ലഹരിമാഫിയക്കെതിരെ നാടുണരുമ്പോള്‍

ഒരുതലമുറയെ തന്നെ സര്‍വനാശത്തിലേക്ക് തള്ളിവിടുന്ന ലഹരിമാഫിയക്കെതിരെ നാട് ഉണര്‍ന്നിരിക്കുകയാണ്. കാസര്‍കോട് ജില്ലയില്‍ കഞ്ചാവ്-മയക്കുമരുന്ന് മാഫിയാ സംഘങ്ങള്‍ക്കെതിരെ ജാതി-മത-കക്ഷി-രാഷ്ട്രീയ ഭേദമന്യേ ശക്തമായ പോരാട്ടവുമായി പൊതുസമൂഹം രംഗത്തിറങ്ങിയ കാഴ്ച ഏറെ സന്തോഷം പകരുന്നതാണ്. ലഹരിമാഫിയകളുടെ അടിവേരറുക്കാന്‍ പൊലീസും എക്‌സൈസും കര്‍ശന നടപടികളുമായി മുന്നോട്ട് പോയ്‌ക്കൊണ്ടിരിക്കുന്നു. പൊലീസ് നടപടിക്കു പുറമെ വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കുമായി ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. വിവിധ രാഷ്ട്രീയപാര്‍ട്ടികളും യുവജനസംഘടനകളും വിദ്യാര്‍ത്ഥി സംഘടനകളുമെല്ലാം കഞ്ചാവ്-മയക്കുമരുന്ന് സംഘങ്ങള്‍ക്കെതിരെ വ്യത്യസ്തമായ പരിപാടികള്‍ നടത്തിവരികയാണ്. മഹല്ല് കമ്മിറ്റികളും ബോധവല്‍ക്കരണം നടത്തുന്നുണ്ട്. അങ്ങനെ സമൂഹത്തിന്റെ […]

