എയിംസ്; കാസര്‍കോടിന് പരിഗണന വേണം

കാസര്‍കോടിന്റെ ആരോഗ്യപിന്നോക്കാവസ്ഥ കണക്കിലെടുത്ത് ജില്ലക്ക് എയിംസ് അനുവദിക്കണമെന്ന ആവശ്യത്തിന് ശക്തിയേറുകയാണ്. എയിംസ് ലഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ശുപാര്‍ശയില്‍ ജില്ലയെ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഹൊസങ്കടിയില്‍ നിന്ന് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആരംഭിച്ച പദയാത്ര പര്യടനം നടത്തിവരികയാണ്. നാളെ കാഞ്ഞങ്ങാട് സമാപിക്കും. മറ്റ് സംസ്ഥാനങ്ങള്‍ക്കൊക്കെ എയിംസ് അനുവദിച്ചപ്പോള്‍ കേരളത്തെ മാത്രമാണ് അകറ്റി നിര്‍ത്തിയിരിക്കുന്നത്. സമീപ ഭാവിയില്‍ തന്നെ കേരളത്തിനും എയിംസ് അനുവദിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തിന് എയിംസ് അനുവദിക്കുകയാണെങ്കില്‍ അത് കാസര്‍കോട്ട് തന്നെ വേണമെന്നതിന് ഒട്ടേറെ […]

