കാണിയൂര്‍പാത; കര്‍ണാടകയുടെ പിന്തുണയും നേടിയെടുക്കണം

കാഞ്ഞങ്ങാട്-കാണിയൂര്‍ പാതയ്ക്ക് വീണ്ടും പ്രതീക്ഷ ഉയരുകയാണ്. കര്‍ണാടകയിലേക്കുള്ള നിര്‍ദ്ദിഷ്ട റെയില്‍പാതകളില്‍ ഏറ്റവും സ്വീകാര്യമായത് കാഞ്ഞങ്ങാട്-കാണിയൂര്‍പാതയെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞത്. ചെലവും വരുമാനവും താരതമ്യം ചെയ്യുമ്പോള്‍ ലാഭകരമായ റൂട്ടാണിതെന്ന് റെയില്‍വെ അധികൃതര്‍ നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തിയിരുന്നു. രണ്ടുവര്‍ഷത്തോളമായി കാണിയൂര്‍ പാത ഒരു പുരോഗതിയുമില്ലാതെ ഫ്രീസറില്‍ കിടക്കുകയാണ്. 90 കിലോമീറ്ററാണ് നിര്‍ദ്ദിഷ്ട പാതയുടെ ദൂരം. കാഞ്ഞങ്ങാട് നിന്ന് പാണത്തൂരിലേക്ക് 41 കിലോമീറ്ററുണ്ട്. അതിനപ്പുറം കാണിയൂര്‍ വരെ 49 കിലോമീറ്ററുമുണ്ട്. കാഞ്ഞങ്ങാട് നിന്ന് പാണത്തൂരിലേക്ക് 20 […]