ഒരുതലമുറയെ തന്നെ സര്‍വനാശത്തിലേക്ക് തള്ളിവിടുന്ന ലഹരിമാഫിയക്കെതിരെ നാട് ഉണര്‍ന്നിരിക്കുകയാണ്. കാസര്‍കോട് ജില്ലയില്‍ കഞ്ചാവ്-മയക്കുമരുന്ന് മാഫിയാ സംഘങ്ങള്‍ക്കെതിരെ ജാതി-മത-കക്ഷി-രാഷ്ട്രീയ ഭേദമന്യേ ശക്തമായ പോരാട്ടവുമായി പൊതുസമൂഹം രംഗത്തിറങ്ങിയ കാഴ്ച ഏറെ സന്തോഷം പകരുന്നതാണ്. ലഹരിമാഫിയകളുടെ അടിവേരറുക്കാന്‍ പൊലീസും എക്‌സൈസും കര്‍ശന നടപടികളുമായി മുന്നോട്ട് പോയ്‌ക്കൊണ്ടിരിക്കുന്നു. പൊലീസ് നടപടിക്കു പുറമെ വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കുമായി ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. വിവിധ രാഷ്ട്രീയപാര്‍ട്ടികളും യുവജനസംഘടനകളും വിദ്യാര്‍ത്ഥി സംഘടനകളുമെല്ലാം കഞ്ചാവ്-മയക്കുമരുന്ന് സംഘങ്ങള്‍ക്കെതിരെ വ്യത്യസ്തമായ പരിപാടികള്‍ നടത്തിവരികയാണ്. മഹല്ല് കമ്മിറ്റികളും ബോധവല്‍ക്കരണം നടത്തുന്നുണ്ട്. അങ്ങനെ സമൂഹത്തിന്റെ നാനാതലങ്ങളിലും ലഹരി മാഫിയകള്‍ക്കെതിരെ പ്രവര്‍ത്തനങ്ങള്‍ സജീവമാകുകയാണ്. നാളിതുവരെ പ്രകടമല്ലാത്ത വിധത്തിലുള്ള സാമൂഹിക മുന്നേറ്റമാണ് നടക്കുന്നത്. ഈ ആവേശവും ആര്‍ജവവും തുടര്‍ന്നും ഉണ്ടായേ മതിയാകൂ. സമൂഹത്തില്‍ കഞ്ചാവ്-മയക്കുമരുന്ന് വില്‍പ്പനക്കാര്‍ അത്രക്കും ശക്തമായി തന്നെ പിടിമുറുക്കിയിരിക്കുകയാണ്. നിതാന്ത ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നില്ലെങ്കില്‍ അതുപോലും അവസരമാക്കി ഇത്തരം സംഘങ്ങള്‍ സ്വാധീനമുറപ്പിക്കും. വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടാണ് പ്രധാനമായും കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും വില്‍പ്പന നടക്കുന്നത്. യുവാക്കളും ഇവരുടെ കെണിയില്‍ അകപ്പെടുകയാണ്. പഠനത്തില്‍ പോലും ശ്രദ്ധ ചെലുത്താതെ മയക്കുമരുന്നിന്റെ മായികവലയത്തില്‍പെട്ട് അധപതനത്തിലേക്ക് നീങ്ങുന്ന സ്ഥിതിയിലേക്ക് വിദ്യാര്‍ഥത്ഥി സമൂഹം എത്താതിരിക്കാന്‍ രക്ഷിതാക്കളും അധ്യാപകരും സമൂഹവും ഒരുമിച്ച് പ്രതിരോധം തീര്‍ക്കേണ്ടത് അനിവാര്യമാണ്. ജില്ലയിലെ എല്ലാ ഭാഗങ്ങളിലും എം.ഡി.എം.എ അടക്കമുള്ള മാരകമയക്കുമരുന്നുകള്‍ വില്‍പ്പന നടത്തുന്നതിന് ഏജന്റുമാരുണ്ട്. വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് തന്നെ മയക്കുമരുന്ന് വില്‍ക്കുന്ന രീതിയാണ് ഇത്തരം ഇടനിലക്കാര്‍ സ്വീകരിക്കുന്നത്. അമിതമായ മയക്കുമരുന്ന് ഉപയോഗത്തിലൂടെ മാനസിക വിഭ്രാന്തി വന്ന് കുടുംബത്തിലും സമൂഹത്തിലും പ്രശ്‌നക്കാരായി മാറുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിക്കുകയാണ്. തങ്ങളുടെ മക്കള്‍ ലഹരിക്ക് അടിമകളായി അനുദിനം നാശത്തിലേക്ക് നീങ്ങുന്നത് മാതാപിതാക്കള്‍ക്ക് നിസഹായതയോടെ നോക്കിനില്‍ക്കേണ്ടിവരുന്നു. മയക്കുമരുന്ന് ഒരിക്കല്‍ ഉപയോഗിച്ചാല്‍ പിന്നെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുന്നവര്‍ വളരെ കുറവാണ്. അതുകൊണ്ട് ലഹരി മാഫിയകളുടെ വലയില്‍ വിദ്യാര്‍ത്ഥികള്‍ അകപ്പെടാതെ നോക്കേണ്ടത് വലിയൊരു സാമൂഹിക ഉത്തരവാദിത്വമാണ്. പൊലീസിനെ കൊണ്ട് മാത്രം മാഫിയകളെ നിലയ്ക്ക് നിര്‍ത്താന്‍ സാധിക്കില്ല. ലഹരിക്കടത്ത് തടയുകയും വില്‍ക്കുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയും ചെയ്യുകയെന്നത് മാത്രമാണ് പൊലീസിന്റെ ഉത്തരവാദിത്വം. എല്ലാ ഭാഗത്തേക്കും പൊലീസിന്റെ ശ്രദ്ധ എത്തിയെന്നുവരില്ല. കഞ്ചാവും മയക്കുമരുന്നും എത്തുന്ന പ്രദേശങ്ങളില്‍ അതിന് തടയിടേണ്ടത് അതാത് പ്രദേശങ്ങളിലെ ജനങ്ങള്‍ തന്നെയാണ്. ക്ലബ്ബുകളും സന്നദ്ധ സംഘടനകളും രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും ഉള്‍പ്പെടുന്ന വിപുലമായ കൂട്ടായ്മകള്‍ രൂപീകരിച്ച് പ്രവര്‍ത്തിച്ചാല്‍ മാത്രമേ മാഫിയകളെ തുരത്താന്‍ സാധിക്കുകയുള്ളൂ. നമ്മുടെ ജില്ലയെ പൂര്‍ണമായും മയക്കുമരുന്നിന്റെയും കഞ്ചാവിന്റെയും സ്വാധീനത്തില്‍ നിന്ന് പൂര്‍ണമായും മുക്തമാക്കും വരെ ശക്തമായ പോരാട്ടം തുടര്‍ന്നേ മതിയാകൂ. വാഹനങ്ങളില്‍ മാത്രമല്ല ട്രെയിന്‍ മാര്‍ഗവും ജില്ലയിലേക്ക് ലഹരിക്കടത്ത് സജീവമാണ്. അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും ബസ് സ്റ്റാന്റുകളിലും റെയില്‍വെ സ്‌റ്റേഷനുകളിലും പൊലീസിന്റെ പരിശോധനയും നിരീക്ഷണവും സജീവമാക്കണം. ലഹരി ഗുളികകളും കഞ്ചാവ് ബീഡികളും ഉപയോഗിക്കുന്നവരുടെ എണ്ണവും ഇതോടൊപ്പം വര്‍ധിക്കുന്നുണ്ട്. കഞ്ചാവ് ബീഡികള്‍ സുലഭമായിക്കഴിഞ്ഞു. എം.ഡി.എം.എയും കഞ്ചാവും പിടികൂടുന്നതിനൊപ്പം തന്നെ ലഹരിഗുളികകളും കഞ്ചാവ് ബീഡികളും പലയിടങ്ങളില്‍ നിന്നും പിടികൂടുന്നുണ്ട്. കഞ്ചാവ് ബീഡി വലിച്ച നിരവധി പേരാണ് വിവിധ ദിവസങ്ങളിലായി പിടിയിലായത്. എല്ലായിടത്തും കണ്ണും കാതും തുറന്നുവെച്ചുകൊണ്ട് തന്നെ ലഹരിമാഫിയക്കെതിരെ പോരാടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ല.

Related Articles
Next Story
Share it