പ്രതീക്ഷ നല്‍കുന്ന കാഞ്ഞങ്ങാട്-മടിക്കേരി ദേശീയപാത

മലയോര മേഖല വികസനക്കുതിപ്പിലാണ്. ജനവാസ മേഖലകള്‍ വര്‍ധിച്ചതോടെ ഈ ഭാഗങ്ങളില്‍ വലിയ ജനത്തിരക്കും അനുഭവപ്പെട്ടുവരുന്നുണ്ട്. അതുകൊണ്ട് തന്നെ മലയോര പ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള യാത്രാ മാര്‍ഗങ്ങളും വികസിക്കേണ്ടിയിരിക്കുന്നു. മലയോര ഹൈവെ ഒരു ഭാഗത്ത് നടന്നുവരുന്നതിനിടയില്‍ തന്നെ കാഞ്ഞങ്ങാട് നിന്ന് പാണത്തൂര്‍ വഴി മടിക്കേരിയിലേക്കുള്ള ദേശീയ പാതയ്ക്കും അനുമതി ലഭിച്ചിരിക്കുകയാണ്. 2018ല്‍ തന്നെ ഈ പാത പട്ടികയില്‍ ഇടം പിടിച്ചതെങ്കിലും സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാവാത്തതിനാല്‍ ഇഴഞ്ഞു നീങ്ങുകയായിരുന്നു. കാഞ്ഞങ്ങാട് കോട്ടച്ചേരി ട്രാഫിക് സര്‍ക്കിളില്‍ നിന്ന് തുടങ്ങി സംസ്ഥാന അതിര്‍ത്തിയായ പാണത്തൂര്‍ […]

