പ്ലാസ്റ്റിക് പടിക്ക് പുറത്താവണം

പ്ലാസ്റ്റിക് ഉപയോഗത്തില്‍ ഘട്ടംഘട്ടമായുള്ള നിയന്ത്രണത്തിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുകയാണ്. കോവിഡ് മഹാമാരി പടര്‍ന്നുപിടിക്കുന്നതിന് മുമ്പ് പ്ലാസ്റ്റിക് നിരോധനം കര്‍ശനമാക്കാന്‍ നടപടി സ്വീകരിച്ചിരുന്നെങ്കിലും ശ്രദ്ധ കോവിഡിലേക്ക് തിരിഞ്ഞതോടെ അതൊക്കെ ഉപേക്ഷിക്കുകയായിരുന്നു. ഇതിന്റെ മറവില്‍ പ്ലാസ്റ്റിക് ഉപയോഗം കുത്തനെ വര്‍ധിക്കുകയും ചെയ്തു. കടകളില്‍ നിന്നുള്ള പ്ലാസ്റ്റിക് പിടികൂടുന്നതിനേക്കാളും ഉല്‍പ്പാദിപ്പിക്കുന്ന സ്ഥലത്ത് വെച്ച് തന്നെ പിടികൂടുന്നതായിരിക്കും ഏറെ ഗുണം ചെയ്യുക. അത്തരമൊരു നടപടിയിലേക്ക് സര്‍ക്കാര്‍ നീങ്ങുന്നതിനിടെയാണ് കോവിഡ് വന്നത്. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരാണ് കര്‍ശന നിര്‍ദ്ദേശവുമായി രംഗത്തു വന്നിരിക്കുന്നത്. ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക്ക് […]

