഗത്തും കയറ്റുമതിയിലും ഇതാണ് അവസ്ഥ. പിന്നെങ്ങനെ നമ്മുടെ നാളികേര കര്‍ഷകര്‍ രക്ഷപ്പെടും. കൊപ്ര, വെളിച്ചെണ്ണ, ഭക്ഷ്യ ആവശ്യം എന്നിവയ്ക്കപ്പുറത്തേക്ക് വൈവിധ്യവല്‍ക്കരണം വ്യാവസായികാടിസ്ഥാനത്തില്‍ ഇനിയും മുമ്പോട്ട് പോയിട്ടില്ല. രാജ്യത്ത് ഏറ്റവുമധികം തേങ്ങ ഉല്‍പ്പാദിപ്പിക്കുന്നത് കേരളത്തിലാണ്. ഇവിടെ അഞ്ചുശതമാനം തേങ്ങ പോലും വൈവിധ്യവല്‍ക്കരണത്തിന്റെ പാതയിലേക്ക് വരുന്നില്ല.
നാളികേര പാര്‍ക്ക് സ്ഥാപിച്ച് വൈവിധ്യവല്‍ക്കരണം നടത്തുമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങളൊന്നും എവിടെയും എത്തിയിട്ടില്ല. വൈവിധ്യവല്‍ക്കരണം ലക്ഷ്യമിട്ട് ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ നാളികേര കര്‍ഷക കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തത് കേരളത്തിലാണ്. നമ്മള്‍ ഉല്‍പ്പാദിപ്പിക്കുന്ന ചിരട്ട മുഴുവന്‍ കത്തിച്ചുകളയുകയാണ്. ചിരട്ടക്കരി ഉണ്ടാക്കുന്ന യൂണിറ്റുകള്‍ എല്ലായിടത്തും തുടങ്ങാവുന്നതാണ്.
കൊപ്രക്കും വെളിച്ചെണ്ണക്കും പുറമെ കോക്കനട്ട് പൗഡര്‍, വെര്‍ജിന്‍ കോക്കനട്ട് ഓയില്‍, കോക്കനട്ട് സ്‌കിമ്ഡ് മില്‍ക്ക്, ക്രീം, ചിപ്‌സ്, വിനാഗിരി, സ്‌ക്വാഷ് തുടങ്ങിയവയും സര്‍ക്കാര്‍ വിചാരിച്ചാല്‍ വ്യാവസായികാടിസ്ഥാനത്തില്‍ ആരംഭിക്കാവുന്നതേ ഉള്ളൂ. നാളികേര കൃഷിയില്‍ നിന്ന് പല കര്‍ഷകരും പിന്മാറിക്കൊണ്ടിരിക്കുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. വിലത്തകര്‍ച്ചയ്ക്ക് പുറമെ തെങ്ങിന്റെ രോഗങ്ങളും കര്‍ഷകരെ തളര്‍ത്തുന്നു. കൊമ്പന്‍ചെല്ലിയും കൂമ്പ് ചീയലും മണ്ഡരിയുമൊക്കെ കര്‍ഷകരെ പിന്തിരിപ്പിക്കുകയാണ്.
കോടികള്‍ ചെലവിട്ട് ഗവേഷണം നടക്കുന്നുണ്ടെങ്കിലും ഒന്നും കര്‍ഷകരുടെ അടുത്ത് എത്തുന്നില്ല. തേങ്ങക്കും കൊപ്രയ്ക്കും മികച്ച വില കിട്ടാന്‍ മെച്ചപ്പെട്ട താങ്ങുവില നല്‍കി മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാകുന്നതിനെപ്പറ്റി ആലോചിക്കണം. തെങ്ങ് കൃഷിയില്‍ നിന്ന് പിന്നോക്കം പോകുന്നവരെ ചേര്‍ത്തുപിടിക്കാനും പ്രശ്‌ന പരിഹാരം ഉണ്ടാക്കാനും സര്‍ക്കാരിന് കഴിയണം.

Related Articles
Next Story
Share it