തിരഞ്ഞെടുപ്പ് നടത്തിപ്പിലെ പരിഷ്‌കാരം

രാജ്യത്തെ തിരഞ്ഞെടുപ്പ് നടത്തിപ്പ് രീതിയില്‍ കാലോചിതമായ മാറ്റം വേണമെന്ന ആവശ്യം കുറേ വര്‍ഷങ്ങളായി ഉയര്‍ന്നുവരുന്നതാണ്. ഈയൊരു ആവശ്യം പരിഗണിച്ചുകൊണ്ട് വരുന്ന തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിന്റെ നടത്തിപ്പ് രീതിയില്‍ കാതലായ മാറ്റങ്ങള്‍ വരുത്താന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചിരിക്കയാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വലിയ ഭാരം ഉള്ളതുകൊണ്ട് തന്നെയാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്ന് പല കാരണങ്ങള്‍ പറഞ്ഞ് മിക്കവരും ഒഴിവാകുന്നത്. ഉദ്യോഗസ്ഥര്‍ പോളിംഗ് സാമഗ്രികള്‍ വാങ്ങാനും തിരികെ ഏല്‍പ്പിക്കാനും പോളിംഗ് കേന്ദ്രത്തില്‍ എത്തേണ്ടതില്ലെന്നതാണ് സുപ്രധാനമായ […]

