കാര്‍ഷികോല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ സംവിധാനം വേണം

കോവിഡ് കാലത്ത് കാര്‍ഷിക മേഖലയില്‍ വന്‍ കുതിപ്പാണ് ഉണ്ടായത്. 10 സെന്റ് സ്ഥലമുള്ളവര്‍ പോലും മരച്ചീനിയും പച്ചക്കറിയും വാഴയും ചേമ്പുമെല്ലാം കൃഷി ചെയ്തു. സുഭിക്ഷ കേരളം പദ്ധതിയില്‍ സര്‍ക്കാരിന്റെ പിന്‍ബലം കൂടി ലഭിച്ചതോടെയാണ് പലരും കാര്‍ഷിക രംഗത്തേക്ക് ഇറങ്ങിയത്. തമിഴ് നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും വരുന്ന പച്ചക്കറികള്‍ വിഷലിപ്തമായപ്പോള്‍ ഇതില്‍ നിന്നൊരു മോചനം വേണമെന്ന ആഗ്രഹം കൂടിയായതോടെയാണ് പച്ചക്കറികള്‍ സ്വന്തമായി ഉല്‍പ്പാദിപ്പിച്ചുതുടങ്ങിയത്. കുറേ അധികം സ്ഥലമുള്ളവര്‍ സ്വന്തം ആവശ്യത്തിനല്ലാതെ വില്‍പ്പനയ്ക്ക് വേണ്ടിയും മരച്ചീനിയും വാഴയും ചേമ്പും […]