മലയോര മേഖല വികസനക്കുതിപ്പിലാണ്. ജനവാസ മേഖലകള്‍ വര്‍ധിച്ചതോടെ ഈ ഭാഗങ്ങളില്‍ വലിയ ജനത്തിരക്കും അനുഭവപ്പെട്ടുവരുന്നുണ്ട്. അതുകൊണ്ട് തന്നെ മലയോര പ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള യാത്രാ മാര്‍ഗങ്ങളും വികസിക്കേണ്ടിയിരിക്കുന്നു. മലയോര ഹൈവെ ഒരു ഭാഗത്ത് നടന്നുവരുന്നതിനിടയില്‍ തന്നെ കാഞ്ഞങ്ങാട് നിന്ന് പാണത്തൂര്‍ വഴി മടിക്കേരിയിലേക്കുള്ള ദേശീയ പാതയ്ക്കും അനുമതി ലഭിച്ചിരിക്കുകയാണ്. 2018ല്‍ തന്നെ ഈ പാത പട്ടികയില്‍ ഇടം പിടിച്ചതെങ്കിലും സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാവാത്തതിനാല്‍ ഇഴഞ്ഞു നീങ്ങുകയായിരുന്നു. കാഞ്ഞങ്ങാട് കോട്ടച്ചേരി ട്രാഫിക് സര്‍ക്കിളില്‍ നിന്ന് തുടങ്ങി സംസ്ഥാന അതിര്‍ത്തിയായ പാണത്തൂര്‍ വരെയുള്ള 44 കിലോ മീറ്റര്‍ ഭാഗത്തെ സര്‍വ്വേയാണ് പൂര്‍ത്തിയായത്.ദേശീയ പാതാ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ഗതാഗത മന്ത്രാലയത്തിന് സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടില്‍ റോഡ് ഹൊസ്ദുര്‍ഗില്‍ നിന്ന് തുടങ്ങാനായിരുന്നു ആലോചന. കയറ്റവും വളവുകളും ഇല്ലാതാക്കി 10 മീറ്റര്‍ വീതിയില്‍ രണ്ട് വരിപാതയായിരിക്കും ആദ്യ ഘട്ടത്തില്‍ നടപ്പാക്കുക. പ്രധാന കേന്ദ്രങ്ങളില്‍ 16 മീറ്റര്‍ വീതിയില്‍ നാലുവരിപാതയൊരുക്കാനും പാത കടന്നുപോകുന്ന തോടുകള്‍ക്ക് ഇതേ വീതിയില്‍ പാലമൊരുക്കാനും സര്‍വ്വേയില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ഇങ്ങനെയാണെങ്കില്‍ ഒടയംചാല്‍, ചുള്ളിക്കര, പൈനിക്കര, മുണ്ടോട്ട്, കള്ളാര്‍ പാലങ്ങളുടെ നവീകരണം വേണ്ടിവരും. പാതയ്ക്ക് പരമാവധി 24 മീറ്റര്‍ വീതിയിലാണ് സ്ഥലം ആവശ്യമായി വരിക. പാത കടന്നു പോകുന്ന മിക്കഭാഗങ്ങളിലും 30 മുതല്‍ 40 മീറ്റര്‍ പൊതു സ്ഥലമുള്ളതിനാല്‍ കൂടുതല്‍ സ്ഥലം ഏറ്റെടുക്കേണ്ടിവരില്ല. രൂപ ഘടനയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി നിലവിലുള്ള മേഖലകളില്‍ കൂടി തന്നെയായിരിക്കും പാത കടന്നു പോകുക. നിലവില്‍ ദേശീയപാത വികസന പദ്ധതിയുടെ ഭാഗമായുള്ള രണ്ടാം ഘട്ട ഭാരത് മാലാ പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനമായിരിക്കുന്നത്. നിലവില്‍ മാവുങ്കാല്‍ മുതല്‍ പൂടംകല്ല് വരെയുള്ള ഭാഗം മെക്കാഡം ടാറിട്ടിട്ടുണ്ട്. ബാക്കിയുള്ള 17.250 കിലോമീറ്റര്‍ നവീകരണത്തിന് കിഫ്ബി 59.94 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിന് സാങ്കേതികാനുമതി ലഭ്യമാക്കി നവീകരണം നടത്താനുള്ള നീക്കത്തിനിടെയാണ് പാതയെ ഭാരത് മാലാ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ദേശീയ പാതാനിലവാരമുള്ള റോഡ് വരികയും കര്‍ണാടക കരിക്കെ പഞ്ചായത്ത് ചെമ്പേരി മുതല്‍ മടിക്കേരി വരെയുള്ള 65 കിലോമീറ്റര്‍ ഭാരത് മാലാ പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്താല്‍ വലിയ വികസന മുന്നേറ്റമായിരിക്കും മലയോര മേഖലയ്ക്ക് ഉണ്ടാവുക. പൂടംകല്ല് വരെയുള്ള പാത മെക്കാഡം ടാര്‍ ചെയ്തിട്ട് ഏതാനും മാസങ്ങളേ ആയിട്ടുള്ളൂ. ഇതുവരെ ദുര്‍ഘടം പിടിച്ച പാതയായിരുന്നു ഇത്. റോഡ് നന്നായെങ്കിലും ഇപ്പോഴും വലിയ വളവും തിരിവുകളും ഉണ്ട്. ഹൈവേ വരുമ്പോള്‍ നിലവിലുള്ള കൊടും വളവുകളും കയറ്റങ്ങളും ഒഴിവാക്കിക്കൊണ്ടുള്ള ഒരു വികസനമാവണം ഉണ്ടാകേണ്ടിയിരിക്കുന്നത്. മടിക്കേരിയിലേക്ക് ഇതുവഴി റോഡ് യാഥാര്‍ത്ഥ്യമാവുന്നതോടെ കര്‍ണാടകയിലേക്കുള്ള യാത്രയും എളുപ്പമാവും. മലയോര മേഖലയിലുള്ള ജനങ്ങള്‍ക്ക് ഇപ്പോള്‍ കാഞ്ഞങ്ങാട്ട് വന്ന് അവിടെ നിന്ന് തീവണ്ടിമാര്‍ഗ്ഗമോ ബസ് മാര്‍ഗമോ വേണം മംഗളൂരുവിലേക്കും മറ്റും എത്താന്‍. ബിസിനസ് ആവശ്യങ്ങള്‍ക്കും ചികിത്സക്കും പഠനാവശ്യങ്ങള്‍ക്കുമൊക്കെ നിരവധി പേരാണ് മലയോര മേഖലയില്‍ നിന്ന് കര്‍ണാടകയെ ആശ്രയിക്കുന്നത്. അവര്‍ക്കൊക്കെ റോഡ് ഏറെ ഗുണം ചെയ്യും. മലയോര ഹൈവെയുടെ പ്രവൃത്തി പുരോഗമിച്ചുവരുന്നുണ്ട്. ഈ റോഡ് വഴി കണ്ണൂര്‍ മുതലുള്ള തൊട്ടടുത്ത ജില്ലകളിലേക്കൊക്കെ എളുപ്പം എത്താനാവും. ഈ രണ്ടു പാതകളും യാഥാര്‍ത്ഥ്യമാവുന്നതോടെ മലയോര മേഖലയുടെ മുഖച്ഛായ തന്നെ മാറുമെന്നതില്‍ തര്‍ക്കമില്ല.

Related Articles
Next Story
Share it