കുട്ടികള്‍ക്കുള്ള വാക്‌സിനും എത്തിക്കണം

കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ.) അനുമതി നല്‍കിയിരിക്കയാണ്. അഹമ്മദാബാദ് ആസ്ഥാനമായ സൈഡസ് കാഡില വികസനിപ്പിച്ച സൈകോവ്-ഡി വാക്‌സിനാണ് അംഗീകാരം നല്‍കിയിരിക്കുന്നത്. 12 വയസ് മുതല്‍ 18 വയസ് വരെയുള്ള കുട്ടികള്‍ക്ക് ഈ വാക്‌സിന്‍ നല്‍കാമെന്നാണ് വിദഗ്ധ സമിതി കണ്ടെത്തിയിരിക്കുന്നത്. കോവിഡിന്റെ മൂന്നാം തരംഗം നമ്മുടെ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുകയാണ്. മൂന്നാം തരംഗം കുട്ടികളെയാണ് ബാധിക്കുകയെന്ന് വിദഗ്ധര്‍ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത് കണക്കിലെടുത്തുകൊണ്ട് എത്രയും വേഗം ഈ വാക്‌സിന്‍ […]

കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ.) അനുമതി നല്‍കിയിരിക്കയാണ്. അഹമ്മദാബാദ് ആസ്ഥാനമായ സൈഡസ് കാഡില വികസനിപ്പിച്ച സൈകോവ്-ഡി വാക്‌സിനാണ് അംഗീകാരം നല്‍കിയിരിക്കുന്നത്. 12 വയസ് മുതല്‍ 18 വയസ് വരെയുള്ള കുട്ടികള്‍ക്ക് ഈ വാക്‌സിന്‍ നല്‍കാമെന്നാണ് വിദഗ്ധ സമിതി കണ്ടെത്തിയിരിക്കുന്നത്. കോവിഡിന്റെ മൂന്നാം തരംഗം നമ്മുടെ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുകയാണ്. മൂന്നാം തരംഗം കുട്ടികളെയാണ് ബാധിക്കുകയെന്ന് വിദഗ്ധര്‍ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത് കണക്കിലെടുത്തുകൊണ്ട് എത്രയും വേഗം ഈ വാക്‌സിന്‍ കുട്ടികളിലെത്തിക്കുവാനുള്ള നടപടി ഉണ്ടാവേണ്ടിയിരിക്കുന്നു. ഈ വര്‍ഷം ഡിസംബറോട് കൂടി 18 വയസിന് മുകളിലുള്ളവര്‍ക്കെല്ലാം വാക്‌സിന്‍ നല്‍കികഴിയുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. 60 വയസിന് മുകളിലുള്ളവര്‍ക്കുള്ള രണ്ട് ഡോസ് വാക്‌സിനും ഏതാണ്ട് 80 ശതമാനത്തോളമായെങ്കിലും 18 വയസ് മുതല്‍ 45 വയസ് വരെയുള്ളവരിലെ വാക്‌സിന്‍ വിതരണം പകുതിയോളം മാത്രമേ ആയിട്ടുള്ളൂ. ഒന്നാം വാക്‌സിന്‍ എടുത്ത് 40 ദിവസം പിന്നിട്ടതിന് ശേഷമായിരുന്നു തുടക്കത്തില്‍ രണ്ടാം ഡോസ് എടുത്തിരുന്നത്. എന്നാല്‍ പിന്നീടത് 84 ദിവസം കഴിഞ്ഞ് മതി എന്ന് തീരുമാനിക്കുകയായിരുന്നു. വേണ്ടത്ര വാക്‌സിന്‍ കിട്ടാത്ത സാഹചര്യത്തിലായിരുന്നു അത്തരമൊരു തീരുമാനമെങ്കിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇത് അംഗീകരിക്കുന്നില്ല. വാക്‌സിന്‍ നല്‍കുന്നതിലെ ഇടവേള കുറക്കണമെന്ന് ഐ.എ.ഐ. അടക്കമുള്ള സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നിട്ടും അത് അംഗീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല. ഇക്കഴിഞ്ഞ ആഴ്ച മുതലാണ് കുറേക്കൂടി അധികം ഡോസ് മരുന്ന് കേരളത്തിന് ലഭിച്ചത്. ഡിസംബര്‍ ആകുന്നതിന് മുമ്പ് കൂടുതല്‍ വാക്‌സിന്‍ എത്തിച്ചാലേ പ്രതിരോധം ശക്തമാക്കാനാവൂ. രണ്ടാം തരംഗത്തില്‍ നിന്ന് നാം ഇതുവരെ മോചിതരായിട്ടില്ല. ഇപ്പോഴും ഓരോ ദിവസവും 20,000ത്തിന് മുകളില്‍ രോഗികള്‍ ഉണ്ടാവുന്നു. ടി.പി.ആര്‍. നിരക്ക് 15 ല്‍ നിന്നും 19 ലേക്ക് എത്തിക്കഴിഞ്ഞു. കുട്ടികള്‍ക്കുള്ള വാക്‌സിന്‍ ഇന്ത്യയില്‍ തന്നെ വികസിപ്പിച്ചതാണ്. ഇടക്കാല ട്രയല്‍ റിപ്പോര്‍ട്ടനുസരിച്ച് 66.6 ശതമാനമാണ് ഫലപ്രാപ്തി. മൂന്ന് ഡോസ് വാക്‌സിനാണിത്. രണ്ട് ഡോസ് ആണെങ്കിലും മികച്ച ഫലം ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. നേരത്തെ അനുമതി ലഭിച്ചവയില്‍ ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ ജാന്‍ സൈന്‍ (ഒറ്റഡോസ്) ഒഴികെ എല്ലാം രണ്ട് ഡോസാണ്. പരീക്ഷണ ഘട്ടത്തില്‍ 28,000 വോളണ്ടിയര്‍മാരില്‍ പരീക്ഷണം നടത്തിയതിന് ശേഷമാണ് സൈകോവ്-ഡി അനുമതിക്കായി സമീപിച്ചത്. ഏറ്റവുമധികം പേരില്‍ പരീക്ഷിച്ച മരുന്നും ഇതാണ്. ഡോസുകള്‍ തമ്മിലുള്ള ഇടവേള ഇതിന് 28 ദിവസം മാത്രമാണ്. ജോണ്‍സൈന്‍ എന്ന കോവിഡ് വാക്‌സിനും ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതിക്കായി ശുപാര്‍ശ നല്‍കിയിട്ടുണ്ട്. ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനിയുടേതാണീ മരുന്ന്. 12 നും 17നുമിടയിലെ പ്രായക്കാര്‍ക്ക് നല്‍കാനുള്ള വാക്‌സിനാണിത്. കര്‍ണാടകയിലും മറ്റും വിദ്യാലയങ്ങള്‍ തുറക്കാന്‍ ആലോചിക്കുന്നുണ്ട്. 12 നും 18നും ഇടയിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കിയാല്‍ ഇവിടെയും വിദ്യാലയങ്ങള്‍ തുറക്കുന്നതിനെപ്പറ്റി ആലോചിക്കാവുന്നതാണ്. അനുമതി ലഭിച്ചുകഴിഞ്ഞ സൈകോവ്-ഡി വാക്‌സിന്‍ എത്രയും പെട്ടെന്ന് വിതരണം തുടങ്ങാനുള്ള നടപടിയെപ്പറ്റി ആലോചന തുടങ്ങണം.

Related Articles
Next Story
Share it