രാജ്യത്തെ തിരഞ്ഞെടുപ്പ് നടത്തിപ്പ് രീതിയില്‍ കാലോചിതമായ മാറ്റം വേണമെന്ന ആവശ്യം കുറേ വര്‍ഷങ്ങളായി ഉയര്‍ന്നുവരുന്നതാണ്. ഈയൊരു ആവശ്യം പരിഗണിച്ചുകൊണ്ട് വരുന്ന തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിന്റെ നടത്തിപ്പ് രീതിയില്‍ കാതലായ മാറ്റങ്ങള്‍ വരുത്താന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചിരിക്കയാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വലിയ ഭാരം ഉള്ളതുകൊണ്ട് തന്നെയാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്ന് പല കാരണങ്ങള്‍ പറഞ്ഞ് മിക്കവരും ഒഴിവാകുന്നത്. ഉദ്യോഗസ്ഥര്‍ പോളിംഗ് സാമഗ്രികള്‍ വാങ്ങാനും തിരികെ ഏല്‍പ്പിക്കാനും പോളിംഗ് കേന്ദ്രത്തില്‍ എത്തേണ്ടതില്ലെന്നതാണ് സുപ്രധാനമായ മാറ്റം. പ്രിസൈഡിംഗ് ഓഫീസര്‍ ഉള്‍പ്പെടെയുള്ളവര്‍ നേരിട്ട് ബൂത്തില്‍ ചെന്നാല്‍ മതി. ഓരോ പ്രദേശത്തേക്കും നിയോഗിക്കുന്ന സെക്ടറല്‍ ഓഫീസര്‍മാര്‍ ഇ.വി.എം. ഉള്‍പ്പെടെയുള്ള പോളിംഗ് സാധനങ്ങള്‍ പോളിംഗ് ബൂത്തില്‍ എത്തിക്കും. അവിടെ ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങണം. വോട്ടെടുപ്പിന് ശേഷം ഇതേ സെക്ടറല്‍ ഓഫീസര്‍ ബൂത്തിലെത്തി സാധനങ്ങള്‍ തിരിച്ചെടുത്ത് ഇവ സ്‌ട്രോംഗ് റൂമിലേക്ക് മാറ്റും. ഓരോ മേഖലക്കും സെക്ടറല്‍ ഓഫീസറെ നിയമിക്കുന്നതാണ് മറ്റൊരു മാറ്റം. ഒരേ ദിശയിലുള്ള പ്രദേശങ്ങളും വേഗത്തിലെത്താവുന്ന സ്ഥലങ്ങളും ഉള്‍പ്പെടുത്തിയാണ് സെക്ടറല്‍ ഓഫീസര്‍മാരും അനുബന്ധ ജീവനക്കാരും നിശ്ചിത സമയത്ത് വിതരണ കേന്ദ്രത്തിലെത്തേണ്ടത്. റിസര്‍വ്വിലുള്ള ഉദ്യോഗസ്ഥര്‍ വിതരണകേന്ദ്രത്തിലാണ് എത്തേണ്ടത്. ഇവര്‍ക്ക് വാഹനം അനുവദിക്കും. ഇനി വരുന്ന കൂടുതല്‍ തിരഞ്ഞെടുപ്പുകളില്‍ സെക്ടറല്‍ ഓഫീസര്‍ വഴിയുള്ള വിതരണ രീതിയാവും നടപ്പിലാക്കുക. പൊതുജനങ്ങള്‍ ഉള്‍പ്പെടെ വ്യത്യസ്ത തുറയിലുള്ളവരുടെ നിര്‍ദ്ദേശങ്ങള്‍ കമ്മീഷനും ക്ഷണിച്ചിരുന്നു. കമ്മീഷന് ലഭിച്ച അഞ്ഞൂറിലേറെ നിര്‍ദ്ദേശങ്ങള്‍ കൂടി പരിശോധിച്ചാണ് പരിഷ്‌കരണ നടപടികളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുമ്പോട്ട് പോകുന്നത്. സമിതിയുടെ റിപ്പോര്‍ട്ട് പൂര്‍ണ്ണമാകുന്ന മുറക്ക് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളുമായി ചര്‍ച്ച ചെയ്തായിരിക്കും മുമ്പോട്ട് പോവുക. സര്‍ക്കാരിന്റെ കൂടി അനുമതി നേടിയതിനുശേഷമായിരിക്കണം ഇത് നടപ്പില്‍ വരുത്തുക. ഈ തിരഞ്ഞെടുപ്പ് പരിഷ്‌കാരം ഏറ്റവും കൂടുതല്‍ ഉപകാരപ്പെടുന്നത് ഉദ്യോഗസ്ഥര്‍ക്ക് തന്നെ. വോട്ടെടുപ്പ് ദിവസത്തിന്റെ തലേന്ന് തന്നെ പോളിംഗ് സാമഗ്രികള്‍ വാങ്ങുന്നതിനുള്ള കേന്ദ്രത്തില്‍ എത്തണം. ബൂത്തുകളിലെത്തി അവിടെ എല്ലാം സജ്ജമാക്കണം. പിന്നീട് വോട്ടെടുപ്പ് കഴിഞ്ഞ് നടപടിക്രമങ്ങളെല്ലാം തിരിച്ചേല്‍പ്പിച്ചുകഴിയുമ്പോള്‍ പാത്രിരാത്രിയും കഴിയും. വനിതാ ജീവനക്കാരാണ് ഏറെ വിഷമിക്കുന്നത്. പോളിംഗ് ബൂത്തുകളില്‍ തലേന്ന് തന്നെ എത്തി അവിടെ താമസിച്ചാണ് ഇക്കാര്യങ്ങളൊക്കെ ചെയ്യേണ്ടത്. വോട്ടെടുപ്പ് കഴിഞ്ഞാല്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പോളിംഗ് ബൂത്തുകളിലെത്തി ബാലറ്റ് പെട്ടിയടക്കം തിരിച്ചുവാങ്ങണമെന്ന പുതിയ നിബന്ധന ഏറെ സ്വാഗതം ചെയ്യപ്പെടുമെന്നതില്‍ സംശയമില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഇത് പരീക്ഷാര്‍ത്ഥം നടപ്പിലാക്കി വിജയിച്ചാല്‍ നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഇത് നടപ്പിലാക്കാം. വലിയ ജോലി ഭാരമുള്ള പ്രക്രിയയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റേത്. പുതിയ കാലത്തിന് ചേര്‍ന്ന വിധത്തില്‍ നടപടി ക്രമങ്ങളിലും തിരഞ്ഞെടുപ്പ് പ്രക്രിയയിലും മാറ്റങ്ങള്‍ ഉണ്ടായേ മതിയാവൂ. മുമ്പ് ബാലറ്റ് പേപ്പറില്‍ വോട്ട് ചെയ്ത് ഇടുന്ന സംവിധാനംമായിരുന്നു നിലവിലുണ്ടായിരുന്നത്. ഏതാനും വര്‍ഷം മുമ്പാണ് ഇലക്‌ട്രോണിക്ക് വോട്ടിംഗ് യന്ത്രത്തിലേക്ക് മാറിയത്. എന്തായാലും കാലത്തിനനുസരിച്ച് തിരഞ്ഞെടുപ്പ് പ്രക്രിയയിലും മാറ്റങ്ങള്‍ വരുത്തേണ്ടത് അനിവാര്യമാണ്.

Related Articles
Next Story
Share it