പ്ലാസ്റ്റിക് ഉപയോഗത്തില്‍ ഘട്ടംഘട്ടമായുള്ള നിയന്ത്രണത്തിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുകയാണ്. കോവിഡ് മഹാമാരി പടര്‍ന്നുപിടിക്കുന്നതിന് മുമ്പ് പ്ലാസ്റ്റിക് നിരോധനം കര്‍ശനമാക്കാന്‍ നടപടി സ്വീകരിച്ചിരുന്നെങ്കിലും ശ്രദ്ധ കോവിഡിലേക്ക് തിരിഞ്ഞതോടെ അതൊക്കെ ഉപേക്ഷിക്കുകയായിരുന്നു. ഇതിന്റെ മറവില്‍ പ്ലാസ്റ്റിക് ഉപയോഗം കുത്തനെ വര്‍ധിക്കുകയും ചെയ്തു. കടകളില്‍ നിന്നുള്ള പ്ലാസ്റ്റിക് പിടികൂടുന്നതിനേക്കാളും ഉല്‍പ്പാദിപ്പിക്കുന്ന സ്ഥലത്ത് വെച്ച് തന്നെ പിടികൂടുന്നതായിരിക്കും ഏറെ ഗുണം ചെയ്യുക. അത്തരമൊരു നടപടിയിലേക്ക് സര്‍ക്കാര്‍ നീങ്ങുന്നതിനിടെയാണ് കോവിഡ് വന്നത്. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരാണ് കര്‍ശന നിര്‍ദ്ദേശവുമായി രംഗത്തു വന്നിരിക്കുന്നത്. ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനം, ഉപയോഗം എന്നിവ അടുത്ത വര്‍ഷത്തോടെ പൂര്‍ണ്ണമായി നിരോധിക്കാനാണ് ആലോചന. ഇതിനായി പ്ലാസ്റ്റിക് വേസ്റ്റ്മാനേജ് മെന്റ് ഭേദഗതിച്ചട്ടം കേന്ദ്രം പുറത്തിറക്കിയിരിക്കയാണ്. അടുത്തമാസം മുതല്‍ 30 മുതല്‍ 75 മൈക്രോണില്‍ കുറഞ്ഞ പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്കും നിരോധനം ബാധകമാവും. കേന്ദ്രപരിസ്ഥിതി വനം മന്ത്രാലയമാണ് രാജ്യത്തെ പരിസ്ഥിതിക്ക് ഏറ്റവും വലിയ ഭീഷണിയായ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ നിയന്ത്രണത്തിന് ചട്ടം പുറത്തിറക്കിയിരിക്കുന്നത്. 2023 മുതല്‍ കുറഞ്ഞ പരിധി 120 മൈക്രോണ്‍ ആയി ഉയര്‍ത്തും. മണ്ണില്‍ അലിഞ്ഞു ചേരുന്ന തരത്തിലുള്ള പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ക്ക് നിബന്ധനകള്‍ ബാധകമല്ല. എന്നാല്‍ ഇവയുടെ നിര്‍മ്മാതാക്കള്‍ കേന്ദ്ര മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് വാങ്ങിയിരിക്കണം. ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ നിരോധനത്തില്‍ ഉള്‍പ്പെടാത്ത പാക്കേജിംങ്ങ് മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനുള്ള ഉത്തരവാദിത്വം നിര്‍മ്മാതാക്കള്‍, ഇറക്കുമതി ചെയ്തവര്‍, ബ്രാന്റ് ഉടമകള്‍ എന്നിവര്‍ക്കായിരിക്കും. 2016ലെ പ്ലാസ്റ്റിക് വെയ്സ്റ്റ് മാനേജ്‌മെന്റ് ചട്ടത്തില്‍ ഇത് വ്യക്തമാക്കുന്നുണ്ട്. ഇയര്‍ബഡ്‌സുകള്‍ക്കും ബലൂണുകള്‍ക്കുമുള്ള പ്ലാസ്റ്റിക് സ്റ്റിക്കുകള്‍, പ്ലാസ്റ്റിക് പതാകകള്‍, മിഠായി, ഐസ്‌ക്രീം സ്റ്റിക്കുകള്‍, അലങ്കാരത്തിനുള്ള പോളിസ്റ്റൈറ്റി(തെര്‍മോകോള്‍) പ്ലാസ്റ്റിക് നിര്‍മ്മിത കപ്പ്, പ്ലേറ്റ്, സ്പൂണ്‍, ഫോര്‍ക്ക്, സ്‌ട്രോ, മിഠായി കവര്‍, ട്രേ, കത്തി, ക്ഷണക്കത്ത്, സിഗരറ്റ്പാക്കറ്റ്, പലഹാരപ്പൊതികള്‍ എന്നിവയുടെ പുറമെയുള്ള പാക്കിംഗ് ഫിലിം 100 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക്-പി.വി.സി. ബാറുകള്‍ എന്നിവയൊക്കെ നിരോധിക്കപ്പെടുന്നവയുടെ ലിസ്റ്റിലുള്ളതാണ്. പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണത്തിന് ഗ്രാമ പഞ്ചായത്തുകളും നഗരസഭകളും പ്രത്യേക സംവിധാനം സജ്ജമാക്കണം. പ്ലാസ്റ്റിക് മാലിന്യത്തിന്റെ ശേഖരണം, തരംതിരിവ്, സംഭരണം, ശരിയായ നിര്‍മ്മാര്‍ജ്ജനം എന്നിവ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഉറപ്പാക്കണം. ഒറ്റത്തവണ പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജനത്തിന് സംസ്ഥാനങ്ങള്‍ കര്‍മ്മ സമിതി രൂപീകരിക്കണം. സംസ്ഥാനതല പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ദേശീയതലത്തിലും കര്‍മ്മ സമിതി രൂപീകരിക്കണം. നമ്മുടെ ഭൂമി നേരിടുന്ന ഏറ്റവും വലിയ പാരിസ്ഥിതിക പ്രതിസന്ധി പ്ലാസ്റ്റിക് തന്നെയാണ്. പ്ലാസ്റ്റിക്കിന്റെ ഭീഷണിയില്‍ നിന്ന് ലോകത്തെ മോചിപ്പിക്കുക എന്ന വലിയ ലക്ഷ്യത്തിനായുള്ള പോരാട്ടം മികച്ച ചുവടുവെപ്പാണെന്നതില്‍ തര്‍ക്കമില്ല. ഓരോ വര്‍ഷവും ലോകത്ത് അഞ്ച് ലക്ഷം കോടി പ്ലാസ്റ്റിക് സഞ്ചികളാണത്ര ഉല്‍പ്പാദിപ്പിക്കുന്നത്. മനുഷ്യര്‍ ഉപയോഗിച്ച ശേഷം കടലില്‍ തള്ളുന്നത് പ്രതിവര്‍ഷം 130 ലക്ഷം ടണ്‍ പ്ലാസ്റ്റിക്കാണത്രെ. ഇതില്‍ പകുതിയിലധികവും ഒറ്റത്തവണ ഉപയോഗിച്ച പ്ലാസ്റ്റിക്കാണ്. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാരുകള്‍ ഏറ്റെടുക്കുകയും കര്‍ശനമായി നടപ്പാക്കുകയും ചെയ്താല്‍ മാത്രമേ ഭൂമുഖത്ത് നിന്ന് പ്ലാസ്റ്റിക്കിനെ പടിക്ക് പുറത്താക്കാനാവൂ.

Related Articles
Next Story
Share it