കാസര്‍കോടിന്റെ ആരോഗ്യപിന്നോക്കാവസ്ഥ കണക്കിലെടുത്ത് ജില്ലക്ക് എയിംസ് അനുവദിക്കണമെന്ന ആവശ്യത്തിന് ശക്തിയേറുകയാണ്. എയിംസ് ലഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ശുപാര്‍ശയില്‍ ജില്ലയെ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഹൊസങ്കടിയില്‍ നിന്ന് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആരംഭിച്ച പദയാത്ര പര്യടനം നടത്തിവരികയാണ്. നാളെ കാഞ്ഞങ്ങാട് സമാപിക്കും. മറ്റ് സംസ്ഥാനങ്ങള്‍ക്കൊക്കെ എയിംസ് അനുവദിച്ചപ്പോള്‍ കേരളത്തെ മാത്രമാണ് അകറ്റി നിര്‍ത്തിയിരിക്കുന്നത്. സമീപ ഭാവിയില്‍ തന്നെ കേരളത്തിനും എയിംസ് അനുവദിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തിന് എയിംസ് അനുവദിക്കുകയാണെങ്കില്‍ അത് കാസര്‍കോട്ട് തന്നെ വേണമെന്നതിന് ഒട്ടേറെ കാരണങ്ങളുണ്ട്. ആരോഗ്യ രംഗത്ത് ഒരു സൂപ്പര്‍സ്‌പെഷ്യാലിറ്റി ആസ്പത്രിയും ഇല്ലാത്ത ഒരേ ഒരു ജില്ല കാസര്‍കോട് മാത്രമാണ്. തിരുവന്തപുരമായാലും എറണാകുളമായാലും കോഴിക്കോടായാലും അവിടങ്ങളിലൊക്കെ ഇഷ്ടം പോലെ ആസ്പത്രികളുണ്ട്. സ്വകാര്യ ആസ്പത്രികള്‍ക്ക് പുറമെ മെഡിക്കല്‍ കോളേജും ഉണ്ട്. ഇവിടെ ഒരു മെഡിക്കല്‍ കോളേജിന് ശിലസ്ഥാപിച്ചിട്ട് വര്‍ഷങ്ങളായി ഇപ്പോഴും ഓരോ കാരണങ്ങള്‍ പറഞ്ഞ് മെഡിക്കല്‍ കോളേജ് നീണ്ടുപോവുകയാണ്. ഇതിനൊപ്പം തറക്കല്ലിച്ച മെഡിക്കല്‍ കോളേജുകളില്‍ കോഴ്‌സ് ആരംഭിച്ചിട്ട് തന്നെ വര്‍ഷങ്ങളായി. ഈയിടെയാണ് കിഫ്ബിയില്‍ നിന്ന് 160 കോടി രൂപ കെട്ടിട നിര്‍മ്മാണത്തിനായി അനുവദിച്ചത്. കാസര്‍കോട് നിന്നുള്ള രോഗികളത്രയും മംഗളൂരുവിനെയാണ് ചികിത്സക്കായി ആശ്രയിക്കുന്നത്. കോവിഡ് മഹാമാരി പിടിമുറുക്കിക്കൊണ്ടിരിക്കുമ്പോള്‍ രോഗികളെയും കൊണ്ട് കാസര്‍കോട്ടെ ജനങ്ങള്‍ ഓടുന്നത് മംഗളൂരുവിലേക്കാണ്. അങ്ങോട്ടുള്ള എല്ലാ വഴികളും മണ്ണിട്ട് അടച്ച കാര്യം കേരളമൊട്ടുക്ക് ചര്‍ച്ച ചെയ്തതാണ്. ഗുരുതരാവസ്ഥയിലായ 18 ഓളം രോഗികളാണ് പാതിവഴിയില്‍ പിടഞ്ഞുമരിച്ചത്. കോവിഡിന് മുമ്പ് കാസര്‍കോട്ടെ മുഴുവന്‍ രോഗികളെയും പിഴിഞ്ഞ് മടിശ്ശീല വീര്‍പ്പിച്ച അവിടത്തെ സ്വകാര്യ ആസ്പത്രികള്‍ പോലും ഈ സമയത്ത് കൈമലര്‍ത്തുകയായിരുന്നു. ഈയൊരവസ്ഥ മറ്റൊരു ജില്ലക്കാര്‍ക്കും ഇല്ല. നമ്മുടെ ആരോഗ്യ രംഗം എത്ര ദുര്‍ബലമാണെന്ന് നാം തിരിച്ചറിഞ്ഞത് കോവിഡ് കാലത്താണ്. ജീവിതത്തില്‍ സമാനതകളില്ലാത്ത ദുരിതം പേറുന്ന എന്‍ഡോസള്‍ഫാന്‍ രോഗികളെപ്പോലും താങ്ങിപ്പിടിച്ച് നമുക്ക് മംഗളൂരുവിലേക്ക് യാത്ര ചെയ്യേണ്ടിവരുന്നു. കിഡ്‌നി, കരള്‍ രോഗം, ഹൃദ്രോഹം തുടങ്ങിയവയ്‌ക്കൊക്കെ ചികിത്സ തേടുന്നവര്‍ മംഗളൂരുവിനെയോ കോഴിക്കോടിനെയോ ആശ്രയിക്കേണ്ടിവരികയാണ്. കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയും കാസര്‍കോട് ജനറല്‍ ആസ്പത്രിയുമുണ്ട്. ഇവിടെ പരിമിതികള്‍ മാത്രമേ ഉള്ളൂ. വേണ്ടത്ര ഡോക്ടര്‍മാരോ നഴ്‌സുമാരോ ഇല്ല. ആസ്പത്രിക്ക് വേണ്ടി കെട്ടിടങ്ങള്‍ ഉണ്ടാക്കിക്കഴിഞ്ഞാല്‍ എല്ലാമായെന്ന്് വിശ്വസിക്കുന്നതിന് മാറ്റമുണ്ടാവണം. കോവിഡ് രോഗികളെ പ്രവേശിപ്പിക്കാന്‍ ടാറ്റാകനിഞ്ഞു നല്‍കിയ ആസ്പത്രി തെക്കിലില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ടെങ്കിലും അവിടേക്ക് വേണ്ട റോഡ്, വൈദ്യുതി, കുടിവെള്ളം എന്നിവയൊക്കെ ശാശ്വതമായി പരിഹരിക്കണം. എയിംസ് സംസ്ഥാനത്തിനനുവദിക്കുമ്പോള്‍ കാസര്‍കോട് ജില്ല പട്ടികയില്‍ മുമ്പിലുണ്ടാവണം. അതിന് സംസ്ഥാന സര്‍ക്കാരാണ് പച്ചക്കൊടി കാട്ടേണ്ടത്.

Related Articles
Next Story
Share it