കാഞ്ഞങ്ങാട്-കാണിയൂര്‍ പാതയ്ക്ക് വീണ്ടും പ്രതീക്ഷ ഉയരുകയാണ്. കര്‍ണാടകയിലേക്കുള്ള നിര്‍ദ്ദിഷ്ട റെയില്‍പാതകളില്‍ ഏറ്റവും സ്വീകാര്യമായത് കാഞ്ഞങ്ങാട്-കാണിയൂര്‍പാതയെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞത്. ചെലവും വരുമാനവും താരതമ്യം ചെയ്യുമ്പോള്‍ ലാഭകരമായ റൂട്ടാണിതെന്ന് റെയില്‍വെ അധികൃതര്‍ നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തിയിരുന്നു. രണ്ടുവര്‍ഷത്തോളമായി കാണിയൂര്‍ പാത ഒരു പുരോഗതിയുമില്ലാതെ ഫ്രീസറില്‍ കിടക്കുകയാണ്. 90 കിലോമീറ്ററാണ് നിര്‍ദ്ദിഷ്ട പാതയുടെ ദൂരം. കാഞ്ഞങ്ങാട് നിന്ന് പാണത്തൂരിലേക്ക് 41 കിലോമീറ്ററുണ്ട്. അതിനപ്പുറം കാണിയൂര്‍ വരെ 49 കിലോമീറ്ററുമുണ്ട്. കാഞ്ഞങ്ങാട് നിന്ന് പാണത്തൂരിലേക്ക് 20 മിനിട്ടിലും അവിടന്ന് സുള്ള്യയിലേക്ക് 20 മിനിട്ടിലും എത്താം. അവിടെ നിന്ന് രണ്ട് മണിക്കൂര്‍ യാത്ര ചെയ്താല്‍ ഹാസനിലെത്താം. ഇവിടെ നിന്ന ശ്രാവണ ബെലഗൊള വഴി യാത്ര ചെയ്താല്‍ ആറാം മണിക്കൂറില്‍ ബംഗളൂരുവിലെത്താം. 1500 കോടിയോളം രൂപയാണ് പദ്ധതിചെലവായി കണക്കാക്കുന്നത്. പകുതി തുക കേന്ദ്രം നല്‍കും. ബാക്കി കര്‍ണാടകയും കേരളവും വീതിച്ച് നല്‍കണം. പണം നല്‍കാമെന്ന സമ്മത പത്രം ഇരു സംസ്ഥാനങ്ങളും കേന്ദ്രത്തിന് കൈമാറിയാലേ റെയില്‍വെ പച്ചക്കൊടി കാട്ടൂ. കേരളം നേരത്തെ സമ്മത പത്രം നല്‍കിയിട്ടുണ്ടെങ്കിലും കര്‍ണാടകയുടെ ഭാഗത്തു നിന്ന് ഇതുണ്ടായിട്ടില്ല. പാതയുടെ നിര്‍മ്മാണത്തിന് ഭൂമി ഏറ്റെടുക്കാന്‍ 2019-20 ബജറ്റില്‍ സംസ്ഥാന സര്‍ക്കാര്‍ 20 കോടി രൂപമാറ്റിവെച്ചിരുന്നു. കാഞ്ഞങ്ങാട് നിന്ന് പാണത്തൂര്‍ വരെയുള്ള സര്‍വ്വേ നടപടികളും പൂര്‍ത്തിയായിട്ടുണ്ട്. കര്‍ണാടകയുടെ കൂടി സഹകരണം ഉറപ്പുവരുത്തുകയാണ് ഇനി വേണ്ടത്. സമ്മതം ലഭിച്ചാല്‍ മാത്രമേ കര്‍ണാടകയില്‍ ഭൂമി ഏറ്റെടുക്കാനാവൂ. ഇതിന് മുഖ്യമന്ത്രിയടക്കമുള്ളവരാണ് സമ്മര്‍ദ്ദം ചെലുത്തേണ്ടിയിരിക്കുന്നത്. 13 വര്‍ഷം മുമ്പ് യു.പി.എ. സര്‍ക്കാരിന്റെ കാലത്താണ് കാണിയൂര്‍പാത എന്ന ആശയം ഉടലെടുത്തത്. 2015 മാര്‍ച്ചില്‍ തന്നെ സര്‍വ്വേ പൂര്‍ത്തിയാക്കി. കര്‍ണാടകയുടെ അനുമതി കിട്ടാത്തതിനാല്‍ മൂന്ന് വര്‍ഷം സര്‍വ്വേ റിപ്പോര്‍ട്ട് റെയില്‍വെയുടെ ചെന്നൈ ഓഫീസില്‍ ഫയലില്‍ കിടന്നു. കേരള-കര്‍ണാടക സംസ്ഥാനങ്ങള്‍ ഔദ്യോഗികതലത്തില്‍ ചര്‍ച്ച നടത്തിയാല്‍ മാത്രമേ രണ്ട് സംസ്ഥാനങ്ങളുടെയും സമ്മത പത്രം കേന്ദ്രത്തിന് അയക്കാനാവൂ. ജനപ്രതിനിധികള്‍ തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും അതൊന്നും ഫലം കണ്ടില്ല. കാണിയൂര്‍ പാത യാഥാര്‍ത്ഥ്യമായാല്‍ കാഞ്ഞങ്ങാട് നിന്ന് ബംഗളൂരിലേക്കുള്ള യാത്രാ സമയം ഏതാണ്ട് പകുതിയായി കുറയും. ആറ് മണിക്കൂര്‍ കൊണ്ട് ബംഗളൂരുവിലേക്ക് എത്താം. മലയോര മേഖലയിലെ ജനങ്ങളുടെ വലിയ പ്രതീക്ഷയാണ് കാണിയൂര്‍ പാത. കാഞ്ഞങ്ങാട് നിന്ന് പാണത്തൂരിലേക്കുള്ള ദുര്‍ഘടമായ റോഡ് ഉപേക്ഷിച്ച് എളുപ്പത്തില്‍ പ്രധാനപ്പെട്ട മലയോര കേന്ദ്രങ്ങളിലെത്തുക പ്രയാസമാണ്. റെയില്‍പാത വരുന്നതോടെ അതിനും പരിഹാരമാവും. ഒന്നോ രണ്ടോ മണിക്കൂര്‍ കൊണ്ട് എത്തുന്നതിന് പകരം 20 മിനുട്ട് കൊണ്ട് പാണത്തൂരിലെത്താം. പാത കടന്നു പോകുന്ന പ്രദേശത്തെ ജനവാസ കേന്ദ്രങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ തുടങ്ങിയ കാര്യങ്ങളും സര്‍വ്വേയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പാതക്ക് അനുകൂലമാണ് സര്‍വ്വേ സംഘത്തിന്റെ കണ്ടെത്തല്‍. മീങ്ങോത്ത്, വാഴവളപ്പ്, പാണത്തൂര്‍ എന്നിവിടങ്ങളില്‍ റെയില്‍വെ സ്റ്റേഷനുകളും രണ്ട് തുരങ്കങ്ങളും വേണ്ടിവരും. കര്‍ണാടകയിലേക്കുള്ള ദൂരം പകുതിയോളം കുറഞ്ഞുകിട്ടുന്നതിനാല്‍ കേരളത്തില്‍ നിന്ന് പ്രത്യേകിച്ച് വടക്കന്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ഏറെ ഉപകാരപ്രദമാകും. കര്‍ണാടയിലെ ടൂറിസം കേന്ദ്രങ്ങള്‍, ആരാധനാലയങ്ങള്‍, ബംഗളൂരു, മൈസൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് നൂറ് കണക്കിനാളുകളാണ് കേരളത്തില്‍ നിന്ന് പോകുന്നത്. അവര്‍ക്കൊക്കെ കാണിയൂര്‍ പാത വലിയ ആശ്വാസമായിരിക്കും. പദ്ധതി സംബന്ധിച്ച പ്രൊജക്ട് റിപ്പോര്‍ട്ട് ദക്ഷിണ റെയില്‍വെ, ഡല്‍ഹിയിലെ റെയില്‍വെ ബോര്‍ഡിന് അയച്ചുകൊടുത്തിട്ടുണ്ട്. പ്രസ്തുത പാത നിര്‍മ്മാണം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ഈയിടെ സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി യെദ്യൂരപ്പ പറഞ്ഞിരുന്നു. കാഞ്ഞങ്ങാട് നിന്നുള്ള നിവേദക സംഘത്തിനാണ് ഇത്തരമൊരു ഉറപ്പ് നല്‍കിയിരുന്നത്. പുതിയ മുഖ്യമന്ത്രിയെ കണ്ട് വീണ്ടും ഒരുറപ്പ് നേടിയെടുക്കാന്‍ നമുക്ക് കഴിയണം.

Related Articles
Next Story
Share it