കോവിഡ് കാലത്ത് കാര്‍ഷിക മേഖലയില്‍ വന്‍ കുതിപ്പാണ് ഉണ്ടായത്. 10 സെന്റ് സ്ഥലമുള്ളവര്‍ പോലും മരച്ചീനിയും പച്ചക്കറിയും വാഴയും ചേമ്പുമെല്ലാം കൃഷി ചെയ്തു. സുഭിക്ഷ കേരളം പദ്ധതിയില്‍ സര്‍ക്കാരിന്റെ പിന്‍ബലം കൂടി ലഭിച്ചതോടെയാണ് പലരും കാര്‍ഷിക രംഗത്തേക്ക് ഇറങ്ങിയത്. തമിഴ് നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും വരുന്ന പച്ചക്കറികള്‍ വിഷലിപ്തമായപ്പോള്‍ ഇതില്‍ നിന്നൊരു മോചനം വേണമെന്ന ആഗ്രഹം കൂടിയായതോടെയാണ് പച്ചക്കറികള്‍ സ്വന്തമായി ഉല്‍പ്പാദിപ്പിച്ചുതുടങ്ങിയത്. കുറേ അധികം സ്ഥലമുള്ളവര്‍ സ്വന്തം ആവശ്യത്തിനല്ലാതെ വില്‍പ്പനയ്ക്ക് വേണ്ടിയും മരച്ചീനിയും വാഴയും ചേമ്പും പച്ചക്കറികളുമൊക്കെ ഉല്‍പ്പാദിപ്പിച്ചു. പക്ഷെ വിളവെടുപ്പ് സമയമായപ്പോഴാണ് ഇവരൊക്കെ തീര്‍ത്തും വെട്ടിലായത്. ഇവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വിലയില്ലെന്ന് മാത്രമല്ല, ആര്‍ക്കും വേണ്ടാത്തതെന്ന അവസ്ഥയും. 35ഉം 40 ഉം രൂപയുണ്ടായിരുന്ന പച്ചക്കറിക്ക് 20 രൂപയായിരുന്നു വില. പല കര്‍ഷകരും പറിച്ച കപ്പ കൂട്ടിയിട്ട് വില്‍ക്കാനാവാതെ വിഷമിച്ചു. തുച്ഛമായ വിലക്ക് പോലും ആരും വാങ്ങാന്‍ തയ്യാറായില്ല. കുമ്പളം, വെള്ളരി, തുടങ്ങിയ പച്ചക്കറികളുടെ അവസ്ഥയും ഇത് തന്നെയായിരുന്നു. കര്‍ഷക സഹകരണ സംഘങ്ങളും സര്‍ക്കാരിന്റെ കീഴിലുള്ള ഏജന്‍സികളും ഇതൊക്കെ വാങ്ങാന്‍ തയ്യാറാവുന്നില്ല. പച്ചക്കപ്പ എടുക്കാനാളില്ലാതായതോടെ പലരും ഉണക്കി സൂക്ഷിച്ചിരിക്കുകയാണ്. എന്നാല്‍ അതിനും വിലയില്ലാത്ത അവസ്ഥയാണ്. പച്ചക്കപ്പ തൊലികളഞ്ഞ് പുഴുങ്ങിയാണ് ഉണക്കുന്നത്. ഇതിന് ജോലിക്കാരെ വെക്കണം. കപ്പ പറിച്ചെടുക്കുന്ന കൂലിയും വേറെ വേണം. ഇതെല്ലാം കഴിഞ്ഞ് വില്‍പ്പനക്ക് തയ്യാറെടുക്കുമ്പോഴാണ് മുപ്പതോ നാല്‍പ്പതോ രൂപയ്ക്ക് കൊടുക്കാന്‍ നിര്‍ബന്ധിതരാവുന്നത്. ഇതിന്റെ കൂലിയെല്ലാം കൂട്ടുമ്പോള്‍ 60 രൂപ കിട്ടിയാലും കര്‍ഷകന് നഷ്ടമാണ്. ഇത്തരമൊരു സാഹചര്യത്തില്‍ സര്‍ക്കാര്‍ തന്നെയാണ് ഉല്‍പ്പന്നങ്ങള്‍ സംഭരിക്കാനും വിപണനത്തിനും സംവിധാനമൊരുക്കേണ്ടത്. കഴിഞ്ഞ വര്‍ഷം കൃഷിയിറക്കിയ പല കര്‍ഷകരും ഇതില്‍ നിന്ന് പാഠം പഠിച്ചതിനാല്‍ ഇത്തവണ രംഗത്തിറങ്ങിയതേയില്ല. ചേമ്പ്, പച്ചക്കറി തുടങ്ങിയവയുടെ അവസ്ഥയും ഇതുതന്നെ. മരച്ചീനി കൃഷിയിറക്കിയവരില്‍ പലരിലും വിലയിത്താത്തതിനെ തുടര്‍ന്ന് വിളവെടുക്കാന്‍ തയ്യാറായിട്ടില്ല. എലിയും പെരുച്ചാഴിയും പന്നിയും വിളകൊണ്ടുപോയാലും നഷ്ടത്തിന്റെ കണക്കില്‍ കൂടുതല്‍ തുക പിന്നെയും ഉള്‍പ്പെടുത്തേണ്ടതില്ലല്ലോ എന്നതായിരുന്നു അവരുടെ തീരുമാനം. ചില യുവജന സംഘടനകള്‍ സംഘടിപ്പിച്ച് മരച്ചീനി ചലഞ്ച് എന്ന പേരില്‍ കര്‍ഷകരുടെ അടുത്തെത്തി കപ്പ വാങ്ങി വില്‍പ്പന നടത്തിയത് അവര്‍ക്ക് അല്‍പ്പമെങ്കിലും ആശ്വാസമായി. നേന്ത്രവാഴയുടെ കാര്യത്തിലും കര്‍ഷകര്‍ക്ക് വലിയ നഷ്ടമായിരുന്നു. നേന്ത്രവാഴക്കുല വിളവെടുക്കുന്നതിന് മുമ്പ് നല്ല വില ലഭിച്ചിരുന്നുവെങ്കിലും കര്‍ഷകര്‍ മാര്‍ക്കറ്റിലെത്തിക്കുന്ന സമയത്ത് അതിനും വില കുറഞ്ഞു. സീസണിലെ ഉല്‍പ്പാദന കൂടുതലും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള വരവുമാണ് വില ഇടിച്ചിലിന് കാരണമായത്. കാര്‍ഷികോല്‍പ്പന്നങ്ങള്‍ സംഭരിച്ച് സൂക്ഷിക്കാനുള്ള സംവിധാനം നമ്മുടെ നാട്ടില്‍ പരിമിതമാണ്. കര്‍ഷകരില്‍ നല്ലൊരു വിഭാഗം ക്ഷീര കര്‍ഷകരാണ്. ലോക്ഡൗണ്‍ കാലത്ത് മില്‍മ പോലും കര്‍ഷകരില്‍ നിന്ന് പാല്‍ സംഭരിക്കാത്ത അവസ്ഥയുണ്ടായി. പാല്‍ സംഭരിച്ച് പാല്‍ പൊടിയാക്കി സൂക്ഷിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ കര്‍ഷകരില്‍ നിന്ന് പാല്‍ എടുക്കാനാവുമായിരുന്നു. തമിഴ്‌നാട്ടില്‍ പാല്‍ എത്തിച്ചാണ് പാല്‍പൊടിയാക്കി മാറ്റുന്നത്. അതിനുള്ള സംവിധാനം പോലും ഇവിടെയില്ല. കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് സര്‍ക്കാര്‍ താങ്ങുവില ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അതും കര്‍ഷകര്‍ക്ക് വലിയ ഗുണകരമാവുന്നില്ല. കാര്‍ഷിക മേഖലയിലേക്ക് യുവാക്കള്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. എന്നാല്‍ അവര്‍ക്ക് പ്രോത്സാഹനം കിട്ടുന്ന രീതിയിലുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവണം.

Related Articles
Next Story
Share it